
പള്ളിയുടെ പടിഞ്ഞാറൻ മതിലിൽ, കാണാവുന്നതും കാണാത്തതുമായ വിഗ്രഹങ്ങളുണ്ടെന്നും മതിലിന്റെ ചില ഭാഗങ്ങൾ ക്ഷേത്രത്തിന്റെ രൂപഘടനയുള്ളതാണെന്നുമാണ് ഹരജിക്കാരുടെ വാദങ്ങളിലൊന്ന്. വാരാണസി സിവിൽ കോടതിയിൽ അഞ്ചു സ്ത്രീകൾ നൽകിയ ഹരജിയിൽ ഇക്കാര്യം പറയുന്നുണ്ട്. അക്കാലത്തെ വാരാണസി തച്ചൻമാർ ഇവിടെ ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ച് പ്രാദേശിക ജോലിക്കാരെക്കൊണ്ട് പൂർത്തീകരിച്ച പള്ളിക്ക് മറ്റെന്ത് രൂപമാണുണ്ടാവുകയെന്ന് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും വക്താവുമായ സയ്യിദ് മുഹമ്മദ് യാസീൻ തിരിച്ചു ചോദിക്കുന്നു. ആ മതിൽക്കെട്ടിനു താഴെ പുരാതന ഖബർസ്ഥാനാണുള്ളത്. മുസ്ലിം ഖബർസ്ഥാനിൽ എങ്ങനെയാണ് ക്ഷേത്ര ങ്ങളുണ്ടാവുക. പള്ളിയുടെ പ്രധാന കവാടത്തിനടുത്ത് അഞ്ചു ഖബറുകളുണ്ട്. മസ്ജിദ് കമ്മിറ്റിക്കു കീഴിൽ 20 പള്ളികളുണ്ട്. ഇതിനെല്ലാം പലരീതിയിലുള്ള രൂപഘടനയാണുള്ളത്. ജ്ഞാൻവാപിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു കേസ് ഇത്രയധികം മാധ്യമശ്രദ്ധ നേടുന്നതെന്നും യാസീൻ പറയുന്നു.
ജ്ഞാൻവാപിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഹരജിക്കാരും വാരാണസിക്ക് പുറത്തു നിന്നുള്ളവരാണെന്നതാണ് മറ്റൊന്ന്. ഈ ഹരജികളാകട്ടെ, കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി രൂപംകൊണ്ടതുമാണ്. ഇപ്പോഴത്തെ ഹരജിക്കാരായ അഞ്ചു സ്ത്രീകളിലൊരാളായ ലക്ഷ്മിദേവിയുടെ ഭർത്താവ് സോഹൻ ലാൻ ആര്യ വാരാണസിയിലെ മുതിർന്ന വിശ്വഹിന്ദു പരിഷത്ത് ഭാരവാഹിയാണ്. 1985ൽ ഇതേ ആവശ്യവുമായി കോടതിയിൽ ഹരജി കൊടുത്തതിനു പിന്നിലും സോഹനായിരുന്നു. അന്നത്തെ ഹരജിയിൽ കാര്യമായ പുരോഗതിയുണ്ടാകാതെ വന്നപ്പോൾ മാതാ ശൃംഗാർ ഗൗരിയുടെ പേരിൽ പരാതിനൽകാൻ അഞ്ചു സ്ത്രീകളെ ഒരുമിപ്പിച്ചു കൊണ്ടുവന്നത് താനാണെന്ന് സോഹൻ ലാൻ ആര്യ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസിനു കീഴിലുള്ള വിശ്വവേദിക് സംഘടൻ സംഘാണ് ഹരജിക്കാർക്കു വേണ്ട സഹായം നൽകുന്നത്. ഖുതബ് മിനാർ വിഷ്ണു ക്ഷേത്രമാ ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്നതും കേസും മറ്റും നടത്തുന്നതും ജിതേന്ദ്ര സിങ് ബൈഷന്റെ നേതൃത്വത്തിലുള്ള ഇതേ വിശ്വവേദിക് സംഘടൻ സംഘാണ്.
മധുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന കേസും നടത്തുന്നത് വിശ്വവേദിക് സംഘടൻ സംഘ് തന്നെ. ഒരു കേസ് ഫലം കാണുന്നില്ലെന്നു വരുമ്പോൾ മറ്റൊരു കേസുമായി വരികയാണ് സംഘ്പരിവാർ ചെയ്യുന്നതെന്ന് യാസീൻ വിശദീകരിക്കുന്നു.
ഇപ്പോഴത്തെ കേസ് മാതാ ശൃംഗാർ ഗൗരി ദേവിയുടെ പേരിലാണ്. മറ്റൊരു ഹരജിക്കാരൻ സുദർശൻ ടി.വിയുടെ എഡിറ്റർ സുരേഷ് ചവ്ഹാൻകെയാണ്. മുസ്ലിംകൾക്കെതിരേ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ കേസ് നേരിടുന്നയാളാണ് സുരേഷ് ചവ്ഹാൻകെ. അയാൾ കേസ് കൊടുത്തിരിക്കുന്നത് ഗംഗാ മാതാവിന്റെ പേരിലും. മറ്റൊരു കേസ് സ്വയംഭൂജാതനായ ശിവന്റെ പേരിലാണ്. എന്താണിതെല്ലാം. ഇവരെല്ലാം നാടകം കളിക്കുകയാണോയെന്ന് യാസീൻ ചോദിച്ചു. ഇപ്പോൾ കേസ് നൽകിയ അഞ്ചു സ്ത്രീകൾ സാധാരണക്കാരാണ്. എന്നാൽ, ഇവർക്കായി കേസ് നടത്താൻ വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകർ വരുന്നു. ആരാണ് ഇവരുടെ പിന്നിൽ. എവിടെ നിന്നാണ് ഇത്രയധികം പണമെന്നതും വിലയിരുത്തപ്പെടേണ്ടതാണ്.
ജ്ഞാൻവാപി വിഷയം ദേശീയപ്രശ്നമാക്കാൻ യഥാർഥത്തിൽ മേഖലയിലെ മുസ്ലിംകൾക്ക് ഒട്ടും താൽപര്യമില്ല. അങ്ങനെയാകണമെന്ന താൽപര്യം സംഘ്പരിവാറിന്റേതാണ്. ഈ കേസ് പ്രാദേശിക വിഷയമാണ്. ഇവിടെത്തന്നെ തീർപ്പാക്കാനാണ് മുസ്ലിംകൾ ആഗ്രഹിക്കുന്നത്. പ്രദേശത്തെ ഹിന്ദുക്കളുമായും മുസ്ലിംകൾക്കു പ്രശ്നമില്ല. ക്ഷേത്രത്തിന്റെ വികസനത്തിനു പള്ളിയുടെ സ്ഥലം വിട്ടുകൊടുത്തവരാണ് മുസ്ലിംകൾ. കാശി വിശ്വനാഥ കോറിഡോറിനായും സ്ഥലം വിട്ടുനൽകി.
പള്ളിക്കുള്ളിൽ കാണുന്നതെല്ലാം ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് ഒരുവിഭാഗം വരുമ്പോൾ മുസ്ലിംകളുടെ നിസ്സഹായാവസ്ഥ തീർത്തും പ്രകടമാണ് ഓരോ മുഖങ്ങളിലും. കാശി വിശ്വനാഥക്ഷേത്രം പോലും ബുദ്ധക്ഷേത്രം പൊളിച്ചുണ്ടാക്കിയതാണെന്ന വാദമുണ്ട്. അത് തങ്ങളുടേതാണെന്ന അവകാശവാദവുമായി ബുദ്ധവിഭാഗക്കാർ രംഗത്തുണ്ട്. ഇത്തരം അവകാശവാദങ്ങളിൽ അടിസ്ഥാനമില്ലെന്നേ തങ്ങൾക്കും അവരോട് പറയാൻ കഴിയൂ. ജ്ഞാൻവാപി രണ്ടാമതൊരു ബാബരിയാകുമോ എന്ന ചോദ്യത്തിനും യാസീന് ഉത്തരമുണ്ട്. പതിനായിരം മുസ്ലിംകളുള്ള അയോധ്യയല്ല വാരാണസി. അഞ്ചു ലക്ഷം മുസ്ലിംകളുള്ള പ്രദേശമാണിത്.
(അവസാനഭാഗം നാളെ)