2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അനുഭവജ്ഞാനമില്ലാത്തവര്‍ അനുഭവിക്കേണ്ടി വരും

വഴിയുംതപ്പി കടയിലേക്കു നടക്കുന്ന അന്ധനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ധൃതിയില്‍ എവിടേക്കോ പോവുകയായിരുന്നു. തല്‍ക്കാലം പോക്ക് നിര്‍ത്തിവച്ച് അന്ധനോട് പറഞ്ഞു:
”ഇവിടെ നിന്നോളൂ. നിങ്ങള്‍ക്കു വേണ്ടതു ഞാന്‍ വാങ്ങി വരാം.”
അന്ധന്‍ പക്ഷേ, സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ”എനിക്കു പകരം നിങ്ങള്‍ കടയില്‍ ചെന്നാല്‍ കടയിലേക്കുള്ള വഴി എനിക്ക് എങ്ങനെ മനസ്സിലാകും? എന്നെ സഹായിക്കാന്‍ നിങ്ങള്‍ എന്നും എന്റെ കൂടെയുണ്ടാകുമോ? ബുദ്ധിമുട്ടാകില്ലെങ്കില്‍ കടയിലെത്തുംവരെ നിങ്ങള്‍ എന്റെ കൈപിടിച്ചാല്‍ മാത്രം മതി.”

മൃഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിതാവസാനം വരെ അന്നമെത്തിച്ചുകൊടുക്കാറില്ല. ഒരുപരിധിയെത്തിയാല്‍ പക്ഷികള്‍ കുഞ്ഞുങ്ങളെ കൂട്ടില്‍നിന്നു പുറത്താക്കും. സുരക്ഷിത താവളത്തില്‍ നിര്‍ത്തിയല്ല, കൂടെ നടത്തിയാണ് കോഴികള്‍ കുഞ്ഞുങ്ങളെ വളര്‍ത്താറുള്ളത്. നിശ്ചിത പ്രായമെത്തിയാല്‍ പൂച്ചയും നായയുമെല്ലാം കുഞ്ഞുങ്ങളെ അവരുടെ പാട്ടിനുവിടും.

സൗജന്യങ്ങളിലും ഔദാര്യങ്ങളിലും മാത്രം കഴിയുന്ന ജീവിതത്തിനു സ്വയംപര്യാപ്തത കൈവരിക്കാന്‍ പ്രയാസമാണ്. തനിച്ചു കഴിയേണ്ട സാഹചര്യം വരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നില്‍ക്കേണ്ടിവരും. അതു സര്‍ക്കാര്‍ ചെയ്തുതരേണ്ടതാണെന്നു പറഞ്ഞു കാത്തുനിന്നാല്‍ ചിലപ്പോള്‍ കാത്തിരിപ്പേയുണ്ടാകൂ. കാത്തിരിപ്പിനു മാറ്റിവയ്ക്കുന്ന സമയം സ്വയം ചെയ്തുതുടങ്ങാന്‍ വിനിയോഗിച്ചാല്‍ കാര്യം നടക്കുമെന്നതിനു പുറമെ സ്വയം വളര്‍ച്ചയുമുണ്ടാകും. ഓരോ പ്രവൃത്തിയിലും അധ്വാനം ചെലവിടല്‍ മാത്രമല്ല, എങ്ങനെ പ്രവര്‍ത്തിക്കണമെന്ന അറിവാര്‍ജിക്കല്‍ കൂടിയുണ്ട്. എല്ലാം ചെയ്തുതരാന്‍ ആളുകളുണ്ടായാല്‍ പ്രായോഗികജീവിതം മനസ്സിലാകില്ല.

   

ചെയ്തുകൊടുക്കുന്നതല്ല, ചെയ്യാന്‍ സഹായിച്ചുകൊടുക്കുന്നതാണ് ഉത്തമം. ചെയ്യാന്‍ ഏല്‍പിക്കുന്നതല്ല, ചെയ്തു ശീലിക്കുന്നതാണ് മഹത്തരം. വളര്‍ത്തുന്നതു നല്ലതുതന്നെ. എന്നാല്‍ വളരാന്‍ സഹായിക്കുന്നതാണ് അതിലേറെ നല്ലത്. സമ്പാദനത്തിനുള്ള വഴിയൊരുക്കിക്കൊടുക്കുന്നത് സാമ്പത്തികമായി സഹായിക്കുന്നതിനെക്കാളും ഉയര്‍ന്നുനില്‍ക്കും. മണ്‍വെട്ടിയുടെ പണം ഒരുദിവസംകൊണ്ടു തീര്‍ന്നുപോകാം. എന്നാല്‍, മണ്‍വെട്ടി കാലങ്ങളോളം നിലനില്‍ക്കും.
ഗൃഹപാഠം ചെയ്തുകൊടുക്കുമ്പോള്‍ മക്കളെ സഹായിക്കലാണെന്നു തോന്നും. യഥാര്‍ഥത്തില്‍ അതു സഹായമല്ല, വളര്‍ച്ച മുരടിപ്പിക്കലാണ്. സ്വയം ചെയ്യാന്‍ അവര്‍ക്കു തുണയായി നില്‍ക്കുന്നതാണു ശരിയായ സഹായം. വീഴുമെന്നു കരുതി കുഞ്ഞിനെ നടക്കാന്‍ അനുവദിക്കാതിരിക്കുന്നതല്ല, വീഴുമ്പോള്‍ കൈപിടിക്കാന്‍ പാകത്തില്‍ കൂടെനിന്ന് നടത്തം ശീലിപ്പിക്കുന്നതാണു സ്‌നേഹം. നിങ്ങള്‍ മാറിനില്‍ക്കൂ, ഞാന്‍ വിടാം എന്നു പറയുന്നവനെ ഡ്രൈവിങ് അധ്യാപകനായി കിട്ടിയാല്‍ ലൈസന്‍സ് കിട്ടാക്കനിയാകും. നിങ്ങള്‍ ധൈര്യമായി വിട്ടോളൂ, ഞാനുണ്ട് കൂടെ എന്നു പറയുന്നവനാണ് യഥാര്‍ഥ അധ്യാപകന്‍.

