2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Editorial

സിൽവർലൈൻ കേസുകൾ പിൻവലിക്കണം


സംസ്ഥാന വികസനത്തിൽ വെള്ളിരേഖയായിത്തീരുമെന്ന് വിശേഷിപ്പിക്കപ്പെട്ട സിൽവർലൈൻ അതിവേഗ റെയിൽപദ്ധതി അവസാനം സർക്കാർതന്നെ കോൾഡ് സ്റ്റോറേജിലേക്ക് മാറ്റിയിരിക്കുകയാണ്. പദ്ധതിക്കായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 6737 മഞ്ഞക്കുറ്റികളാണ് സ്ഥാപിക്കപ്പെട്ടത്. ഇത് വാങ്ങാൻ ചെലവായത് 1.48 കോടി രൂപ. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിയുടെ വിവിധ ഘട്ടങ്ങൾക്കായി ചെലവാക്കിയത് 31 കോടി രൂപ. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അതിഭീകരമായിട്ടായിരുന്നു സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള മഞ്ഞക്കുറ്റി സ്ഥാപിക്കൽ നടന്നത്. കലാപ സമാനമായ അന്തരീക്ഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ വലിച്ചിഴച്ചും അവരുടെ മാറിൽ ഒട്ടിച്ചേർന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പറിച്ചെടുത്തും നെഞ്ചത്തും മുതുകിലും ബൂട്ടിട്ട് ചവിട്ടിയും അതിർത്തിക്കല്ലുകൾ സ്ഥാപിക്കൽ അതിവേഗം നടക്കുകയായിരുന്നു. പൊട്ടിക്കരച്ചിലുകളും പിഞ്ചുകുഞ്ഞുങ്ങളുടെ വാവിട്ട നിലവിളികളുമല്ലാതെ മറ്റെന്ത് നേട്ടമാണ് വ്യർഥമായി തീർന്ന മഞ്ഞക്കുറ്റി സ്ഥാപനംകൊണ്ട് സർക്കാരിനുണ്ടായത്. കുറ്റികൾ സ്ഥാപിച്ചിടത്തെല്ലാം ഇത്തരം സങ്കടക്കാഴ്ചകളായിരുന്നു. തിടുക്കത്തിൽ സ്ഥാപിച്ച കല്ലുകൾ അതിനേക്കാൾ വേഗതയിൽ നാട്ടുകാർ പിഴുതെടുത്തു തോടുകളിലും പുഴകളിലും എറിഞ്ഞുകൊണ്ടിരുന്നു.
കിടപ്പാടം നഷ്ടപ്പെടുമെന്ന വേവലാതിയിൽ, കല്ലുകൾ സ്ഥാപിക്കുന്നതു തടഞ്ഞവർക്കെതിരേ പൊതുമുതൽ നശിപ്പിച്ചുവെന്ന പേരിലും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന പേരിലുമാണ് കേസെടുത്തത്. ആയിരത്തിലധികം വരും ഇത്തരം കേസുകൾ. കൊച്ചി മെട്രോ നിർമാണത്തിലെ പാഠം ഉൾക്കൊണ്ടായിരുന്നു സർക്കാർ മഞ്ഞക്കല്ലുകൾ സ്ഥാപിക്കേണ്ടിയിരുന്നത്. പരാതിയും പരിഭവവുമില്ലാതെയാണ് ആളുകൾ അവരുടെ ഭൂമി സർക്കാരിന് വിട്ടുകൊടുത്തത്. മതിയായ നഷ്ടപരിഹാരം, പദ്ധതി ആരംഭിക്കും മുമ്പുതന്നെ കൊടുത്തുതീർത്തതിനാലാണ് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ മെട്രോ റെയിൽ യാഥാർഥ്യമായത്.

ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിയല്ല വികസനം സാധ്യമാക്കേണ്ടത്. അവരെ വിശ്വാസത്തിലെടുത്തു വേണം കെ റെയിൽ പോലുള്ള വൻ പദ്ധതികൾ നടപ്പാക്കാൻ. അടുക്കളകളിൽ മഞ്ഞക്കുറ്റി സ്ഥാപിക്കാനെത്തിയപ്പോൾ പ്രതിരോധിച്ച വീട്ടമ്മമാർക്കെതിരേ എടുത്ത കള്ളക്കേസുകൾ നിരുപാധികം പിൻവലിക്കാനുള്ള ആർജവമാണ് സർക്കാരിൽ നിന്ന് ഇനി ഉണ്ടാകേണ്ടത്.

കേന്ദ്ര സർക്കാരിന് താൽപര്യമില്ലാത്തവരാണ് തങ്ങളെന്ന് കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ ഓർക്കേണ്ടതായിരുന്നു. റെയിൽവേ വകുപ്പിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും അനുമതി കിട്ടാതെ എന്ത് ധൈര്യത്തിലാണ് സർക്കാർ കെ റെയിൽ പദ്ധതിക്കും അതിൻ്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിനും തയാറായത്. സർക്കാർ അളന്നിട്ടുപോയ ഭൂമി ഇപ്പോഴും ഉടമകൾക്ക് കൈകാര്യം ചെയ്യാനോ കൈമാറ്റം ചെയ്യാനോ ആവാത്ത അവസ്ഥയാണ്. കുറ്റിയടിച്ച ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം ഉടമകൾക്ക് തിരിച്ചുനൽകണം.

