2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പേരറിവാളൻ: വിധിയുടെ മാനങ്ങൾ

പ്രൊഫ. റോണി കെ. ബേബി

മുൻ പ്രധാനമന്ത്രിയും 21ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ സ്വപ്നങ്ങളിലൂടെ താലോലിക്കുകയും ചെയ്ത രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വവാരത്തിൽ തന്നെ രാജീവ് വധക്കേസിൽ പ്രതിചേർത്ത് ശിക്ഷിക്കപ്പെട്ട പേരറിവാളൻ സ്വതന്ത്രനായി വിട്ടയക്കപ്പെടുന്നുവെന്നത് വല്ലാത്തൊരു യാദൃച്ഛികതയാണ്. ഒരുപക്ഷേ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അധ്യായമാണ് രാജീവ് ഗാന്ധി വധക്കേസിലെ വിചാരണകളും നിയമപോരാട്ടങ്ങളും അപൂർവങ്ങളിൽ അപൂർവമായ കോടതി ഇടപെടലുകളും. നീതിയും ന്യായവും ഉറപ്പാക്കാൻ ഭരണഘടനയുടെ 142ാം അനുച്ഛേദം നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് അത്യപൂർവമായ സുപ്രിംകോടതിയുടെ ഉത്തരവ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഭരണഘടനാ വകുപ്പുകളുടെയും ക്രിമിനൽ ചട്ടങ്ങളുടെയും സങ്കീർണതകൾക്കൊപ്പം രാഷ്ട്രീയ താൽപര്യങ്ങളും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു എന്നതാണ് ഈ നിയമപോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

31 വർഷം ജയിലിൽ കിടന്ന പേരറിവാളന്റെ മോചനം മാത്രമല്ല ഈ വിധിയെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്ര, സംസ്ഥാന ബന്ധത്തെ സംബന്ധിച്ചും ഏറെ തർക്കവിഷയമായ ഗവർണറുടെ പദവിയെ,അധികാരങ്ങളെ സംബന്ധിച്ചും ഈ വിധി നിർണായകമാണ്. ഗവർണർക്ക് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രവർത്തിക്കാമോ എന്നതിന്റെകൂടി ഉത്തരമാണ് ഈ വിധി. ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിധിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

   

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ അംഗീകരിച്ച മോചനശുപാർശ വച്ചുതാമസിപ്പിച്ചും ഒടുവിൽ രാഷ്ട്രപതിക്ക് വിട്ടും തീരുമാനം നീട്ടിക്കൊണ്ടിരുന്ന ഗവർണറുടെ നടപടിയാണ് സുപ്രിംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. സർക്കാർ അംഗീകരിച്ച മോചനശുപാർശയിൽ ഭരണഘടനയുടെ 161ാം അനുച്ഛേദപ്രകാരം ഗവർണർക്ക് തീരുമാനിക്കാം എന്നിരിക്കെ എന്തിനു ശുപാർശ രാഷ്ട്രപതിക്ക് അയച്ചു എന്നായിരുന്നു സുപ്രിംകോടതിയിൽ ഉയർന്ന പ്രസക്തമായ ചോദ്യം.

ദയാഹരജിയുടെ കാര്യത്തിൽ രാഷ്ട്രപതിക്കുള്ള സവിശേഷ അധികാരം കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയപ്പോൾ നാളിതുവരെ വിവിധ ഗവർണർമാർ നൽകിയ മോചന ഉത്തരവുകൾ ഭരണഘടനാവിരുദ്ധമാകുമോ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം. ഭരണഘടന ഭരമേൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാതെ രാഷ്ട്രീയതാൽപര്യങ്ങളുടെ പേരിൽ മോചനകാര്യത്തിൽ രാഷ്ട്രപതിക്ക് ശുപാർശ അയച്ച ഗവർണറുടെ നടപടി ശരിയായിരുന്നോ എന്ന് തീരുമാനിക്കാനുള്ള ബാധ്യത കോടതിയുടേതാണെന്ന ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവുവിന്റെയും ബി.ആർ ഗവായിയുടെയും പരാമർശം തീർച്ചയായും ദൂരവ്യാപകമായ മാനങ്ങൾ ഉള്ളതാണ്.

രാജ്യത്ത് ഗവർണറുടെ പദവിയും അധികാരങ്ങളുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമതർക്കങ്ങളിലെ പ്രധാനപ്പെട്ട ഒരു റഫറൻസായി സുപ്രധാനമായ ഈ വിധി മാറും എന്നതിൽ സംശയമില്ല. കൂടാതെ വൈകിയെത്തുന്ന നീതി ഒരുതരത്തിൽ നീതിനിഷേധം തന്നെയാണെന്നും നീതി ഉറപ്പാക്കൽ കോടതിയുടെ ചുമതലയാണെന്നും വിധിയിലൂടെ രാജ്യത്തെ പരമോന്നത നീതിപീഠം അടിവരയിട്ടു പറയുകയാണ്.