മക്കള്‍ക്ക് അധ്വാനത്തിന്റെ ഒരുവിധ രുചിയും അനുഭവിപ്പിക്കാത്തതിനു പിന്നില്‍ സ്‌നേഹമായിരിക്കാം. എന്നാല്‍, അധ്വാനിച്ചു ശീലിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നതിന് എന്തു ന്യായം കണ്ടെത്തും? ഇത്ര പ്രായമുണ്ടായിട്ടും ഒരു ചായ പോലും ഉണ്ടാക്കാനറിയാത്തവന്‍ എന്ന ജനസംസാരം ചെറിയ നാണക്കേടാണോ സൃഷ്ടിക്കുക? പ്രായോഗികജീവിതം സ്വയം ജീവിച്ചാണു ശീലിക്കേണ്ടത്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയുമൊക്കെ പേരുപറഞ്ഞ് അതിനുള്ള അവസരങ്ങള്‍ ഒരാള്‍ക്കും നിഷേധിക്കരുത്.
മക്കള്‍ക്കു വീട് നിര്‍മിച്ചുകൊടുക്കുന്ന പിതാക്കളെ കാണാം. അവര്‍ ചെയ്യുന്നതു വലിയ സേവനം തന്നെ. അത്തരം പിതാക്കളെ ലഭിച്ച മക്കള്‍ ‘മഹാഭാഗ്യവാന്മാര്‍’. പക്ഷേ, നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ അവര്‍ തങ്ങളുടെ മക്കളെ നിരക്ഷരരാക്കി നിര്‍ത്തുകയാണെന്ന സത്യം കാണാതെ പോകരുത്. ഒരു വീട് നിര്‍മിച്ചുകഴിയുമ്പോള്‍ പ്രായോഗികമായ എന്തെല്ലാം പാഠങ്ങളും അറിവുകളും തിരിച്ചറിവുകളും ആര്‍ജിക്കാനുണ്ട്! അതിനുള്ള സുവര്‍ണാവസരം മക്കള്‍ക്കു നഷ്ടപ്പെടുകയല്ലേ.

മരണംവരെയും ഭരണച്ചെങ്കോല്‍ കൈയിലേന്തുന്നത് സമൂഹത്തോടു ചെയ്യുന്ന അനീതിയാണ്. നിശ്ചിത പ്രായമെത്തിയാല്‍ അതു പുതിയ തലമുറയ്ക്കു കൈമാറണം. അതിനാവശ്യമായ പരിശീലനങ്ങളും നിര്‍ദേശങ്ങളും അവര്‍ക്കു നല്‍കുകയാണു വേണ്ടത്. പ്രായമേറെ പിന്നിട്ടിട്ടും ചെങ്കോലില്‍തന്നെ പിടിമുറുക്കി നിന്നാല്‍ ഭാവിയില്‍ അതേറ്റെടുക്കേണ്ടി വരുക ഒട്ടും പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത കരങ്ങളായിരിക്കും. അതുണ്ടാക്കിവയ്ക്കുന്ന അനഭിലഷണീയമായ സാഹചര്യങ്ങള്‍ ഊഹിക്കാമല്ലോ.

അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ വേറെ ആളുകളുണ്ടാകുന്നതല്ല, കൂടെനിന്നു പ്രവര്‍ത്തിക്കാന്‍, ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹൃദയരുണ്ടാകുന്നതാണ് ഒരാളെ സന്തോഷിപ്പിക്കേണ്ടത്. എന്റെ ഉത്തരവാദിത്വം മറ്റൊരാള്‍ ഏറ്റെടുത്തു നിര്‍വഹിക്കുമ്പോള്‍ ആശ്വാസത്തിന്റെ നിശ്വാസമാണ് എന്നില്‍നിന്ന് ഉയരുന്നതെങ്കില്‍ ഞാന്‍ എന്റെതന്നെ ശത്രുവാണ്. ഒരു കര്‍മം ചെയ്യാനുള്ള അവസരം, അതു ചെയ്താല്‍ ലഭിക്കുന്ന ചാരിതാര്‍ഥ്യം, അതെങ്ങനെ നിര്‍വഹിക്കണമെന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാട് തുടങ്ങി പലതും എനിക്കു നഷ്ടപ്പെടുന്നുണ്ട്. അതില്‍ സ്വല്‍പമെങ്കിലും വേദന തോന്നേണ്ടതിനു പകരം ആശ്വാസമാണ് അനുഭവപ്പെടുന്നതെങ്കില്‍ ഞാന്‍ തന്നെയല്ലേ എന്റെ എറ്റവും വലിയ ശത്രു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.