തിരുവനന്തപുരം
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയാറാക്കുന്നവർ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോർഡ് പരസ്യം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ട് പിൻവലിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് ക്വട്ടേഷൻ വിളിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടതായും ഉടൻ പിൻവലിക്കാൻ ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെൻഡർ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു.
ഫെബ്രുവരി 14 മുതൽ 23 വരെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ടിലേക്കും പകർച്ച വിതരണത്തിനും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും ദേവസ്വം ക്വട്ടേഷൻ വിളിക്കാറുണ്ട്. ഇതിൽ പറയുന്ന പ്രധാന വ്യവസ്ഥയാണ് പാചകത്തിന് വരുന്നവരും അവർക്കൊപ്പമെത്തുന്ന സഹായികളും ബ്രാഹ്മണരായിരിക്കണമെന്നത്.
ഈ മാസം പതിനേഴിന് പുറത്തിറക്കിയ നോട്ടിസിലെ നിബന്ധനകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സി.പി.എം ഭരിക്കുന്ന നവോത്ഥാന കേരളത്തിലാണ് ഇത്തരമൊരു നോട്ടിസെന്നാണ് പ്രധാനമായും പരിഹാസം ഉയർന്നത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിവാദ വ്യവസ്ഥ പിൻവലിച്ച് പുതിയത് ഇറക്കാൻ ദേവസ്വം മന്ത്രി നിർദേശം നൽകുകയായിരുന്നു.
Comments are closed for this post.