2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മരണാനന്തരം

   

എന്‍.പി അബ്ദുല്‍ അസീസ്

ഹരിയുടെ ശവം മോര്‍ച്ചറിയില്‍ തിരയുകയാണ് ഒരാള്‍. ശവം കണ്ടുപിടിച്ചാല്‍ രണ്ടുലക്ഷം രൂപ കൊടുക്കും അധികാരികള്‍. മുഹമ്മദ് ഹനീഫയുടെ ശവം കിട്ടി. അതു തന്നെയാണ് ഹരിയുടെ ശവമെന്നു ധരിപ്പിച്ചു രണ്ടുലക്ഷം രൂപ നേടാന്‍ തയാറാകുന്നു അന്വേഷിക്കുന്നയാള്‍. മരിച്ചാല്‍ പിന്നെ മതപരമായ വിഭിന്നതകള്‍ എവിടെ? നവാഗത കഥാകൃത്തായ പി.അഹ്‌മദ് ശരീഫിന്റെ മരണാനന്തരം എന്ന കഥയെ കുറിച്ച് സാഹിത്യ വാരഫലത്തില്‍ എം.കൃഷ്ണന്‍ നായര്‍ കുറിച്ചതാണിത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കഴിവു തെളിയിച്ച അഹ്‌മദ് ശരീഫിന്റെ കഥകള്‍ ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിരിക്കുകയാണ്. മരണാനന്തരം എന്നു പേരുള്ള പുസ്തകത്തില്‍ എട്ടു കഥകളാണുള്ളത്.
കഥയെഴുത്തില്‍ തഴക്കംവന്നയാളെ പോലെ മികച്ച രചന നടത്താന്‍ വിദേശത്തെ ജീവിതവും ജോലിയും ഗ്രന്ഥകാരനെ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നു. 72 പേജുകളില്‍ ഒതുങ്ങിനില്‍ക്കുന്ന കഥകളില്‍ എണ്ണമറ്റ കഥാപാത്രങ്ങളെ വായനക്കാരന്‍ കണ്ടുമുട്ടുന്നു. ആനുകാലിക ഇന്ത്യന്‍ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥകളിലെ കഥാപാത്രങ്ങള്‍ ഓരോന്നും നാം വാര്‍ത്താ മാധ്യമങ്ങളിലൂടെ കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന പലരുമാണ്. അതില്‍ ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കളും ചില സന്ദര്‍ഭത്തില്‍ നാം തന്നെയും ഉല്‍പ്പെടുന്നുണ്ടോ എന്ന സന്ദേഹവും ഉണ്ടാകാം. വര്‍ത്തമാനകാല ഇന്ത്യയുടെ മതേതര നെഞ്ചിനെ കീറിമുറിച്ചു കടന്നുപോകുന്ന പല മുഖങ്ങളും അതില്‍ ദര്‍ശിക്കാനാകും. സഹായം അഭ്യര്‍ഥിച്ചു വാവിട്ടു നിലവിളിക്കുന്ന പല നിസ്സഹായരും കണ്‍മുമ്പില്‍ തെളിയുന്നതായി നമുക്ക് അനുഭവപ്പെടും.
ഒരുമയോടെ ജീവിച്ചിരുന്നവര്‍ പരസ്പരം തല്ലിക്കീറി ഒടുവില്‍ ഒരുമയോടെ മോര്‍ച്ചറിയില്‍ നിശബ്ദരായി കിടക്കുന്ന കാഴ്ചയും സമാനമനസുകളെ ചിഹ്നഭിന്നമാക്കിയ നേതാക്കളെയും നാം കണ്ടുമുട്ടുന്നുണ്ട്. മൊറാദാബാദും ഭീവണ്ടിയും ഡല്‍ഹിയും തുര്‍ക്കുമാന്‍ഗേറ്റും ഗുജറാത്തും കുറ്റം ചെയ്യാതെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയാകേണ്ടിവന്നവരും യഥാര്‍ഥ കുറ്റവാളിക്ക് വേണ്ടി കുറ്റം ഏല്‍ക്കേണ്ടിവന്ന അബ്ദുല്‍ അലീമിനെയും നാം കാണുന്നു. ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്കു പുസ്തകം വിരല്‍ചൂണ്ടുമ്പോള്‍ കേവലം എട്ടുകഥകളുടെ ഒരു സമാഹാരമായിട്ടല്ല പുസ്തകം നമുക്കനുഭവപ്പെടുക. എന്നാല്‍ കഥ ആഗ്രഹിക്കുന്നവര്‍ക്കു കഥയും സംഭവങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടുവോളം സംഭവങ്ങളും കാഴ്ചകളും ഒക്കെയുണ്ട് ഈ ചെറുപുസ്തകത്തില്‍.
ദൈവവും പ്രവാചകസ്‌നേഹവും ചിലയിടങ്ങളില്‍ നിഴലിക്കുമ്പോള്‍ ‘ബാര്‍ബിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ’ എന്ന ചോദ്യം വായനക്കാരുടെ മനസിനെ എവിടേക്കൊക്കെയോ കൊണ്ടുപോകുന്നുണ്ട്. കഥകള്‍ ഓരോന്നും നടക്കുന്നത് അറേബ്യയിലെ മണലാരണ്യങ്ങളിലോ മുംബെയിലോ ഗുജറാത്തിലോ ഒക്കെയാണ്. ഡല്‍ഹിപോലെയുള്ള വന്‍ നഗരങ്ങളില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് അതു ചിലപ്പോള്‍ ആ നഗരത്തിലെ ഏതെങ്കിലും കോണിലുമാകാം. എങ്കിലും എവിടെയൊക്കെയോ നാം കണ്ടുമറന്ന പല മുഖങ്ങളും എവിടെയൊക്കെയോ കേട്ട പല വാര്‍ത്തകളും ദിവസേന കണ്ടുകൊണ്ടിരിക്കുന്ന പല ചിത്രങ്ങളും കഥാകൃത്ത് വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.