2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബി.ജെ.പി എന്തിന് കേരളം ഭരിക്കണം?

വി അബദുല്‍ മജീദ്‌

നിയമസഭയില്‍ 40 സീറ്റുകള്‍ കിട്ടിയാല്‍ ബി.ജെ.പി കേരളം ഭരിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. ബി.ജെ.പി നേതാക്കള്‍ക്ക് വിടുവായത്തം ഇത്തിരി കൂടുതലായതുകൊണ്ടാവാം, സുരേന്ദ്രനെ അന്ന് പരിഹസിച്ചവര്‍ കുറച്ചൊന്നുമല്ല കേരളത്തില്‍. എന്നാല്‍ ഏതു സുരേന്ദ്രനായാലും പറയുന്നതെല്ലാം തന്നെ പാഴ്‌വാക്കുകളാവണമെന്നില്ല. ചിലതിലെങ്കിലും കാണും എന്തെങ്കിലും കാര്യം.
കേരളത്തിന്റെ സവിശേഷ രാഷ്ട്രീയഘടനയും കൊള്ളാവുന്നവരെന്ന് നാട്ടുകാര്‍ക്കു തോന്നുന്ന നേതാക്കളില്ലാത്തതും കാരണം ഇവിടെ ബി.ജെ.പിക്ക് സാങ്കേതികമായി അധികാരം കിട്ടുന്നില്ലെങ്കിലും ഭരണസംവിധാനങ്ങളിലും രാഷ്ട്രീയകക്ഷികളിലും പൊതുസമൂഹത്തിലുമൊക്കെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് തരക്കേടില്ലാത്ത വേരോട്ടമുണ്ടെന്നുള്ളതാണ് സത്യം. പല ഘട്ടങ്ങളിലും അതു വെളിപ്പെടുകയും ചിലരെങ്കിലും അതു ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയകക്ഷികളുടെ ന്യായീകരണത്തൊഴിലാളികളും പാര്‍ട്ടി സഹയാത്രികരെന്ന തസ്തികയിലിരിക്കുന്ന സാംസ്‌കാരിക നായകരും ‘ബുദ്ധിജന്തു’ക്കളുമൊക്കെ ചേര്‍ന്ന് അതിനു മറയിടുകയാണ് പതിവ്.

ആ രാഷ്ട്രീയ യാഥാര്‍ഥ്യം മറനീക്കി കാണിച്ചുതന്നിരിക്കുകയാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പ് നടത്തിയ മതവിദ്വേഷപ്രസംഗത്തെ തുടര്‍ന്നാണ് അതു വെളിപ്പെട്ടത്. നാട്ടിലെ നിയമമനുസരിച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണത്. എന്നിരുന്നാലും അനന്തരം അദ്ദേഹത്തിന് എന്തു സംഭവിച്ചു? നാട്ടില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടും ഒരു പ്രയാസവുമില്ലാതെ അദ്ദേഹം അരമനയില്‍ സസുഖം വാഴുന്നു. അതിനു പുറമെ പ്രതീക്ഷിച്ചതിലധികം പിന്തുണ പലയിടങ്ങളില്‍നിന്നും കിട്ടിക്കൊണ്ടുമിരിക്കുന്നു. സമാന വിദ്വേഷപ്രചാരണവുമായി പാഠപുസ്തകമിറക്കിയ താമരശ്ശേരി രൂപതാ നായകരുടെ അവസ്ഥയും വ്യത്യസ്തമല്ല.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണത്തിന് സംഘ്പരിവാര്‍ പ്രയോഗിച്ചുപോരുന്ന ആയുധമായ ലൗ ജിഹാദില്‍ ഇത്തിരി മയക്കുമരുന്നു കൂടി ചേര്‍ത്ത് എടുത്തു പ്രയോഗിച്ച ബിഷപ്പിന് ബി.ജെ.പി പിന്തുണ നല്‍കുന്നത് മനസ്സിലാക്കാം. എന്നാല്‍ നാട്ടിലെ ‘മതേതര’ ചേരികളിലേക്കു നോക്കൂ. ഭരണ, പ്രതിപക്ഷ മുന്നണികളിലെ കേരള കോണ്‍ഗ്രസുകള്‍ ബിഷപ്പിന് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്നണികളെ നയിക്കുന്നവയടക്കമുള്ള മറ്റു പല രാഷ്ട്രീയകക്ഷികളും മതേതരത്വം കാണിക്കാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി ബിഷപ്പ് പറഞ്ഞതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും സ്വരം പരമാവധി മയപ്പെടുത്താന്‍ ശ്രമിക്കുന്നു. ബിഷപ്പ് പറഞ്ഞത് ശരിയല്ലെങ്കിലും തെറ്റല്ലെന്ന മട്ടില്‍ സംസാരിക്കുന്നു. ചിലര്‍ ബിഷപ്പിനെ ചെന്നുകണ്ട് സാന്ത്വനിപ്പിക്കുക പോലും ചെയ്യുന്നു.