കാലിയായ ഖജനാവു മാത്രം കൈമുതലായുള്ള ഒരു സർക്കാരിന് ശതകോടികൾ ചെലവുവരുന്ന പദ്ധതി നടപ്പാക്കണമെങ്കിൽ പദ്ധതിച്ചെലവ് മുഴുവൻ കടമായി എടുക്കേണ്ടിവരും. അതോടെ ഇപ്പോൾതന്നെ മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനത്തിന് കടത്തിന്റെ ആഴിയിൽ മുങ്ങിത്താഴേണ്ടി വരും. ഭൂമി ഏറ്റെടുക്കലിന് ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷൻ വാഗ്ദാനം ചെയ്തിരുന്ന വായ്പ വേണ്ടെന്ന് സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപറേഷൻ ഏജൻസിയുടെ (ജൈക്ക) ഫണ്ട് ലഭ്യമാകുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയം തടയുകയും ചെയ്തു. ഭൂമിയേറ്റടുക്കലിന് ഹഡ്‌കോ നൽകാമെന്നേറ്റിരുന്ന 3000 കോടിയും പാഴായി. ഈ ഫണ്ടുകളൊന്നും കൈയിൽ വരാതെ കാലിയായ ഖജനാവുമായി അതി ബൃഹത്തായ ഒരു പദ്ധതിക്ക് വേണ്ടി സർക്കാർ ഇറങ്ങിത്തിരിക്കരുതായിരുന്നു.

സിൽവർലൈനിനു വേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വികാരം മാത്രമായിരുന്നില്ല സംസ്ഥാനത്തൊട്ടാകെ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ അലയടിക്കാനുണ്ടായ കാരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെയാണ് സർക്കാരിന് അത് ബോധ്യപ്പെട്ടതെന്നു മാത്രം. പദ്ധതി പൂർത്തിയാകുന്ന കാലത്തെ ടിക്കറ്റ് നിരക്ക് കണക്കിലെടുത്താൽ പണക്കാർ പോലും യാത്ര ഒഴിവാക്കിയേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുകയുണ്ടായി. കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന അത്രയും യാത്രക്കാർ മടക്ക യാത്രയിൽ ഉണ്ടാകുമെന്നതിനു യാതൊരു ഉറപ്പുമില്ല. അതിവേഗ ട്രെയിനുകളല്ല, ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് വേണ്ടതെന്നും വേഗതയ്ക്കു വേണ്ടത് നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കലാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ആർ.വി.ജി മേനോനെപ്പോലുള്ളവർ സർക്കാരിനെ ഉണർത്തുകയും ചെയ്തതാണ്. എന്നാൽ എല്ലാ വിദഗ്ധ നിർദേശങ്ങളും തള്ളിക്കളഞ്ഞ് സർക്കാർ കെ റെയിൽ പദ്ധതിയുമായി മുമ്പോട്ട് പോവുകയായിരുന്നു.

ഇപ്പോൾ പദ്ധതിയിൽനിന്നു സർക്കാർ പിന്മാറിയിരിക്കുന്നു. വലിയ പാഠമാണ് ഈ പിന്മാറ്റം സർക്കാരിനു നൽകുന്നത്. ഏതു പദ്ധതി തുടങ്ങുമ്പോഴും പ്രദേശത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കും. അത് അവരെ ബോധ്യപ്പെടുത്തി നാടിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് വേണ്ടത്. നഷ്ടപരിഹാരമോ പുനരധിവാസമോ പദ്ധതി പ്രവർത്തനം തുടങ്ങും മുമ്പ് പ്രാവർത്തികമാക്കണം. ആവശ്യമായ ഫണ്ടോ ഉറപ്പോ ലഭിച്ചതിനു ശേഷമേ പദ്ധതിയുടെ പ്രാരംഭപ്രവർത്തനംപോലും തുടങ്ങുവാൻ പാടുള്ളൂ. എല്ലാറ്റിലുമുപരി കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയതിനു ശേഷം മാത്രമായിരിക്കണം കെ റെയിൽ പോലുള്ള അനേകകോടികൾ ചെലവുവരുന്ന പ്രോജക്ടുകളെക്കുറിച്ച് ചിന്തിക്കാൻ. ഈ പാഠങ്ങളാണ് മരവിപ്പിക്കപ്പെട്ട സിൽവർലൈൻ സർക്കാരിനു നൽകുന്നത്.

പദ്ധതി ഇനി അടുത്തകാലത്തൊന്നും പുനരാരംഭിക്കുകയില്ലെന്ന തിരിച്ചറിവിൽ ഇരകൾക്കെതിരേ എടുത്ത കേസുകൾ പിൻവലിച്ചും പദ്ധതിക്കായി അടയാളപ്പെടുത്തിയ അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനുള്ള അവകാശം തിരിച്ചുനൽകിയും നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കുക എന്നതു മാത്രമാണ് ഇനി സർക്കാരിന് മുന്നിലുള്ള പോംവഴി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.