ന്യൂയോർക്ക്
ജറൂസലമിലെ മസ്ജിദുൽ അഖ്‌സ നിലകൊള്ളുന്ന കോംപൗണ്ടിനുമേലുള്ള ജൂത അവകാശം തള്ളി ഐക്യരാഷ്ട്രസഭ. ടെംപിൾ മൗണ്ട് എന്ന പേരിൽ ജൂതസമൂഹം അവകാശം ഉന്നയിക്കുന്ന പ്രദേശം ഇനിമുതൽ ഹറം ശരീഫ് എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. പ്രദേശത്തിന്റെ പൂർണ അവകാശം മുസ്‌ലിംകൾക്കായിരിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു.
യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച ”ജറൂസലം പ്രമേയം” 11നെതിരേ 129 വോട്ടുകൾക്കാണ് പാസായത്. ഫലസ്തീൻ അതോറിറ്റിയുടെയും വിവിധ മുസ്‌ലിം രാഷ്ട്രങ്ങളുടെയും വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് യു.എന്നിൽ പ്രമേയത്തിന് വൻ ഭൂരിപക്ഷത്തോടെ അംഗീകാരം ലഭിക്കുന്നത്. ”ഫലസ്തീൻ പ്രശ്‌നത്തിൽ സമാധാന പരിഹാരം”, ”ജറൂസലം”, ”സിറിയൻ ഗോലാൻ” എന്നിങ്ങനെ ഫലസ്തീനും പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന പ്രമേയങ്ങൾക്കാണ് കഴിഞ്ഞ ദിവസം യു.എൻ പൊതുസഭയിൽ അംഗീകാരം ലഭിച്ചത്.
പശ്ചിമേഷ്യയിൽ സമഗ്രവും സുസ്ഥിരവുമായ സമാധാനത്തിന് ആഹ്വാനം ചെയ്ത ആദ്യ പ്രമേയത്തിൽ അധിനിവിഷ്ട ഫലസ്തീനിലെ ഏകപക്ഷീയമായ കൈയേറ്റങ്ങൾ നിർത്തിവയ്ക്കണമെന്ന് ഇസ്‌റാഈലിനോട് ആവശ്യപ്പെടുന്നു.
യു.എസ്, ഹംഗറി, ചെക്ക് റിപബ്ലിക് തുടങ്ങി 11 രാജ്യങ്ങളാണ് ജറൂസലം പ്രമേയത്തെ എതിർത്തത്. ബ്രിട്ടൻ, ജർമനി, ഡെന്മാർക്ക്, നെതർലൻഡ്‌സ് പ്രതിനിധികൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ജറൂസലമിനുമേലുള്ള ജൂത അവകാശം നിഷേധിക്കുന്ന പ്രമേയം യു.എൻ പൊതുസഭ അംഗീകരിക്കുന്നത് ധാർമികമായും ചരിത്രപരമായും രാഷ്ട്രീയപരമായും ശരിയല്ലെന്ന് യു.എസ് പ്രതിനിധി സഭയിൽ വ്യക്തമാക്കി. പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങൾക്ക് യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാസ് മൻസൂർ നന്ദി അറിയിച്ചു.
ജറൂസലമിൽ തങ്ങളുടെ നിയമവും ഭരണവും സ്ഥാപിക്കാനുള്ള ഇസ്‌റാഈലിന്റെ ഏതു നീക്കവും നിയമവിരുദ്ധമാണെന്ന് ജറൂസലം പ്രമേയത്തിൽ വ്യക്തമാക്കുന്നു.
സിറിയയിലെ ഗോലാൻ മേഖലയിലെ ഇസ്‌റാഈൽ കൈയേറ്റം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. ഈ മേഖലയിൽനിന്ന് പിന്മാറണമെന്ന് പ്രമേയം ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു.
Comments are closed for this post.