2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിനായക് സവര്‍ക്കറോ ഭാവി രാഷ്ട്രപിതാവ് !!

 

എം.പി നാരായണമേനോന്‍ ചരിത്രത്തില്‍ കൊണ്ടാടപ്പെട്ടയാളല്ല. പക്ഷേ, കേരളത്തിലെ, ഇന്ത്യയിലെ തന്നെ, സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏറെ കൊണ്ടാടപ്പെടേണ്ട നേതാവായിരുന്നു. കാരണം, ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകാതെ, വ്യക്തിപരമായ നഷ്ടങ്ങള്‍ പരിഗണിക്കാതെ ബ്രിട്ടീഷ്ഭരണത്തിനെതിരേ പോരാടിയ നേതാവാണ് അദ്ദേഹം.

തന്റെ ജയില്‍ മോചനത്തിനു മാപ്പപേക്ഷ നല്‍കാന്‍ പ്രേരിപ്പിക്കണമെന്നു മഹാത്മജി തന്റെ ഭാര്യയോട് നിര്‍ദേശിച്ചതറിഞ്ഞ്, ‘അക്കാര്യത്തിനാണെങ്കില്‍ നീ ഇവിടേയ്ക്കു വരേണ്ടെ’ന്നു ശഠിച്ച ധീരന്‍. ആ നിലപാടു മൂലം പതിനാലു വര്‍ഷമാണ് നാരായണമേനോന് ജയിലില്‍ കഴിയേണ്ടി വന്നത്.
സവര്‍ക്കറുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ന്യായീകരണങ്ങളുടെ പശ്ചാത്തലത്തിലാണ് നാരായണമേനോനെ ഓര്‍ത്തുപോയത്. മഹാത്മജി നിര്‍ബന്ധിച്ചതുകൊണ്ടാണ് ഹിന്ദു മഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പപേക്ഷ നല്‍കിയതെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്.

വിനായക് ദാമോദര്‍ സവര്‍ക്കറെ വീര സവര്‍ക്കര്‍ എന്നൊക്കെ അത്യന്തം ആദരവോടെ വിളിക്കാനുള്ള അവകാശം സംഘ്പരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പപേക്ഷ നല്‍കി പുറത്തിറങ്ങിയതിനെയും ആരും ചോദ്യം ചെയ്യുന്നില്ല. മാപ്പപേക്ഷ നല്‍കി അഴിക്കുള്ളില്‍ നിന്നു രക്ഷപ്പെട്ടു ജീവിതം ഭദ്രമാക്കിയ എത്രയോ പേര്‍ അക്കാലത്തെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം. എല്ലാവരും എം.പി നാരായണമേനോനെപ്പോലെയാകണമെന്നു ശഠിക്കാനാവില്ലല്ലോ.
രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ളവരുടെ ‘സവര്‍ക്കര്‍ ന്യായീകരണ പ്രസംഗ’ങ്ങളോടുള്ള വിയോജിപ്പ് അവര്‍ അസത്യം പ്രചരിപ്പിച്ചു ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്നതിനാലാണ്. സംഘ്പരിവാര്‍ നേതാക്കള്‍ അവകാശപ്പെടുമ്പോലെ ആന്തമാന്‍ ജയിലില്‍ നിന്നു മോചിതനാകാന്‍ സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കുന്ന കാലത്ത് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചിരുന്നില്ല. അദ്ദേഹം അക്കാലത്ത്, ദക്ഷിണാഫ്രിക്കയിലായിരുന്നു.

