
കരിയാടൻ
പൗരത്വബില്ലും ഗോവധനിരോധനവും മുത്വലാഖ് നിരോധന നിയമവും അയോധ്യയും ഒന്നും തന്നെ വേണ്ടവിധത്തിൽ വോട്ടായി മാറില്ല എന്ന് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോൾ കുട്ടിക്കുരങ്ങിനെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി വിവിധ സംസ്ഥാനങ്ങളിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ ‘സുള്ളി ഡീൽസ്’ എന്ന പേരിൽ എൺപതോളം മുസ്ലിം വനിതകളെ അധിക്ഷേപിച്ച ആപ്പ് ഇറക്കിയിരുന്നു. ഇതിനെതിരേ പരാതി ഉയർന്നപ്പോൾ അത് നിരോധിച്ചു എന്നു പറഞ്ഞു കൈകഴുകിയതാണ് കേന്ദ്ര സർക്കാരിന്റെ ഐ.ടി സെൽ. ബുള്ളി ബായി എന്ന പുതിയ ആപ്പിന്റെ കാര്യത്തിലും അധികൃതർ എത്രമാത്രം മുന്നോട്ടുപോകുമെന്നറിയില്ല.സുള്ളി എന്നും ബുള്ളി എന്നുമുള്ളവ തന്നെ പ്രാദേശിക ഭാഷകളിൽ സ്ത്രീകളെ അശ്ലീലച്ചുവയിൽ ചിത്രീകരിക്കുന്ന ഉത്തരേന്ത്യൻ വാക്കുകളാണ്. ഈ പരാതികൾ നിലനിൽക്കേതന്നെ ക്ലബ് ഹൗസിൽവച്ച് മുസ്ലിം സ്ത്രീകളെ അവഹേളിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയും ഉയർന്നിട്ടുണ്ട്. ഇതിനെപ്പറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കപ്പെട്ട അഞ്ചു യുവതികളിൽ ഒരാൾ മലയാളിയുമത്രെ.
നോബൽ സമ്മാനം നേടിയ മലാല യൂസുഫ് സായി അടക്കം ബഹുമാന്യരായ 102 മുസ്ലിം മഹിളകളെയാണ് ലേലത്തിൽവച്ചിരിക്കുന്നതെന്നാണ് ബുള്ളി ബായിയിൽ പറയുന്നത്. പ്രശസ്ത സിനിമാനടിയായ ശബാന ആസ്മി മുതൽ ജെ.എൻ.യുവിൽവച്ച് കാണാതായ നജീബ് അഹമദിനെ നൊന്തുപെറ്റ ഫാത്തിമ നഫീസ എന്ന 65 കാരി വരെ ഇതിൽപെടുന്നു. തീവ്രവാദത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാതെ ശക്തമായി എതിർക്കുന്നവരാണ് ഇവരിൽ മിക്കവരും. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ് ഹബിലാണ് ഇത് ആദ്യം കണ്ടത്. പരാതി നൽകിയപ്പോൾ പേരറിയാത്ത കുറേ ആളുകളുടെ പേരിൽ പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്തതായാണ് ഡൽഹി പൊലിസിന്റെ ക്രൈം സെൽ പറഞ്ഞതെന്ന തലസ്ഥാനത്ത് മാധ്യമപ്രവർത്തകയായ ഇസ്മത്ത് ആറം പറഞ്ഞു. സമുദായ സൗഹാർദം തകർക്കാനും സ്ത്രീപീഡനം നടത്താനോ ചെയ്യുന്ന ശ്രമങ്ങൾക്കെതിരായ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ അനുസരിച്ചാണത്രെ എഫ്.ഐ.ആർ.
