കോഴിക്കോട്
സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ മുറിയെടുക്കുന്ന പൊതുജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിലവിൽ പൊതുമരാമത്ത് ഗസ്റ്റ് ഹൗസുകളിൽ മാത്രമുള്ള സൗകര്യം റസ്റ്റ് ഹൗസുകളിലും താമസിയാതെ ലഭിക്കുമെന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
റസ്റ്റ്ഹൗസുകൾ ഓൺലൈൻ ബുക്കിങിലൂടെ, പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ മാറ്റിയെടുത്തപ്പോൾ നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നു വരെ 27.5 ലക്ഷത്തിന്റെ വരുമാനമാണുണ്ടായത്. ജനങ്ങൾ ഈ തീരുമാനത്തെ പിന്തുണച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റസ്റ്റ്ഹൗസുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ തടസം മഴയാണ്. റോഡ് പ്രവൃത്തി നടക്കേണ്ട മാസങ്ങളിൽ സർവകാല റെക്കോർഡ് മഴയാണ് ഉണ്ടായത്. ഇതേ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും അറ്റകുറ്റപണിയടക്കമുള്ള പ്രവൃത്തികൾ നടത്താൻ കഴിഞ്ഞില്ല. എട്ട് ന്യൂന മർദ്ദങ്ങളുണ്ടായി. എന്നാൽ ഈ വസ്തുതകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എന്നാൽ ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.