2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

വെറുംവാക്കാവരുത് സ്ത്രീസുരക്ഷ


സ്ത്രീകൾക്കെതിരായ അക്രമ നിർമാർജനത്തിന്റെ അന്താരാഷ്ട്ര ദിനമാണിന്ന്. യു.എൻ.ഒ ആഹ്വാനപ്രകാരം ആചരിക്കപ്പെടുന്ന ഈ ദിനത്തിന്റെ ആവശ്യകത കഴിഞ്ഞ ദിവസം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എടുത്തുപറയുകയുണ്ടായി. പങ്കാളിയാലോ അടുത്ത ബന്ധുക്കളാലോ ഓരോ 11 മിനുട്ടിലും ഒരു സ്ത്രീയോ പെൺകുട്ടിയോ ലോകത്ത് കൊല്ലപ്പെടുന്നു എന്ന നടുക്കുന്ന വിവരമാണ് അദ്ദേഹം നൽകിയത്.

സ്ത്രീകൾ വിദ്വേഷത്തിനും ലൈംഗിക പീഡനത്തിനും ഇരയാകുന്നുവെന്നും അവർക്കെതിരേയുള്ള വിവേചനം, അക്രമങ്ങൾ എന്നിവ വർധിക്കുന്നുവെന്നും ഗുട്ടറസ് പറഞ്ഞു. 2026 ആകുമ്പോഴേക്ക് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ ലോകത്ത് നിന്ന് തുടച്ചുനീക്കണമെന്നും അതിനുവേണ്ടി വനിതാ സംഘടനകൾക്കും മറ്റും നൽകിവരുന്ന സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെടുകയുണ്ടായി.

സ്ത്രീയെ ആദരിക്കുന്ന ഇന്ത്യയിൽ പോലും എത്രയധികം സ്ത്രീകളും പെൺകുട്ടികളുമാണ് അനുദിനം അതിദാരുണമാംവിധം കൊല്ലപ്പെടുന്നത്. അവർ നിത്യവും പീഡനങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്നു. പീഡനങ്ങളിലധികവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതാണ്. ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ അക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് സ്വന്തം വീടു പോലും സുരക്ഷിതമല്ലാതായിത്തീർന്ന അഭിശപ്തകാലം കൂടിയാണിത്. കൊവിഡ് മഹാമാരിക്കാലത്ത് വീട്ടിനുള്ളിൽ 24 മണിക്കൂറും കഴിയാൻ വിധിക്കപ്പെട്ട സ്ത്രീകളാണ് കൂടുതലായും കുടുംബാംഗങ്ങളിൽ നിന്നു പീഡനങ്ങൾക്കിരയാകേണ്ടിവന്നത്. ബന്ധുക്കളിൽനിന്നുള്ള പീഡനങ്ങൾ പലപ്പോഴും വീടുകളിൽതന്നെ ഒതുക്കപ്പെടാറുണ്ട്. പുറത്തുപറയാനുള്ള പേടിയാലോ മാനക്കേട് ഭയന്നോ ആണ് വിവരം പുറംലോകം അറിയാതെപോവുന്നത്. അരുതെന്ന് പറയേണ്ടിടത്ത് മൗനം പാലിക്കുമ്പോൾ കുടുംബാധികാരമോ സാമ്പത്തിക മേൽക്കോയ്മയോ ഉപയോഗിച്ച് പീഡനം തുടരുന്നതിന് വഴിയൊരുക്കപ്പെടും. ഇത്തരക്കാർക്കെതിരേ നിയമനടപടി ഉൾപ്പെടെയുള്ളവ സ്വീകരിച്ചാൽ ഇരയുടെ ഭാവിജീവിതം സുരക്ഷിതമാകും. സമൂഹത്തെയോ കുറ്റവാളിയെയോ ഭയപ്പെട്ട് പീഡന വിവരം മറച്ചുവയ്ക്കാൻ ഉറ്റവർതന്നെ ഇരയെ നിർബന്ധിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നത് കുറ്റകൃത്യം ചെയ്യുന്നതിന് തുല്യമാണ്.

സംസ്‌കാര സമ്പന്നരെന്ന് അഭിമാനിച്ചിരുന്ന കേരളീയ സമൂഹത്തിന്റെ പുറംപൂച്ച് മാത്രമായിരുന്നു അത്തരം മേനിനടിക്കലെന്ന് രണ്ട് സ്ത്രീകളെ അതിനിഷ്ഠുരമാംവിധം നരബലി നടത്തി, ഈയിടെ കേരളം തെളിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സന്ധ്യ മയങ്ങിയാലും പുലർകാലത്തും പുറത്തിറങ്ങാൻ പറ്റാത്ത നാടായി കേരളം അധഃപതിച്ചിട്ടുണ്ട്. ഋഷിവര്യരും സാമൂഹ്യ, സാംസ്‌കാരിക പരിഷ്‌ക്കർത്താക്കളും അവരുടെ ജന്മംകൊണ്ടും കർമംകൊണ്ടും പരിപാവനമാക്കി എന്ന് വിശ്വസിക്കപ്പെടുന്ന മലയാള മണ്ണിലാണ് ലൈംഗികാതിക്രമ, കൊലപാതക വാർത്തകൾ നിത്യവും വന്നുകൊണ്ടിരിക്കുന്നത്.

