2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുതിയതില്ല, തുടര്‍ച്ച മാത്രം

   

മലമുകളില്‍നിന്ന് തെന്നിവീണ ആ ഭീമന്‍ പാറക്കല്ല് പാതയുടെ ഒത്ത നടുവിലാണു ചെന്നുനിന്നത്. തള്ളിനീക്കാനോ ഉന്തിമാറ്റാനോ കഴിയാത്തത്ര വലുപ്പമുള്ള കല്ലാണ്. ഇനി സഞ്ചാരസൗകര്യം ഒരുക്കണമെങ്കില്‍ പൊട്ടിച്ചുമാറ്റുകയല്ലാതെ മാര്‍ഗമില്ല. സ്ഥിതി മനസ്സിലാക്കിയ കര്‍ഷകന്‍ ആയുധം കൈയിലെടുത്തു. പ്രായമേറെയുണ്ടെങ്കിലും അയാള്‍ മറ്റൊന്നും ആലോചിച്ചില്ല. കനമുള്ള ചുറ്റികകൊണ്ട് കല്ലില്‍ ആഞ്ഞാഞ്ഞടിച്ചു. പത്തോ അന്‍പതോ തവണയല്ല, തൊണ്ണൂറ്റിയൊമ്പതു തവണ! അപ്പോഴേക്കും ആകെ ക്ഷീണച്ചവശനായിരുന്നു. ഇനി അല്‍പം ക്ഷീണം മാറ്റിയിട്ടാകാം എന്നു കരുതി പരിസരത്തെ മരച്ചുവട്ടിലേക്കു മാറിയപ്പോഴാണ് ഒരാളെ കണ്ടത്. അത്യാവശ്യം മെയ്ക്കരുത്തുള്ള ഒരാള്‍.

കര്‍ഷകന്‍ അദ്ദേഹത്തോടു പറഞ്ഞു: ”സഹോദരാ, ഒന്നു സഹായിക്കാമോ? ഈ പാറ ഇവിടെനിന്നു പൊട്ടിച്ചു നീക്കിയാല്‍ എല്ലാവര്‍ക്കും സുഗമമായി സഞ്ചരിക്കാം.”
അയാള്‍ വിസമ്മതം കാട്ടിയില്ല. കര്‍ഷകന്‍ നീട്ടിയ ആയുധമെടുത്ത് അയാള്‍ കല്ലില്‍ ആഞ്ഞൊരു അടി കൊടുത്തു. അദ്ഭുതം! ഒറ്റയടിക്കു തന്നെ കല്ല് പൊട്ടിപ്പിളര്‍ന്നു. പലതായി പിളര്‍ന്ന ആ കല്ലിനുള്ളില്‍ എന്തോ ഒരു തിളക്കം. സൂക്ഷിച്ചുനോക്കിയപ്പോള്‍ നിധിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ആ നിധി കണ്ടതോടെ ഇരുവരുടെയും മനസ്സ് അസ്വസ്ഥമാവാന്‍ തുടങ്ങി.

കര്‍ഷകന്‍ പറഞ്ഞു: ”അതെന്തായാലും എനിക്ക് അവകാശപ്പെട്ടതാണ്.”
”എന്തടിസ്ഥാനത്തില്‍? ഞാന്‍ അടിച്ചിട്ടല്ലേ കല്ലു പൊട്ടിയത്?”- മറ്റേയാള്‍ കണ്ണുരുട്ടി ചോദിച്ചു.
”താങ്കളുടെ അടിയിലാണു കല്ലു പൊട്ടിയതെങ്കിലും അതിനു സഹായകമായത് എന്റെ തൊണ്ണൂറ്റിയൊന്‍പത് അടിയാണ്.”
”അതൊന്നും പറഞ്ഞാല്‍ പറ്റില്ല. നിധി എനിക്കുള്ളതാണ്.”
രണ്ടുപേരും വിട്ടുകൊടുത്തില്ല. ഒടുവില്‍ വിഷയം ന്യായാധിപന്റെ മുന്നിലെത്തി. ഇരുവരുടെയും വാദങ്ങള്‍ വിശദമായി കേട്ടശേഷം അദ്ദേഹം പറഞ്ഞു:
”നിധിയുടെ തൊണ്ണൂറ്റിയൊന്‍പതു ഭാഗം കര്‍ഷകനും ഒരു ഭാഗം മറ്റേയാള്‍ക്കും.”
അവസാനത്തെ മിനുക്കുപണിയിലാണു വീടിന്റെ യഥാര്‍ഥ സൗന്ദര്യം പുറത്തുവരുന്നത്. എന്നാല്‍ ആ സൗന്ദര്യത്തിന്റെ കീര്‍ത്തി മിനുക്കുകാരനു മാത്രം അവകാശപ്പെട്ടതാണോ? മൂന്നു ഗ്ലാസ് വെള്ളം കുടിച്ചപ്പോഴാണു ദാഹം മറിയതെന്നു പറയുന്നതിനു പകരം മൂന്നാമത്തെ പ്രാവശ്യം വെള്ളം കുടിച്ചപ്പോഴാണു ദാഹമകന്നതെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും? ദാഹമകലാന്‍ ആദ്യ രണ്ടു ഗ്ലാസുകളും സഹായിച്ചില്ലെന്നാണോ? തലനാരിഴയ്ക്കു രക്ഷപ്പെട്ടുവെന്നു പറയും. എന്നാല്‍ ആ ഇഴയ്ക്കു പിന്നിലുള്ള ഇഴകള്‍ കൂടി കാണാതിരിക്കാമോ?

