ഫൈസൽ കോങ്ങാട്
പാലക്കാട്
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെട്ടതിനു പിന്നിൽ ഡ്രൈവർമാരുടെ പരിശീലനക്കുറവെന്ന് വിദഗ്ധർ. ആവശ്യമായ പരിശീലനം കൊടുക്കാതിരുന്നതും വാഹനത്തിന്റെ നൂതന സംവിധാനങ്ങൾ പുതിയ ഡ്രൈവർമാർക്ക് പരിചിതമല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണമെന്ന് കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
വാഹനത്തിന്റെ നീളവും വീതിയും മനസിൽ കണ്ടുവേണം വാഹനമോടിക്കാൻ. അതില്ലാത്തതിനാലാണ് വളവുകളിലും ട്രാക്കിൽ ഇടുമ്പോഴും തിരിച്ചിറങ്ങുമ്പോഴും അപകടമുണ്ടാകുന്നത്. സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാർ ജോലിക്കാരാണ്.
രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിച്ചത് ഉചിതമാണെങ്കിലും അവർക്ക് പരിശീലനം നൽകാത്ത മാനേജ്‌മെന്റും വീഴ്ചയിൽ തുല്യപങ്കാളികളാണെന്നാണ് മുതിർന്ന ടെക്‌നിക്കൽ സ്റ്റാഫിന്റെ നിലപാട്.
കഴിഞ്ഞ 11ന് രാത്രി 11 ന് തിരുവനന്തപുരത്തെ കല്ലമ്പലത്തും 12ന് രാവിലെ 10.25 ന് മലപ്പുറത്തെ കോട്ടക്കലിലുമാണ് അപകടങ്ങളുണ്ടായത്. തുടർച്ചയായ അപകടങ്ങളെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. സർവിസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനകമാണ് രണ്ട് അപകടങ്ങളും നടന്നത്.
എന്നാൽ ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടമെന്ന സംശയം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അധികൃതർ ആവർത്തിക്കുന്നുണ്ട്.
Comments are closed for this post.