2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

കണ്ണിമുറിക്കാതെ കാക്കണം കേരളത്തെ


കേരളം ഉൾപ്പെടെ ഇന്ത്യയിലെ 14 സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനംമൂലംപ്രതിസന്ധിയിലാകുമെന്ന ക്രോസ് ഡിപെൻഡൻസി ഇനിഷ്യേറ്റീവിന്റെ(എക്‌സി.ഡി.ഐ) റിപ്പോർട്ട് കേരളം ഗൗരവത്തിലെടുത്തില്ലെന്ന സന്ദേഹം നിലനിൽക്കുകയാണ്. ഈ റിപ്പോർട്ട് പുറത്തുവന്ന് ഏതാനും ദിവസമായെങ്കിലും സർക്കാർ തലത്തിലോ മറ്റോ ഇത്തരം വിഷയം ചർച്ച ചെയ്തുകണ്ടില്ല. രാഷ്ട്രീയപ്രാധാന്യം ഇല്ലാത്തതുകൊണ്ടാണോ എന്നു വ്യക്തമല്ലെങ്കിലും കേരളം അതീവ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾ.

കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത വച്ചുനോക്കുമ്പോൾ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ശക്തമായി കാലാവസ്ഥാ വ്യതിയാനം നമ്മെ ബാധിക്കുമെന്ന് പറയാം. കഴിഞ്ഞവർഷങ്ങളിൽ അതിന്റെ സൂചനകൾ കണ്ടു. അന്ന് കാടിളക്കി നടന്ന ക്ലൈമറ്റ് ആക്‌ഷൻ ചർച്ചകൾ എവിടെ? ഉണരാൻ വീണ്ടും ഒരു പ്രകൃതി ദുരന്തം വിളിച്ചുണർത്തണമോയെന്ന് പറയേണ്ടത് ഭരണ, രാഷ്ട്രീയനേതൃത്വമാണ്. അല്ലെങ്കിൽ, പോയവർഷങ്ങളിലെ അനുഭവംമൂലം എടുത്ത തീരുമാനങ്ങളുടെ പുരോഗതി എത്രയുണ്ടെന്നെങ്കിലും സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം.

കാലാവസ്ഥാ വ്യതിയാനം ലോകത്തെ അതിവേഗം അക്രമിക്കുന്ന യാഥാർഥ്യമാണ്. ശാസ്ത്രം കണക്കുകൂട്ടുന്ന വേഗതയെക്കാൾ അത് അനുഭവത്തിൽ വരുന്നുണ്ട്. എക്‌സി.ഡി.ഐ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ 100 പ്രവിശ്യകൾക്കാണ് കാലാവസ്ഥാ വ്യതിയാന ഭീഷണിയുള്ളത്. അതിൽ 14 സംസ്ഥാനങ്ങൾ ഇന്ത്യയിലാണ്. അതിലൊന്നാണ് കേരളം. ചൈന, ഇന്ത്യ, യു.എസ് എന്നീ രാജ്യങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുക. ഊഹക്കണക്കോ അനുമാനമോ അല്ല ഈ റിപ്പോർട്ടിനു പിന്നിൽ. ക്ലൈമറ്റ് ഡാറ്റ ഉപയോഗിച്ച് സൂപ്പർ കംപ്യൂട്ടറുകൾ തയാറാക്കിയ പ്രവചന മാതൃകകൾ (മോഡലുകൾ) ആണ് റിപ്പോർട്ട് നൽകിയത്. മോഡലുകളുടെ ഔട്ട്പുട്ടാണ് റിപ്പോർട്ടിനു പിന്നിലെന്ന ഗൗരവംപോലും ആരും ചർച്ചചെയ്തു കണ്ടില്ലെന്നത് ഈ വിഷയത്തെ എത്രത്തോളം ലാഘവത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ്.
2018 ലെയും 2019 ലെയും പ്രളയംമൂലം സംസ്ഥാനത്തിന് എത്രകോടിയുടെ റവന്യൂ നഷ്ടമാണെന്ന് നാം മറന്നിട്ടില്ല. ഓരോ പ്രകൃതി ദുരന്തവും ഭീമ നഷ്ടമാണ് വരുത്തുന്നത്. ആൾനാശവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും എല്ലാം നാടിനെ അനേകം വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോകാൻ ഒന്നോ രണ്ടോ ദിവസത്തെ, അല്ലെങ്കിൽ ഏതാനും സമയത്തെ പ്രകൃതിദുരന്തത്തിന് കഴിയും. എക്‌സി.ഡി.ഐ റിപ്പോർട്ട് അനുസരിച്ച് പ്രളയം, കാട്ടുതീ, ഉഷ്ണതരംഗം, കടൽനിരപ്പ് ഉയരൽ എന്നിവയാണ് മുന്നറിയിപ്പായി ചൂണ്ടിക്കാട്ടുന്നത്.

ഇതിൽ പ്രളയവും കടൽനിരപ്പ് ഉയരലുമാണ് കേരളത്തെ രൂക്ഷമായി ബാധിക്കുക. ഭൗമശാസ്ത്ര പ്രത്യേകതകൾ കൊണ്ടാണത്. 2050ൽ കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രകൃതിദുരന്തങ്ങൾ വലിയതോതിൽ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. 200 പ്രവിശ്യകളുടെ പട്ടികയാണ് എക്‌സി.ഡി.ഐ പുറത്തുവിട്ടത്. അതിൽ 114 ഉം ഇന്ത്യയിലും ചൈനയിലുമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ റിസ്‌ക് 50 ശതമാനത്തിൽ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് താരതമ്യേന ജനസംഖ്യ കൂടിയ ഈ രണ്ടു രാജ്യങ്ങളാണ്.