നൂറ് ഉയര്‍ന്നുനില്‍ക്കുന്ന സംഖ്യ തന്നെ. എന്നാല്‍, തൊണ്ണൂറ്റിയൊന്‍പതെണ്ണത്തിന്റെ താങ്ങാണ് അതിനെ ഉയര്‍ത്തിനിറുത്തുന്നതെന്ന സത്യം കാണാതെ പോകരുത്. പിതാവിന്റെ തോളത്തു നില്‍ക്കുന്ന കുഞ്ഞിനു പിതാവിനെക്കാള്‍ കൂടുതല്‍ കാണാനും ഉയരങ്ങള്‍ സ്പര്‍ശിക്കാനും കഴിയും. എന്നാല്‍, അതു തന്റെ മാത്രം കഴിവുകൊണ്ടാണെന്നു ചിന്തിക്കുന്നിടത്താണു നന്ദികേടു കടന്നുവരുന്നത്. ആധുനികതയുടെ പകിട്ടില്‍ നിന്നുകൊണ്ട് പഴയ കാലത്തെ പുച്ഛിക്കാനോ കൊച്ചാക്കാനോ ആര്‍ക്കും ഒരവകാശവുമില്ല. കാരണം, പഴയതിന്റെ തുടര്‍ച്ച മാത്രമാണു പുതിയത്. പഴയതില്ലെങ്കില്‍ പുതിയതില്ല.

ഒരു മനുഷ്യനും ശൂന്യതയില്‍നിന്ന് ഒന്നും നിര്‍മിക്കുന്നില്ല. ചെയ്യുന്നതും ഉണ്ടാക്കുന്നതുമെല്ലാം ആരൊക്കെയോ ചെയ്തുവച്ചതിന്റെ ബാക്കിയാണ്. അതിനാല്‍ വിജയം അവസാന കണ്ണിക്കു മാത്രമല്ല, ആ ശ്രേണിയില്‍ കണ്ണിയായി നിന്നവര്‍ക്കെല്ലാം അവകാശപ്പെട്ടതാണ്.
ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം നേടിയാല്‍ ആ വിജയം തന്റെ മാത്രം വിജയമല്ല, തനിക്കു വിദ്യ പകര്‍ന്ന അധ്യാപകരുടെയും അതിനു പറഞ്ഞുവിട്ട മാതാപിതാക്കളുടെയും പ്രോത്സാഹനം തന്ന സുഹൃത്തുക്കളുടെയും സൗകര്യങ്ങളേര്‍പ്പെടുത്തിത്തന്ന മാനേജ്‌മെന്റിന്റെയും അവസരമൊരുക്കിയ സര്‍ക്കാരിന്റെയും കൂടി വിജയമാണ്. ഇവരുടെയെല്ലാം വിജയത്തിന്റെ ഒരു പ്രതിനിധി മാത്രമാണ് ഉയര്‍ന്ന മാര്‍ക്കുകാരന്‍.
ഒരാള്‍ എത്ര വലിയ അഭ്യസ്ഥവിദ്യനായാലും വിദ്യാഭ്യാസത്തിന്റെ അക്ഷരമാല പകര്‍ന്ന അധ്യാപകനു മുന്നില്‍ അയാള്‍ എളിയ ശിഷ്യന്‍ മാത്രം. കാരണം, ആ അധ്യാപകന്‍ പകര്‍ന്ന അക്ഷരമാലയില്ലെങ്കില്‍ അയാളില്ല.

വേദിയിലുള്ളവരുടെ കലാപ്രകടനം കണ്ടാണ് പലരും ഒരു പ്രോഗ്രാം വിജയിച്ചുവെന്ന വിധിത്തീര്‍പ്പിലെത്താറുള്ളത്. എന്നാല്‍ അങ്ങനെയൊരു വേദിയും സദസ്സും ഒരുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച അനേകം കൈകളുണ്ടാകും. മറയ്ക്കു പിന്നിലാണ് അവയിരിക്കുന്നതെന്നതിനാല്‍ അവയാരും കാണാറില്ല.
സ്വന്തം കാലിലല്ല, ആരുടെയൊക്കെയോ തോളിലാണ് മനുഷ്യന്‍. പുതിയതായി അവന്‍ ഒന്നും കണ്ടെത്തുന്നില്ല. ആരൊക്കെയോ ചെയ്തുവച്ചതിന്റെ തുടര്‍ച്ച മാത്രമാണ് അവന്റെ ഉല്‍പന്നങ്ങളെല്ലാം. ആരൊക്കെയോ പറഞ്ഞുവച്ചതിന്റെ ബാക്കിയാണ് അവന്‍ പൂരിപ്പിക്കുന്നത്. വേറൊന്നില്‍നിന്ന് ഏതെങ്കിലും തരത്തില്‍ കടംകൊണ്ടിട്ടില്ലാത്ത എന്താണു ലോകത്തുള്ളത്?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.