2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാതൃഭാഷയും മലയാളവും

   

ഡോ. കെ.ടി അബ്ദുസമദ്

‘നിങ്ങളൊരു മനുഷ്യനോട് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അത് അയാളുടെ തലയിലേക്ക് പോകും. അയാളുടെ ഭാഷയിലാണ് സംസാരിക്കുന്നതെങ്കിൽ അത് അയാളുടെ ഹൃദയത്തിലേക്ക് പോകുന്നു’- നെൽസൺ മണ്ടേല

2000 മുതൽ എല്ലാവർഷവും ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി യുനെസ്‌കോയുടെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു. ഇന്ത്യൻ വിഭജനാനന്തരം പാകിസ്താന്റെ ഭാഗമായിരുന്ന കിഴക്കൻ പാകിസ്താനിൽ(ഇന്നത്തെ ബംഗ്ലാദേശ്) ഉർദു ദേശീയഭാഷയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളാണ് ഈ ദിനാചരണത്തിലേക്കെത്തിയത്. ബംഗാളി ഭാഷ സംസാരിച്ചിരുന്നവർ നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. 1952 ഫെബ്രുവരി 21ന് ധാക്ക സർവകലാശാലയിലെ നാല് വിദ്യാർഥികൾ രക്തസാക്ഷികളായി. തുടർന്നും നാലുവർഷത്തോളം പോരാട്ടം സംഘടിപ്പിച്ച് ഉർദുവിന് പുറമേ ബംഗാളിയെ രണ്ടാം ഔദ്യോഗിക ഭാഷയാക്കി അംഗീകരിപ്പിക്കുന്നതിൽ അവർ വിജയിച്ചു. 1971ൽ ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കപ്പെടുകയും ബംഗാളി അവരുടെ ഔദ്യോഗിക ഭാഷയാകുകയും ചെയ്തതോടെയാണ് ആ പോരാട്ടം പൂർണമായത്. ബംഗാളി ഭാഷയുടെ അംഗീകാരത്തിനു വേണ്ടി ജീവൻ ത്യജിച്ച വിദ്യാർഥിപ്പോരാളികളെ സ്മരിച്ചുകൊണ്ട് എല്ലാവർഷവും ബംഗ്ലാദേശികൾ സംഘടിപ്പിക്കുന്ന പരിപാടികളുടെ ചുവടുപറ്റിയാണ് 1999 നവംബറിൽ ചേർന്ന യുനെസ്‌കോ ജനറൽ കോൺഫറൻസ് ഈ ദിനാചരണവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തതും തൊട്ടടുത്ത വർഷംമുതൽ അതിന് തുടക്കമിട്ടതും.

‘ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത’ എന്നതാണ് ഈ വർഷത്തെ മാതൃഭാഷാദിനാചരണ മുദ്രാവാക്യമായി യുനെസ്‌കോ നിർദേശിക്കുന്നത്. ആഗോളതലത്തിൽ ജനസംഖ്യയുടെ 40% പേർക്കും സംസാരിക്കുന്നതോ മനസ്സിലാക്കാവുന്നതോ ആയ ഭാഷയിൽ വിദ്യാഭ്യാസം ലഭ്യമല്ല എന്ന് യുനെസ്‌കോയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽപഠിതാക്കൾക്ക് വീടും സ്‌കൂളും തമ്മിൽ അനുഭവപ്പെടാനിടയുള്ള വിടവ് ഇല്ലാതാക്കാനും പരിചിതമായ ഭാഷയിൽ സ്‌കൂൾ അന്തരീക്ഷം ഒരുക്കാനും മാതൃഭാഷയിലെ പഠനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആദ്യം മാതൃഭാഷയിൽ പഠിക്കുകയും ക്രമേണ മറ്റുഭാഷകളുടെ പഠനത്തിലേക്കുകൂടി മുന്നേറാനുമുള്ള പദ്ധതിയാണ് യുനെസ്‌കോ മുന്നോട്ടുവയ്ക്കുന്നത്. ലോകത്ത് പ്രചാരത്തിലുള്ള ആറായിരത്തോളം ഭാഷകളിൽ 43 ശതമാനം ഭാഷകളും വംശനാശ ഭീഷണി നേരിടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ഭാഷ അപ്രത്യക്ഷമാകുന്നു. വിദ്യാഭ്യാസത്തിനും മറ്റു പ്രധാന ആവശ്യങ്ങൾക്കുമായി ഏതാണ്ട് 100 ഭാഷകളേ ലോകത്ത് ഉപയോഗിക്കുന്നുള്ളൂ. ഡിജിറ്റൽരംഗത്തും ഏതാണ്ട് ഇതേ എണ്ണം ഭാഷകൾ മാത്രമാണ് കാര്യമായതരത്തിൽ പ്രചാരത്തിലുള്ളത്. അതിനാൽ മാതൃഭാഷയെ സംരക്ഷിക്കാനും മറ്റു ഭാഷകളെക്കൂടി പരിഗണിക്കാനുമുള്ള യുനെസ്‌കോ തീരുമാനത്തിന് വലിയ പ്രസക്തിയുണ്ട്.

