2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

വാസ്തവോക്തി


 

നുണകൾക്ക് മുകളിൽ നുണകൾ ചേർത്ത് കെട്ടിപ്പൊക്കിയവരുടെ വാഴ്ചക്കാലത്ത് വാസ്തവത്തിന് കാരാഗൃഹമെങ്കിലും കിട്ടുന്നത് വലിയ നേട്ടമായിത്തീരുന്നു. ഒരു കേസിൽ ജാമ്യം അനുവദിക്കുമ്പോൾ മറ്റൊരു കേസ്, അതിൽ ജാമ്യം നേടുമ്പോൾ വേറൊരു കേസ്… ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും പ്രതീകമായി മാറിയ മുഹമ്മദ് സുബൈറിന് ഭരണകൂടം കരുതിവച്ചത് അതാണ്. എന്നാൽ വരാനിരിക്കുന്ന കേസുകൾക്ക് കൂടി ജാമ്യം അനുവദിച്ച സുപ്രിംകോടതി നേരിയ പ്രത്യാശ നൽകുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നും പ്രവാചകനെ ആക്ഷേപിച്ചെന്നും ബി.ജെ.പിതന്നെ കണ്ടെത്തി പുറത്താക്കിയ നുപൂർ ശർമ സ്വതന്ത്രയായി വിലസുമ്പോഴാണ് അവരുടെ ആക്ഷേപത്തിന്റെ വിഡിയോ ക്ലിപ് പുറത്തുവിട്ട മുഹമ്മദ് സുബൈർ പൊലിസിന്റെ ഭേദ്യത്തിനും തടവിനും ഇടയിൽ കഴിയുന്നത്. നുപൂർ ശർമക്കും എത്രയോ മുമ്പ് ആൾട്ട് ന്യൂസിനെയും മുഹമ്മദ് സുബൈറിനെയും സഘ്പരിവാർ ലക്ഷ്യംവച്ചിട്ടുണ്ട്. യു.പിയിൽ തന്നെ ആറു കേസുകൾ, പോക്‌സോ അടക്കം ഛത്തീസ്ഗഡിലും ഡൽഹിയിലും വേറെ.

സത്യം ചെരുപ്പിന്റെ വാർ ഇടുമ്പോഴേക്ക് നുണ ലോകത്തിന്റെ പകുതി സഞ്ചരിച്ചിരിക്കുമെന്ന അവസ്ഥ നേരിൽ അനുഭവിച്ചപ്പോഴാണ് 2017ൽ പ്രതിക് സിൻഹയും മുഹമ്മദ് സുബൈറും ചേർന്ന് ആൾട്ട് ന്യൂസ് എന്ന നുണ പരിശോധനാ വെബ്‌സൈറ്റ് ആരംഭിച്ചത്. അതുതന്നെ ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിൽ. ബംഗളൂരുവിലെ മാങ്ങാകച്ചവടക്കാരന്റെ മകൻ സുബൈർ എം.എസ്
രാമയ്യ എൻജിനീയറിങ് കോളജിൽ നിന്ന് ഡിഗ്രി സമ്പാദിച്ച് എയർടെല്ലിലും പിന്നീട് നോക്കിയയിലുമായി ജോലി നോക്കുകയായിരുന്നു. രാഷ്ട്രീയത്തിലൊന്നും താൽപര്യമില്ലാത്ത വെറും ടെക്കി. സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിന് കൂടെ നൽകിയ ഒരു വ്യാജ വിഡിയോയാണ് സുബൈറിനെ സാമൂഹ്യ വഴിക്ക് തിരിച്ചുവിട്ടത്. ഇപ്പോൾ ഇയാളെ ട്വിറ്ററിൽ അമ്പത് ലക്ഷം പേർ പിന്തുടരുന്നുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങൾ ചോദിച്ചതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട മുകുൾ സിൻഹ, ഭാര്യ നിർഝരി സിൻഹക്കൊപ്പം ഗുജറാത്ത് കലാപത്തിൽ ദുരിതം അനുഭവിച്ചവരെ നിയമപരമായും മറ്റും സഹായിച്ചുപോരുകയായിരുന്നു. അതിനിടെയാണ് രോഗം ബാധിച്ചത്. അമേരിക്കയിൽ ടെക്കിയായിരുന്ന മകൻ പ്രതിക് നാട്ടിലെത്തിയതങ്ങനെയാണ്. പ്രതിക് സിൻഹ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന പേരിൽ എഫ്.ബി പേജ് തുടങ്ങി തന്റെ മുമ്പിലെ അവാസ്തവങ്ങളുടെ തൊലിയുരിച്ചുകൊണ്ടിരുന്നു. ഇതിന്റെ വിപുലീകരണമാണ് പ്രവ്ദ മീഡിയ ഫൗണ്ടേഷനും അതിന് കീഴിലെ ആൾട്ട് ന്യൂസും. സമചിന്താഗതിക്കാരായ സുബൈറിനെയും പ്രതികിനെയും പരസ്പരം ചേർത്തതും സാമൂഹ്യമാധ്യമ ഇടപെടൽ. ഇരുവരും ചേർന്നാണ് ആൾട്ട് ആരംഭിച്ചത്. ആദ്യം നോക്കിയയിൽ ജോലി ചെയ്തുകൊണ്ട് സുബൈർ ആൾട്ട് ന്യൂസിന് സംഭാവന അർപ്പിച്ചു. 2018 മുതൽ മുഴുസമയം ആൾട്ടിന് വേണ്ടി നീക്കിവച്ചു.

