2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

നീതിന്യായ വ്യവസ്ഥയെ പൊളിക്കുന്ന ബുൾഡോസറുകൾ


രാജ്യമെമ്പാടും ഹിന്ദുത്വവാദി സർക്കാരുകൾ തുടർന്നുവരുന്ന പൊളിച്ചുനീക്കൽ നടപടികൾക്കെതിരേ ജഹാംഗീർപുരി സംഭവത്തിന് പിന്നാലെ സുപ്രിംകോടതി ഇടപെടൽ ആരംഭിച്ചുവെന്നത് ആശ്വാസകരമാണ്. ജഹാംഗീർപുരിയിലെ പൊളിക്കലിനുള്ള സ്റ്റേ അടുത്ത കേസ് പരിഗണിക്കുംവരെ നീട്ടിയിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവ് ലഭിച്ചിട്ടും പൊളിക്കൽ തുടർന്നുവെന്നത് ഗൗരവകരമായി കാണുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. കുറ്റംചെയ്തുവെന്ന് ആരോപിക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പൊളിച്ചുനീക്കുകയെന്നത് യു.പിയിൽ യോഗി സർക്കാർ തുടങ്ങിവച്ച പദ്ധതിയാണ്. ഗുണ്ടാക്കേസുകളിൽപ്പെടുന്നവരുടെയും മറ്റു ക്രിമിനൽക്കേസുകളിൽപ്പെടുന്നവരുടെയും വീടുകൾ യു.പി സർക്കാർ പൊളിച്ചുനീക്കിയത് രാജ്യത്തിന്റെ നിയമവ്യസ്ഥയെ വെല്ലുവിളിച്ചാണ്. കുറ്റാരോപിതരുടെ വീട് പൊളിക്കാൻ സർക്കാരിന് അവകാശമുണ്ടോയെന്ന സുപ്രധാന ചോദ്യം അക്കാലത്ത് ആരുമുയർത്തിയില്ല.

രാജ്യത്ത് വ്യക്തമായ നിയമവ്യവസ്ഥയുണ്ട്. കുറ്റംചെയ്‌തെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടാൽപ്പോലും അയാളുടെ വീട് പൊളിക്കാൻ സർക്കാരിന് അവകാശമില്ല. പൊളിച്ചുനീക്കൽ മുസ്‌ലിംകളെ ദ്രോഹിക്കാനുള്ള പദ്ധതിയാക്കി മാറ്റുകയായിരുന്നു യു.പി സർക്കാർ. ഇതാണ് പിന്നാലെ മധ്യപ്രദേശിലേക്കും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചത്. മധ്യപ്രദേശിലെ കാർഗോണിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘ്പരിവാർ നടത്തിയ അക്രമങ്ങളെ ചെറുത്ത മുസ്‌ലിംകളുടെ വീടുകളാണ് തകർത്തത്. രാമനവമിയടക്കമുള്ള ഹിന്ദുമത ആഘോഷങ്ങളുടെ പേരിൽ ആർ.എസ്.എസ്, ബജ്‌റംഗ് ദൾ, വി.എച്ച്.പി പോലുള്ള ഹിന്ദുത്വവാദി സംഘടനകൾ മുസ്‌ലിം പ്രദേശങ്ങളിൽ മാരകായുധങ്ങളുമായി റാലികൾ നടത്തുന്നു. പള്ളിയ്ക്കുള്ളിൽക്കയറി മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും മിനാരത്തിൽ കാവിക്കൊടി കെട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെ പ്രദേശത്തെ മുസ്‌ലിംകൾ എതിർക്കുന്നതോടെ സംഘർഷമാവുന്നു. അടുത്തത് സർക്കാരിന്റെ ഊഴമാണ്. കൈയേറ്റമാരോപിച്ച് നിയമത്തിന്റെ യാതൊരു പിൻബലവുമില്ലാതെ മുസ്‌ലിംകളുടെ വീടുകളും കടകളും തകർക്കുന്നു.

ഇതേ തിരക്കഥയാണ് ജഹാംഗീർപുരിയിലും ആവർത്തിച്ചത്. ഈ മാസം 16നുണ്ടായ വർഗീയ സംഘർഷത്തിന് പിന്നാലെ മുസ്‌ലിം വീടുകൾ പൊളിക്കണമെന്ന് നോർത്ത് ഡൽഹി മുനിസിപ്പിൽ കോർപറേഷൻ മേയർക്ക് ബി.ജെ.പി ഡൽഹി അധ്യക്ഷൻ കത്തെഴുതുകയായിരുന്നു. തൊട്ടടുത്ത ദിവസം കാലത്ത് മുനിസിപ്പൽ അധികൃതർ ഒൻപത് ബുൾഡോസറുകളുമായെത്തി. അനധികൃത കോളനികൾ പൊളിക്കുകയെന്ന നിയമപരമായ നടപടികൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് അധികൃതരുടെ അവകാശവാദം. അനധികൃത കോളനികൾ ഡൽഹിയിലെ അപൂർവ വസ്തുതയൊന്നുമല്ല. 731 അനധികൃത കോളനികളുണ്ട് ഡൽഹിയിൽ. ഇതുകൂടാതെ ആയിരക്കണക്കിന് കൈയേറ്റങ്ങൾ വേറെയുമുണ്ട്. ഇതിൽ പലതും സൈനിക് ഫാം, ഗോൾഫ് ലിങ്ക് പോലുള്ള സമ്പന്നർ താമസിക്കുന്ന മേഖലയിലാണ്. ഗോൾഫ് ലിങ്കിലെ രണ്ടിലൊരു വീട് കൈയേറ്റ ഭൂമിയിലാണ്. ജോർബാഗ്, പഞ്ചശീൽപാർക്ക്, ഗ്രേറ്റർ കൈലാഷ്, വസന്ത് വിഹാർ തുടങ്ങി ഡൽഹിയിലെ ഒരു സമ്പന്നമേഖലയും കൈയേറ്റ മുക്തമല്ല. കൊണാട്ട്‌പ്ലേസ്, ഖാൻ മാർക്കറ്റ് പോലുള്ള സമ്പന്ന വാണിജ്യമേഖലയിലും കൈയേറ്റമുണ്ട്. ഒരോ നടപ്പാതയിലും കൈയേറ്റമുണ്ട്. അനധികൃത നിർമാണം നീക്കംചെയ്യുന്നത് സംബന്ധിച്ച് 1985 മുതൽ കേസും നിലനിൽക്കുന്നുണ്ട്.

