2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആരിഫ് മുഹമ്മദ് ഖാനും ശശി തരൂരും നമ്മളും

എ.പി കുഞ്ഞാമു

ആരാണ് ഇപ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവ് ? പ്രതിപക്ഷ നേതാവിന്റെ കാറും ബംഗ്ലാവും ഔപചാരിക പദവിയുമെല്ലാമുള്ളത് വി.ഡി സതീശനാണ്. എന്നാൽ ബ്രസീലും അർജൻ്റീനയുമെന്നപോലെ കളത്തിൽ നേർക്കുനേർനിന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പൊരുതുന്നതാരാണ്? അങ്ങനെ ആലോചിക്കുന്ന നേരത്താണ് കെ. സുധാകരനെയും വി.ഡി സതീശനെയും രമേശ് ചെന്നിത്തലയേയുമൊക്കെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഗവർണർ ആരിഫ് ഖാന്റെ നിൽപ്പ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു നിലനിൽക്കുന്ന സ്ഥാപനങ്ങളിലെ പരമോന്നത പദവികളിലേക്കുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളിൽ അദ്ദേഹം ഇടതു സർക്കാരുമായി പോരാട്ടത്തിലാണ്. ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ വേണ്ടി ഗവണ്മെൻ്റ് നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി. തിരുവനന്തപുരത്തും സംസ്ഥാനത്തുടനീളവുമായി ഗവർണർക്കെതിരിൽ ജനകീയ പ്രക്ഷോഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ സഖാക്കൾ ഗവർണറെ അതിനിശിതം ആക്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഒട്ടും കൂസാതെ നിൽപ്പാണ് ആരിഫ് മുഹമ്മദ് ഖാൻ. ഒരു കാരണവശാലും കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ അഴിമതികൾ പൊറുപ്പിക്കുകയില്ലെന്നും സർവകലാശാലാ വിഷയങ്ങളിൽ ആദ്യ യുദ്ധം ജയിച്ചു കഴിഞ്ഞുവെന്നുമാണ് ഗവർണറുടെ നിലപാട്. ഇനി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് നൽകാനിരിക്കുന്ന പെൻഷൻ പദ്ധതിയെ എതിർക്കാൻ പോവുകയാണത്രേ അദ്ദേഹം. പിൻവാതിൽ നിയമനങ്ങൾ, പൊലിസ് അതിക്രമങ്ങൾ, അഴിമതി, കെടുകാര്യസ്ഥത – പിണറായിയുടെ ട്രാക്ക് റിക്കാർഡ് ഒട്ടും മെച്ചപ്പെട്ടതല്ല. ഈ സമയത്ത് ഒറ്റയാൾ പട്ടാളമെന്നോണമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിൽപ്പ്. നാളിതുവരെ ഒരു ഗവർണറും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരേ ഇങ്ങനെ നിലപാടെടുത്തിട്ടില്ല. ഒരു സർക്കാരും ഭരിക്കുന്ന പാർട്ടിയും ഗവർണർക്കെതിരിൽ ഇമ്മട്ടിൽ യുദ്ധപ്രഖ്യാപനം നടത്തിയിട്ടുമില്ല.

അതായത് സർക്കാർ വിരുദ്ധരുടെ ഹീറോയാണ് ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ. സാധാരണ നിലയ്ക്ക് കേരളത്തിലെ പ്രബുദ്ധസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ല ഗവർണറുടെ പ്രവർത്തനശൈലിയും ശരീരഭാഷയും വാക്പ്രയോഗവുമൊന്നും. ആർ.എസ്.എസിന്റെ നയങ്ങൾ നടപ്പാക്കുന്നു എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരാക്ഷേപം. എൽ.ഡി.എഫിനും യു.ഡി.എഫിനും അദ്ദേഹത്തെ കണ്ടുകൂടാ. ശാബാനു വിവാദ കാലത്ത് കൈക്കൊണ്ട നിലപാടുകൾ അദ്ദേഹത്തെ മുസ്‌ലിം സമൂഹത്തിന്ന് അനഭിമതനാക്കിയിട്ടുണ്ട്. ബി.ജെ.പിക്കുവേണ്ടി പണിയെടുക്കുന്ന വ്യക്തിയെന്ന പ്രതിഛായയാണ് അദ്ദേഹത്തിനു പൊതുവേയുള്ളത്. അതിലദ്ദേഹത്തിന് മനസ്താപമില്ലെന്നു മാത്രമല്ല കുറച്ചു മുമ്പ് ഒരു പത്രസമ്മേളനത്തിൽ ഒന്നുരണ്ട് മാധ്യമ സ്ഥാപനങ്ങൾക്കെതിരിൽ ഉറഞ്ഞുതുള്ളിയത് ഉള്ള പ്രതിഛായയെ കുറെക്കൂടി വികലമാക്കുകയും ചെയ്തു. ചുരുക്കത്തിൽ കേരളത്തിന്റെ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം ആരിഫ് മുഹമ്മദ് ഖാൻ ഒരു ‘പേർസൊണാ നോൺ ഗ്രാറ്റാ’ ആണ്. കേരളത്തിന്റെ പ്രബുദ്ധത അദ്ദേഹത്തെ നിരാകരിക്കുന്നു. ഈ പ്രബുദ്ധതയിൽ അൽപമെങ്കിലും പങ്കുവഹിക്കുന്നതിനാൽ ബി.ജെ.പിക്കാർക്ക് പോലും അദ്ദേഹം അത്രകണ്ട് സ്വീകാര്യനല്ല.

