2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കെ.എസ്.ആർ.ടി.സിയെ തകർക്കുന്നതാര്?

എം. ജോൺസൺ റോച്ച്

ടാർഗറ്റ് തികച്ചാലേ ജോലിക്കുള്ള കൂലി കൊടുക്കൂ എന്നാണ് ഗതാഗതമന്ത്രിയും കെ.എസ്.ആർ.ടി.സി മാനേജിങ് ഡയരക്ടറും പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ഡിപ്പോയിലും ടാർഗറ്റ് തികയ്ക്കുന്നതിന്റെ അടിസ്ഥാനത്തിൽ ശമ്പളവിതരണം നടത്തുമെന്നും പറയുന്നു. യാത്രാനിരക്കുകൾ നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനാണ്. വിവിധയിനം സൗജന്യപാസുകൾ നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും സർക്കാരാണ്. എന്നാൽ ഇതു കണക്കാക്കിയുള്ള റി-ഇംബേഴ്‌സ്‌മെന്റ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകുന്നതുമില്ല. കെ.എസ്.ആർ.ടി.സിയിൽ കൂലിക്ക് വരുന്ന ജീവനക്കാർക്ക് ഇവിടെ എന്തിലെങ്കിലും സ്വയം തീരുമാനമെടുത്ത് നടപ്പാക്കാൻ അവകാശമുണ്ടോ? അവർക്കായി നിശ്ചയിച്ചുകൊടുക്കുന്ന ജോലി സമയത്ത് നിർവഹിച്ചിട്ട് ജീവനക്കാർ പോകുന്നു. അതിൽ എവിടെയെങ്കിലും വീഴ്ചവന്നാൽ നടപടിയുണ്ടാകുന്നു. ഇത്തരം സംവിധാനത്തിനുള്ളിൽ രാപകൽ ജോലി ചെയ്യുന്നവനോടാണ് ശമ്പളം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്ത് തരില്ലായെന്ന് പറയുന്നത്. ഒരു കർഷകനെ ജോലിക്ക് വിളിച്ചിട്ട് ജോലി തീർന്നശേഷം ചെയ്ത കൃഷിയുടെ വിളവെടുപ്പ് നോക്കിയിട്ടെ കൂലി തരൂവെന്ന് പറയുന്നതിനോട് സർക്കാരിന്റെയും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെയും നിലപാടിനെ ഉപമിക്കാം.

കേരളത്തിലെ ഭരണകൂട തീരുമാനങ്ങളാണ് കെ.എസ്.ആർ.ടി.സിയെ നിലവിലെ അവസ്ഥയിൽ എത്തിച്ചത്. എന്നിട്ട്, എല്ലാ ബാധ്യതകളും ഇപ്പോൾ പണിയെടുക്കുന്നവന്റെ പിടലിക്കുവച്ച് പീഡിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം ശരാശരി 210 കോടി രൂപയാണ്. ഇത്രയും രൂപ അധ്വാനിച്ചു കൊണ്ടുവരുന്ന തൊഴിലാളികളുടെ ശമ്പളത്തിനും മറ്റ് അലവൻസുകൾക്കുംകൂടി ആവശ്യമായ 85 കോടി മാറ്റിവച്ചു വേണം ഇതര ആവശ്യങ്ങൾക്ക് ചെലവഴിക്കാൻ. ഇതര ബാധ്യതകൾ അടച്ചുതീർക്കാൻ മറ്റുവരുമാനങ്ങളിലും വാടകകളിലും വരുമാനത്തിൽ ചെലവുകഴിച്ചുള്ള തുകയിലും ആശ്രയിക്കണം. തികയാതെ വരുന്ന തുകയ്ക്ക് സർക്കാരിൽ അഭയം തേടണം. ഇതു ചെയ്യാതെ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിച്ച് മാനേജ്‌മെന്റ് സർക്കാരിനോട് തൊഴിലാളികളെ വച്ച് വിലപേശി കാര്യം നേടിക്കൊണ്ടിരിക്കുന്നു. ഇനിയത് നടപ്പില്ലെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനായി കടമെടുക്കേണ്ടിവരുന്നുവെന്ന് മാനേജ്‌മെന്റ് ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ തൊഴിലാളികളെയും സർക്കാരിനെയും മാനേജ്‌മെന്റ് അപഹാസ്യരാക്കുന്നു.

കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടുപോകാൻ സർക്കാരിന് കഴിവില്ലെങ്കിൽ അടച്ചുപൂട്ടാൻ വാക്കാൽ കോടതി പറഞ്ഞു. വരുമാനത്തിൽനിന്ന് തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ടുമതി മറ്റു ചെലവുകളെന്ന് മാനേജ്‌മെന്റിനോട് പറയാനുള്ള ഇച്ഛാശക്തി തൊഴിലാളി സർക്കാരെന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ കാണിക്കുന്നുമില്ല. ഇലക്ട്രിസിറ്റി ബോർഡ്, വാട്ടർ അതോറിറ്റി, ആശുപത്രി, വിദ്യാഭ്യാസം എന്നിവ പോലെ കെ.എസ്.ആർ.ടി.സിയും അവശ്യ സർവിസാണെന്ന ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതില്ലാത്തതുകൊണ്ടാണ് കോടതിക്ക് ഇങ്ങനെ പ്രതികരിക്കാൻ സർക്കാർ ഇടംകൊടുത്തത്.
ഇതരസംസ്ഥാനങ്ങളിൽ സർക്കാർ സൗജന്യങ്ങൾ കണക്കാക്കിയുള്ള റീ-ഇംബേഴ്‌സ്‌മെന്റ് ആർ.ടി.സികൾക്ക് കൊടുക്കാറുണ്ട്. ഇതുകൂടാതെ ബജറ്റിൽ ആർ.ടി.സികളുടെ വികസനത്തിനും നഷ്ടം നികത്താനും നല്ലൊരു തുക നീക്കിവയ്ക്കുന്നുമുണ്ട്. ട്രാൻസ്‌പോർട്ട് കോർപറേഷൻ ഒരിടത്തും ലാഭത്തിലല്ല. സ്വന്തമായ വാഹനങ്ങളിലേക്ക് യാത്രക്കാർ മാറിക്കൊണ്ടിരിക്കുകയാണ്. റോഡിലുള്ള യാത്രക്കാരെ മാത്രമേ ഡ്രൈവർക്കും കണ്ടക്ടർക്കും ബസിനുള്ളിൽ കയറ്റാൻ കഴിയൂ. തൊണ്ണൂറ്റിയഞ്ച് ശതമാനം തൊഴിലാളികളും കൃത്യമായി ജോലി നിർവഹിക്കുന്നുണ്ട്. അവശേഷിക്കുന്ന അഞ്ചുശതമാനത്തെ മാനേജ്‌മെന്റ് നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കണം.

കെ.എസ്.ആർ.ടി.സിയെ ഈ പരുവത്തിലാക്കാൻ പ്രധാന പങ്കുവഹിച്ചത് മറ്റൊരു ഇടതുസർക്കാരാണ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഓരോ ബജറ്റിലും സർക്കാർ ആയിരം ബസ്സിറക്കുമെന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് 4666 ബസ് അന്ന് പുതുതായി ഇറക്കുകയും ചെയ്തു. എന്നാൽ ഇൗ ബസുകൾക്കായി സർക്കാർ ഒരു പൈസപോലും മുടക്കിയതുമില്ല. അതിനായി കെ.എസ്.ആർ.ടി.സിയെക്കൊണ്ട് പതിനെട്ട് ശതമാനം പലിശയ്ക്ക് കെ.ടി.ഡി.എഫ്.സിയിൽ നിന്ന് കടമെടുപ്പിച്ചു. അങ്ങനെ ബജറ്റിലൂടെ പ്രഖ്യാപിച്ചത് നടപ്പാക്കിയതായി അന്നത്തെ സർക്കാരും ധനമന്ത്രിയും ഊറ്റംകൊള്ളുകയും ചെയ്തു. സർക്കാർ പ്രഖ്യാപനം നടപ്പാക്കാനുള്ള ചെപ്പടിവിദ്യയെന്ന നിലയ്ക്ക് കെ.എസ്.ആർ.ടി.സിയെക്കൊണ്ട് എടുപ്പിച്ച ലോണും പലിശയുമാണ് ഈ സ്ഥാപനത്തെ വലിയൊരു കടക്കെണിയിൽ തള്ളിയിട്ടത്. കെ.ടി.ഡി.എഫ്.സിയുടെ വലിയ പലിശ ഒഴിവാക്കാനായി ബാങ്കുകളുടെ കൺസോർഷ്യത്തിലൂടെ ലോണെടുത്ത് കെ.ടി.ഡി.എഫ്.സിയുടെ കടം ഈ അടുത്ത കാലത്ത് തീർക്കുകയാണുണ്ടായത്. അന്നത്തെ കടമാണ് ഈ സ്ഥാപനത്തെ ഈ നിലയ്ക്ക് എത്തിച്ചത്. ഈ ഇനത്തിൽ മാത്രം കടം തിരിച്ചടവ് മാസം തോറും 30 കോടി രൂപയാണ്.

