2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കർണാടക: ഹിന്ദുത്വത്തിന്റെ പുതിയ പരീക്ഷണശാല

ഇന്ത്യയിൽ തീവ്രഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനുള്ള കുതന്ത്രങ്ങളുടെ ഏറ്റവും പുതിയ പരീക്ഷണശാലയായി കർണാടക മാറുകയാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ തീവ്ര ഹിന്ദുത്വമുഖമായി എങ്ങനെയാണോ ഗുജറാത്ത് മാറിയത്, അതിന്റെ പകർപ്പായി കർണാടകയെ മാറ്റാനാണ് സംഘ്പരിവാർ ശ്രമം. കഴിഞ്ഞ ഒരു വർഷമായി നിരവധി ആസൂത്രിതമായ വിവാദങ്ങളിലൂടെ കർണാടകയിലെ സാമൂഹിക അന്തരീക്ഷം കലങ്ങിമറിയുകയാണ്. സമുദായ സ്പർധ ആളിക്കത്തിക്കാനും ചേരിതിരിവ് ഉണ്ടാക്കാനും മറ്റൊരു ഗുജറാത്ത് മോഡൽ ആവർത്തിക്കാനുമാണ് പുതിയ നീക്കങ്ങൾ. വളരെ അപകടകരമായ ഒരു സാഹചര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിദൂരത്തല്ലാത്തതിനാൽ സമുദായ ധ്രുവീകരണം ലക്ഷ്യംവച്ചുകൊണ്ടുള്ള വർഗീയ പരീക്ഷണങ്ങൾ വരുംദിനങ്ങളിൽ കൂടുതൽ തീവ്രമാകാനാണ് എല്ലാ സാധ്യതകളും.

കർണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നിൽ പ്രവർത്തിച്ചത് സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിൽ നിലവിലെ ഹിജാബ് സംഘർഷങ്ങളുടെ തുടക്കം ഉടുപ്പി ജില്ലയിലെ ഗവ. കോളജിലാണ്. കാംപസിൽ ഹിജാബ് ധരിക്കുന്നതിനും ഉർദു സംസാരിക്കുന്നതിനും അധികൃതർ നിരോധനം ഏർപ്പെടുത്തുകയുണ്ടായി. ഹിജാബ് ധരിച്ചെത്തിയവർക്ക് പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് കുട്ടികൾ ദിവസങ്ങളോളം ക്ലാസിനു പുറത്തിരുന്ന് പ്രതിഷേധിക്കുകയും വിഷയം ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. അതുവരെ ഹിജാബ് ധരിച്ചെത്തിയിരുന്നിടത്താണ് സംഘ്പരിവാർ സമ്മർദങ്ങൾക്കു വഴിപ്പെട്ട് അധികൃതർ മുസ്‌ലിം വിദ്യാർഥികളോട് വിവേചനം കാണിച്ചത്. കർണാടകയിലെ ഭണ്ഡാർക്കർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഉഡുപ്പി എം.ജി.എം കോളജ്, മാണ്ഡ്യ പി.ഇ.എസ് കോളജ് തുടങ്ങി ശിവമൊഗ്ഗ, ബിജാപുര, ഹാസൻ, ചിക്മംഗളൂരു തുടങ്ങിയ ജില്ലകളിലെ കോളജുകളിലും സമാനമായി ഹിജാബ് ധരിച്ച് ക്ലാസിൽ എത്തുന്നതിനെ തടയുകയുണ്ടായി.

തൊട്ടടുത്ത ദിവസങ്ങളിൽ ഉഡുപ്പിയിലെ കുന്താപുരം ഗവ. കോളജിലും പ്രശ്‌നങ്ങളുണ്ടായി. ഹിജാബിനെതിരേ കർണാടകയിൽ ഉയർന്നുവന്ന വിവാദങ്ങളുടെ അടിത്തറ സ്ത്രീസ്വാതന്ത്ര്യമോ, മതേതര ആകുലതകളോ അല്ല, മറിച്ച് വ്യക്തമായ ന്യൂനപക്ഷവിരുദ്ധത മാത്രമാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഹിജാബ് ചർച്ചയാക്കാനും രാജ്യമെമ്പാടും ചർച്ചയാകുംവിധം വിഷയത്തെ വളർത്തിയെടുക്കാനും ബി.ജെ.പിക്ക് ഇതിലൂടെ സാധിച്ചു.

   