ആഗോളതലത്തിലും വലിയ തോതിലാണ് സ്ത്രീകൾ അതിനിഷ്ഠുര അക്രമങ്ങൾക്കും പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരയാകുന്നത്. ഇത്തരമൊരവസ്ഥയെക്കുറിച്ച് ലോക ജനതയിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യംവച്ചാണ് ഐക്യരാഷ്ട്രസഭ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി നവംബർ 25 പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിൽ ഒതുങ്ങാതെ ലോകവ്യാപകമായ പ്രചാരണവും സ്ത്രീസുരക്ഷയുടെ പ്രാധാന്യം സംബന്ധിച്ച അവബോധം വളർത്തലും അനിവാര്യമാണ്.
സൈബറിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലൈംഗിക അധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ അഭിമാനവും വ്യക്തിത്വവും തകർക്കുന്ന കമൻ്റുകളിട്ട് ആഘോഷിക്കുന്നവരും വീരവാദം മുഴക്കുന്നവരും മാനസികാതിക്രമമാണ് നടത്തുന്നത്. ശാരീരിക അക്രമത്തിന് സമാനമാണ് സൈബറിടത്തെ അക്രമങ്ങളും. ശരീരത്തിലെ മുറിവ് ഉണങ്ങിയാലും മനസിൻ്റെ മുറവുണങ്ങില്ല.

ഒരു ദിനാചരണത്തിന്റെ അപ്പുറത്തേക്ക് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ സംബന്ധിച്ച പ്രവർത്തനങ്ങൾക്കും അവബോധം ഉണ്ടാക്കുന്നതിനും രാജ്യത്തെ എൻ.ജി.ഒകളും സർക്കാരും കാര്യഗൗരവത്തോടെ സമീപിക്കുന്നില്ല എന്നതാണ് വസ്തുത. സ്ത്രീശാക്തീകരണം സംബന്ധിച്ചും ലിംഗനീതിയെക്കുറിച്ചും സർക്കാരും ചില സംഘടനകളും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും വീടകങ്ങളിലും പുറത്തും സ്ത്രീകൾ അരക്ഷിതരായി കഴിയേണ്ടിവരുന്ന ഒരവസ്ഥയെ ഭരണകൂടങ്ങളോ സംഘടനകളോ അഭിസംബോധനം ചെയ്യുന്നില്ല.

ഗാർഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയാകുന്നവർ പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി അവർ അനുഭവിക്കുന്ന പീഡനങ്ങൾ നിശബ്ദം സഹിക്കുന്നതിൽ മാറ്റംവന്നിട്ടുണ്ട്. അവർ സഹിച്ച കൊടുംക്രൂരതകൾ ഭരണാധികാരികൾക്കും മാധ്യമങ്ങൾക്കും മുമ്പിൽ തുറന്നുപറയാൻ തുടങ്ങിയിട്ടുണ്ടെങ്കിലും നീതി ഇപ്പോഴും അകലെയാണ്. മാത്രമല്ല, നേരിട്ട പീഡനം തുറന്ന് പറഞ്ഞതിന്റെ പേരിൽ അവർ സമൂഹത്തിനു മുന്നിൽ പരിഹാസ്യരാവുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് പലരും ജീവിതത്തിൽനിന്നുതന്നെ ഒളിച്ചോടാൻ ശ്രമിക്കുന്നത്.
സ്ത്രീകളെ മനുഷ്യരായി കാണാനുള്ള തിരിച്ചറിവുണ്ടാവുകയാണ് ഇൗ സന്ദർഭത്തിൽ വേണ്ടത്. എല്ലാവർക്കുള്ള അവകാശവും നീതിയും സ്ത്രീകൾക്കും ഉണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യം വരുന്ന ഒരു കാലത്ത് മാത്രമേ പെരുകുന്ന അതിക്രമങ്ങൾക്ക് അന്ത്യം ഉണ്ടാവുകയുള്ളൂ. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീടകങ്ങളിലും ഇൗ ആവശ്യാർഥമുള്ള പ്രചാരണങ്ങൾക്കും ബോധവത്കരണത്തിനും സ്ത്രീകൾക്കൊപ്പം പരുഷന്മാരും മുന്നിട്ടിറങ്ങണം. അതായിരിക്കട്ടെ ഇൗ ദിനത്തിൻ്റെ ആത്മാവിൽ തൊട്ടു നമ്മൾ പുതുക്കുന്ന പ്രതിജ്ഞ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.