   

എന്നിട്ടും ആരിഫ് മുഹമ്മദ് ഖാൻ ഇടതുമുന്നണി സർക്കാരിനോടുള്ള പോരാട്ടത്തിന്റെ ഐക്കണായിത്തീരുന്നത് എന്തുകൊണ്ട്? ഈ ചോദ്യം ഒരേസമയം വിരൽചൂണ്ടുന്നത് പിണറായി സർക്കാരിന്റെ ഭരണ വൈകല്യങ്ങളിലേക്കും അതിനെതിരിൽ ഉറച്ചുനിന്നു പോരാടാൻ കെൽപ്പില്ലാത്ത പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളിലേക്കുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ന്യൂയിസൻസ് വാല്യു മാത്രമുള്ള രാഷ്ട്രീയക്കാരനാണ് ആരിഫ് മുഹമ്മദ് ഖാൻ. ബി.ജെ.പിയുടെ ഷോ ബോയ്. അങ്ങനെയൊരാൾ കേരളത്തിലെ ജനപക്ഷരാഷ്ട്രീയത്തിന്ന് സമ്മതനാവുന്ന അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെടുന്നത് ഒരിക്കലും നല്ല സൂചനയല്ല. കേരളത്തിലെ ജനാധിപത്യവ്യവസ്ഥയുടെ ആന്തരിക ദൗർബല്യമാണ് അത് വെളിപ്പെടുത്തുന്നത്.

കടുത്ത പാർട്ടിക്കൂറ് നിലനിർത്തുന്ന യാഥാസ്ഥിതിക രാഷ്ട്രീയ സമീപനത്തിൽ നിന്നുള്ള വ്യതിയാനത്തിന്റെ സൂചനയാണ് ആരിഫ് മുഹമ്മദ് ഖാനെപ്പോലെയുള്ള ഒരാൾക്ക് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇടം കിട്ടുന്നു എന്നത്. ഈ ഇടം അനുവദിച്ചുകൊടുക്കുന്ന അവസ്ഥയിലേക്ക് കേരളം മാറുകയാണോ എന്നതിനു വേറെയും ഉദാഹരണങ്ങളുണ്ട്. പതിവ് രാഷ്ട്രീയ വിധേയത്വങ്ങളിൽനിന്നും കടുംപിടുത്തങ്ങളിൽ നിന്നും വ്യത്യസ്തമായ ചായ്‌വുകൾ കേരളത്തിലും രൂപപ്പെടുകയാണോ? കൃത്യമായും രണ്ടറ്റങ്ങളിൽ വർത്തിക്കുന്ന രണ്ട് മുന്നണികൾ എന്ന സങ്കൽപത്തിൽ നിന്ന് വ്യതിചലിക്കുവാൻ പൊതുവിൽ മലയാളികൾ തയാറാവാറില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ ആശയങ്ങൾക്കോ എ.എ.പിയുടെ മധ്യവർഗ ബദലിനോ കേരളത്തിൽ വേരോട്ടമുണ്ടാവാഞ്ഞത് അതുകൊണ്ടാണ്. പാർട്ടിയോട് മാത്രമല്ല പാർട്ടിക്കുള്ളിലെ ഗ്രൂപ്പിനോടോ വ്യക്തികളോടോ കറകളഞ്ഞ വിശ്വാസ്യതയും കൂറും പുലർത്തുന്ന അവസ്ഥയാണ് പൊതുവിൽ കേരളത്തിൽ നിലവിലുള്ളത്. ഇരട്ടച്ചങ്കനായ പിണറായി വിജയനോട് സി.പി.എമ്മുകാർക്കുള്ള വിധേയത്വവും കൂറും നോക്കൂ. അദ്ദേഹം കമാൻഡറും ക്യാപ്റ്റനുമാവുന്നത് അങ്ങനെ. കോൺഗ്രസിൽ കരുണാകരനും ആൻ്റണിയും ഈ കൂറിനെ എന്നും പ്രോത്സാഹിപ്പിച്ചു. അത് തുടർന്നുപോവുകയും ചെയ്തു. സി.പി.ഐയിലും ജനതാ രാഷ്ട്രീയത്തിലുമെല്ലാം ഈ കൂറു രാഷ്ട്രീയം രൂഢമൂലമാണ്. ഈ രാഷ്ട്രീയ സമീപനത്തെ നിരാകരിക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായിവരുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഒറ്റയ്ക്കു നടത്തുന്ന പോരാട്ടങ്ങൾ അതിന്റെ സൂചനയാവുന്നത് പോലെ തന്നെ പ്രസക്തമാണ് ശശി തരൂരിന്റെ രംഗപ്രവേശം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന കോളിളക്കങ്ങളും.