കാര്യമായ ലോകവിവരമില്ലാതെ ഫേസ്ബുക്കില്‍ എന്തെങ്കിലും അവിവേകം എഴുതിവിടുന്നവര്‍ക്കെതിരേ മതസ്പര്‍ദ്ധാ കേസെടുക്കുകയും ഭരണകൂടത്തിന് രുചിക്കാത്ത ലഘുലേഖകള്‍ കൈവശം വച്ചവരെ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്നൊരു നാട്ടില്‍ ഇത്ര നികൃഷ്ടമായൊരു പ്രചാരണം നടത്തിയവര്‍ക്കു നേരെ നിയമത്തിന്റെ കൈകള്‍ അനങ്ങുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ പരോക്ഷമായി അംഗീകരിക്കുന്നവര്‍ ഭരണപക്ഷത്തു ധാരാളമുണ്ടെന്ന് ഇതില്‍നിന്നെല്ലാം വ്യക്തം.

ഇങ്ങനെയുള്ളൊരു നാട്ടില്‍ ബി.ജെ.പിക്ക് നിയമസഭയില്‍ 40 സീറ്റുകളും മറ്റു പാര്‍ട്ടികള്‍ക്ക് ആനുപാതികമായ ഏറ്റക്കുറച്ചിലുകളോടെ ബാക്കി 100 സീറ്റുകളും കിട്ടുന്നത് വെറുതെ ഒന്നു സങ്കല്‍പിച്ചുനോക്കാം. അങ്ങനെ സംഭവിച്ചാല്‍ തൂക്കുസഭയായിരിക്കും കേരളത്തില്‍. എല്ലാ കേരള കോണ്‍ഗ്രസുകള്‍ക്കും കൂടി കാണും ചുരുങ്ങിയത് 10 സീറ്റുകളെങ്കിലും. അവരെയും മറ്റു പാര്‍ട്ടികളിലെ സംഘ്പരിവാര്‍ മനസ്സുള്ളവരെയുമെല്ലാം ചേര്‍ത്ത് 31 എം.എല്‍.എമാരെ കൂടി സംഘടിപ്പിച്ചെടുക്കാന്‍ ബി.ജെ.പിക്ക് വലിയ പ്രയാസം കാണില്ല. അധികാരം കിട്ടുമെന്നുണ്ടെങ്കില്‍ അത്തരം രാഷ്ട്രീയമനസ്സില്ലാത്ത ചിലരും കൂടെ ചേരും.
പിന്നെ അത്ര പ്രയാസപ്പെട്ട് ബി.ജെ.പി കേരളം ഭരിക്കേണ്ട കാര്യവുമില്ല. അതില്ലാതെ തന്നെ സംഘ്പരവാര്‍ അജന്‍ഡകള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടെ നടക്കുന്നുണ്ട്. കേരള പൊലിസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന് ഭരണപക്ഷത്തുള്ള സി.പി.ഐയുടെ ദേശീയ നേതാക്കള്‍ പോലും പറയുന്നു. സംഘ്പരിവാറിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ സംവരണത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു. അങ്ങനെ പലതും. ഏറ്റവുമൊടുവില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍.എസ്.എസിന്റെ സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ കയറിവരുന്നു. ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെ സന്ധ്യയ്‌ക്കെന്തിന് സിന്ദൂരമെന്നും ചന്ദ്രികയ്‌ക്കെന്തിന് വൈഢൂര്യമെന്നുമൊക്കെ പണ്ട് കവി ചോദിച്ചതുപോലെ കേരളത്തില്‍ ബി.ജെ.പിക്കെന്തിന് ഭരണം?

മതേതരത്വമാണ് കാര്യം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തുടര്‍തോല്‍വിയും പുതിയ പ്രതിപക്ഷനേതാവ്, കെ.പി.സി.സി, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുടെ നിയമനവും കഴിഞ്ഞതോടെ അപ്പുറത്ത് സംസ്ഥാന ഭരണം നയിക്കുന്ന സി.പി.എമ്മിനാണ് കോണ്‍ഗ്രസിനേക്കാളധികം മതേതരത്വമുള്ളതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. തോന്നിയാല്‍ പിന്നെ പാര്‍ട്ടി വിട്ട് അവിടേക്കു പോകണം. മതേതരത്വത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരാണല്ലോ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് കുറച്ചു നേതാക്കള്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ഇനി ചിലര്‍ പോകാനിരിക്കുന്നതായും കേള്‍ക്കുന്നു.

