2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

കാവലാകട്ടെ ദ്രൗപദിയുടെ കരങ്ങൾ


രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാരെന്ന ചോദ്യത്തിന് ഉത്തരമായി. ആദിവാസി വിഭാഗത്തിലെ സന്താൾ ഗോത്രത്തിൽപ്പെട്ട ദ്രൗപദി മുർമു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തുമ്പോൾ അതു രാജ്യത്തിന്റെയാകെ അഭിമാനമാണ്. കടുത്ത ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്ന യാഥാസ്ഥിതിക സമൂഹമാണ് സന്താൾ വിഭാഗം. പെൺകുട്ടികളെ പഠിക്കാൻ വിടാത്ത അന്നത്തെ സമൂഹത്തിൽ ഏഴാം ക്ലാസുവരെ മയൂർഭഞ്ജ് എച്ച്.എസ് ഉപർബേഡ സ്‌കൂളിലും തുടർന്ന് ഭൂവനേശ്വറിലുമെത്തി പഠിക്കാൻ മുർമുവിന് സാധിച്ചു. സങ്കടങ്ങളുടെയും പോരാട്ടത്തിന്റെയും കാലംകടന്ന് ദ്രൗപദി രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുമ്പോൾ 75 വർഷം മുമ്പുള്ളതിൽനിന്ന് അത്രയൊന്നും വ്യത്യസ്തമല്ല രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ അവസ്ഥ. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും മനുഷ്യരായി മുഖ്യധാരാ സമൂഹം പരിഗണിക്കാത്ത ഉത്തരേന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട ഗോത്രദളിത് വിഭാഗങ്ങൾക്ക് പ്രചോദനം കൂടിയാണ് ദ്രൗപദി മുർമു.

വനസംരക്ഷണ നിയമഭേദഗതിയിലൂടെ കോടിക്കണക്കായ ആദിവാസികളുടെ വനാവകാശങ്ങൾ മോദി സർക്കാർ കവർന്നെടുക്കുന്ന കാലത്താണ് ദ്രൗപദി മുർമു രാജ്യത്തിന്റെ പ്രഥമ പൗരയാകുന്ന്. ആദിവാസികളെ വനഭൂമിയിൽനിന്ന് ഇറക്കിവിട്ട് ധാതുസമ്പന്നമായ ഇന്ത്യയിലെ വനഭൂമി വൻകിട കോർപറേറ്റുകൾക്ക് ചൂഷണം ചെയ്യാൻ വഴിയൊരുക്കുന്ന പദ്ധതികളാണ് ബി.ജെ.പി സർക്കാരിന്റേത്. മുർമുവിന്റെ ജന്മദേശമായ ഒഡിഷയിലാണ് വേദാന്തയും പോസ്‌കോയും പോലുള്ള കോർപറേറ്റുകൾക്കു വേണ്ടി ആയിരക്കണക്കിന് ആദിവാസികളെ കുടിയിറക്കിയത്. ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങളെ ചെറുക്കാനും സാമൂഹികവും ജാതീയവുമായ വിവേചനങ്ങളെ മറികടക്കാനുള്ള പിന്നോക്ക വിഭാഗങ്ങളുടെ പോരാട്ടത്തിന് രാഷ്ട്രപതി ഭവനിലിരുന്ന് പിന്തുണ നൽകാനും മുർമുവിന് കഴിയട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.

രാജ്യത്ത് സംഘ്പരിവാർ ആധിപത്യം ഉറപ്പിച്ചതോടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പല അടിസ്ഥാനശിലകളും ഇളകാൻ ആരംഭിച്ചിരിക്കുന്നു. എല്ലാ മേഖലയിലും ഹിന്ദുത്വത്തിന്റെ ആക്രമിക രാഷ്ട്രീയവും അടിച്ചേൽപ്പിക്കുന്നു. മതാടിസ്ഥാനത്തിലുള്ള നിയമനിർമാണങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നു. മുസ്‌ലിംകളും ദലിതുകളും പീഡിപ്പിക്കപ്പെടുന്നു. കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളെ ഭരണഘടന ഉയർത്തിപ്പിടിച്ച് തടയാൻ പുതിയ രാഷ്ട്രപതി കരുത്തുകാട്ടുമോ എന്നതു ഗൗരവമുള്ള ചോദ്യമാണ്. ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്ത് അതിന്റെ സംരക്ഷണം ഉറപ്പുവരുത്താനും രാജ്യത്തിന്റെ മതേതരസ്വഭാവം സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രപതിയാകട്ടെ ദ്രൗപദി മുർമു എന്നും ആശംസിക്കാം. ആദിവാസി വനിത രാഷ്ട്രപതിയാകുന്നത് കൊണ്ട് മാത്രം ദലിത്, ആദിവാസി, ന്യൂനപക്ഷളുടെ ആവശ്യങ്ങൾക്കുവേണ്ടി മുർമു നിലകൊള്ളുമോ എന്നതും കാത്തരുന്നു കാണേണ്ടിയിരിക്കുന്നു.

ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദുർബല വിഭാഗങ്ങളുടെയും ശബ്ദം ദ്രൗപദിയിലൂടെ കൂടുതൽ മുഴങ്ങുമെന്ന ശുഭപ്രതീക്ഷ നമുക്ക് വച്ചുപുലർത്താം. ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ രാജ്യത്തിന്റെ പരമാന്നത പദവിയിലെത്താൻ 75 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. ദലിത് സമൂഹത്തിൽ നിന്നൊരാൾ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ദിവസം മാത്രമേ ഇന്ത്യയ്ക്ക് പൂർണസ്വാതന്ത്ര്യം ലഭിച്ചതായി കണക്കാക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നം. 1997ൽ കെ.ആർ നാരായണനിലൂടെ ആ സ്വപ്‌നത്തിലേക്ക് എത്തിപ്പെടാൻ സ്വാതന്ത്ര്യം നേടി 50 വർഷം കാത്തിരിക്കേണ്ടി വന്നു. ഇത് ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് മാത്രം ലഭിച്ച ആദരവല്ല, വിവേചനങ്ങളുടെ കനലിൽ വേവുന്ന ഇന്ത്യൻ സ്ത്രീകൾക്കു കൂടിയുള്ള ആദരവായി കാണണം.

പ്രതിപക്ഷനിരയിലെ വിള്ളൽ ഒരിക്കൽക്കൂടി തുറന്നു കാട്ടുന്നതായിരുന്നു ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പെന്ന് കൂടി വിലയിരുത്താം. പ്രതിപക്ഷനിരയിൽ അപ്രതീക്ഷിത വോട്ട് ചോർച്ചയാണുണ്ടായത്. പ്രധാന സംസ്ഥാനങ്ങളിലെല്ലാം എൻ.ഡി.എയ്ക്കുള്ള അംഗസംഖ്യയേക്കാൾ എം.എൽ.എമാരുടെ വോട്ടുനേടാൻ ദ്രൗപതി മുർമുവിനായി. കേരളത്തിലും ഒരു വോട്ട് മുർമുവിന് ലഭിച്ചു. പിന്തുണ പ്രഖ്യാപിക്കാത്ത കക്ഷികളിൽനിന്ന് 17 എം.പിമാരും 104 എം.എൽ.എമാരും എൻ.ഡി.എ സ്ഥാനാർഥിക്കു വോട്ട് ചെയ്‌തെന്നാണ് നിഗമനം. വോട്ടുമൂല്യം കൂടുതലുള്ള യു.പി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ എൻ.ഡി.എയ്ക്ക് കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കാലത്തേക്കാൾ അംഗസംഖ്യ കുറവായിരുന്നു. എന്നാൽ, ഈ സംസ്ഥാനങ്ങളിലെല്ലാം നിലവിലെ എൻ.ഡി.എ അംഗസംഖ്യയേക്കാൾ വോട്ട് മുർമു നേടിയത് പ്രതിപക്ഷത്തിനു തിരിച്ചടിയായി.
യശ്വന്ത് സിൻഹയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് കരുതിയിരുന്ന ശിവസേന, ജെ.എം.എം, ജനതാദൾ തുടങ്ങിയവരെല്ലാം പിന്നീട് മുർമുവിനൊപ്പമായത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. രാജ്യത്തെ മതേതര സംവിധാനത്തിൽ വിശ്വാസമർപ്പിക്കുന്നവർ പ്രതീക്ഷയോടെ കാണുന്ന പ്രതിപക്ഷസഖ്യമെന്ന ആശയം യാഥാർഥ്യമാകുന്നതിന് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.