2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജിയല്ലിത്, ക്രെംലിന്‍ പനി

വി. അബ്ദുല്‍ മജീദ്

സ്റ്റാലിന്‍ ഭരണകാലത്തെ സോവിയറ്റ് യൂനിയനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന നേതാക്കള്‍ അപ്രത്യക്ഷരാകുന്ന പതിവുണ്ടായിരുന്നു. ഒന്നുകില്‍ അവര്‍ സൈബീരിയയിലെ ജയിലിലെത്തും. അല്ലെങ്കില്‍ അവരുടെ പൊടിപോലും കാണില്ല. അതായിരുന്നു സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യക്രമം. എന്നാല്‍ പാര്‍ട്ടിയെ അനുസരിച്ചു ശീലിച്ച നേതാക്കള്‍ എന്തെങ്കിലും ആരോപണങ്ങളില്‍ പെട്ടാല്‍ അത്ര കടുത്ത ഉള്‍പ്പാര്‍ട്ടി ജനാധിപത്യ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. അവരെ നേതൃസ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു പതിവ്. അതിനു കാരണം ആരോപണമാണെന്നൊന്നും പറയില്ല. അസുഖം ബാധിച്ചെന്നും ചികിത്സ ആവശ്യമായതിനാല്‍ അവധി നല്‍കുകയാണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. സത്യം പറഞ്ഞില്ലെങ്കിലും ആ നാട്ടുകാര്‍ക്കും മാലോകര്‍ക്കുമൊക്കെ അതു മനസിലായിരുന്നു. അതു ലോകരാഷ്ട്രീയ മണ്ഡലത്തില്‍ ‘ക്രെംലിന്‍ പനി’ എന്ന പേരില്‍ അറിയപ്പെട്ടു. ക്രമേണ ലോകത്തുള്ള സകല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആ രീതി സ്വീകരിച്ചു. അക്കാലത്ത് ലോകത്തെ കമ്മ്യൂണിസ്റ്റുകാരെല്ലാം മാതൃകയാക്കിയിരുന്നത് സോവിയറ്റ് രീതികളെയായിരുന്നല്ലോ.

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എം പണ്ട് ഇ.എം.എസിനെയും പിന്നീട് വി.എസ് അച്യുതാനന്ദനെയുമൊക്കെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ഇങ്ങനെ അനാരോഗ്യം കാരണമായി പറഞ്ഞായിരുന്നു. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതും അസുഖം കാരണമാണ്. അതു പാര്‍ട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. എന്നുകരുതി മക്കളുടെ പേരിലുള്ള ആരോപണങ്ങളും കേസുകെട്ടുകളുമൊക്കെ പാര്‍ട്ടി അംഗീകരിച്ചു എന്നൊന്നും കരുതരുത്. അതൊക്കെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കഥകളാണ്. കോടിയേരി രോഗബാധിതനാണെന്നും ചികിത്സ ആവശ്യമാണെന്നും ആര്‍ക്കാണറിയാത്തത്.

അല്ലെങ്കിലും മക്കളുടെ തെറ്റിന്റെ പേരില്‍ അച്ഛനെയോ ആ മക്കളെ തന്നെയോ ശിക്ഷിക്കുന്ന ഏര്‍പ്പാട് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലില്ല. ഉത്തര കൊറിയന്‍ പ്രസിഡന്റായിരുന്ന കിം ഇല്‍ സുങ്ങിന്റെ കാലത്ത് മകന്‍ കിം ജോങ് ഇല്ലിനെതിരേ ഒരുപാട് ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നിട്ടും അച്ഛനെ പാര്‍ട്ടി പുറത്താക്കിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മരണശേഷം കിം ജോങ് ഇല്‍ പ്രസിഡന്റാകുന്നതിനു പാര്‍ട്ടി ചുവപ്പു പരവതാനി വിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്തും മകന്‍ കിം ജോങ് ഉന്നിനെതിരേ ഒരുപാട് ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. കിം ജോങ് ഉന്‍ ഇപ്പോള്‍ അവിടുത്തെ പ്രസിഡന്റാണ്.

അതാണ് ആഗോള കമ്മ്യൂണിസ്റ്റ് സംഘടനാ രീതി. അതുകൊണ്ട് കോടിയേരി സഖാവിനെ മാറ്റിനിര്‍ത്തിയത് അസുഖം കാരണമാണെന്നു തന്നെ നാട്ടുകാര്‍ കരുതിയാല്‍ മതി. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പലതും പറയും. പട്ടികള്‍ കുരയ്ക്കട്ടെ. എന്നാല്‍ സാര്‍ത്ഥവാഹക (കച്ചവട) സംഘം മുന്നോട്ടുതന്നെ പോകും.

