
അബൂദബി: രാഹുല്‍ ത്രിപാഠിയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 10 റണ്‍സിനായിരുന്നു ജയം. മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 10 വിക്കറ്റിന് 167 റണ്‍സെടുത്തു. എന്നാല്‍ ചെന്നൈക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. 51 പന്തില്‍ 81 റണ്‍സെടുത്ത കൊല്‍ക്കത്തയുടെ ത്രിപാഠി തന്നെയാണ് കളിയിലെ താരം. എട്ട് ഫോറും മൂന്ന് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.
തുടക്കത്തില്‍ ഗില്ലും ത്രിപാഠിയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടിനായി ശ്രമിച്ചെങ്കിലും അഞ്ചാമത്തെ ഓവറില്‍ ഗില്ലിനെ (11) പുറത്താക്കി താക്കൂര്‍ ചെന്നൈക്ക് ആദ്യ ബ്രേക് ത്രു നല്കി. പിന്നീടെത്തിയവര്‍ക്ക് ക്രീസില്‍ അധികം പിടിച്ചു നില്ക്കാനാവാതെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ മറുവശത്ത് മികച്ചൊരു കൂട്ട് ലഭിക്കാതെ ത്രിപാഠിയും നിരാശനായി. കൊല്‍ക്കത്ത നിരയില്‍ മറ്റൊരാള്‍ക്കും 20ന് മുകളില്‍ റണ്‍സ് കണ്ടെത്താനായില്ല. കഴിഞ്ഞ കളിയിലെ താരം നിധീഷ് റാണ (9), നായകന് ദിനേശ് കാര്‍ത്തിക് (12), കൂറ്റനടിക്കാരന്‍ റസല്‍ (2) എന്നിവരൊന്നും ഫോം കണ്ടെത്തിയില്ല. ചെന്നൈക്ക് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂര്‍, സാം കറന്, കരണ്‍ ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും സ്വന്തമാക്കി.
ചെന്നൈക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും മധ്യനിര ഫോമിലേക്കുയരാത്തത് തിരിച്ചടിയായി. അര്‍ധ സെഞ്ചുറി നേടിയ വാട്സനാണ്(40 പന്തില്‍ 50) ടോപ് സ്കോറര്‍. റായിഡുവും(27 പന്തില്‍ 30) സംഭാവന നല്കി. ഒരു സമയത്ത് 12.1 ഓവറില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ പിന്നീട് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ പിശുക്ക് കാണിച്ചതോടെ ജയം കൊല്‍ക്കത്തയ്ക്കൊപ്പം നിന്നു. അവസാന സമയത്ത് ജഡേജ ആഞ്ഞടിച്ചെങ്കിലും (എട്ട് പന്തില്‍ 21) ജയം അന്യമായി.