കേരളത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്താൻ കെ.എസ്.ആർ.ടി.സി ബസിലൂടെയുള്ള ജനങ്ങളുടെ യാത്ര വളരെയധികം പ്രയോജനപ്രദമായിത്തീർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി നിലവിൽ വന്നപ്പോൾ സാധാരണക്കാരനു കുറഞ്ഞ ചെലവിൽ സഞ്ചരിക്കാമെന്ന നില കൈവന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ പ്രവർത്തനഫലമായി പലതരം വെല്ലുവിളികൾ ഈ സ്ഥാപനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പാപഭാരമെല്ലാം തൊഴിലാളികളുടെ ചുമലിൽ കയറ്റിവയ്ക്കുന്നു. ഇത് പകലന്തിയോളം പണിയെടുക്കുന്നവന്റെ ശമ്പളംകൊടുക്കാൻ വൈകിപ്പിക്കുന്നതിൽവരെ എത്തിനിൽക്കുന്നു. സർക്കാരുകളുടെയും മാനേജ്‌മെന്റുകളുടെയും പിടിപ്പുകേടിനാലാണ് കടങ്ങളും അവയുടെ തിരിച്ചടവുകളുമെന്ന യാഥാർഥ്യം മറച്ചുവച്ച് തൊഴിലാളികളും ശമ്പളവുമാണ് ഈ സ്ഥാപനത്തിന്റെ പ്രശ്‌നമെന്ന് മാനേജ്‌മെന്റ് വരുത്തിത്തീർക്കുന്നു. മാസം മുഴുവൻ ജോലി ചെയ്യുക, എന്നിട്ട് കൂലിക്കായി കാത്തിരിക്കുക. സർക്കാർ ജീവനക്കാരുടെ കണ്ണുനീർ തുടക്കേണ്ടിയിരിക്കുന്നു.

പൊതുഗതാഗതരംഗത്ത് അനുകരണീയ മാതൃകയായി നിൽക്കുന്ന കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയായിട്ടാണ് ഈ സ്ഥാപനത്തിനുമേൽ ‘സ്വിഫ്റ്റ്’ എന്ന മറ്റൊരു പേര് സ്വീകരിച്ച് പ്രത്യേക അക്കൗണ്ടുകളോടെ പ്രവർത്തിക്കാൻ തുനിഞ്ഞത്. ഇതിനെതിരേ തൊഴിലാളി യൂനിയനുകളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് ഒരുപരിധിവരെ മാനേജ്‌മെന്റ് ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തി നേടാനാവാതെ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് കൊണ്ടുവരുന്ന പുനരുദ്ധാരണ പദ്ധതികളെല്ലാം ചെലവ് വർധിപ്പിക്കുന്നതായും പാളുന്നതുമായാണ് കണ്ടുവരുന്നത്. ഈ സ്ഥാപനം വളർച്ചയുടെ വഴിയിലേക്ക് നീങ്ങണമെങ്കിൽ എക്‌സ്പാൻഷൻ ഉണ്ടായിക്കൊണ്ടിരിക്കണം. ഇതിൽ പ്രധാനമാണ് ബസുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടിരിക്കുകയെന്നത്. എന്നാൽ, ബസുകളുടെ എണ്ണം മുൻകാലങ്ങളെക്കാൾ കുറഞ്ഞുവരുന്നതായാണ് കാണാനാവുന്നത്. ഇത് പരിഹരിക്കാൻ ബസുകൾ റീപ്ലെയ്‌സ് ചെയ്യാൻവേണ്ടി മാത്രം ബജറ്റിൽ പ്രത്യേക വിഹിതം നീക്കിവയ്‌ക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ മറ്റു ചില സംസ്ഥാനങ്ങൾ ചെയ്തുവരുന്നുണ്ട്.

ലാഭംമാത്രം നോക്കി ഒരു പബ്ലിക്ക് യൂട്ടിലിറ്റി സ്ഥാപനം നടത്താനാവില്ല. ഇത് പൊതുമേഖലാ സ്ഥാപനമായതുകൊണ്ടാണ് കെ.എസ്.ആർ.ടി.സി ബസുകളെ പൊതുജനങ്ങൾ സ്‌നേഹിക്കുന്നതും ബസിൽ കയറിക്കഴിഞ്ഞാൽ അധികാരസ്വരത്തിൽ സംസാരിക്കുന്നതും. ഇൗ സ്ഥാപനം നിലനിൽക്കേണ്ടത് കേരള ജനതയുടെ വൈകാരിക ആവശ്യമാണ്. അങ്ങനെയൊരു സ്ഥാപനത്തിൽ പണിയെടുക്കുന്നവന്റെ ശമ്പളം കൊടുക്കാൻ വൈകിപ്പിക്കുന്നത് ഭോഷത്തരമാണ്. അവനും കുടുംബവും മറ്റു പല ചെലവുകളും ഉണ്ടെന്നത് സർക്കാർ മറക്കരുത്. തുടർന്നുള്ള മാസങ്ങളിൽ ഇവരുടെ ശമ്പളത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന് സർക്കാർ പറയുന്നത് ശരിയല്ല.
ശമ്പളം ഗഡുക്കളായി നൽകാമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം നൽകാനായി മെച്ചപ്പെട്ടതും കൃത്യവുമായി സംവിധാനമൊരുക്കി ഈ സ്ഥാപനത്തിൽ പണിയെടുക്കുന്നവന്റെ ശമ്പളം കൃത്യമായി കൊടുക്കുമെന്ന് അഭിമാനത്തോടെ സർക്കാർ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.