സവര്‍ക്കറുടെ ആദ്യ മാപ്പപേക്ഷ 1911 ഓഗസ്റ്റ് 30 നാണ്. രണ്ടാമത്തേത് 1913 നവംബര്‍ 14 നും. ഈ കാലമെല്ലാം കഴിഞ്ഞ് 1915 ലാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സ്വാതന്ത്ര്യസമരരംഗത്തും പ്രവേശിക്കുന്നത്. 1913ല്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കൗണ്‍സിലിലെ ആഭ്യന്തരകാര്യ അംഗത്തിനു നല്‍കിയ മാപ്പപേക്ഷയില്‍ ‘എന്നെ വിട്ടയച്ചാല്‍ ബ്രിട്ടീഷ് ഭരണകൂടം ആഗ്രഹിക്കുന്ന തരത്തില്‍ എന്തു സേവനവും ചെയ്യാന്‍ തയാറാണെ’ന്നും ‘എന്നെ മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കളെ നല്ല മാര്‍ഗത്തിലേയ്ക്കു നയിക്കാന്‍ എന്റെ വിടുതല്‍ സഹായകമാകുമെ’ന്നും വ്യക്തമായി പറയുന്നുണ്ട്.
1921ല്‍ നിയന്ത്രിത മോചനം അനുവദിക്കപ്പെടുന്നതുവരെ അഞ്ച് മാപ്പപേക്ഷ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിലൊന്നും ഗാന്ധിജിയുടെ പ്രേരണയോ ശുപാര്‍ശയോ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. ഇവിടെ രാജ്‌നാഥ് സിങ്ങും മോഹന്‍ ഭാഗവതും മറ്റും ചരിത്രം മാറ്റിയെഴുതുകയാണ്. ബ്രിട്ടീഷ് ജയില്‍വാസം ഭയന്നു മാപ്പപേക്ഷ നല്‍കിയ ആളെന്നു രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശിക്കുന്ന സവര്‍ക്കറുടെ വ്യക്തിത്വത്തിലെ കറ കഴുകി വിശുദ്ധനാക്കണം.

അതിനു ശേഷം മഹാത്മജിക്കു തുല്യമായോ ഒരുപടി മുകളിലായോ സവര്‍ക്കറെ പ്രതിഷ്ഠിക്കണം. ഗാന്ധിയുടെ സ്വപ്നത്തിലെ മതേതര ഭാരതമെന്ന ആശയം തകര്‍ത്ത് സവര്‍ക്കറുടെ ജീവിതാഭിലാഷമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണം. അത്തരമൊരു രാഷ്ട്രത്തിന്റെ പിതാവായിരിക്കാന്‍ ആരായിരിക്കും യോഗ്യനെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലല്ലോ.

രാഷ്ട്രപിതാവ് സ്ഥാനത്തുനിന്നു ഗാന്ധിയെ മാറ്റി മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കുകയെന്നത് രാജ്യാഭിമാനമുള്ള ആരും ചിന്തിക്കില്ലെന്നാണു നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. ചിന്തിക്കുമെന്നോ ചിന്തിച്ചുവെന്നോ മാത്രമല്ല, അക്കാര്യം പ്രഖ്യാപിക്കുക പോലും ചെയ്തു. പ്രഖ്യാപിച്ചതു മറ്റാരുമല്ല, വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരക്കുട്ടി, രഞ്ജിത് സവര്‍ക്കര്‍. അദ്ദേഹം, കഴിഞ്ഞദിവസം പറഞ്ഞതിങ്ങനെ, ‘ഗാന്ധി നമ്മുടെ രാഷ്ട്രപിതാവല്ല, ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല, അത് അംഗീകരിക്കില്ല’.
അയ്യായിരം വര്‍ഷം മുമ്പു പിറവിയെടുത്ത ഭാരതമെന്ന മഹാരാജ്യത്തിന്റെ പിതാവാകാന്‍ 1869ല്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്കു കഴിയുമോയെന്നാണ് സവര്‍ക്കറുടെ പേരമകന്റെ ചോദ്യം. ഇതു രഞ്ജിത് സവര്‍ക്കറുടെ മനോഗതി മാത്രമല്ലെന്ന് അടുത്തകാലത്ത് അതിദ്രുതം നടന്നുവരുന്ന ‘സവര്‍ക്കറെ പവിത്രീകരിച്ചെടുക്കല്‍’ പരിപാടികളില്‍ നിന്നു വ്യക്തം. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ഉദയ് മഹൂര്‍ക്കറും ചിരാഗ് പണ്ഡിറ്റും ചേര്‍ന്നെഴുതിയ ‘സവര്‍ക്കര്‍: വിഭജനം ഒഴിവാക്കാന്‍ കഴിയുമായിരുന്ന നേതാവ് ‘ എന്ന ഗ്രന്ഥത്തിന്റെ നിര്‍മിതി പോലും ഈയൊരു ലക്ഷ്യത്തോടെയാണെന്നു കരുതേണ്ടതുണ്ട്.
അന്നുമിന്നും ഹിന്ദുരാഷ്ട്രവാദം ഉയര്‍ത്തുന്ന ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവാണ് സവര്‍ക്കര്‍. ചന്ദ്രാന്ദ ബസു ഉരുവപ്പെടുത്തിയ ‘ഹിന്ദുത്വ’ എന്ന പദത്തിന് പ്രചുരപ്രചാരം നല്‍കിയത് സവര്‍ക്കറാണ്. 1940 ലാണ് മുസ്‌ലിം ലീഗ് ലാഹോര്‍ സമ്മേളനത്തില്‍ ആദ്യമായി മുസ്‌ലിംകള്‍ക്കു മാത്രമായ രാജ്യം വേണമെന്ന മുദ്രവാക്യം ആദ്യമായി ഉയര്‍ത്തുന്നതെങ്കില്‍ അതിനു മൂന്നുവര്‍ഷം മുമ്പ് സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ ദ്വിരാഷ്ട്രവാദത്തിന് ബീജാവാപം നല്‍കിയ പ്രഖ്യാപനം നടത്തിയിരുന്നു. ‘ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരു രാഷ്ട്രമായി നിലനില്‍ക്കാന്‍ കഴിയില്ലെ’ന്നതായിരുന്നു ആ വാദം.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന മുറവിളി ഇക്കാലത്ത് ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്നു ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ ഛായാചിത്രത്തിനു നേരേ വെടിയുതിര്‍ത്ത് ആഘോഷിക്കുന്നവരും ഗാന്ധിയെ അപമാനിക്കുന്ന പ്രസ്താവനകളിറക്കുന്നവരും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഗാന്ധിയുടെ പവിത്രമായ ഓര്‍മ നിലനിര്‍ത്തുന്ന സബര്‍മതി ആശ്രമം ടൂറിസ്റ്റ് കേന്ദ്രമാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും, ഇത്തരം കാട്ടാളത്തം കാട്ടുന്നവരോട്, ആരും, പ്രത്യേകിച്ചു സംഘ്പരിവാര്‍ നേതാക്കള്‍ ‘മാ നിഷാദ’യെന്നു പറയുന്നതേയില്ല. മൗനം ഭജിക്കുന്നവരുടെ മനസ്സിലിരുപ്പ് വ്യക്തമല്ലേ.