കേരള രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ ശശി തരൂർ നടത്തുന്ന ശ്രമങ്ങൾ അത്ര നിഷ്‌കളങ്കമായിരിക്കണമെന്നില്ല. അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായ അജൻഡകളുണ്ടാവുന്നത് സ്വാഭാവികവുമാണ്. രാഷ്ട്രീയത്തിൽ അത് തെറ്റല്ലതാനും. തരൂരിന്റെ കേരള യാത്രയെ ഏകോപിപ്പിക്കുന്ന എം.കെ രാഘവൻ എം.പിക്ക് കോൺഗ്രസ് നേതൃത്വത്തിനു നേരെ തന്റേതായ ഈറ ഉണ്ടായെന്നും വരാം. അങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ പാർട്ടി നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറത്ത് നിന്നുകൊണ്ട് തരൂരിന് പാർട്ടിക്കാർ നൽകിയതും ഇനി നൽകാനിരിക്കുന്നതുമായ പിന്തുണ കോൺഗ്രസിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മർമ്മപ്രധാനമായ ചില മാറ്റങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. നേതാക്കളോടുള്ള വിധേയത്വം, ഗ്രൂപ്പ് ലോയൽറ്റി തുടങ്ങിയവയിൽനിന്നു മാറി ചിന്തിക്കുകയാണ് സംസ്ഥാനത്തെ പാർട്ടി അണികൾ. കോൺഗ്രസിനെ രക്ഷിക്കാൻ നിലവിലുള്ള ഗ്രൂപ്പ് കളി മതിയാവുകയില്ല, പഴുതില്ലാത്ത തരത്തിൽ ഒരുമ വേണമെന്ന് അണികൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. തരൂർ അതിനു നിമിത്തമായിത്തീരുകയാണ്. അതിന്റെ അർഥം കോൺഗ്രസുകാർക്ക് നിലവിലുള്ള നേതൃത്വത്തെ മടുത്തു എന്നാണ്. അവരുടെ സമീപനങ്ങൾ മടുത്തു എന്നാണ്. കോൺഗ്രസിന് ഗ്രൂപ്പുകൾക്കതീതമായ പ്രതിഛായ നൽകാൻ ശ്രമിച്ചുനോക്കിയവരായിരുന്നു വി.എം സുധീരനും മുല്ലപ്പള്ളിയും. എന്നാൽ അതിലവർ പരാജയപ്പെട്ടു. അവരുടെ തന്നെ പഴയ ചെയ്തികളുടേയും പാരമ്പര്യത്തിന്റേയും ഭാരം അവരെ തേടിവന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. തരൂരിന് ആ ഭാരമില്ല. ആ ഭാരമില്ലായ്മയാണ് അദ്ദേഹത്തിന്റെ ആസ്തി. ജനങ്ങൾക്ക് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലുള്ള മനം മടുപ്പ് ഒരു അലോട്രോപ്പിക് പരിണാമം വഴി തരൂരിനുള്ള പിന്തുണയായേക്കുമോ എന്ന ഭീതിയാണ് കെ. സുധാകരനും വി.ഡി സതീശനുമടക്കമുള്ള നേതാക്കളിൽ കാണാനുള്ളത്. അതേസമയം കെ. മുരളീധരന്റെ ചാഞ്ചാട്ടങ്ങൾ ഗൗരവമായ ഒരു രാഷ്ട്രീയ ചർച്ചയിൽ മുഖവിലക്കെടുക്കേണ്ടതില്ല.

