2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊലപാതകവും സാമൂഹ്യപശ്ചാത്തലവും

ഡോ. ഫിർദൗസ് ചാത്തല്ലൂർ

കൊലപാതകങ്ങൾ കേരളത്തിൽ സാധാരണ സംഭവമായി മാറിയിരിക്കുന്നു.കുട്ടികൾ മുതൽ വാർധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവർവരെ കൊലക്കത്തിക്ക് ഇരയാവുന്നു. ലാളിച്ച കൈകളിൽ ആയുധം ആഴ്ന്നിറങ്ങുമ്പോഴും ഒന്നു പിടയാൻപോലും സാധിക്കാതെ ജീവൻ വെടിയേണ്ടിവരുന്ന വേദനാജനകമായ കാഴ്ചകളാണ് ദിനേനയെന്നോണം നടന്നുകൊണ്ടിരിക്കുന്നത്. തൃശൂരിലെ ഇഞ്ചക്കുണ്ടിൽ വൃദ്ധരായ ദമ്പതികളുടെ കൊലപാതകം ഇതിനുദാഹരണമാണ്. കൊലപാതകത്തെ നിസാരവൽകരിക്കുന്ന, മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകമാണത്. കൊലയാളിക്ക് പരമാവധി ശിക്ഷ ലഭിച്ചാൽ തന്നെ നീതി നടപ്പാകുമോ? ഇല്ല, കാരണം നൂറാളുകളെ കൊന്നവനും പരമാവധി നൽകാനുള്ള ശിക്ഷ ഒരു മരണമാണ്. അതുമാത്രമല്ല, സമീപ കാലത്തുണ്ടായ കൊലപാതകങ്ങളിലെല്ലാം കൊലയാളികൾക്ക് ലഭിച്ച ശിക്ഷ ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ കൊലപാതകങ്ങളുണ്ടാക്കുന്ന മുറിവുകൾ സമൂഹത്തിൽ ഉണങ്ങാതെ നിലനിൽക്കും.
മൂന്ന് രീതിയിലാണ് കൊലപാതകങ്ങൾ സംഭവിക്കാറുള്ളത്. അപ്രതീക്ഷിതമായി സംഭവിക്കുന്നവ, ആസൂത്രിതമായി നടത്തുന്നത്. മൂന്നാമത്തേത് നൈമിഷിക കോപം വഴിയോ അല്ലെങ്കിൽ ശക്തമായ മാനസിക വിസ്‌ഫോടനത്തിന്റെ ഭാഗമായോ ഉണ്ടായേക്കാം. മാനസിക ബോധമണ്ഡലങ്ങൾ അനിയന്ത്രിതമാവാൻ ലഹരി പദാർഥങ്ങൾ കാരണമായിട്ടുണ്ടെങ്കിൽ അതിന്റെ ലഭ്യതയിലുണ്ടാവുന്ന സുതാര്യത തടയപ്പെടേണ്ടതാണ്. ലഹരിമാഫിയകളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സർക്കാർ വിമുഖത കാണിക്കുന്നത് കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കും.
കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം സമീപ കാലത്തെ ഏറ്റവും ഉയരത്തിലാണുള്ളത്. 2020ൽ 306, 2021ൽ 337 കൊലപാതകങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊലപാതകങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളായി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പറയുന്നത് തർക്കങ്ങൾ, വ്യക്തിവൈരാഗ്യം, പ്രണയബന്ധങ്ങൾ, അവിഹിത ബന്ധങ്ങൾ, സ്ത്രീധനം, വർഗീയമോ മതപരമോ ആയ കാര്യങ്ങൾ എന്നിവയാണ്. ഇങ്ങനെയുള്ള അനാരോഗ്യകരമായ കാര്യങ്ങൾ സമൂഹത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഒരു പുരോഗമന സ്റ്റേറ്റിൽ നിന്നുണ്ടാകേണ്ടത്. അപ്പോഴാണ് ആരോഗ്യമുള്ള ജനസമൂഹത്തിൽ ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാവുകയുള്ളൂ.

ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണെന്നാണ് സ്റ്റാറ്റിസ്റ്റ റിസേർച്ച് ഡിപ്പാർട്ട്‌മെന്റ് 2021ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ലോകത്ത് കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യം എൽ സാൽവഡോർ, ഹോണ്ടുറാസ്, വെനസ്വല തുടങ്ങിയവയാണ്. എന്നാൽ, കൊലപാതകങ്ങളും അക്രമങ്ങളും കുറവുള്ള രാജ്യങ്ങളായി കാണുന്നത് ജപ്പാൻ, സിംഗപൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്. ഈ രാജ്യങ്ങളിൽ കാണപ്പെടുന്ന മാനവിക മൂല്യങ്ങളും മാനുഷിക സ്‌നേഹങ്ങളും തന്നെയാണ് കൊലപാതക ചെയ്തികളിൽനിന്ന് അവരെ മാറ്റിനിർത്താൻ പ്രാപ്തമാക്കിയതും. ഉദാഹരണത്തിന് മൂന്നാം ലോക രാജ്യമായ ഇന്തോനേഷ്യയിൽ മദ്യപാനവും ലഹരി ഉപയോഗവും ഒരുപരിധിവരെ തടയപ്പെടുന്നതാണ്. മദ്യപാനം അക്രമണോത്സുകമായ പെരുമാറ്റത്തിലേക്ക് നയിക്കുന്നുവെന്ന് അവർ പറയുന്നു. മദ്യപാനം മനുഷ്യന് ഹാനികരമാണെന്ന യാഥാർഥ്യം മനസിലാക്കുന്നവർ തന്നെയാണ് അതിനെ ചേർത്തുപിടിക്കുന്നതും.
കൊലപാതകങ്ങളിലേക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണം മാനവിക സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും അഭാവമാണ്. സഹനവും സംയമനവും ജീവിതത്തോട് ചേർന്നുനിൽക്കുമ്പോഴാണ് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം ഉണ്ടാവുകയുള്ളൂ. ഇല്ലെങ്കിൽ ജീവിതം വിനാശകരമായ ഒന്നായി മാറുകയും ചെയ്യും.മാനവസമൂഹം പവിത്രമായി കാണുന്ന സഹാനുഭൂതിയുടെ ഉദാഹരണമാണ് മാതാപിതാക്കളുമായുള്ള ബന്ധം. കാലങ്ങൾ കഴിഞ്ഞാലും ഏതൊരു വ്യക്തിയിലും മായാതെ ബാക്കിയാവുന്ന അടയാളമാണ് പൊക്കിൾകൊടി. അതിന്റെ ആന്തരികമായ ബന്ധം ചെന്നെത്തുന്നത് മാതാവിലേക്കാണ്. നിർഭാഗ്യവശാൽ ബാഹ്യവും ആന്തരികവുമായ പ്രശ്‌നങ്ങളാൽ തകർക്കപ്പെടുന്ന കുടുംബബന്ധങ്ങളിൽ പലപ്പോഴായി കൊലക്കത്തിക്കിരയാവേണ്ടി വരുന്നത് ഇങ്ങനെയുള്ള മാതാപിതാക്കളാണ്. കൊലപാതകങ്ങൾ കുറവുള്ള രാജ്യങ്ങൾ പൊതുവെ സാമൂഹികമായ ഊഷ്മളതയുള്ളവരും ദയയുള്ളവരുമാണ്.

അക്രമങ്ങൾ കൂടുതലുള്ള ലാറ്റിനമേരിക്കപോലുള്ള രാജ്യങ്ങളിൽ അക്രമത്തെ മഹത്വവൽക്കരിക്കുന്ന മാനസികാവസ്ഥയാണുള്ളത്. യൂറോപ്യൻ കോളനിവൽക്കരണം അവർ അനുഭവിക്കുന്നു. അതിനാൽ ബലപ്രയോഗത്തിലൂടെ കാര്യങ്ങൾ ചെയ്യണം, അതിന് നിങ്ങൾ അക്രമാസക്തരാവണണെന്ന മാനസികാവസ്ഥയിലേക്ക് അവർ എത്തുന്നു. തൽഫലമായി പ്രാദേശിക ഗ്രൂപ്പ് നേതാക്കളെ ശക്തരും സമ്പന്നരുമായും കാണുന്നു. ഈ സമ്പന്നത യുവത ആഗ്രഹിക്കുകയും അതിനായി അക്രമങ്ങളും കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്നു.
രാജ്യം നിലനിൽക്കേണ്ടത് സഹാനുഭൂതിയും സഹകരണ മനോഭാവവുമുള്ള മനുഷ്യരാലാവണം. അപ്പോൾ മാത്രമാണ് സുസ്ഥിരവും സമഗ്രവുമായ ജീവിതാന്തരീക്ഷം നമുക്കു ചുറ്റും രൂപപ്പെടുകയുള്ളൂ. ഭയമില്ലാത്ത സാഹചര്യം സംജാതമാകണം. വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അതിലൂടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ കുടുംബപരമായും സാമൂഹികപരമായും നേരിടുവാനും പരിഹരിക്കപ്പെടാനും സഹായകമാകും. അതിന് സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകൾക്ക് ശക്തമായ ചാലകശക്തിയായി വർത്തിക്കാനും സാധിക്കേണ്ടതുണ്ട്. കൊലപാതകങ്ങളിലേക്ക് നയിച്ചേക്കാവുന്ന നിസാര തർക്കങ്ങളെ അല്ലെങ്കിൽ വ്യക്തിപരമായ പ്രതികാരങ്ങളെ പരിഹരിക്കാൻ ഇങ്ങനെയുള്ള സാമൂഹിക കൂട്ടായ്മകളിലൂടെ സാധിച്ചേക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.