2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

റേഷൻ വിതരണത്തിലെ സ്തംഭനം പരിഹരിക്കണം


 

റേഷൻ കടകളിലെ ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) സംവിധാനം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. കാരണമായി പറയുന്നത് ഡാറ്റാ സെന്ററിലെ തകരാറാണെന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെർവർ തകരാറ് റിപ്പോർട്ട് ചെയ്തത്. ഇ-പോസ് മെഷീനിൽ വിരലമർത്തിയാലും സെർവറിൽനിന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ചില സ്ഥലങ്ങളിൽ നേരിയ തോതിൽ വിതരണം നടന്നെങ്കിലും, കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തൊട്ടാകെ വിതരണം പൂർണമായും നിലച്ചിരിക്കുകയാണ്.

ഇ-പോസ് തകരാർ പരിഹരിക്കാൻ മാസങ്ങൾക്കു മുൻപ് ശ്രമം ആരംഭിച്ചതാണെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. തകരാർ പരിഹരിച്ച് ഇന്നു മുതൽ റേഷൻ വിതരണം പുനരാരംഭിക്കുമെന്നാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ റേഷൻ അനിശ്ചിതമായി മുടങ്ങിക്കിടക്കുന്നത് അംഗീകരിക്കാനാകില്ല. സംസ്ഥാനത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിൽനിന്ന് അൽപമെങ്കിലും ആശ്വാസം നൽകുന്നത് റേഷൻ കടകൾ വഴി കിട്ടുന്ന ഭക്ഷ്യവസ്തുക്കളാണ്. സാധാരണക്കാരൻ മാത്രമല്ല, മധ്യവർഗവും വലിയ തോതിൽ ഇന്നു റേഷൻ കടകളെ ആശ്രയിക്കുന്നുണ്ട്. 91,81,378 റേഷൻ കാർഡുടമകൾ സംസ്ഥാനത്തുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരും റേഷൻ കടകളെ ആശ്രയിക്കുന്നവരുമാണ്.
വെള്ളക്കാർഡുടമകളായ മുൻഗണനേതര വിഭാഗങ്ങൾക്കും ഈ മാസം കൂടുതൽ അരിയും എല്ലാ വിഭാഗം കാർഡുടമകൾക്കും അധികമായി മണ്ണെണ്ണയും അനുവദിച്ചതായിരുന്നു. അതിനാൽതന്നെ ഓരോ റേഷൻ കടകളിലും വലിയ തിരക്കായിരുന്നു. അതിനിടയിലാണ് സങ്കേതിക തകരാർ കാരണം റേഷൻ മുടങ്ങിയിരിക്കുന്നത്. സാധാരണക്കാരന് ഇത്തരം സംവിധാനങ്ങളിൽ വിവരമുണ്ടായിക്കൊള്ളണമെന്നില്ല. റേഷൻ കിട്ടാതെ പോകുന്നത് എന്തു കാരണത്താലാണെന്നും അവരറിഞ്ഞുകൊള്ളണമെന്നില്ല. റേഷൻ വാങ്ങിയിട്ട് ജോലിക്ക് പോകേണ്ടവരും മറ്റു തിരക്കുകളിലേക്ക് നീങ്ങേണ്ടവരുമുണ്ടാകും. അവരുടെ സമയനഷ്ടവുംകൂടിയാണ് റേഷൻ കടകളിലെ ഇ-പോസ് തകരാർ വരുത്തിവച്ചിരിക്കുന്നത്.
അഞ്ച് ദിവസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കുന്നില്ലെന്നു വരുമ്പോൾ ഉപഭോക്താക്കൾ സ്വാഭാവികമായും ക്ഷുഭിതരായി ബഹളംവയ്ക്കും. അതിന്റെ ഫലമായി സംഘർഷാവസ്ഥയുണ്ടാകും. റേഷൻ വ്യാപാരികളുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടല്ല റേഷൻ മുടങ്ങുന്നതെന്ന വിശദീകരണങ്ങളൊന്നും ക്ഷമ നശിച്ച ഉപഭോക്താക്കളെ ശാന്തരാക്കിക്കൊള്ളണമെന്നില്ല. അവരുടെ മുൻപിലുള്ളത് റേഷൻ കടയുടമകളാണ്. അപ്പോൾ, അവർ സ്വാഭാവികമായും പ്രതിഷേധിക്കുക റേഷൻ വ്യാപാരികൾക്കു നേരെയായിരിക്കും. തങ്ങളുടേതല്ലാത്ത ഒരു കുറ്റത്തിന് എന്തിനു പഴി കേൾക്കണമെന്ന ചിന്തയിൽനിന്നാകാം കഴിഞ്ഞ ദിവസം ഉച്ച മുതൽ കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ടാകുക. അവരുടെ സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് അവർ കടകൾ അടച്ചിട്ടത്.

വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ടതിനെതിരേ കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. തീർത്തും അനുചിതമായ ഒരു തീരുമാനമാണിത്. കടകൾ തുറന്നിട്ടിട്ട് വ്യാപാരികൾ എന്തു ചെയ്യാനാണ്?. പഴയതു പോലെ കാർഡുകളിൽ രേഖപ്പെടുത്തി റേഷൻ സാധനങ്ങൾ കൊടുക്കാൻ അവർക്കു കഴിയില്ലല്ലോ. ഉപഭോക്താക്കളുടെ പഴി രാവിലെ മുതൽ കേട്ടിരിക്കണോയെന്ന ന്യായമായ ആലോചനയിൽനിന്നുണ്ടായ തീരുമാനമാണ് കടകൾ അടച്ചിട്ട് വീട്ടിലിരിക്കുക എന്നത്. റേഷൻ കടയുടമകളുടെ ഈ തീരുമാനത്തെ കുറ്റപ്പെടുത്താനാകില്ല. ഭക്ഷ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവ്. അതു പരിഹരിക്കാൻ അഞ്ചു ദിവസം കഴിഞ്ഞിട്ടും ഭക്ഷ്യവകുപ്പിനായില്ല. അതിന്റെ പാപഭാരം പേറേണ്ട ഒരാവശ്യവും റേഷൻ കടയുടമകൾക്കില്ലെന്നിരിക്കെ, പിഴവ് വരുത്തിയ ഭക്ഷ്യവകുപ്പ് പിഴവ് വരുത്തിയതിൽ പങ്കില്ലാത്ത റേഷൻ കടയുടമകളോട് എന്തടിസ്ഥാനത്തിലാണ് വിശദീകരണം ചോദിക്കുക?. ക്ഷുഭിതരായിത്തീരുന്ന ഉപഭോക്താക്കളുടെ കൈയേറ്റങ്ങൾക്കു വരെ അവർ വിധേയരാകും. അങ്ങനെ വിധേയരായിക്കൊള്ളട്ടെ എന്നാണോ ഭക്ഷ്യവകുപ്പ് തീരുമാനം?. അതിനു വേണ്ടിയായിരിക്കുമോ കാരണം കാണിക്കൽ നോട്ടിസ് നൽകാൻ തീരുമാനിച്ചിട്ടുണ്ടാകുക?.
92 ലക്ഷം കാർഡുടമകളിൽ ഈ മാസം ഇതുവരെ റേഷൻ വാങ്ങാൻ കഴിഞ്ഞത് 13 ലക്ഷം പേർക്കു മാത്രമാണ്. 14,000 റേഷൻ കടകൾ സംസ്ഥാനത്തുണ്ട്. ഇവയിൽ ഭാഗികമായി പ്രവർത്തിച്ചത് നാലായിരം മാത്രം. പതിനായിരം റേഷൻ കടകളും പ്രവർത്തനരഹിതമാണെന്നു സാരം. അത്രയും കടകളിലെ ഉപഭോക്താക്കളാണ് അഞ്ചു ദിവസം കഴിഞ്ഞിട്ടും റേഷൻ സാധനങ്ങൾ കിട്ടാനായി കാത്തുകഴിയുന്നത്. നിത്യക്കൂലിക്ക് തൊഴിലിന് പോകുന്നവർ തൊഴിലിനു പോകാൻ കഴിയാതെ റേഷൻ കടകളിൽ കാത്തുകഴിയുകയാണ്. 91.81 ലക്ഷം കാർഡുടമകളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്നോ പാർക്കിലെ ഡാറ്റാ സെന്ററിലാണ് തകരാറുണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കാൻ ഐ.ടി മിഷന്റെ സഹായത്തോടെ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.

1964 മുതൽ സംസ്ഥാനത്ത് നടപ്പിലായ സാർവത്രിക റേഷൻ സമ്പ്രദായം സംസ്ഥാനത്തെ പട്ടിണിപ്പാവങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്നത് വലിയൊരനുഗ്രഹമാണ്. സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കേവലം 15 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 85 ശതമാനവും കേന്ദ്രം സംഭരിക്കുന്ന ഭക്ഷ്യധാന്യ ശേഖരത്തിൽനിന്നാണ് കേരളത്തിനു ലഭിക്കുന്നത്. ഇങ്ങനെ ലഭ്യമാകുന്ന ഭക്ഷ്യധാന്യം പോലും നേരെചൊവ്വേ വിതരണം ചെയ്യാൻ നമുക്ക് കഴിയുന്നില്ലെന്നു വരുന്നത് കഴിവുകേടും യന്ത്രത്തിന്റെ പേരുപറഞ്ഞ് അഞ്ചു ദിവസമായിട്ടും റേഷൻ സാധനങ്ങൾ വിതരണം ചെയ്യാൻ കഴിയാത്തത് ഭക്ഷ്യവകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ്. മന്ത്രി കാരണം ചോദിക്കേണ്ടതു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറിയോടാണ്, റേഷൻ വ്യാപാരികളോടല്ല.
എ.പി.എൽ, ബി.പി.എൽ തരം തിരിവിലൂടെ ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പൊതുവേ എല്ലാവർക്കും ഗുണപ്രദമാണ് സംസ്ഥാനത്തെ റേഷൻ സംവിധാനം. തകരാർ എത്രയും വേഗത്തിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് റേഷൻ വ്യാപാരികളുടെ സംഘടന സക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡ് മൂന്നാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ അൻപതിലധികം ആളുകൾ കൂടാൻ പാടില്ലെന്ന സർക്കാർ തീരുമാനവും പുറത്തുവന്നുകഴിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് ഈ മാസം അധികമായി കിട്ടുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടത്തോടെ റേഷൻ കടകളിൽ വരുന്നത്. റേഷൻ വിതരണത്തിലുണ്ടായ സ്തംഭനം റേഷൻ കടകളിലെ തിരക്ക് വർധിപ്പിക്കും. അകലം പാലിക്കാൻ കഴിയാതെ വരും. ഇതു കൊവിഡിന്റെ അതിവേഗ വ്യാപനത്തിന് കാരണമായേക്കാം. ഇ-പോസ് മെഷീനിന്റെ തകരാർ എത്രയും പെട്ടെന്ന് പരിഹരിക്കാനും അതുവഴി റേഷൻ കടകളിൽ ഉണ്ടായേക്കാവുന്ന ജനക്കൂട്ടം തടയാനും ഭക്ഷ്യ-സിവിൽ സപ്ലൈസ് വിഭാഗത്തിൽനിന്ന് അടിയന്തര ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.