തിളയ്ക്കാനൊരുങ്ങുന്ന
അവിയലും സാമ്പാറും

ഒരു കാര്യത്തില്‍ കേരളീയര്‍ മഹാ ഭാഗ്യശാലികളാണ്. മറ്റെങ്ങുമില്ലാത്ത വിധം ഇവിടെയുള്ള എല്ലാ രാഷ്ട്രീയകക്ഷികളും ആദര്‍ശ വിശുദ്ധിയുള്ളവരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സദാസമയവും വിപ്ലവത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ല. കോണ്‍ഗ്രസുകാര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഗാന്ധിജിയെ സ്മരിച്ചുകൊണ്ടാണ്. മുസ്‌ലിം ലീഗുകാരില്‍ സമുദായസ്‌നേഹവും വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ ബോധവും നിറഞ്ഞുതുളുമ്പുന്നു. ബി.ജെ.പി നേതാക്കള്‍ക്ക് രാജ്യത്തെ ഹിന്ദുക്കളുടെയും ആര്‍ഷഭാരത സംസ്‌കാരത്തിന്റെയുമൊക്കെ കാര്യമോര്‍ത്ത് ഉറങ്ങാന്‍ പോലും സാധിക്കാറില്ല. അതിലൊക്കെ ഉറച്ചുനിന്നാണ് അവര്‍ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും അവര്‍ വിശാല ജനാധിപത്യ ബോധവും തികഞ്ഞ പ്രതിപക്ഷ ബഹുമാനവുമൊക്കെ ഉള്ളവരുമാണ്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ കടുത്ത ആശയ ഭിന്നതയുള്ളവരെപ്പോലും വല്ലാതെ സ്‌നേഹിച്ചുകളയും. തെരഞ്ഞെടുപ്പുകള്‍ വരുന്ന സന്ദര്‍ഭങ്ങളിലാണ് അതു കൂടുതല്‍ കാണുന്നത്. പ്രത്യേകിച്ച് പ്രാദേശിക രാഷ്ട്രീയ സങ്കീര്‍ണതകള്‍ ഏറെയുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍.
ഇത്തരം സന്ദര്‍ഭങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന ചില രാഷ്ട്രീയ സംഘടനകളും കേരളത്തിലുണ്ട്. സ്വന്തം രാഷ്ട്രീയം പറഞ്ഞ് ഒറ്റയ്ക്കു നിന്നാല്‍ സ്ഥാനാര്‍ഥിക്ക് അയാളുടെ കുടുംബത്തിലെ വോട്ടുകള്‍ പോലും പൂര്‍ണമായി കിട്ടാത്തവിധം കനത്ത ജനപിന്തുണയുള്ളവര്‍. അതില്‍ പെട്ടവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും. ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയ മുഖംമൂടികളായ ഈ പാര്‍ട്ടികള്‍ നാട്ടിലെ മതേതരരെന്നു പറയുന്ന ഏതാണ്ടെല്ലാ കക്ഷികളുടെയും കണ്ണില്‍ വര്‍ഗീയ കക്ഷികളാണ്. മതേതരര്‍ക്ക് പകല്‍വെളിച്ചത്തില്‍ ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളോര്‍. എന്നാല്‍ തെരഞ്ഞെടുപ്പടുത്താല്‍ അവരൊക്കെ ഇക്കൂട്ടരെ തേടിയെത്തും. സഖ്യമുണ്ടെന്ന് പരസ്യമായൊന്നും പറയാതെ നീക്കുപോക്ക്, ധാരണ എന്നൊക്കെയുള്ള പേരുകളില്‍ കൂട്ടത്തില്‍ കൂട്ടും.

ഏതെങ്കിലുമൊരു ചേരി ഇവരെ കൂട്ടിയാല്‍ മറുചേരി പെട്ടെന്നങ്ങ് തീവ്ര മതേതരരാകും. മറുപക്ഷത്തേക്ക് കൈചൂണ്ടി അയ്യേ, വര്‍ഗീയ കൂട്ടുകെട്ട് എന്നൊക്കെ പറയും. പല തെരഞ്ഞെടുപ്പുകളിലും ഇവരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഏറെക്കുറെ സ്ഥിരമായും എസ്.ഡി.പി.ഐ ഇടക്കിടെയുമൊക്കെ ഇടതുമുന്നണിയിലായിരുന്നു. അങ്ങനെ യു.ഡി.എഫിന് കടുത്ത മതേതരരും വര്‍ഗീയ വിരുദ്ധരുമാവാന്‍ കുറേ അവസരങ്ങള്‍ കിട്ടി. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പമാണ്. അതുകൊണ്ടു തന്നെ ഇത്തവണ എല്‍.ഡി.എഫുകാര്‍ക്ക് ശുദ്ധ മതേതരരാവാന്‍ ഒരു സുവര്‍ണാവസരമാണ് കിട്ടിയത്.
വേറെയുമുണ്ടാകാറുണ്ട് പലതരം കൂട്ടുകെട്ടുകള്‍. ചിലയിടങ്ങളില്‍ യു.ഡി.എഫ് ഘടകകക്ഷിയായ ലീഗിനെ തോല്‍പ്പിക്കാന്‍ ആ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് സി.പി.എമ്മിന്റെ കൂടെ ചേരും. മറ്റു ചിലയിടങ്ങളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.എമ്മും ലീഗും കൈകോര്‍ക്കും. ഇതിനൊക്കെ പുറമെ വേറെ ചിലയിടങ്ങളില്‍ ഇപ്പറഞ്ഞ കൂട്ടത്തിലുള്ളവര്‍ തരംപോലെ മറ്റാരെയെങ്കിലും തോല്‍പ്പിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റുകളെന്ന് അവര്‍ തന്നെ പറയുന്ന ബി.ജെ.പിയോടൊപ്പവും ചേരും.

ഇത്തരം കൂട്ടുകെട്ടുകളെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവിയല്‍ മുന്നണി, സാമ്പാര്‍ മുന്നണി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എത്തിയതോടെ ഇത്തരം അവിയല്‍, സാമ്പാര്‍ ചേരുവകള്‍ പലയിടങ്ങളിലും തയാറായി വരുന്നുണ്ട്. വോട്ടെടുപ്പിനോടടുക്കുമ്പോള്‍ അതൊക്കെ തിളച്ചുതുടങ്ങും. അതില്‍ ആദര്‍ശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ കഷണങ്ങള്‍ തിരയാന്‍ ആരും ശ്രമിക്കേണ്ടതില്ല. അല്ലെങ്കിലും ആദര്‍ശവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമൊക്കെ അടുപ്പിലെ പുക മാത്രമല്ലേ.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.