ദേശ സംസ്‌കാര വ്യത്യസ്തതകളുടെ സംഗമഭൂമിയായ ഇന്ത്യയിൽ നിരവധി ഭാഷകൾ സ്വാഭാവികമായും സംസാരിച്ചുവരുന്നുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പല കാലങ്ങളിലായി ഉൾപ്പെടുത്തിയ 22 ഭാഷകളാണ് ഇന്ത്യയിലെ 97 ശതമാനത്തോളം ആളുകളുടെ മാതൃഭാഷ. ഇതിനുപുറമേ പതിനായിരത്തിനു മുകളിൽ ആളുകൾ സംസാരിക്കുന്ന നൂറോളം ഭാഷകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനും പുറമേ ആയിരത്തിഅറുന്നൂറോളം ഉപഭാഷകളും രാജ്യത്ത് നിലവിലുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ ഏതാണ്ട് 528 ദശലക്ഷം ആളുകൾ സംസാരിക്കുന്ന ഹിന്ദിയും 97 ദശലക്ഷം ആളുകളുടെ മാതൃഭാഷയായ ബംഗാളിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ളത് മലയാളമാണ്. ഏതാണ്ട് 34 ദശലക്ഷം ആളുകൾ മലയാളം സംസാരിക്കുന്നു എന്നാണ് വേൾഡ് അറ്റ്‌ലസ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാതൃഭാഷ പഠനമാധ്യമമാകുന്നതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് സ്വതന്ത്ര ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട ഏതാണ്ടെല്ലാ വിദ്യാഭ്യാസ കമ്മിഷനുകളും എടുത്തുപറഞ്ഞിട്ടുണ്ട്. 1952 ലെ ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മിഷൻ നിർദേശിക്കുകയും 1964ൽ കോത്താരി കമ്മിഷൻ അന്തിമരൂപം നൽകുകയും ചെയ്ത ത്രിഭാഷാപദ്ധതിയും മാതൃഭാഷയുടെ പ്രാധാന്യത്തെക്കൂടി പരിഗണിച്ചുള്ളതായിരുന്നു. ദേശീയഭാഷയായ ഹിന്ദിയും പ്രധാനപ്പെട്ട അന്തർദേശീയ ഭാഷയായ ഇംഗ്ലീഷും പഠിക്കുന്നതിനൊപ്പം അതേ പ്രാധാന്യത്തിൽ മാതൃഭാഷകൂടി പഠിക്കുന്നതാണ് ത്രിഭാഷാപദ്ധതി. 2020ലെ ദേശീയ വിദ്യാഭ്യാസ നയവും ചുരുങ്ങിയത് അഞ്ചാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയിൽ പഠനം നടത്തണം എന്നാണ് നിർദേശിക്കുന്നത്.