സാദിറ എന്ന ഒരു സ്ത്രീയുടെ പരാതിയുടെ വെളിച്ചത്തിൽ മുംബൈ പൊലിസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുള്ളി ഡീൽസിനെതിരായ കേസിൽ ആറുമാസമായിട്ടും തുടർനടപടി ഒന്നും ഉണ്ടായിട്ടില്ല എന്നതിനാൽ തനിക്ക് പ്രതീക്ഷയൊന്നുമില്ലെന്നു ഈ യുവതി പറഞ്ഞു. സുള്ളിയിലെന്നപോലെ ബുള്ളിയിലും തന്റെ പേര് കണ്ടതിനെതുടർന്നു നൽകിയ പരാതിയിൽ ആറുമാസമായി നടപടി ഒന്നും ഉണ്ടായില്ലെന്നു മുംബൈയിലെ ഒരു അഭിഭാഷകയായ ഫാത്തിമ സുഹ്റാഖാനും പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ പേരുകൾ പറയാൻ ഗിറ്റ്ഹബ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ഒന്നും കിട്ടിയില്ല എന്നു പറഞ്ഞു ഒഴിയുകയാണ് മുംബൈ പൊലിസ്. മുംബെയിൽ നിന്നുള്ള ശിവസേനയുടെ പാർലമെന്റ് അംഗമായ പ്രിയങ്കാചതുർവേദി അടക്കമുള്ള പല എം.പിമാരും ഇത് കേന്ദ്ര ഐ.ടി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. അതിനു ലഭിച്ച മറുപടി ഈ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ എടുത്തുവരികയാണെന്നുമാണ്. പ്രശസ്ത അമേരിക്കൻ പത്രമായ വാഷിങ്ങ്ടൺ പോസ്റ്റിന്റെ മുംബൈ പ്രതിനിധിയായ റാണ അയ്യൂബ് പറയുന്നത്, കുറ്റക്കാർക്ക് നിയമത്തെ ഒട്ടുംപേടിയില്ലാതായിരിക്കുന്നു എന്നാണ്.
അറസ്റ്റ് നടന്നിടത്തോളം നമ്മൾ അറിയുന്നത് സംഘ്പരിവാർ കുത്തിവയ്ക്കുന്ന മതഭ്രാന്ത് എത്ര ആഴത്തിലാണ് നമ്മുടെ നാട്ടിലെ യുവമനസ്സുകളെ സ്വാധീനിക്കുന്നത് എന്നതാണ്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിടികൂടിയവരിൽ മിക്കവരും ചെറുപ്പക്കാരായ വിദ്യാർഥികളാണ്. അസമിലെ ജോർഹട്ടിൽ ജനുവരി അഞ്ചിനു ബുള്ളി ബായിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നീരജ് ബിഷ്ണോയ എന്ന 20കാരൻ, ഭോപ്പാലിൽ ടെക്നോളജി ഡിഗ്രിയ്ക്കു പഠിക്കുന്ന കക്ഷിയാണ്. അതിനു രണ്ടു ദിവസം മുമ്പ് ബംഗളൂരുവിലെ എൻജിനീയറിങ്ങ് കോളജിൽ നിന്നു പിടിയിലായത് ബിഹാർ പട്നാ സ്വദേശിയായ വിശാൽ കുമാർ എന്ന 21കാരനാണ്. പിറ്റേന്നു പതിനെട്ടുവയസ് മാത്രം പ്രായമുള്ള ശ്വേതാസിങ്ങ് എന്ന പെൺകുട്ടിയെ ഉത്തരാഖണ്ഡിലും പിടികൂടി. 21 വയസായ മായങ്ക്റാവത്തും ഇൻഡോറിൽ നിന്നു ഓംകാരേശ്വർ താക്കൂർ എന്ന 21 കാരനായ കംപ്യൂട്ടർ വിദ്യാർഥിയും ഒഡിഷയിൽ നിന്നു എം.ബി.എ വിദ്യാർഥിയായ നീരജ് സിങ്ങ് എന്ന 28 കാരനും പിടിയിലായി. ഇടത്തരക്കാരും പാവപ്പെട്ടവരുമായവരുടെ കുടുംബത്തിൽ നിന്നുള്ളവരാണ് ഇവരിൽ മിക്കവരും എന്നതാണ് ശ്രദ്ധേയം. നീരജിന്റെ പിതാവ് ദശരഥ് ബിഷ്ണോയ് പ്രാഥമിക വിദ്യാഭ്യാസംപോലും നേടിയിട്ടില്ലാത്ത ഒരാളാണ്. വിശാൽത്സാ ഒരു ടിക്കറ്റ് എക്സാമിനറുടെ മകനാണ്. ശ്വേത എന്ന പെൺകുട്ടി കാൻസറും കൊവിഡും പിടിപെട്ട് മരിച്ച മാതാപിതാക്കളുടെ മകളാണ്. നീരജ് സിങ്ങിന്റെ പിതാവ് ഒരു ചെറിയ പലചരക്ക് കട നടത്തുന്ന ആളും.
ശേഷവിശേഷം : ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും നാം കൂടുതൽ കൂടുതൽ വർഗീയമാവുന്നുവെന്നത് ദുഃഖകരം. ചുടുചോറ് മാന്തിക്കാൻ കുട്ടിക്കുരങ്ങാണ് നല്ലതെന്നു നാട് ഭരിക്കുന്നവർ കരുതുന്നകാലം.