പൗരത്വ പ്രക്ഷോഭങ്ങൾക്കിടയിൽ കേന്ദ്രം പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്തുപോകുന്നവരുടെ കണക്കുണ്ടാക്കിയപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തടവറ പണിയാൻ ആദ്യം കച്ചകെട്ടിയിറങ്ങിയത് കർണാടകയായിരുന്നു. പൗരത്വനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ നെലമംഗലയിൽ കർണാടക സർക്കാർ തടങ്കൽപ്പാളയമൊരുക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കർണാടകയിൽ ക്രൈസ്തവർക്കെതിരേയും സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതികൾ നടപ്പാക്കുന്നുണ്ട്.ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ചിക്കബല്ലാപൂരിലെ പ്രശസ്തമായ ക്രിസ്ത്യൻ പള്ളി തകർക്കപ്പെട്ടത്. ബംഗളൂരുവിൽ ക്രിസ്ത്യൻ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തുമ്പോഴാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇരച്ചുകയറി അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതും. ക്രൈസ്തവർക്ക് അവരുടെ സ്‌കൂളിൽപോലും ക്രിസ്മസ് ആഘോഷിക്കാൻ സംഘ്പരിവാറിന്റെ തിട്ടൂരം കൂടിയേ മതിയാകൂ എന്ന അവസ്ഥ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നത് ഈയിടെ പതിവായിരിക്കുകയാണ്. ക്രിസ്തുമത സ്ഥാപനങ്ങൾ മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം കെട്ടിച്ചമച്ചാണ് പള്ളികൾക്കുനേരെ പരക്കെ അക്രമങ്ങൾ അഴിച്ചുവിടുന്നത്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഉത്തരവാദപ്പെട്ടവർ ആവർത്തിച്ചു പറഞ്ഞിട്ടും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുനേരെ നടക്കുന്ന വ്യാപകമായ അക്രമങ്ങൾ ബോധപൂർവമാണെന്നും ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിനിടയിലാണ് മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുകൊണ്ട് കടുത്ത മതപരിവർത്തന നിരോധന നിയമം കർണാടകയിലെ ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. നിർബന്ധിത മതപരിവർത്തനം പരിശോധിക്കാനെന്ന പേരിൽ കർണാടകയിലെ പള്ളികളെയും മിഷനറിമാരെയും കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമസഭാ സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയുടെ നീക്കത്തെ എതിർത്തുവെങ്കിലും കടുത്ത പ്രതിഷേധത്തിനിടയിലും സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.

മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് മൂന്നുമുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും നൽകുന്ന നിയമമാണ് കർണാടകയിൽ നിലവിൽ വന്നിരിക്കുന്നത്. ഈ നിയമത്തിന്റെ മറവിൽ ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുമെന്ന് ഉറപ്പാണ്.

ഹിന്ദു പെൺകുട്ടിയെ പ്രണയിച്ച 24 വയസുകാരനായ അർബാസ് അഫ്താബ് മുല്ലയെന്ന യുവാവിനെ ശ്രീറാം സേന പ്രവർത്തകർ കൊലപ്പെടുത്തിയത്, ക്ഷേത്രം പൊളിക്കുന്നതിനെതിരേ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മുഹമ്മദ് സഫ്ദർ കൈസർ എന്ന മാധ്യമപ്രവർത്തകനു നേരെ നടന്ന ആക്രമണം, സ്റ്റാൻ സ്വാമിയുടെ പേര് സെന്റ് അലോഷ്യസ് കോളജിലെ പാർക്ക് സമുച്ചയത്തിനു നൽകാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ട് സംഘ്പരിവാർ രംഗത്തെത്തിയത്, മുസ്‌ലിം സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ മൂന്ന് സഹപാഠികൾക്കുനേരെ കദ്രിയിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ നടത്തിയ ആക്രമണം, തൊപ്പി ധരിച്ചെത്തിയതിന്റെ പേരിൽ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഇലക്കൽ പട്ടണത്തിൽ 14 വയസുള്ള രണ്ട് മുസ്‌ലിം ബാലന്മാരെ സംഘം ചേർന്ന് മർദിച്ച സംഭവം, മംഗളൂരുവിനടുത്തുള്ള സൂറത്ത്കൽ ടോൾപ്ലാസയിൽ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന ആറ് മെഡിക്കൽ കോളജ് വിദ്യാർഥികളെ ബജ്‌റംഗ് ദൾ പ്രവർത്തകർ ആക്രമിച്ചത്,
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഹുബ്ബള്ളിയിലെ ക്രിസ്ത്യൻ പള്ളിയിൽ ബജ്‌റംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവർത്തകർ അതിക്രമിച്ചുകയറി ഭജന നടത്തിയ സംഭവം, പാഠപുസ്തകത്തിൽനിന്ന് ഭഗത്‌ സിങ്, ശ്രീനാരായണഗുരു, പെരിയാർ എന്നിവരെക്കുറിച്ച് പരാമർശിക്കുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം… തുടങ്ങിയവയൊക്കെ കർണാടകയിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കുകയും വർഗീയമായ ചേരിതിരിവിന് ആക്കംകൂട്ടുകയും ചെയ്തിട്ടുണ്ട്.

സംഘ്പരിവാറിന് ഇന്ത്യയിൽ ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കുന്നതിന് അനിവാര്യമായ ഒരു ഘടകമാണ് ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കുക എന്നത്. കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുടെ ആദ്യപടിയായി മതന്യൂനപക്ഷ സർവേയും ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വോട്ടർമാരെ തിരിച്ചറിയുന്നതിന് പ്രത്യേകം അടയാളമിട്ട വോട്ടർപട്ടികയുടെ വിതരണവും നടന്നിരുന്നു. ഗുജറാത്ത് കലാപത്തിനും ന്യൂനപക്ഷ വംശഹത്യക്കും വളരെ ആസൂത്രിതമായ മുന്നൊരുക്കങ്ങൾ അവിടെ നടക്കുകയുണ്ടായി. അതിനു സമാനമായ സാഹചര്യങ്ങൾ കർണാടകയിലും ഒരുങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഓരോ ദിവസവും പിന്നിടുമ്പോൾ വിവാദങ്ങളുടെ മൂർച്ച കൂടിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം ദേവാലയങ്ങളുമായി ബന്ധപ്പെട്ടെല്ലാം വിവാദങ്ങൾ കൊഴുക്കുന്നു. കർണാടകയിലെ ചരിത്രസ്മാരകങ്ങളുടെയും പുരാതന ദേവാലയങ്ങളുടെയും അടിത്തറ മാന്തി ഹിന്ദുസ്വത്വം തപ്പിയെടുക്കുന്നതിലാണ് തീവ്രഹിന്ദുത്വ സംഘടനകൾ ഇപ്പോൾ ആവേശം കണ്ടെത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.