ആദിദ്രാവിഡഭാഷയിൽനിന്ന് മൂലപരിണതി സംഭവിച്ചാണ് നമ്മുടെ മാതൃഭാഷ രൂപീകൃതമായത്. ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിനായി സമർപ്പിച്ച റിപ്പോർട്ടിൽ മലയാളത്തിന് 2300 വർഷത്തെ പഴക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബി.സി 277-300 കാലത്തേതെന്ന് കരുതപ്പെടുന്ന അശോകന്റെ രണ്ടാം ശാസനത്തിലെ ‘കേരലപുത്ര’ എന്ന പരാമർശം ദേശനാമമെന്നതിനൊപ്പം തനിമലയാളരൂപമെന്നുകൂടി അഭിപ്രായമുണ്ട്. വിവിധ വിജ്ഞാനമേഖലകളിൽ പ്രൗഢമായ കൃതികൾ മധ്യകാലത്തുതന്നെ മലയാളത്തിൽ രചിക്കപ്പെട്ടിരുന്നു. വിവിധ ഘട്ടങ്ങളിൽ സംഭവിച്ച പരിണാമങ്ങളിലൂടെ വളർന്ന മലയാളം ഇന്ന് ലോകത്തുതന്നെ എണ്ണപ്പെട്ട ഒരു ഭാഷയായി മാറി. സംസ്ഥാന ഔദ്യോഗിക ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ മലയാളമാണ്. കേരളത്തിലെ 97% ആളുകളും മലയാളം സംസാരിക്കുമ്പോൾ തമിഴിൽ അത് 93 ശതമാനവും തെലുങ്കിൽ 83 ശതമാനവും കന്നഡയിൽ 65 ശതമാനവും മാത്രമാണ്. മഹാഭാരതവും ഋഗ്വേദവും വളരെക്കാലം മുമ്പുതന്നെ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടിരുന്നു. പ്രധാന വിദേശഭാഷകളിലെ സാഹിത്യകൃതികളെല്ലാം മലയാളത്തിലേക്കിന്ന് വിവർത്തനം ചെയ്യപ്പെടുന്നുണ്ട്. തിരിച്ച് മലയാള സാഹിത്യവും ലോകം മുഴുവൻ വായിക്കപ്പെടുന്നതരത്തിൽ കരുത്ത് നേടിയിരിക്കുന്നു.

