ഇന്ത്യന്‍ ജനാധിപത്യം എത്തിനില്‍ക്കുന്ന ഭീതിദ അവസ്ഥ ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യുന്ന രണ്ട് സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. പ്ലീനറി സമ്മേളനത്തിന് പുറപ്പെട്ട കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വിമാനത്തില്‍ നിന്ന് ഇറക്കി അറസ്റ്റ് ചെയ്തു. മറുവശത്ത്, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമാക്കുന്ന തിരക്കിലായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍മാര്‍. രണ്ട് സംഭവങ്ങളിലും സുപ്രിംകോടതിക്ക് ഇടപെടേണ്ടിവന്നു.ജനങ്ങളുടെ അവസാന പ്രതീക്ഷയായ പരമോന്നത കോടതി തലയുയര്‍ത്തിനില്‍ക്കുന്നത് ഇവിടെ നാം കണ്ടു.
പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പുരിലേക്കു പോകാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പവന്‍ഖേരയെ ഡല്‍ഹി പൊലിസ് പിടിച്ചുകൊണ്ടുപോയത്. വേട്ടപ്പക്ഷിയെപ്പോലെ അപ്പോഴേക്കും ബി.ജെ.പി ഭരിക്കുന്ന അസമില്‍നിന്ന് പൊലിസ് സംഘം ഡല്‍ഹിയില്‍ പറന്നിറങ്ങിയിരുന്നു. മോചനത്തിന് വഴിതേടി രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനുസിങ്‌വി സുപ്രിംകോടതിയിൽ പാഞ്ഞെത്തി. ‘ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കുകയാണ്’ എന്ന സുപ്രധാന പരാമര്‍ശത്തോടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു. പ്രധാനമന്ത്രിയെ ദാമോദര്‍ ദാസ് എന്നതിനു പകരം ഗൗതം ദാസ് എന്നു വിളിച്ചുവെന്നതാണ് കേസിനാധാരം. പ്രസ്താവനയിലെ പരാമര്‍ശങ്ങള്‍ക്ക് പല മാനങ്ങളുണ്ടാവാമെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഈ ഘട്ടത്തില്‍ മറ്റു വശങ്ങളിലേക്ക് കടന്നില്ല. ചൊവ്വാഴ്ചവരെ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിനു പുറമേ അസം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്ന ഖേരയുടെ ആവശ്യവും കോടതി അംഗീകരിച്ചു.
സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് തുടങ്ങിവയ്ക്കാന്‍ പോലും സാധിച്ചത്. മുനിസിപ്പല്‍ വോട്ടെടുപ്പില്‍ ജനം ബി.ജെ.പിയെ തിരസ്‌കരിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും എ.എ.പിയുടെ നേതൃത്വത്തില്‍ ഭരണസമിതി അധികാരമേല്‍ക്കുന്നത് തടയാന്‍ ജനാധിപത്യ ധ്വംസനവും കുത്സിത നീക്കങ്ങളും തുടരുകയാണ്. ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് സ്വരം കടുപ്പിക്കേണ്ടിവന്നു സുപ്രിംകോടതിക്ക്. ഒടുവില്‍ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തെരഞ്ഞെടുത്തെങ്കിലും ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ്, ബഹളംകാരണം തടസപ്പെട്ടു. ഒരു പകലും രാവും കൗണ്‍സിലര്‍മാര്‍ സഭാഹാളിലെ ബെഞ്ചില്‍ ജനാധിപത്യത്തിന് കാവല്‍ കിടന്നു. രാജ്യത്ത് ജനാധിപത്യത്തെ ബന്ദിയാക്കിയ ഒടുവിലത്തെ രണ്ട് സംഭവങ്ങളാണ് ഇത്.
പ്ലീനറി സമ്മേളനം നടക്കുന്നതിന്റെ നാലുദിവസം മുമ്പ് ഛത്തീസ്ഗഡില്‍ പത്തിലേറെ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ ഇ.ഡി റെയ്ഡ് നടത്തുകയുണ്ടായി. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികൾ ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയിട്ട് നാളേറെയായി. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് കാര്യങ്ങള്‍.
പവന്‍ ഖേരയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച തിണ്ണമിടുക്ക്, സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തരം തുടരുന്ന വിദ്വേഷപ്രസംഗങ്ങള്‍ തടയാന്‍ സുപ്രിംകോടതി തന്നെ ആവശ്യപ്പെട്ടിട്ടും ഉണ്ടാകുന്നില്ല.വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 76 അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കേണ്ട സാഹചര്യമുണ്ടായി.
ജനാധിപത്യത്തിന്റെ പഴുതിലൂടെ അധികാരത്തിലേറിയവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നതിനൊപ്പം അതിന്റെ അന്തകരാവുകയുമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പോലും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കൂച്ചുവിലങ്ങിടുന്നു. അദാനി വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി. ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യതയുള്ള ഭരണകൂടം പരിഹാസങ്ങള്‍ കൊണ്ട് ദുര്‍ബലമായ കോട്ടമറ കെട്ടുകയാണ്. കൃത്യമായ ആസൂത്രണത്തോടെ പ്രതിപക്ഷത്തിന്റെ പ്രസംഗങ്ങള്‍ പോലും തടസപ്പെടുത്തുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതതന്നെ.
ഇന്ത്യന്‍ പാര്‍ലമെന്റ് ജനാധിപത്യ ധ്വംസനത്തിന്റെ വേദിയായി മാറിയിട്ട് നാളേറെയായി. പാര്‍ലമെന്റിനെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നോട്ടുനിരോധനവും കശ്മിര്‍ പ്രത്യേക പദവി എടുത്തുകളയലും ഉള്‍പ്പെടെ നടപ്പാക്കിയത്. ഭരണഘടന മാറ്റിയെഴുതണമെന്നാവശ്യപ്പെടുന്ന സംഘ്പരിവാറിന്, ഭരണഘടനാ സ്ഥാപനങ്ങളോടു കൂറുണ്ടാവുമെന്ന് കരുതുന്നത് മൗഢ്യമാണ്. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ സഭയുടെ ചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തുന്നു. സഭാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പോലും ചട്ടമില്ലാതായി. വോട്ടെടുപ്പോ ചര്‍ച്ചകളോ ഇല്ലാതെ നിരവധി ബില്ലുകളാണ് മുന്‍വര്‍ഷങ്ങളില്‍ ചുട്ടെടുത്തത്. 2020 സെപ്റ്റംബറിൽ വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങൾ പാസാക്കിയ വേളയില്‍ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. സംയുക്ത കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും നിഷേധിക്കപ്പെട്ടു. 2019 ഓഗസ്റ്റ് അഞ്ചിനാണ് നോട്ടിസ് പോലും നല്‍കാതെ കശ്മിരിന്റെ സംസ്ഥാനപദവി എടുത്തുകളയാനുള്ള ബില്ലും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയവും പാസാക്കിയത്. ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പോലും അവസരമുണ്ടായില്ല. അംഗബലം ഉപയോഗിച്ച് ഏത് നിയമവും പാസാക്കിയെടുക്കുകയും ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത് ഭരണകൂടങ്ങളെ പോലും അട്ടിമറിക്കുകയും പ്രതിപക്ഷ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യാനുള്ള മാര്‍ഗമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്ന ജനാധിപത്യധ്വംസനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് തീരാക്കളങ്കമാണ്.
Comments are closed for this post.