കാലാവസ്ഥാ പ്രതിസന്ധി നേരിടുന്ന പ്രവിശ്യകളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 52 ആണ്. ദക്ഷിണേന്ത്യയിൽ തമിഴ്‌നാടും മഹാരാഷ്ട്രയുമാണ് കേരളത്തെ കൂടാതെ പട്ടികയിൽ ഇടം നേടിയത്. ബിഹാർ, രാജസ്ഥാൻ, അസം, ഗുജറാത്ത്, പഞ്ചാബ് തുടങ്ങി 9 സംസ്ഥാനങ്ങളാണ് 14 സംസ്ഥാനങ്ങളിൽ മുന്നിൽ. കർണാടകയും ആന്ധ്രപ്രദേശും ഹരിയാനയും മധ്യപ്രദേശും അടക്കം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ 100 അംഗ പട്ടികയിലാണ് വരുന്നത്. അതായത് കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങളിലാണ് കൂടുതൽ ജാഗ്രത വേണ്ടതെന്ന് സാരം.

2070ൽ ഇന്ത്യ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. ശാസ്ത്രീയ പ്രവചനങ്ങളേക്കാൾ വേഗത്തിൽ കാലാവസ്ഥാവ്യതിയാനം പുരോഗമിക്കുന്നതിനാൽ ക്ലൈമറ്റ് ആക്‌ഷൻ പ്ലാനുകൾക്കും ശരവേഗം വേണം. ഏഷ്യയിലെ വാണിജ്യ തലസ്ഥാനങ്ങളെയെല്ലാം കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രകൃതി ദുരന്തങ്ങൾ നശിപ്പിക്കുമെന്നാണ് ശാസ്ത്രീയപഠനം. ആഗോളതാപനംമൂലം ധ്രുവങ്ങളിലെ മഞ്ഞുരുക്കം വർധിച്ചത് കടലിലെ ജലനിരപ്പ് കൂട്ടുകയും തീരങ്ങൾ കടലെടുക്കുകയും ചെയ്യും. വാണിജ്യനഗരങ്ങളിൽ മിക്കതും സ്ഥിതി ചെയ്യുന്നത് കടലോരത്താണ്. തുറമുഖവും മറ്റു സൗകര്യങ്ങളുമുള്ളതിനാലാണിത്.

ഇന്ത്യയിൽ കടലിലേക്ക് കയറി സ്ഥിതിചെയ്യുന്ന പ്രധാന വാണിജ്യനഗരമായ മുംബൈയും ഇന്തോനേഷ്യയിലെ ജക്കാർത്തയും തായ്‌വാനും ബെയ്ജിങ്ങും ആദ്യം കടലെടുക്കുമെന്ന് കരുതുന്ന വലിയ നഗരങ്ങളാണ്. കേരളത്തിന്റെ പടിഞ്ഞാറൻ അതിര് പൂർണമായും കടലാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളെല്ലാം കടൽ തീരത്താണ് സ്ഥിതിചെയ്യുന്നത്. കടലേറ്റം തടയാൻ കഴിയാത്തതിനാലും ഭാവി മുന്നിൽക്കണ്ടും ദീർഘകാല എക്‌ണോമിക് സോൺ ഷിഫ്റ്റിങ് കേരളത്തിൽ ഉണ്ടാകണം. 50 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് കേരളത്തിന് വേണ്ടത്.

സർക്കാർ ഭരണ സിരാകേന്ദ്രങ്ങൾ ഉൾപ്പെടെ ഇടനാട് പ്രദേശങ്ങളിലേക്ക് പറിച്ചുനടണം. വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴത്തെ കേന്ദ്രങ്ങളെല്ലാം കടലെടുത്തേക്കും. പടിഞ്ഞാറൻ തീരത്തെ കടലേറ്റംപോലെ കിഴക്കൻ അതിർത്തിയിലെ പശ്ചിമഘട്ട സാന്നിധ്യം, പേമാരി, പ്രളയം തുടങ്ങിയ പ്രശ്‌നങ്ങളും കേരളം നേരിടുന്ന വെല്ലുവിളിയാണ്. ഇതിന് അടിസ്ഥാനപരമായി വേണ്ടത് പശ്ചിമഘട്ട സംരക്ഷണത്തിലൂടെ പർവതമേഖലയുടെ സ്ഥിരത എന്ന സ്റ്റബിലിറ്റി നിലനിർത്തുകയാണ്. ഏതു പേമാരിയെയും അതിജീവിക്കാൻ കെൽപുള്ളവിധത്തിൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ അത്രത്തോളം ചങ്കുറപ്പുള്ള സർക്കാർ അധികാരത്തിൽ വരേണ്ടിവരും. ഖനനം പോലുള്ളവയ്ക്ക് നിയന്ത്രണം വേണ്ടിവരും. ഇല്ലെങ്കിൽ രണ്ടുദിവസം തകർത്തുപെയ്താൽപോലും ഉരുൾപൊട്ടൽ വാർത്തകൾ കേൾക്കാം.ഭൂമിശാസ്ത്രപരമായ ഘടനയിൽ മാറ്റംവരുത്തിയാൽ പ്രകൃതിക്ക് അതിജീവിക്കാനാകില്ല. ഒന്നിനോട് മറ്റൊന്ന് ചേർന്നാണ് പ്രകൃതിയെ ദൈവം സൃഷ്ടിച്ചത്. കണ്ണിമുറിച്ച് നാം സ്വയം കുഴി തോണ്ടരുത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.