2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍  പ്രഖ്യാപനം മാത്രം പോരാ


 
 
ഓരോ പ്രകൃതിദുരന്തവും ബാക്കിവയ്ക്കുന്നത് കൂടുതല്‍ ദരിദ്രരെയാണ്. പട്ടിണിപ്പാവങ്ങളെയാണ്. 2018ലെ പ്രളയത്തെ തുടര്‍ന്ന് നമ്മുടെ വികസന കാഴ്ചപ്പാടില്‍ മാറ്റംവരുത്തുമെന്നും വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുക വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നവകേരള നിര്‍മിതിക്കായി പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്തു. തീവ്ര മഴയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും 31,000 കോടി രൂപ നവകേരള നിര്‍മിതിക്കായി ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു. ഒന്നും സംഭവിച്ചില്ല. 2019ലും പ്രളയം ആവര്‍ത്തിച്ചു. അപ്പോഴും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍തന്നെ അഭയംപ്രാപിക്കേണ്ടിവന്നു. ഇപ്പോഴിതാ 2021ല്‍ ഇരുപതിലധികം പേരുടെ ജീവനെടുത്ത അതിഭീകര പ്രളയം മധ്യ-തെക്കന്‍ കേരളത്തെ പ്രളയജലത്തില്‍ മുക്കിയിരിക്കുന്നു. കോടികളുടെ കൃഷിനാശമാണുണ്ടായത്. താല്‍ക്കാലിക ധനസഹായം കൊണ്ട് തീരുന്നതല്ല ഇത്തരം ദുരിതങ്ങള്‍.
 
ഓരോ പ്രകൃതിദുരന്തവും കൂടുതല്‍ ജനങ്ങളെ തെരുവിലേക്ക് അശരണരായി തള്ളുകയാണ്. അവരെ മുഴുപ്പട്ടിണിക്കാരായി മാറ്റുകയാണ്. ഒരാഴ്ചത്തെ സൗജന്യറേഷന്‍ കൊണ്ട് തീര്‍ക്കാവുന്നതല്ല ഇത്തരം ദുരിതങ്ങളെന്ന് ഭരണകൂടങ്ങള്‍ ഓര്‍ക്കുന്നില്ല. ഒരുമാസം കൊണ്ട് കിട്ടേണ്ട മഴ മൂന്ന് മണിക്കൂറിനുള്ളില്‍ അതിഘോരമായി പെയ്യുമ്പോള്‍ മനുഷ്യകരങ്ങളാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പിന്നിലെന്ന് അറിയണം. ഭരണകൂടം ക്വാറി മാഫിയകള്‍ക്ക് സഹായകരമായ നിലപാടാണ് ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഭൂവിനിയോഗത്തില്‍ വരുത്തുന്ന ഇത്തരം മാറ്റങ്ങളാണ് കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിനാശത്തിന്റെ അടിസ്ഥാന കാരണമെന്ന് പരിസ്ഥിതി വിദഗ്ധന്‍ വി.എന്‍ ഗാഡ്ഗില്‍ സമര്‍ഥിക്കുന്നു. അതിതീവ്ര മഴ മാത്രമല്ല പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയാവുന്നതിന്റെ പ്രധാന കാരണം. പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗവും പ്രധാന കാരണങ്ങളിലൊന്നാണ്.
 
ജനപ്രതിനിധികള്‍ ക്വാറി മാഫിയയുമായി സമീപിക്കരുതെന്നുകൂടി പൊതുമരാമത്ത് മന്ത്രി പറയേണ്ട അവസ്ഥ സംസ്ഥാനത്തുണ്ട്. ക്വാറികള്‍ പെരുകുന്നതും പരിസ്ഥിതിലോല പ്രദേശങ്ങളിലെനിര്‍മാണപ്രവര്‍ത്തനങ്ങളും തീവ്ര മഴയോടനുബന്ധിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്കും അതുവഴി പ്രളയങ്ങള്‍ക്കും കാരണമാകുന്നു. 
പശ്ചിമഘട്ട വികസന സമിതിയുടെ അധ്യക്ഷനായിരുന്ന വി.എന്‍ ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സമിതി കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനകാരണം പരിസ്ഥിതിയെ അറിയാതെയുള്ള വികസനപ്രവര്‍ത്തനങ്ങളാണെന്ന് വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് 10 വര്‍ഷം കഴിഞ്ഞു. വനം കൈയേറിയുള്ള കൃഷിയും ക്വാറികളുടെ ആധിക്യവും കുറയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശംപോലും അംഗീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ പ്രളയമുണ്ടായ കോട്ടയം, ഇടുക്കി ജില്ലകളും നേരത്തെ ദുരന്തങ്ങളുണ്ടായ വയനാടും അതിപരിസ്ഥിതിലോല പ്രദേശങ്ങളാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നുമായിരുന്നു ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശ. അതില്‍ ഏതെങ്കിലുമൊന്ന് സര്‍ക്കാര്‍ നടപ്പാക്കിയോ ?. വയനാട്ടില്‍ റിസോര്‍ട്ടുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അവ പണിയാന്‍ അനുവാദം നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. എം.എല്‍.എമാരെ കൂട്ടുപിടിച്ച് ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മാഫിയകള്‍ സര്‍ക്കാരിനെ സമീപിക്കുമ്പോള്‍ എന്തുകൊണ്ട് അവ നിരാകരിക്കപ്പെടുന്നില്ല.
 
