2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ബാബരി ധ്വംസനം ഒരു പുനർവായന

ഡോ. ബിനോജ് നായർ

ബാബരി മസ്ജിദ് മണ്ണോട് ചേർന്ന് മുപ്പതു വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ മതേതരബോധമുള്ള ഇന്ത്യൻ ജനത ചില വീണ്ടുവിചാരങ്ങളിൽ ഏർപ്പെടുന്നത് നന്നായിരിക്കും. മുസ് ലിം വിരോധത്തിന്റെ ഒറ്റച്ചരടിൽ ഭൂരിപക്ഷ മതവിശ്വാസികളെ കോർത്തെടുക്കുന്ന ഭരണകൂട കുതന്ത്രങ്ങളുടെ ഫലമായി കാശിയും മഥുരയും ബാബരിയുടെ വിധികാത്ത് കഴിയുന്ന ഇക്കാലത്ത് ഇങ്ങനെയൊരു പുനർചിന്ത അനിവാര്യമാണ്. ഇതിനായി നാൽപതുകളുടെ ഒടുവിൽ ബാബരി മസ്ജിദിനുമേൽ അവകാശം അന്യായമായി സ്ഥാപിച്ച സംഘ്പരിവാറിന്റെ കുടിലതന്ത്രങ്ങളുടെ കഥ പറഞ്ഞുകൊണ്ട് തുടങ്ങേണ്ടിവരും. കൂടാതെ, അധികാരമില്ലാതിരുന്ന കാലത്തും മതേതര വേഷം ധരിച്ച ഹിന്ദുത്വവാദികളുടെ ഒത്താശയോടെ ഭരണമേഖലയിൽ അവർ എപ്രകാരം പിടിമുറുക്കിയിരുന്നു എന്നതും പരിശോധിക്കാം.

തർക്കഭൂമിയിൽ അവകാശമുറപ്പിക്കാനായി സംഘ്പരിവാർ ബാബരി മസ്ജിദിനുള്ളിൽ ശ്രീരാമവിഗ്രഹം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിച്ചു. ആധുനിക മനുഷ്യന്റെ സ്ഥിരബുദ്ധിയെ ചോദ്യം ചെയ്യുന്ന ഈ വാദത്തിന് പിന്നിലെ കള്ളക്കളികൾ കൃഷ്ണ ജാ, ധിരേന്ദ്ര ജാ എന്നിവർ Ayodhya the dark night എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മലയാളിയായ െഎ.സി.എസ് ഓഫിസർ കെ.കെ നായരുടെ ഒത്താശയോടെ നടന്ന വൻ ഗൂഢാലോചനയാണ് വിഗ്രഹത്തിന് മസ്ജിദിനുള്ളിൽ പ്രവേശനം സാധ്യമാക്കിയതെന്നും പുസ്തകം തെളിവ് സഹിതം സമർഥിക്കുന്നു. 1949 ഡിസംബർ 23 വെളുപ്പിന് നാല് മണിയോടെ വിഗ്രഹം മസ്ജിദിനുള്ളിൽ ഒളിച്ചുകടത്തുകയും നായരുടെ നിർദേശാനുസരണം അത് താഴികക്കുടത്തിന് നേരെ താഴെയായി സ്ഥാപിക്കുകയും ചെയ്തതായി വിഗ്രഹം സ്ഥാപിച്ചയാൾ തന്നെ ലേഖകരോട് തുറന്നുപറയുന്നു. ഇതേ കാര്യങ്ങൾ പ്രമുഖ ചലച്ചിത്രകാരനായ ആനന്ദ് പട്‌വർദ്ധൻ അദ്ദേഹത്തിന്റെ Ram Ke Naam എന്ന ഡോക്യുമെന്ററിയിലും പറയുന്നുണ്ട്. വിഗ്രഹം മസ്ജിദിനുള്ളിൽ പ്രതിഷ്ഠിച്ച മഹന്ത് രാംസേവക് ദാസ് ശാസ്ത്രി എന്ന സന്യാസിയെ അതിൽ പട്‌വർദ്ധൻ അഭിമുഖം ചെയ്യുന്നുണ്ട്.