ഇവിടൊന്നുമെത്താത്ത ബുൾഡോസറുകളാണ് ജഹാംഗീർപുരിയിലെ പാവപ്പെട്ട ബംഗാളി മുസ്‌ലിംകൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറുന്നത്. അനധികൃത കോളനികളെ നിയമവിധേയമാക്കുന്ന നിയമമുള്ള സംസ്ഥാനമാണ് ഡൽഹിയെന്നതുകൂടി ചേർത്തുവായിക്കണം. 30 വർഷത്തിലധികമായി ജഹാംഗീർപുരിയിൽ താമസിക്കുന്നവരാണ് കഴിഞ്ഞ ദിവസം വീട് തകർക്കപ്പെട്ടവർ. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നിയമം ചില വ്യവസ്ഥകൾ വച്ചിട്ടുണ്ട്. അതിലെ 343ാം വകുപ്പ് പ്രകാരം മുൻകൂട്ടി നോട്ടിസ് നൽകണം. ഇത്തരത്തിൽ നോട്ടിസ് നൽകാതെ പൊളിക്കലിന് ഉത്തരവിടാൻ പാടില്ലെന്ന് 343ാം വകുപ്പിൽ വ്യക്തമായി പറയുന്നുണ്ട്. മറുപടി നൽകാൻ അഞ്ചു മുതൽ 15 ദിവസം വരെ സമയം നൽകാം. ഈ നോട്ടിസിനെ കോടതിയിൽ ചോദ്യംചെയ്യാം. കൈയേറ്റമുണ്ടായില്ലെന്ന് തെളിയിക്കാം. അതിന് സാധ്യമായില്ലെങ്കിൽ താൽക്കാലിക സ്റ്റേ വാങ്ങി തുടരാം. നോട്ടിസ് നൽകുന്നത് പോലുള്ള ഒരു നടപടിക്രമവും ജഹാംഗീർപുരിയിൽ പാലിക്കപ്പെട്ടില്ല. വീടുകളിലെ വിലപ്പെട്ട വസ്തുക്കൾ പോലും മാറ്റാൻ സമയം നൽകാതെ എല്ലാം പൊളിച്ചുനീക്കുകയായിരുന്നു മുനിസിപ്പൽ അധികൃതർ.

പൊളിച്ചുനീക്കിയിട്ടില്ലെന്നും അനധികൃതമായി സ്ഥാപിച്ച ഏതാനും സ്റ്റാളുകളും കസേരകളും നീക്കംചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് മുനിസിപ്പൽ അധികൃതർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ സുപ്രിംകോടതിയിൽ വാദിച്ചത്. സ്റ്റാളുകളും കസേരകളും നീക്കംചെയ്യാൻ എന്തിനായിരുന്നു ബുൾഡോസർ കൊണ്ടുവന്നതെന്ന മറുചോദ്യം ചോദിച്ചത് ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എൽ. നാഗേശ്വരറാവുവാണ്. സംഘ്പരിവാറിന്റെ ബുൾഡോസർ രാഷ്ട്രീയം ആദ്യത്തേതല്ലെന്ന് നമ്മൾ കണ്ടതാണ്. ജഹാംഗീർപുരി അവസാനത്തേതുമാകില്ലെന്ന് നമുക്കറിയാം. അധികാരത്തിന്റെ ബലത്തിൽ ചെയ്യുന്ന ഇത്തരം കുറ്റകൃത്യങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്. യു.പി സംഘ്പരിവാർ ഭരണത്തിന്റെ ജുഗുപ്‌സാവഹമായ ഉദാഹരണമാണ്. അവിടുത്തെ ശീലങ്ങൾ മറ്റൊരിടത്തേക്ക് വ്യാപിക്കുന്നില്ലെന്ന് മാത്രമല്ല, നീതിന്യായവ്യവസ്ഥയ്ക്ക് നിരക്കാത്തതൊന്നും അവിടെയും നടപ്പാക്കാനാവില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത പൗരസമൂഹത്തിനുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.