പാരമ്പര്യത്തോടൊപ്പം സജീവവും ചലനാത്മകവുമായി മലയാളം നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ ഇംഗ്ലീഷ് ഭാഷയുടെ പ്രാമാണ്യമടക്കമുള്ള വിഷയങ്ങളിൽപ്പെട്ട് മലയാളം മരിക്കുന്നു എന്ന ആശങ്ക ഒരു ഭാഗത്തുണ്ട് എന്ന് കാണാതെയല്ല ഇതു പറയുന്നത്. 1957ൽ ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേറ്റ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഭരണനടപടിക്രമങ്ങൾ മാതൃഭാഷയിലാകണമെന്ന ആഗ്രഹം അന്നുതന്നെ പങ്കുവെച്ചിരുന്നു. എങ്കിലും കോടതിയിലടക്കം മാതൃഭാഷയ്ക്ക് കടന്നെത്താൻ കഴിയാത്ത സ്ഥലങ്ങൾ ഇനിയും ബാക്കിയുണ്ട്. സർക്കാർ പത്താംതരംവരെ മലയാളം നിർബന്ധ വിഷയമായി പഠിപ്പിക്കണമെന്നും തീരുമാനം ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരേ നിയമാനുസൃതമായ നടപടികൾ കൈകൊള്ളണമെന്നും നിഷ്‌കർഷിക്കുന്ന നിയമം നടപ്പാക്കിയത് ഏറെ ആവേശത്തോടെയാണ് മാതൃഭാഷാ സ്‌നേഹികൾ സ്വീകരിച്ചത്.
പുതിയ കാലത്തെ പ്രധാനപ്പെട്ട ഭാഷാവ്യവഹാര ഇടമായ ഡിജിറ്റൽരംഗത്ത് മലയാളത്തിന്റെ പ്രകടനം വളരെ സമ്പന്നമായ നിലയിലാണ് മുന്നേറുന്നത്. മലയാള അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനുണ്ടായിരുന്ന പ്രയാസം യൂണിക്കോഡിന്റെ വരവോടെ നീങ്ങുകയും മലയാള ബ്ലോഗുകളുടെ വലിയൊരു കൂട്ടം ഡിജിറ്റൽ ലോകത്ത് ഉദയംകൊള്ളുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ പത്ര-മാസികകൾക്കെല്ലാം ഇന്ന് ഇ പതിപ്പും ഓൺലൈൻ പതിപ്പുമുണ്ട്. പുസ്തക പ്രസാധകരുടെ ഓൺലൈൻ സ്റ്റോറുകൾ പുതിയ കാലത്തെ പുസ്തക വിൽപനയുടെ പ്രധാനപ്പെട്ട ഒരിടമാണ്. ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നോവലും കവിതയും അടക്കമുള്ളവ പ്രസിദ്ധീകരിക്കപ്പെടുകയും അതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയും ചെയ്യുന്നു. വിവിധ സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലും പലതരത്തിലുള്ള ഭാഷാ, സാഹിത്യ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഡിജിറ്റൽരംഗത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായ വിക്കിപീഡിയയിൽ ഇംഗ്ലീഷ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേജ് ഡെപ്ത്തുള്ള ഭാഷയായി മലയാളം മാറിക്കഴിഞ്ഞിട്ടുണ്ട്. 250ലേറെ ഭാഷകളിൽ വിക്കിപീഡിയ പേജുകൾ നിലവിലുള്ളപ്പോഴാണ് ഇതെന്നോർക്കണം. പകർപ്പവകാശത്തിന്റെ നൂലാമാലകൾ ഇല്ലാത്ത പുസ്തകങ്ങൾ ലഭ്യമാകുന്ന വിക്കിഗ്രന്ഥശാലയിലും നല്ല പ്രകടനമാണ് മലയാളം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ അച്ചടിയിൽ ലഭ്യമല്ലാത്ത പല ക്ലാസിക് പുസ്തകങ്ങളും ലഭ്യമാകുന്ന ഡിജിറ്റൽ ഇടങ്ങളും ഭാഷയുടെ കരുത്ത് കൂട്ടുന്നതാണ്. ഭാഷയുടെ ആവിഷ്‌കാരങ്ങളെ അനശ്വരമാക്കി സൂക്ഷിക്കുന്ന ഇടപെടലുകൾ പ്രധാന ദൗത്യമായി കാണുന്ന നിരവധി കൂട്ടായ്മകൾ സജീവമായി മലയാള ഭാഷാരംഗത്തിന്ന് പ്രവർത്തിക്കുന്നുണ്ട്.

ഒരു ഭാഗത്ത് മലയാളത്തെ അവഗണിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾതന്നെ അതിനെയും അതിജീവിച്ച് മുന്നേറുന്ന ഭാഷയുടെ കരുത്താണ് വെളിവാകുന്നത്. വരുംതലമുറകളിലും മാനവികമൂല്യം രൂപീകരിക്കപ്പെടാനും ഓരോരുത്തർക്കും ഹൃദയഭാഷയായി മനസ്സിലാകുന്നതരത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉറപ്പിച്ചുനിർത്താനും മാതൃഭാഷ നിലനിൽക്കേണ്ടതുണ്ട്. സംസ്ഥാനവും രാജ്യവും വലിയ സ്വപ്നങ്ങൾ കാണാനും അത് യാഥാർഥ്യമാക്കാനും ലോകത്തെ നിർണായക സാന്നിധ്യമായി അടയാളപ്പെടുത്താനും പരിശ്രമങ്ങൾ നടത്തുമ്പോൾ എല്ലാവരും സ്വപ്നം കാണാൻ ഉപയോഗിക്കുന്ന മാതൃഭാഷ ഇവിടെ നിലനിൽക്കേണ്ടതുണ്ട്.

(ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റി മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.