2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: മലക്കംമറിഞ്ഞ് വി.സി

സുരേഷ് മമ്പള്ളി
കണ്ണൂർ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ വിദ്യാഭ്യാസ യോഗ്യതയിൽ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ. മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്ത പ്രിയയുടെ യോഗ്യത സംബന്ധിച്ച വിവാദത്തിൽ ആദ്യമായാണ് വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിക്കുന്നത്.

അപേക്ഷിച്ച ഒരാൾക്കും അവസരം നഷ്ടമാകരുതെന്നു കരുതിയാണ് പ്രിയ വർഗീസിനെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്. പ്രിയയുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനു പുറമെ കൃത്യമായ നിയമോപദേശം തേടുമെന്നും വി.സി പറഞ്ഞു. രേഖകളിൽ വ്യക്തത വരുത്തിയ ശേഷമേ നിയമനം നടത്തൂ എന്നും അദ്ദേഹം പറഞ്ഞു. പ്രിയയെ വഴിവിട്ടു നിയമിക്കാനുള്ള നീക്കം വിവാദമായതോടെ കഴിഞ്ഞദിവസം ചാൻസലർ കൂടിയായ ഗവർണർ വി.സിയിൽനിന്ന് വിശദീകരണം തേടിയിരുന്നു.
പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത് വഴിവിട്ട നിയമനത്തിനു വേണ്ടിയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി ആരോപിക്കുന്നു. 60 വയസ് കഴിഞ്ഞിട്ടും ഗോപിനാഥിന് വി.സിയായി പുനർനിയമനം നൽകിയത് പ്രിയയെ അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ തിരുകിക്കയറ്റുന്നതിനുള്ള പാരിതോഷികമാണെന്നും സേവ് യൂണിവേഴ്‌സിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ 18നാണ് കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത്. എട്ടുവർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിച്ചിരിക്കണമെന്നാണ് നിയമനത്തിനുള്ള യു.ജി.സി വ്യവസ്ഥ.
പ്രിയയ്ക്ക് ഈ യോഗ്യതയില്ലെന്ന ആരോപണവുമായി സെനറ്റ് അംഗം ഡോ. ആർ.കെ ബിജു രംഗത്തെത്തിയിരുന്നു. ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം വഴി ഗവേഷണത്തിന് അവധിയിൽ പോയ കാലയളവ് അധ്യാപന പരിചയമായി പ്രിയ ചേർത്തതായും യു.ജി.സി ചട്ടപ്രകാരം ഇത് തെറ്റാണെന്നും ബിജു പറയുന്നു. എന്നാൽ പ്രിയയ്ക്ക് മതിയായ യോഗ്യതയുണ്ടെന്നു പറഞ്ഞാണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്. ഇന്റർവ്യൂവിൽ ഒന്നാം റാങ്കും പ്രിയയ്ക്കു തന്നെയാണെന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.