2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

റിപ്പബ്ലിക്കിനേൽക്കുന്ന ഭരണകൂട-വർഗീയ പ്രഹരങ്ങൾ


രാഷ്ട്രം ഇന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യം പരമാധികാര രാഷ്ട്രമായതിന്റെ ഓർമ പുതുക്കൽ കൂടിയാണ് ഇന്നത്തെ സുദിനം. 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച് പിന്നെയും മൂന്ന് വർഷം കഴിഞ്ഞാണ് ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലവിൽ വന്നത്. 1930 മുതൽ ജനുവരി 26ന് കോൺഗ്രസ് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാൻ തുടങ്ങി. നെഹ്റുവിന്റെ പൂർണ സ്വരാജ് പ്രഖ്യാപനത്തെ സാധൂകരിക്കുക എന്നതായിരുന്നു ഇത്തരമൊരാഘോഷം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കോൺഗ്രസിനകത്തെ വലതുപക്ഷം സ്വാതന്ത്ര്യം പ്രാപിച്ചാലും രാജ്യം ഡൊമീനിയൻ പദവിയിൽ തുടരണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഡൊമീനിയൻ ആയാൽ ബ്രിട്ടീഷ് രാജാവ് തന്നെയായിരിക്കും സ്വാതന്ത്ര്യലഭിച്ചാലും രാഷ്ട്രത്തിന്റെ തലവൻ. 1929ൽ ജവഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായതോടെ, ഇൗ നീക്കം പൊളിച്ചടുക്കി. ഈ കാരണങ്ങളൊക്കെയാലാണ് നെഹ്റു വലതുപക്ഷത്തിന്റെ കണ്ണിലെ കരടായി മാറിയത്. രാഷ്ട്രത്തെ പരമാധികാര രാജ്യമായി നിലനിർത്താനും എല്ലാ വിഭാഗം ജനങ്ങൾക്കും ജാതി, മത ഭേദമന്യേ നീതി ഉറപ്പാക്കാനും നെഹ്റു സഹിച്ച ത്യാഗത്തിന്റെ ഓർമ പുതുക്കലും കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനാഘോഷവും.

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കാനും അവരുടെ സ്വത്വബോധത്തെ നശിപ്പിക്കാനും ഹിന്ദുത്വ ശക്തികൾ സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിവച്ച നിഗൂഢ പ്രവർത്തനങ്ങൾ ഇന്നും അഭംഗുരം തുടരുകയാണ്. അവരെ ക്രിയാത്മകമായി പ്രതിരോധിക്കാനും മതനിരപേക്ഷ ബോധത്തെ ഇന്ത്യൻ മനസിൽ കെടാവിളക്കായി സംരക്ഷിച്ചു നിലനിർത്താനും ഇന്നൊരു ജവഹർലാൽ നെഹ്റു ഇല്ലാതെ പോയി. ഇന്ത്യ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിൽ എത്തി നിൽക്കുമ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ തന്നെയാണ്. മുസ്‌ലിം സ്ത്രീകളെ ക്ലബ് ഹൗസ് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയിൽ അവഹേളിക്കുന്നു. ഹിന്ദു സന്യാസിമാരെന്ന ലേബലിൽ ഒരു കൂട്ടം സംഘ്പരിവാർ പ്രവർത്തകർ യോഗം ചേർന്ന് മുസ്‌ലിം ഹത്യക്ക് ആഹ്വാനം ചെയ്യുന്നു. ഭരണകൂടമാകട്ടെ എല്ലാം കണ്ടും കേട്ടും ആസ്വദിച്ചു കഴിയുന്നു. മുസ്‌ലിംകളുടെ ജുമുഅ നിസ്കാരം സംഘ്പരിവാർ പ്രവർത്തകർ കൂട്ടത്തോടെ വന്ന് തടയുന്നു. അവരുടെ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു.
ദുഃഖകരമെന്ന് പറയട്ടെ ഈ അഭിശപ്ത കാലത്തെ മതന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കേണ്ടതിന് പകരം മുസ്‌ലിംകൾക്ക് നേരെയും അന്ത്യപ്രവാചകന് നേരെയും വർഗീയാരോപണങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ് ചില ക്രിസ്ത്യൻ പാതിരിമാർ. പാലാ ബിഷപ്പിന്റെ അപക്വപ്രസംഗത്തിന് ശേഷം, ശാന്തമായി തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് കണ്ണൂർ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിലിലെ ഫാദർ ആന്റണി ഒരിക്കൽക്കൂടി വിദ്വേഷത്തിന്റെ കനൽ എറിഞ്ഞിരിക്കുന്നത്. പ്രവാചകനെ നിന്ദ്യമായ രീതിയിലാണ് അദ്ദേഹം പരാമർശിച്ചത്. ഹലാൽ ഭക്ഷണം മുസ്‌ലിംകൾ തുപ്പിയതാണെന്നും ക്രിസ്ത്യാനികൾ അത് ഭക്ഷിക്കരുതെന്നും മലബാറിലും തെക്കൻ ജില്ലകളിലും ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റിക്കൊണ്ടിരിക്കുകയാണ് തുടങ്ങി പഴകി പുളിച്ച പ്രചാരണം ആവർത്തിക്കുകയായിരുന്നു ഫാദർ.

ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളും പുരോഹിതരും കന്യാസ്ത്രീകളും സംഘ്പരിവാരിനാൽ വ്യാപകമായി ആക്രമിക്കപ്പെടുന്ന കാലമാണിത്. ഏറ്റവും അവസാനത്തേതാണ് കോയമ്പത്തൂരിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം കഴിഞ്ഞ ദിവസം തകർത്ത സംഭവം. ഇത്തരം സംഭവങ്ങൾ സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യയിൽ തുടരെത്തുടരെ ഉണ്ടാകുമ്പോൾ അതിനെതിരേ മതന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യത്തിനു നേരെയുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിക്കുകയുമാണ് വേണ്ടത്. പകരം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ, സംഘ്പരിവാർ ബുദ്ധിശാലകളിൽ നിന്ന് ഉരുവം കൊണ്ട വിദ്വേഷ പ്രചാരണത്തെ ആവർത്തിക്കുകയല്ല വേണ്ടത്.

ഇതോടൊപ്പം തന്നെ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഭീഷണിയാണ് ഭരണകൂടങ്ങളിൽ തഴച്ചുവളരുന്ന അഴിമതികൾ. ഇന്ത്യ എഴുപത്തി മൂന്നാം വയസിലെത്തിയിട്ടും ഭരണകൂട അഴിമതികൾക്ക് കുറവുണ്ടായിട്ടില്ല. അധികാര ദുർവിനിയോഗവും യഥേഷ്ടം നടക്കുന്നു. അത്തരം അഴിമതികൾ കോടതികളിൽ പിടിക്കപ്പെടുമ്പോൾ അത്തരം സംവിധാനങ്ങളെ തന്നെ അപ്രസക്തമാക്കുന്ന നിയമനിർമാണങ്ങൾ നടത്താനാണ് ഭരണകൂടങ്ങൾ വ്യഗ്രത കാണിക്കുന്നത്. റിപ്പബ്ലിക്കിൽ അധിഷ്ഠിതമായ ഭരണഘടന നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ഭരണകൂടങ്ങളിൽനിന്ന് അത്തരം നീക്കങ്ങൾ ഉണ്ടാകുന്നു എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തന്നെ നിർവീര്യമാക്കും. അത് അത്യന്തം അപകടകരവുമാണ്. ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന മറ്റൊരു ആപൽക്കരമായ അവസ്ഥയാണിത്. ലോകായുക്തയിൽ നിന്ന് ഉണ്ടാകുന്ന വിധി തള്ളാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ ഭേദഗതി ഇത്തരമൊരു ഭയാവസ്ഥയെ അയാളപ്പെടുത്തുന്നുണ്ട്. ലോകായുക്തക്ക് ഉപദേശ രൂപേണ പറയുവാനെ കഴിയൂവെന്നും വിധി പ്രസ്താവിക്കാനുള്ള അധികാരമില്ലെന്നും പറഞ്ഞാണ് സംസ്ഥാന സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. ഓർഡിനൻസിൽ ഒപ്പിടാനായി ഗവർണറുടെ മുമ്പിൽ സമർപ്പിച്ചിരിക്കുകയാണിപ്പോൾ. ഇത് നിയമമായാൽ അഴിമതിയാരോപണങ്ങളിൽ സർക്കാരിനെതിരേ ലോകായുക്തയിൽ നിന്ന് വിധിയുണ്ടായാൽ അത് തള്ളിക്കളയുവാനുള്ള അധികാരമാണ് കൈവരുക. ഇത് നീതിദേവതയുടെ കണ്ണു മാത്രമല്ല വായയും മൂടിക്കെട്ടലാണ്. മുഖം നോക്കാതെ നീതിയും നിയമവും നടപ്പിലാകുമെന്നതിന്റെ പ്രതീകമായിട്ടാണ് നീതിദേവതയുടെ കണ്ണു മൂടിക്കെട്ടിയത്. സർക്കാരുമായി ബന്ധപ്പെട്ട ചില അഴിമതിയാരോപണങ്ങൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിൽ സർക്കാരിനെതിരേ വിധി വന്നാൽ അത് തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകുന്ന ഓർഡിനൻസിൽ ഗവർണറുടെ ഒപ്പു വീണാൽ ഇന്ത്യൻ റിപ്പബ്ലിക്കിനെതിരേ, ഭരണഘടനക്കെതിരേ ഭരണകൂടത്തിൽ നിന്ന് തന്നെയുള്ള ഏറ്റവും വലിയ ഭീഷണിയായിരിക്കുമത്.

ദുരിതാശ്വാസ നിധി തുക വകമാറ്റി എന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ. ബിന്ദു അധികാര ദുർവിനിയോഗം നടത്തിയതിനെതിരേയും ലോകായുക്ത വിധി പറയാനിരിക്കെയാണ് നിയമ ഭേദഗതി ഓർഡിനൻസുമായി സർക്കാർ ഗവർണറുടെ മുമ്പിൽ എത്തിയിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.ടി ജലീൽ ബന്ധു നിയമനത്തിലൂടെ അധികാര ദുർവിനിയോഗം നടത്തിയെന്ന് ലോകായുക്ത വിധിയുണ്ടായിരുന്നു. തുടർന്ന് ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അത്തരം വിധി പ്രസ്താവങ്ങൾ ഇനിയും ആവർത്തിച്ചേക്കുമോ എന്ന് സർക്കാർ ഭയപ്പെടുന്നുണ്ടാകണം. അതിനാലായിരിക്കണം ലോകായുക്തയെ തന്നെ നിർവീര്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടാവുക. ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടാൽ ഇന്ത്യൻ റിപ്പബ്ലിക്കിന് ഭരണകൂടം ഏൽപിക്കുന്ന മറ്റൊരു പ്രഹരമായിരിക്കുമത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.