കേരളത്തിൽ തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങൾ നിർണയിക്കുന്നത് രാഷ്ട്രീയത്തെ ഗൗരവത്തിലെടുക്കുകയും എന്നാൽ രാഷ്ട്രീയത്തിൽ അത്ര സജീവത പുലർത്താതിരിക്കുകയും ചെയ്യുന്നവരാണ്. കോൺഗ്രസിനു വോട്ട് ചെയ്യുന്നവരിൽ വലിയൊരു വിഭാഗം അത്തരക്കാരാണ്. അവർക്ക് ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ സ്‌പെൻ്റ് ഫോഴ്‌സാണ്. അവർക്കിടയിൽ വളർന്നുവന്ന മടുപ്പ് ശശി തരൂരിനോടുള്ള ആഭിമുഖ്യം പാർട്ടിക്കാർക്കിടയിൽ വളർത്തുന്നതിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഇത് തരംഗമായി മാറി തങ്ങളെ പുറത്താക്കുന്നേടത്ത് എത്തിയേക്കുമോ എന്ന ഭീതി കെ.പി.സി.സി നേതൃത്വത്തിന്നു മാത്രമല്ല ഉള്ളത്. ഇടതുമുന്നണിയും ഈ തരംഗത്തെ ഭയപ്പെടുന്നു. ഭരണപരാജയം തങ്ങളുടെ പ്രതിഛായക്ക് ഏൽപിച്ച ഗുരുതരമായ പരുക്കുകളുടെ പശ്ചാത്തലത്തിൽ ഭരണ വിരുദ്ധ/പാർട്ടി വിരുദ്ധ വികാരവും ശശി തരൂർ തരംഗവും ഒന്നായിച്ചേരുമ്പോഴുണ്ടാക്കുന്ന ഇഫക്ടിന്റെ നാനാർഥങ്ങൾ അവർ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ശശിതരൂർ കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിനു വേണ്ടി വാദിക്കുകയും അധ്യക്ഷസ്ഥാനത്തേക്ക് വിമത സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തപ്പോൾ അതിനെ ആദർശവൽക്കരിച്ചുകൊണ്ടിരുന്ന ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും അവരുടെ സൈബർ പോരാളികളും കേരള രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനെ അങ്കലാപ്പോടും അനിഷ്ടത്തോടും കൂടി നോക്കിക്കാണുന്നത്. ഡൽഹിയിൽ രാഷ്ട്രീയം കളിക്കുന്ന ശശി തരൂരിനെ അവർക്കു പേടിയില്ല. കേരളത്തിൽ അദ്ദേഹം ഒരു കൈ നോക്കാനിറങ്ങുകയാണെങ്കിൽ കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ മാത്രമല്ല എ.കെ.ജി സെന്ററും പേടിക്കും.

മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മമായ ചില മാറ്റങ്ങളുടെ സൂചകങ്ങളാണിവ. അവ എങ്ങനെയായിരിക്കും പ്രായോഗികതലത്തിൽ മാറ്റങ്ങളുണ്ടാക്കുകയെന്ന് ഇപ്പോൾ പ്രവചിക്കുക വയ്യ. അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട ജനങ്ങളാണ് കേരളത്തിലേത്. അവർ അരാഷ്ട്രീയതയുടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞേക്കുമോ എന്ന് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ ഭയപ്പെടുന്നു എന്നു കരുതണം. സ്വന്തം പരമ്പരാഗത രാഷ്ട്രീയശൈലിയെ റദ്ദാക്കുന്ന അരാഷ്ട്രീയ ധ്വനികൾ തങ്ങളുടെ അണികൾക്കിടയിൽ രൂപപ്പെടുന്നത് നേതൃത്വത്തിന് പാഠമാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ ദൃഢബോധ്യങ്ങൾക്ക് ഇളക്കം വരുത്തുന്ന പാഠഭേദവുമാണത്. ശശി തരൂർ അതിനൊരു നിമിത്തം മാത്രം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.