1991 മെയ് 21നു രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരുമാസത്തിനു ശേഷമാണ് പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബെൽറ്റ് ബോംബ് നിർമിക്കാനുള്ള ഒമ്പത് വോൾട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങിനൽകി എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഏഴു വർഷത്തിനുശേഷം 1998 ജനുവരി 28നു ടാഡാ കോടതി പേരറിവാളൻ ഉൾപ്പെടെയുള്ള 26 പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. 1999 മെയ് 11നു മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. എന്നാൽ പിന്നീട് ശിക്ഷ ഇളവുചെയ്യുന്നതിന് പേരറിവാളൻ നൽകിയ ദയാഹരജിയിൽ തീരുമാനമറിയാൻ 2011 വരെ കാത്തിരിക്കേണ്ടിവന്നു.

ദയാഹരജി പരിഗണിക്കുന്നതിൽ വരുത്തിയ കാലതാമസം പരിഗണിച്ച് 2014ൽ സുപ്രിംകോടതി പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ 14 വർഷത്തെ നല്ലനടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014ൽ അന്നത്തെ ജയലളിത സർക്കാർ പേരറിവാളൻ അടക്കം ഏഴുപേരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ, സുപ്രിംകോടതി ഇതു തടഞ്ഞു.

പിന്നീട് പേരറിവാളൻ ഗവർണർക്ക് ദയാഹരജി സമർപ്പിച്ചു. ദയാഹരജി പരിഗണിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഇതിന്റെ പിൻബലത്തിൽ 2018ൽ ഏഴു തടവുകാരെയും മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ഗവർണറോട് ശുപാർശ ചെയ്തു. 2021 ജനുവരിയിൽ ഗവർണർ മന്ത്രിസഭാ തീരുമാനം വച്ചുതാമസിപ്പിക്കുന്നതിനെതിരേ സുപ്രിംകോടതി വിമർശനം ഉയർത്തിയിരുന്നു. ശുപാർശയിൽ തീരുമാനമെടുക്കാൻ രണ്ടര വർഷത്തോളം വൈകിയ ഗവർണർ അവസാനം ശുപാർശ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. ഇതിനുപിന്നാലെയാണ് സുപ്രിംകോടതി പേരറിവാളനെ മോചിപ്പിച്ചത്.
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ രൂപീകരിച്ച പീപ്പിൾസ് മൂവ്‌മെന്റ് എഗൈൻസ്റ്റ് ഡെത്ത് പെനാൽറ്റി എന്ന സംഘടനയുടെ നേതൃത്വത്തിൽ നിർമിച്ച ഡോക്യുമെന്ററിയിൽ പേരറിവാളന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ മുൻ സി.ബി.ഐ ഉദ്യോഗസ്ഥനായ ത്യാഗരാജൻ 2017ൽ നടത്തിയ നിർണായക വെളിപ്പെടുത്തൽ രാജ്യമെമ്പാടും പേരറിവാളന് അനുകൂലമായ ഒരു വികാരമുണ്ടാകാൻ കാരണമായി. ആക്രമണത്തിന് ഉപയോഗിച്ച ബാറ്ററികൾ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോൾ പേരറിവാളന് അറിയില്ലായിരുന്നുവെന്നാണ് ത്യാഗരാജൻ പറഞ്ഞത്. എന്നാൽ പ്രതിയുടെ കുറ്റസമ്മതമൊഴിയെ ഇത് ദുർബലപ്പെടുത്തുമെന്നതിനാൽ താൻ മനഃപൂർവം രേഖകളിൽനിന്ന് ആ മൊഴി ഒഴിവാക്കുകയായിരുന്നുവെന്നും ത്യാഗരാജൻ പറയുകയുണ്ടായി. മനസ്സാക്ഷിക്കുത്ത് മൂലവും ഒരു നിരപരാധിക്ക് 26 വർഷത്തിനു ശേഷമെങ്കിലും നീതിലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലുമാണ് ഇക്കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റബോധത്തോടെ പറയുകയുണ്ടായി. പേരറിവാളന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളിൽ തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളിലായി 2006ൽ പേരറിവാളൻ എഴുതിയ An Appeal From The Death Row (Rajiv Murder Case – The Truth Speaks) എന്ന പുസ്തകത്തിലൂടെ കേസിൽ താൻ ഉൾപ്പെട്ടതെങ്ങനെ എന്നതു സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. മകന്റെ നിരപരാധിത്വം തെളിയിക്കാനായി അമ്മ അർപ്പുതാം അമ്മാൾ നടത്തിയ പോരാട്ടങ്ങളും സമാനതകളില്ലാത്തതായിരുന്നു.

ജയിൽ തടവുകാരെ വിട്ടയക്കുന്നതു സംബന്ധിച്ച ശുപാർശയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് കേന്ദ്ര സർക്കാർ വാദത്തെ ഖണ്ഡിച്ചുകൊണ്ട് നീതിയും ന്യായവും ഉറപ്പാക്കാൻ ഭരണഘടന 142ാം അനുച്ഛേദം നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് കോടതി പേരറിവാളനെ മോചിപ്പിക്കുകയാണുണ്ടായത്. കേവല രാഷ്ട്രീയതാൽപര്യങ്ങൾ വച്ചുകൊണ്ട് പേരറിവാളന്റെ മോചനം വൈകിപ്പിച്ച ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരേ രൂക്ഷപ്രതികരണമാണ് സുപ്രിംകോടതിയിൽനിന്ന് ഉണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.