2022 ജൂൺ 27ന് ഡൽഹി പൊലിസ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നത് നാലു വർഷം മുമ്പത്തെ ഒരു ട്വീറ്റിന്. അതും നാൽപത് വർഷം മുമ്പ് ഒരു ഹിന്ദി സിനിമയിൽ വന്ന ബോർഡ് ട്വീറ്റിൽ വന്നതിന്. ഹണിമൂൺ ഹോട്ടൽ എന്ന ബോർഡ് ഹനുമാൻ ഹോട്ടൽ എന്ന് തിരുത്തിയതാണ് ബോർഡ്. 2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ബോർഡ് പോസ്റ്റ് ചെയ്തത്. ഹിന്ദു ദൈവത്തെ ആക്ഷേപിച്ചിരിക്കുന്നുവെന്ന് കാട്ടി ഡൽഹി പൊലിസിന് ഒരാൾ ട്വീറ്റ് ചെയ്യുന്നതോടെ പൊലിസ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നു. ഉടനെ തന്നെ യു.പിയിലെ സീതാപൂരിൽ മറ്റൊരു കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നു. ഹരിദ്വാറിൽ മുസ്‌ലിംകളെ ഉന്മൂലനം നടത്തണമെന്ന് പ്രസംഗിച്ച യതി നരസിംഹാനന്ദിനെ വിദ്വേഷ സന്യാസിയെന്ന് വിശേഷിപ്പിച്ചതിനാണ് കേസ്. ആറ് കേസുകൾ യു.പിയിൽ മാത്രം രജിസ്റ്റർ ചെയ്തുവച്ചിട്ടുണ്ട്. 2020 ഒാഗസ്റ്റിൽ ഛത്തീസ്ഗഡിൽ ദേശീയ ബാലാവകാശ കമ്മിഷന്റെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത പോക്‌സോ കേസിന്നാധാരം ട്വിറ്ററിൽ ചെറിയ പെൺകുട്ടിയുടെ ചിത്രം നൽകിയതായിരുന്നു. ട്വിറ്ററിൽ സുബൈറിനെതിരേ മോശം പ്രതികരണം രേഖപ്പെടുത്തിയ ഒരാളുടെ ഡി.പി പകർത്തിയപ്പോൾ അതിൽ അയാളുടെ കൊച്ചുമകളുമുൾപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോക്‌സോ കേസ്.

സത്യത്തെ കഴുത്തു ഞെരിച്ചു കൊല്ലാൻ ഫാസിസ്റ്റുകൾക്ക് കൃത്യമായ വഴികളുണ്ട്. മോദി സർക്കാർ അധികാരത്തിൽ വന്നതുതന്നെ നുണകളുടെ കോട്ട കെട്ടിയാണ്. രണ്ടാം മോദി സർക്കാരോടെ അത് ഭരണകൂട വ്യവസ്ഥയായി മാറി. ടീസ്റ്റയും സഞ്ജീവ് ഭട്ടും ആർ.ബി ശ്രീകുമാറും അടക്കം നിരവധി പേർ ജയിലിൽ കിടക്കുമ്പോൾ ജിഹാദിയെന്ന ചാപ്പ കുത്താവുന്ന മുഹമ്മദ് സുബൈർ എന്ന വാസ്തവത്തിന് എത്ര കാലം പുറത്തുനിൽക്കാൻ കഴിയും. ഇയാൾ ജേർണലിസ്റ്റല്ല, പണം വാങ്ങി വിദ്വേഷ പ്രചാരണം നടത്തുന്നയാൾ മാത്രമാണ് എന്ന് വാദിച്ചത് യു.പി സർക്കാരിന്റെ അഭിഭാഷകനാണ്. ഇയാൾ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ഭരണകൂട ദല്ലാൾ ആവശ്യപ്പെട്ടത്. തൽക്കാലം സുപ്രിംകോടതി അതിനനുവദിച്ചില്ലെന്ന് മാത്രം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.