2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ രൂപയുടെ മൂല്യത്തകർച്ചയിൽ


രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മുമ്പൊരിക്കലും ഇല്ലാത്ത വിധം രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമായി രൂക്ഷമായ വിലക്കയറ്റവും നാണ്യപെരുപ്പവുമാണ് രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. വിലക്കയറ്റത്തിലും സേവന നിരക്ക് വർധനയിലും ശ്വാസംമുട്ടി നട്ടം തിരിയുകയാണ് ജനത. സാമ്പത്തിക മേഖലയിൽ നിർണായകമാണ് പണപ്പെരുപ്പം. അത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയാണ് ബാധിക്കുന്നത്. സ്വന്തം പോക്കറ്റ് എത്രമാത്രം ശൂന്യമാണെന്ന് കൂലിത്തൊഴിലാളിയെ ബോധ്യപ്പെടുത്തുന്നതും കൂടിയാണ് രൂപയുടെ മൂല്യത്തകർച്ച. അഥവാ പണപെരുപ്പം. ജനങ്ങളുടെ ആവശ്യത്തിനനുസൃതമായി ഉൽപാദന മേഖലയിൽ വളർച്ച ഇല്ലാതിരിക്കുകയും ഉൽപന്നങ്ങളുടെ വിതരണം നിറവേറ്റാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും.
ഉൽപാദന ചെലവ് കൂടുന്നതിനാലാണ് ഉൽപാദനത്തിൽ കുറവു വരുന്നതും വിപണികളിൽ ഡിമാന്റ് ഉണ്ടാകുന്നതും. ഇതിന്റെ ഭാഗമായി പണപ്പെരുപ്പവും ഉയർന്നുവരുന്നു. ശ്രീലങ്കയിൽ സംഭവിച്ചതും അതാണ്. ആധുനിക കൃഷിരീതി സമ്പൂർണമായും ഉപക്ഷിച്ചു ജൈവ കൃഷിയിലേക്ക് മടങ്ങാൻ സർക്കാർ കർഷകരെ നിർബന്ധിച്ചു. എന്നാൽ അതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തതുമില്ല. അതോടെ ഉൽപാദനരംഗം താളം തെറ്റി, ഉൽപന്നങ്ങൾ നാമമാത്രമാവുകയും ചെയ്തു. ഫലമോ, രൂക്ഷമായ വിലക്കയറ്റവും ഭക്ഷ്യദൗർലഭ്യവും തുടർന്ന് ക്രമാതീതമായ പണപ്പെരുപ്പവുമാണ് ശ്രീലങ്കക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിനാൽ ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയ വൻ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ ശ്രീലങ്ക സാമ്പത്തിക തകർച്ചയിൽ മുങ്ങിത്താഴുകയും ചെയ്തു. ശ്രീലങ്കയിൽ സംഭവിച്ച അത്തരമൊരവസ്ഥ ഇന്ത്യയെയും പിടികൂടുമോ എന്ന് കരുതുന്നതിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തെറ്റില്ല.

ജനങ്ങൾ ഇത്തരം പ്രശ്‌നങ്ങളിൽ നീറിക്കഴിയുമ്പോൾ ഭരണകൂടം പഴയ ആയുധമെടുത്ത് പയറ്റുകയാണ്. താജ്മഹലും ജ്ഞാൻവാപിയുമെല്ലാം നിരത്തി, കള്ള പ്രചാരണം നടത്തി ജീവൽ പ്രശ്‌നങ്ങൾ തമസ്‌കരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പട്ടിണിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മറന്ന് വർഗീയതയിലേക്ക് മാറിക്കൊള്ളുമെന്ന കുബുദ്ധിയാണ് ഇതിനു പിന്നിൽ. ഈ യാഥാർഥ്യം ജനങ്ങളോട് വിളിച്ച് പറയുന്നതിൽ പ്രതിപക്ഷം തുടരെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എട്ട് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ നിലയിലാണിപ്പോഴത്തെ പണപ്പെരുപ്പം. 2012ൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ അത് യു.പി.എ സർക്കാരിന്റെ അഴിമതി മൂലമാണെന്നായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ആക്ഷേപിച്ചിരുന്നത്. അന്ന് ഒരു ഡോളറിന് 50 രൂപയിലും താഴെ കൊടുത്താൽ മതിയായിരുന്നു. ഇന്നോ ഒരു ഡോളറിനൊപ്പം ഇന്ത്യൻ രൂപയ്ക്ക് നിൽക്കണമെങ്കിൽ 77.42 രൂപ വേണം.