പ്രളയഫണ്ടില്‍ പോലും കൈയിട്ടുവാരുന്ന രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഉണ്ടാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രളയങ്ങളെ അതിജീവിക്കാനുള്ള പദ്ധതികള്‍ എങ്ങനെയാണ് നടപ്പാവുക. 2018ലെ പ്രളയബാധിതര്‍ക്ക് നല്‍കാന്‍ അനുവദിച്ച തുക  തട്ടിയെടുത്തതിന്റെ പേരില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലായിരുന്നു. മറ്റു ജില്ലകളിലും ഇതേപോലെ തട്ടിപ്പ് നടന്നു. ജനങ്ങളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പിരിച്ചെടുത്ത പണം രാഷ്ട്രീയക്കാര്‍ പൂഴ്ത്തി. 2018ലെ പ്രളയശേഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 2,904 കോടി രൂപ ചെലവഴിച്ചില്ലെന്ന ആരോപണം കേന്ദ്രം തന്നെ ഉയര്‍ത്തി. 2018ലെ മഹാപ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 4,765.27 കോടി രൂപയില്‍ 2,630.68 കോടി രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞവര്‍ഷം നിയമസഭയില്‍ പറഞ്ഞത്. ബാക്കി തുക എന്തു ചെയ്തുവെന്നതിന് അദ്ദേഹത്തിന് ഉത്തരമില്ല. ഇത്തരമൊരു പരിതസ്ഥിതിയിലാണ് പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാനാവശ്യമായ ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇതും സര്‍ക്കാര്‍ മേല്‍വിലാസത്തിലും രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുമാണ് ആരംഭിക്കുന്നതെങ്കില്‍ അടുത്തകാലത്തൊന്നും പദ്ധതി യാഥാര്‍ഥ്യമാവില്ല. പ്രകൃതിദുരന്തങ്ങളെ ചാകരയായി കാണുന്ന രാഷ്ട്രീയനേതാക്കള്‍ മേയുന്ന ഒരു സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ പദ്ധതി നടപ്പാവില്ല.
 
വി.എന്‍ ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തിലുണ്ടാകുന്ന സമിതികള്‍ക്ക് മാത്രമേ ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. ഓരോ പ്രളയങ്ങള്‍ സംഭവിക്കുമ്പോഴും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ആസ്പദമാക്കി നാം അതിജീവിക്കും നാം മറികടക്കുമെന്നൊക്കെ വലിയ വായില്‍ വിളിച്ചുപറഞ്ഞത് കൊണ്ടായില്ല. ഇരകളുടെ ദുരിതപൂര്‍ണ ഭാവി ജീവിതത്തിനാണ് പരിഹാരമുണ്ടാകേണ്ടത്. പ്രളയം പതിവായി സംഭവിക്കുമ്പോള്‍ നാം കൊട്ടിഘോഷിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടായിക്കൊള്ളണമെന്നില്ല.
 
സര്‍ക്കാര്‍ രൂപംനല്‍കിയ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പരുവത്തിലാകാനും പാടില്ല. കഴിഞ്ഞ പ്രളയത്തിലും ഇപ്പോഴത്തെ പ്രളയത്തിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന പ്രളയ ദുരന്തനിവാരണ സംവിധാനത്തെ എത്ര തിരഞ്ഞിട്ടും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. ‘പരിസ്ഥിതിസൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളം’ പദ്ധതി ഒന്നാം പിണറായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതാണ്. ഒരു ചുവടുപോലും മുമ്പോട്ടുപോയില്ല. രാഷ്ട്രീയക്കാരെ അടുപ്പിക്കാതെ കേരളത്തിന്റെ സവിശേഷമായ സാമൂഹ്യഘടനയെക്കുറിച്ച് അറിവുള്ളവരും പങ്കാളിത്ത ആസൂത്രണത്തിലെ ദീര്‍ഘകാല പരിചയവും ദുരന്ത അതിജീവന ക്ഷമതയെക്കുറിച്ച് വിവരമുള്ളവരും അടങ്ങുന്ന സമിതി വേണം ഇത്തരം സംരംഭങ്ങള്‍ക്ക് രൂപംനല്‍കാന്‍. അത്തരമൊരു വിദഗ്ധസമിതിക്ക് മാത്രമേ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ജനതയെ രക്ഷിക്കാനാവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ക്ക് ജീവന്‍നല്‍കാന്‍ കഴിയൂ. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.