2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

തിരിച്ചടികളിൽ സ്തംഭിച്ച് ഭരണകൂടം

പ്രൊഫ. റോണി കെ. ബേബി

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായിരുന്നു സിൽവർ ലൈൻ പദ്ധതിക്കെതിരേ ഉയർന്നത്. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ വലിയ പ്രതിഷേധസമരങ്ങളും പൊലിസിന്റെ അടിച്ചമർത്തലുകളുമുണ്ടായി. എത്ര വലിയ എതിർപ്പുണ്ടായാലും ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് പദ്ധതി നടപ്പാക്കുമെന്ന വാശിയിലായിരുന്നു സംസ്ഥാന സർക്കാർ. സമരത്തോടുള്ള ഭരണകൂട നിഷേധസമീപനം പ്രതിഷേധത്തിന്റെ തീവ്രത കൂട്ടുന്നതിന് മാത്രമേ കാരണമായുള്ളൂ. നിയമത്തെപ്പോലും മറികടന്ന് സിൽവർ ലൈനിന് വേണ്ടി കൊണ്ടുവന്ന അതിരുകല്ലുകൾ ജനങ്ങൾ പരസ്യമായി പൊളിച്ചുമാറ്റുന്ന സമരമുറകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

ബഹുജന പ്രതിഷേധം അതിതീവ്രമായി മുന്നോട്ടുപോകുന്നതിനിടയിലാണ് തൃക്കാക്കരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും അതിശക്ത പ്രചാരണമാണ് തെരഞ്ഞെടുപ്പ് വേളയിൽ നടന്നത്. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് വിജയിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടൽ നടപടികൾ സർക്കാർ നിർത്തിവച്ചിരുന്നു. കേന്ദ്ര അനുമതി ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നായിരുന്നു സർക്കാർ കൈക്കൊണ്ട നിലപാട്. കേന്ദ്ര അനുമതി നീണ്ടുപോകും, പദ്ധതി യാഥാർഥ്യമാകില്ല എന്ന ചിന്ത അധികാരകേന്ദ്രങ്ങളിൽ ശക്തമായി. കേരളത്തിൻ്റെ പൊതുകാഴ്ചപ്പാട് പദ്ധതിക്കെതിരാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലംകൂടി ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിൽ എങ്ങനെയും പിന്മാറാനുള്ള ആലോചനയിലായിരുന്നു സർക്കാർ.