ആകെ താറുമാറായിക്കിടക്കുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോറ്റു. കേരളത്തിലെ നടപ്പുരീതിയനുസരിച്ച് അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് കാത്തിരുന്നിട്ടു കാര്യമുണ്ടായില്ല. ഇനി അടുത്തകാലത്തെങ്ങാനും അധികാരം കിട്ടുമെന്ന് ഉറപ്പിച്ചു പറയാനാകുന്നുമില്ല. ദീര്‍ഘകാലം അധികാരത്തിലില്ലാത്ത പാര്‍ട്ടിയിലിരുന്ന് എന്തെങ്കിലും പദവികളോ കഴിഞ്ഞുകൂടാനുള്ള വകയോ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. രാഷ്ട്രീയം തൊഴിലാക്കിയവര്‍ക്ക് മറ്റൊരു പണി അറിയുകയുമില്ല. സംസ്ഥാനത്ത് ജില്ലകള്‍ 14 മാത്രമായതുകൊണ്ടാകാം, ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിച്ചപ്പോള്‍ ആ സ്ഥാനത്തിന് അര്‍ഹരായ എല്ലാവര്‍ക്കുമൊന്നും അതു കിട്ടിയില്ല. ഇങ്ങനെയൊക്കെയുള്ള ഒരു പാര്‍ട്ടിയിലിരുന്ന് നോക്കുമ്പോള്‍ അധികാരവും സമ്പത്തുമൊക്കെയുള്ള അപ്പുറത്തെ പാര്‍ട്ടിക്കാണ് കൂടുതല്‍ മതേതരത്വമെന്ന് ആര്‍ക്കും തോന്നിപ്പോകും. അതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
കോണ്‍ഗ്രസുകാര്‍ക്കു മാത്രമല്ല ഇങ്ങനെ തോന്നുന്നത്. രാജ്യത്ത് സി.പി.ഐയുടെ താരപരിവേഷമുള്ള ഏക നേതാവാണല്ലോ ജെ.എന്‍.യുവിലെ ഐതിഹാസിക സമരനായകനായിരുന്ന കനയ്യ കുമാര്‍. സി.പി.ഐയേക്കാള്‍ മതേതരത്വം കോണ്‍ഗ്രസിനാണെന്നു തോന്നി അദ്ദേഹം അങ്ങോട്ടു പോകാനൊരുങ്ങുന്നതായി വടക്കുനിന്നുള്ള വാര്‍ത്തകളില്‍ കാണുന്നു.

ഒരിക്കല്‍ കുറച്ചൊക്കെ ജനസ്വാധീനമുണ്ടായിരുന്ന ബിഹാറിലടക്കം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സി.പി.ഐ തകര്‍ന്നുകിടക്കുകയാണ്. രാജ്യത്ത് ഏറ്റവും മികച്ച താരമൂല്യമുള്ള രാഷ്ട്രീയ നേതാവായിട്ടും ബിഹാറില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ച കനയ്യ എട്ടുനിലയിലാണ് പൊട്ടിയത്. ഇനി സി.പി.ഐക്കു വേണ്ടി അദ്ദേഹത്തിന്റെ ഊര്‍ജവും പ്രശസ്തിയും സമയവും ചെലവഴിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. സ്ഥിതി അധികമൊന്നും മെച്ചമല്ലെങ്കിലും താരതമ്യേന കൂടുതല്‍ അധികാരസാധ്യതയുള്ള കോണ്‍ഗ്രസില്‍ പോയാല്‍ കനയ്യ ഇപ്പോള്‍ മുത്താറിക്കു വില്‍ക്കുന്നത് അവിടെ മുത്തിനു വില്‍ക്കാം. കേരളത്തില്‍ നേതാക്കള്‍ ചോര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കനയ്യയുടെ വരവില്‍ ആശ്വസിക്കുകയുമാവാം. ആയിരം അനില്‍കുമാറുമാര്‍ക്ക് അര കനയ്യ മതിയല്ലോ.

പശ്ചിമ ബംഗാളില്‍ മുന്‍ എം.എല്‍.എമാരടക്കമുള്ള പല സി.പി.എം നേതാക്കള്‍ക്കും തോന്നുന്നത് അവിടെ തകര്‍ന്നുകിടക്കുന്ന സ്വന്തം പാര്‍ട്ടിയേക്കാള്‍ മതേതരത്വം ബി.ജെ.പിക്കാണെന്നാണ്. അവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഓരോ നാട്ടിലും ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണല്ലോ മതേതരത്വം. അതിനിപ്പോള്‍ നമ്മളെന്തു പറയാന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.