വിവരമറിഞ്ഞ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിഗ്രഹങ്ങൾ ഉടൻ നീക്കം ചെയ്യാൻ യുനൈറ്റഡ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്ന ജി.ബി പന്തിനോട് ആവശ്യപ്പെട്ടു. ആദ്യത്തെ മെല്ലെപ്പോക്കിന് ശേഷം നെഹ്റുവിന്റെ നിർബന്ധത്തിന് വഴങ്ങി മസ്ജിദ് പൂട്ടിയിടാനും പൊതുജനങ്ങൾക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കാനും പന്തിന്റെ സർക്കാർ തീരുമാനിച്ചു. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടു കാലം തൽസ്ഥിതി തുടർന്നെങ്കിലും 1984 ഏപ്രിലിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വിശ്വഹിന്ദു പരിഷദ് സംഘടിപ്പിച്ച ധർമ സൻസദിലെ പ്രഖ്യാപനമാണ് ബാബരി മസ്ജിദിനെ വീണ്ടും വാർത്തകളിൽ നിറച്ചത്. അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിൽ ഇസ്‌ലാമിക അധിനിവേശകർ ക്ഷേത്രങ്ങൾ തകർത്ത് പണികഴിപ്പിച്ച മസ്ജിദുകൾ പൊളിച്ചുമാറ്റി ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കുകയെന്ന ആവശ്യമുന്നയിച്ചത് വി.എച്ച്.പിയുടെ അന്നത്തെ ജോയിന്റ് സെക്രട്ടറി ആയിരുന്ന അശോക് സിംഗാൾ ആയിരുന്നു.
എണ്ണമറ്റ വിശ്വാസ പദ്ധതികളിലും ദൈവസങ്കൽപങ്ങളിലും കുരുങ്ങിക്കിടന്ന ഹിന്ദുക്കളെ ശ്രീരാമഭക്തിക്ക് കീഴിൽ ഒന്നിപ്പിക്കാനാവുമോ എന്നതിൽ സംശയമുണ്ടായിരുന്ന അന്നത്തെ ആർ.എസ്.എസസിന്റെ സർസംഘ്ചാലക് ബാലാസാഹേബ് ദേവറസ് തുടക്കത്തിൽ രാമജന്മഭൂമി പ്രക്ഷോഭങ്ങളോട് മുഖംതിരിഞ്ഞുനിന്നു. എന്നാൽ, ശ്രീരാമന്റെ കഥ പറയുന്ന ടെലിവിഷൻ സീരിയലിലൂടെ ഈ പ്രശ്‌നത്തിന് വി.എച്ച്.പി പരിഹാരം കണ്ടു. ഷാബാനു ബീഗത്തിന്റെ കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് ഹിന്ദുവോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന ഭീതിയിൽ രാജീവ് ഗാന്ധിയുടെ സർക്കാർ സീരിയലിന് അനുമതി നൽകുകയും ഒപ്പം തർക്കഭൂമിയിൽ ഹിന്ദുക്കൾക്ക് പൂജയ്ക്കുള്ള അനുവാദം നൽകുകയും ചെയ്തു.
1989ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജീവ് അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദിൽ നിന്ന് പ്രാരംഭം കുറിച്ചു. തർക്ക ഭൂമിയ്ക്ക് വെളിയിൽ ശിലാന്യാസത്തിന് രാജീവ് സർക്കാർ നൽകിയ അനുവാദം ദുരുപയോഗം ചെയ്ത വി.എച്ച്.പി മസ്ജിദിനുള്ളിൽ തന്നെ കർമ്മം നടത്തി ഭൂമിയ്ക്ക് മേലുള്ള തങ്ങളുടെ അവകാശത്തെ സർക്കാർ അംഗീകരിച്ചുവെന്ന വ്യാഖ്യാനം ചമച്ചു. 1990ൽ അദ്വാനി രഥവുമായിറങ്ങി വഴിനീളെ വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് രാജ്യത്തെ ഹിന്ദു-മുസ്‌ലിം എന്ന് രണ്ടായി പിളർത്തുകയും അതൊനൊടുവിൽ ബാബരി മസ്ജിദിനെ മണ്ണോട് ചേർക്കുകയും ചെയ്തു.