ഇതിനിടെയാണ് തുടർനടപടികൾ മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ച വാർത്തകൾ പുറത്തുവരുന്നത്. വാർത്തകളോട് നിഷേധാത്മകമായി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും കെ റെയിൽ കമ്പനിയും ഏറെ വൈകി പ്രതികരിച്ചുവെങ്കിലും സർക്കാരിൻ്റെ ഭാഗത്തുനിന്ന് വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സാമൂഹിക ആഘാതപഠനം തുടരേണ്ടതില്ലെന്നും പദ്ധതിക്ക് വേണ്ടി വിന്യസിച്ച ഉദ്യോഗസ്ഥന്മാരെ മാതൃക വകുപ്പിലേക്ക് തിരിച്ചുവിളിക്കാൻ റവന്യൂ ഡിപ്പാർട്ട്മെൻ്റ് തീരുമാനിച്ചതായുമാണ് വാർത്ത. ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങളിൽനിന്ന് സ്ഥിരീകരണം ഉണ്ടാകുന്നില്ലെങ്കിലും സിൽവർ ലൈനിലെ എല്ലാ നടപടികളും നിർത്തിവച്ചിരിക്കുകയാണ്. പദ്ധതി തുടരേണ്ടതില്ലെന്ന് ജനങ്ങളുടെ മുൻപിൽ തുറന്നു സമ്മതിക്കുന്നതിനുള്ള സർക്കാരിൻ്റെ വൈമനസ്യമാവാം ഒരുപക്ഷേ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നൽകാതെ ഒളിച്ചുകളിക്കുന്നതിന് പിന്നിലുള്ളത്. എന്തുവിലകൊടുത്തും സിൽവർ ലൈൻ പദ്ധതി നടപ്പാക്കും എന്നായിരുന്നു ഉറച്ച നിലപാട്. ഇതിൽനിന്നുമുള്ള പിന്നോട്ടുപോകൽ എത്രയായാലും സർക്കാരിന് കനത്ത തിരിച്ചടിയാണ്. തുടർനടപടികൾ മരവിപ്പിച്ചതുതന്നെ ജനകീയ സമരത്തിനു മുമ്പിൽ സർക്കാർ മുട്ടുമടക്കിയതിന്റെ വ്യക്തമായ സൂചനയാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് വലിയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ ഇടതുപക്ഷ സർക്കാർ മുട്ടുമടക്കുന്നത്. 2020 ഒക്ടോബറിൽ സർക്കാർ കൊണ്ടുവന്ന പൊലിസ് നിയമഭേദഗതി ഓർഡിനൻസ് വ്യാപക പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടിവന്നു. സി.പി.എം കേന്ദ്ര നേതൃത്വത്തിലും സംസ്ഥാന ഘടകത്തിലും ഉൾപ്പെടെ വലിയ വിമർശനമാണ് പൊലിസ് നിയമഭേദഗതിക്കെതിരേ ഉണ്ടായത്. ശക്തമായ വിമർശനവുമായി പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ആദ്യം ഓർഡിനൻസിനെ അനുകൂലിച്ച് രംഗത്തുവന്ന മുഖ്യമന്ത്രി പിന്നീട് പിന്നോക്കം പോയി. ഓർഡിനൻസ് കൊണ്ടുവന്ന് 48 മണിക്കൂറിനകം മന്ത്രിസഭാ യോഗം ചേർന്ന് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ പ്രവണതകൾ ചെറുക്കുക എന്ന വ്യാഖ്യാനത്തോടെ പൊലിസ് നിയമത്തിൽ 118 എ വകുപ്പ് കൂട്ടിച്ചേർക്കാനുള്ള ഭേദഗതിയാണ് കൊണ്ടുവന്നത്. ഓർഡിനൻസ് മാധ്യമസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും വലിയ വെല്ലുവിളിയാണ് എന്ന വിമർശനമാണ് ഉയർന്നത്. ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുംവിധത്തിൽ ഏതെങ്കിലും മാധ്യമ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുവർഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതായിരുന്നു വിവാദ ഓർഡിനൻസ്. നിയമഭേദഗതി ഇടക്കാലത്തേക്ക് കേരള ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട് സർക്കാർ പിന്മാറുന്നത് കാര്യമായ ചർച്ചകൾക്ക് ഇടം ലഭിച്ചില്ല. ആസൂത്രിതമായി മെനഞ്ഞെടുത്ത വിവാദങ്ങളുടെ ഓരംപറ്റി അധികം ചർച്ച ചെയ്യപ്പെടാതെ ഈ വിഷയവും കടന്നുപോയി. കേരളത്തിൽ കുറെ നാളുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും വീഴ്ചകളും ആസൂത്രിതമായി മെനഞ്ഞെടുക്കുന്ന വാർത്തകൾക്കിടയിലൂടെ സമർഥമായി മുക്കിക്കളയുകയാണ്. മുഖ്യമന്ത്രിയെയും സംസ്ഥാന ഭരണത്തെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് സ്വപ്ന സുരേഷിൻ്റെ ആരോപണം, ആഭ്യന്തരവകുപ്പിന്റെ വീഴ്ച, പൊലിസ് അതിക്രമം, ക്രിമിനൽ പൊലിസിൻ്റെ വർധന, പിൻവാതിൽ നിയമനം, വിലക്കയറ്റം നിയന്ത്രിക്കുന്നതിലെ സർക്കാർ കെട്ടുകാര്യസ്ഥത, ധൂർത്ത് ഇവകൾ ചർച്ചയാവുമ്പോൾ അതിനെ മറികടക്കുന്നതിന് വേണ്ടി, പൊതുജന ശ്രദ്ധയിൽ നിന്ന് മാറ്റിനിർത്തുന്നതിന് ഗവർണറും സർക്കാരും തമ്മിലുള്ള പോര് വളരെ ബോധപൂർവം മാധ്യമങ്ങളിൽ നിറക്കുകയാണ്.

അതിനു പിന്നാലെയാണ് കോൺഗ്രസുമായി ബന്ധപ്പെട്ട വാർത്തകൾപോലും പർവതീകരിച്ചുകൊണ്ട് വസ്തുതകൾക്ക് നിരക്കാത്ത രീതിയിൽ ഊഹാപോഹങ്ങളും കെട്ടുകഥകളും മെനഞ്ഞ് പ്രചരിപ്പിക്കുന്നത്. സർക്കാരിൻ്റെ ഭരണപരാജയങ്ങളെ വിവാദ വാർത്തകളിലൂടെ മൂടിവയ്ക്കുന്നതിന് പിന്നിൽ മാധ്യമ സിൻഡിക്കേറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. ആസൂത്രിത വിവാദങ്ങളിലൂടെ സർക്കാരിനെതിരായ ആരോപണങ്ങൾ വഴിതിരിച്ചുവിടുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ്. യഥാർഥ ജനകീയ വിഷയങ്ങളിൽനിന്ന് മാറിനിന്നുകൊണ്ട് വിവാദങ്ങൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾക്ക് എത്രനാൾ ഇങ്ങനെ മുൻപോട്ടു പോകാൻ കഴിയുമെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. എത്ര മൂടിവച്ചാലും സിൽവർ ലൈൻ വിരുദ്ധ സമരം പോലെ കേരളത്തിൽ നടന്ന ഉജ്ജ്വലമായ ജനകീയ പ്രതിരോധങ്ങളെ മൂടിവയ്ക്കുവാൻ ഒരു ഭരണകൂടത്തിനും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കും കഴിയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.