അതേ നേതാക്കളാണ്, ഗാന്ധിവധ ഗൂഢാലോചനക്കേസില്‍ പ്രതിയായിരുന്ന, തെളിവില്ലാത്തതിന്റെ പേരില്‍ മാത്രം ശിക്ഷിക്കപ്പെടാതെ പോയ സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്നത്. അവരുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ, ‘ഇന്ത്യാചരിത്രത്തിലെ യഥാര്‍ഥ വിഗ്രഹമാണ് വീരസവര്‍ക്കര്‍. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും സമര്‍ഥനായ സൈനിക തന്ത്രജ്ഞന്‍, ദീര്‍ഘവീക്ഷണമുള്ള വിദേശകാര്യ നിപുണന്‍, മുസ്‌ലിംകളെ ഒരിക്കലും വെറുക്കാതിരുന്നവന്‍, ഉറുദു ഭാഷയെ സ്‌നേഹിച്ചവന്‍, ഗാന്ധിപ്രിയന്‍!’
മാറ്റിയെഴുതും വരെ മാത്രമേ ശരിയായ ചരിത്രത്തിനു പ്രസക്തിയുണ്ടാകൂ, അതു കഴിഞ്ഞാല്‍ വിസ്മൃതമാക്കപ്പെടും. ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെ മതഭ്രാന്തു പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച ‘അഗ്രണി’യെന്ന പ്രസിദ്ധീകരണത്തിന് ആരംഭിക്കാന്‍ 1944ല്‍ 15,000 രൂപ നല്‍കിയത് സവര്‍ക്കറാണെന്നതും ‘ഈ കൃത്യം (ഗാന്ധിവധം) നടത്തിയത് സവര്‍ക്കര്‍ക്ക് പ്രത്യക്ഷ നിയന്ത്രണത്തിലുള്ള ഹിന്ദുമഹാസഭയുടെ മതഭ്രാന്തു പിടിച്ച ഒരു വിഭാഗമാണ്’ എന്ന പട്ടേല്‍ നെഹ്‌റുവിന് 1948ല്‍ എഴുതിയ കത്തുമൊക്കെ കെട്ടുകഥകളായി സമീപഭാവിയില്‍ ചിത്രീകരിക്കപ്പെട്ടേയ്ക്കാം.മഹാത്മജി കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ‘ഗാന്ധി മരിക്കണം’എന്ന മുദ്രാവാക്യവുമായി തെരുവീഥികളില്‍ പ്രകടനങ്ങള്‍ നടന്ന, ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്ക് അമ്പലം പണിയപ്പെട്ട രാജ്യത്ത് എന്തും സംഭവിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.