1991 മുതൽ മസ്ജിദിന് ചുറ്റും നിർമാണപ്രവർത്തനങ്ങളും ഭൂമിയേറ്റെടുക്കലുമെല്ലാം യു.പിയിലെ ബി.ജെ.പി സർക്കാർ നിരന്തരം ചെയ്തിട്ടും കേന്ദ്രത്തിലെ നരസിംഹറാവുവിന്റെ സർക്കാരോ സുപ്രിംകോടതിയോ വെറും ചോദ്യങ്ങൾക്കപ്പുറം ഒന്നും ചെയ്തില്ല. ഒടുവിൽ ഒരേസമയം മസ്ജിദ് സംരക്ഷിച്ചുകൊള്ളാമെന്ന് കോടതിയിൽ കള്ളസത്യവാങ്മൂലം നൽകുകയും കർസേവകരെ തടയരുതെന്ന് പൊലിസിന് നിർദേശം നൽകുകയും ചെയ്തുകൊണ്ട് മസ്ജിദിന്റെ പതനം കല്യാൺ സിങ് എന്ന മുഖ്യമന്ത്രി ഉറപ്പു വരുത്തി.
ഇനി ബാബരി മസ്ജിദിൻ്റെ അവകാശം നിയമലംഘകർക്ക് തന്നെ വിട്ടുകൊടുത്തുകൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം 2019 നവംബർ 9ന് പുറപ്പെടുവിച്ച വിധിക്ക് പിന്നിലെ അത്ഭുതമുളവാക്കുന്ന ചില വസ്തുതകൾകൂടി പരാമർശിക്കാം. ബാബരി മസ്ജിദ് നിലനിന്നിരുന്നിടത്ത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒരു ക്ഷേത്രമുണ്ടായിരുന്നതായി 2003ലെ എ.എസ്.െഎ റിപ്പോർട്ടിൽ പറയുന്നു. അവിടെ മസ്ജിദ് ഉയരുന്നതോ പതിനാറാം നൂറ്റാണ്ടിലാണ്. ഇതിനിടയിലെ നാല് നൂറ്റാണ്ടിന്റെ ചരിത്രം അജ്ഞാതമാണെന്ന എ.എസ്.െഎയുടെ കണ്ടെത്തൽ കോടതി വിധിയിൽ എടുത്തുപറയുന്നു. അപ്പോൾ മസ്ജിദ് പണിയാനായി ക്ഷേത്രം പൊളിച്ചു എന്ന സംഘ്പരിവാർ വാദം വെറും അസംബന്ധമാണെന്ന് കോടതി അംഗീകരിച്ചു എന്നല്ലേ അതിനർഥം? അപ്പോൾ പിന്നെ കോടതി എന്തടിസ്ഥാനത്തിൽ സംഘ്പരിവാറിന് അനുകൂലമായി വിധി പ്രസ്താവിച്ചു? തങ്ങൾ സ്ഥിരമായി ആരാധന നടത്തിയിരുന്ന സ്ഥലമാണെന്ന് ഹിന്ദുപക്ഷത്തിന് സമർഥിക്കാനായതാണ് വിധി അവർക്ക് അനുകൂലമാക്കിയത്. വോട്ടിന് വേണ്ടി മസ്ജിദിന്റെ പൂട്ട് തുറന്നു കൊടുത്ത ‘മതേതര സർക്കാർ’ അറിഞ്ഞോ അറിയാതെയോ അതിന്റെ പെട്ടിയിൽ അവസാന ആണി തറയ്ക്കുകയായിരുന്നു എന്നർഥം.

ബാബരി മസ്ജിദിനെപ്പറ്റി ഓരോ ഡിസംബർ ആറിനും മുടങ്ങാതെ മാധ്യമങ്ങളിൽ നിറയുന്ന കവിതകളും ലേഖനങ്ങളും വാചാടോപവുമെല്ലാം ഇന്ന് വ്യർഥവും വിരസവുമായ ആചാരമായി മാറിയിരിക്കുന്നു. ഇന്ത്യൻ മതേതരത്വത്തിന്റെ തീരാവേദനയും ആത്മാവിന്റെ തോരാത്ത കണ്ണീരുമെല്ലാമായി മസ്ജിദിന്റെ ധ്വംസനത്തെ ഭാവനയ്ക്കനുസരിച്ച് വരച്ചിടുന്ന സാഹിത്യകാരന്മാരും മതേതരരാഷ്ട്രീയക്കാരും പറയാത്ത സത്യം പറയാം. ബാബരി മസ്ജിദിന്റെ പതനം ഒരു സന്ദേശമാണ്. സ്വാതന്ത്ര്യപ്പുലരിയിൽ വിഭജനത്തിന്റെ മുറിപ്പാടുമായി വിറങ്ങലിച്ചുനിന്ന ഇന്ത്യൻ മുസ്‌ലിംകളോട് പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു പറഞ്ഞ ഒരു കാര്യമുണ്ട്. ഇന്ത്യ എന്ന രാജ്യം ജാതി, മത, വർണ, ഭാഷ വ്യത്യാസമില്ലാതെ എല്ലാവരുടേതുമാണ് എന്ന രാഷ്ട്രശിൽപിയുടെ ആ ഉറപ്പിനെ റദ്ദ് ചെയ്യുന്നതാണ് യഥാർഥത്തിൽ സംഘ്പരിവാറിന്റെ ബാബരി മസ്ജിദ് ധ്വംസനം. ഇരുപതു കോടിയോളം വരുന്ന മുസ്‌ലിംകൾ രാജ്യത്ത് അധികപ്പറ്റാണെന്നും അവരുടെ നിസ്സാരവും അപ്രധാനവുമായ സ്വത്വം ഭൂരിപക്ഷ താൽപര്യങ്ങൾക്ക് വഴങ്ങി മാത്രം നിലനിൽക്കേണ്ടതാണെന്നുമുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ തീരുമാനത്തിന് രാജ്യത്തിൻ്റെ പരമോന്നത നീതിപീഠം അടിവരയിട്ട ഒരു സ്വത്വഹത്യാ ദിനമായിട്ടാണ് നാം ഓരോ ഡിസംബർ ആറും ആചരിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.