ഈ വിലക്കയറ്റത്തിനിടയിലും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുകയായിരുന്നു. ഇതു കാരണം ഗോതമ്പിന് വലിയ തോതിലാണ് വില വർധിച്ചു കൊണ്ടിരുന്നത്. ഏപ്രിലിൽ ഗോതമ്പിന്റെ വില കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതാണ്. ധാന്യവില വർധിച്ചു കൊണ്ടിരിക്കുമ്പോഴും സർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരേ പല ഭാഗങ്ങളിൽ നിന്നാണ് പ്രതിഷേധം ഉയർന്നുവന്നത്. ഇതേതുടർന്ന് ഗോതമ്പ് കയറ്റുമതി നിർത്തിവച്ചു. കയറ്റുമതി തുടർന്നിരുന്നുവെങ്കിൽ വിലക്കയറ്റത്തോടൊപ്പം ഭക്ഷ്യക്ഷാമത്തിനും അതുവഴി പട്ടിണി മരണത്തിനും കൂടി രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു.
രൂപയുടെ മൂല്യം ഇടിയുമ്പോൾ പണപ്പെരുപ്പം കൂടുമെന്നത് സാധാരണമാണ്. 2014 ഏപ്രിൽ മാസത്തിന് ശേഷമുണ്ടായ ഏറ്റവു വലിയ പണപ്പെരുപ്പമാണിപ്പോൾ അനുഭവപ്പെടുന്നത്. തുടർച്ചയായ നാലാം മാസമാണ് ആർ.ബി.ഐ നിശ്ചയിച്ച പരിധി കടന്ന് പണപ്പെരുപ്പം കൂടുന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില അസാധാരണമാംവിധം വർധിച്ചതാണ് പണപ്പെരുപ്പത്തിന്റെ മൂലകാരണം. ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞ മാസത്തിൽ രേഖപ്പെടുത്തിയത് 8.1 ശതമാനമായിരുന്നു. പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനായി ബാങ്കുകളിലെ കരുതൽ ധന അനുപാതം, റിപ്പോ നിരക്ക് എന്നിവ വർധിപ്പിച്ചിരുന്നുവെങ്കിലും അതിന് ശേഷവും പണപ്പെരുപ്പം ഉയർന്നുതന്നെ നിന്നു. പണപ്പെരുപ്പം ഏറ്റവും ലളിതമായി സാധാരണക്കാരന് മനസിലാവുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലൂടെയാണ്. ഇങ്ങനെ സർവത്ര മേഖലയിലും വിലക്കയറ്റം ഉണ്ടാകുമ്പോൾ രാജ്യത്തിന് തന്നെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

നിലവിലെ പണപ്പെരുപ്പതോത് 14.55 ശതമാനമാണ്. 2021 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ൽ 13 ശതമാനത്തിൽ എത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. അവരുടെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിക്കുന്നതാണിപ്പോഴത്തെ പണപ്പെരുപ്പം. പണപ്പെരുപ്പ നിരക്ക് താഴേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമവും വിജയിക്കുന്നുമില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഭാഗത്തുനിന്നാകട്ടെ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നുമില്ല. 2021 മാർച്ചിലെ 7.89 പണപ്പെരുപ്പതോതിൽ നിന്നാണ് 14.55 ശതമാനത്തിൽ എത്തിയിരിക്കുന്നത് എന്ന അങ്കലാപ്പുകളൊന്നും ധനകാര്യ മന്ത്രാലയത്തെ അലട്ടുന്നില്ല.

പണപ്പെരുപ്പത്തിനു കാരണമായി കേന്ദ്രസർക്കാർ പറയുന്നത് ഉക്രൈൻ യുദ്ധമാണ്. യുദ്ധത്തെ തുടർന്ന് ഇന്ധനത്തിലും അസംസ്‌കൃത വസ്തുക്കളിലും ഉണ്ടായ വിലവർധന നമ്മുടെ രാജ്യത്തെയും ബാധിച്ചിട്ടുണ്ടെന്നതാണ് സർക്കാർ നിരത്തുന്ന ന്യായം. റഷ്യക്കെതിരേ കൂടുതൽ ഉപരോധം ഉണ്ടാകാനുള്ള സാധ്യതയും കാരണമായിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. രാജ്യത്തിനാവശ്യമായ ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യേണ്ടിവരുന്നതിനാൽ വമ്പിച്ച ബാധ്യതയാണ് സർക്കാർ നേരിടുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. മറ്റൊരു കാരണമായി സർക്കാർ പറയുന്നത് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചു നോക്കുമ്പോൾ വലിയ തോതിൽ താഴേക്ക് പോയി എന്നാണ്. ഇതിന് കാരണക്കാർ ജനങ്ങളല്ലല്ലോ. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് നടപടികൾ സ്വീകരിക്കേണ്ടതായിരുന്നില്ലേ.
റിപ്പോ റിവേഴ്‌സ്‌നിരക്ക് കഴിഞ്ഞ പതിനൊന്ന് മാസമായി നാല് ശതമാനത്തിൽ തന്നെ തുടരുകയാണ്. അതിലൊരു ക്രമീകരണം കൊണ്ടുവന്നാൽ ഒരുപക്ഷേ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ ആഗോള വ്യാപകമായി ബാധിച്ച ഒരു പ്രതിസന്ധിയാണ് നമ്മളെയും ബാധിച്ചതെന്ന് പറഞ്ഞൊഴിയുകയാണ് കേന്ദ്ര സർക്കാർ. റിസർവ് ബാങ്കിന്റെ വായ്പാ നയത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണിനി അറിയേണ്ടത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കിൽ പണപ്പെരുപ്പത്താലുണ്ടാകുന്ന സാധനങ്ങളുടെ അമിത വിലയിൽ രാജ്യത്തെ സാധാരണക്കാരായിരിക്കും പട്ടിണി കിടന്നു മരിക്കേണ്ടിവരിക. കുറഞ്ഞ വരുമാനക്കാരെ നാണ്യപ്പെരുപ്പം കാര്യമായി ബാധിക്കില്ലെന്ന ധനകാര്യ മന്ത്രാലയത്തിന്റെ അവകാശ വാദമൊന്നും അപ്പോൾ വിലപ്പോവില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.