2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു കോടീശ്വരന്റെ പഴ്‌സ്

രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമാണ് സംഭവം നടക്കുന്നത്. അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ബേ ഏരിയ പ്രദേശത്ത് ചില ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു കെന്നത്ത് ബെഹ്‌റിങ് എന്ന കോടീശ്വരന്‍. കൂടെ ഒരു അസിസ്റ്റന്റുമുണ്ട്. ഇരുവരും എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബെഹ്‌റിങ്ങിന്റെ ശ്രദ്ധയില്‍ അക്കാര്യം പെട്ടത്. തന്റെ പഴ്‌സ് കാണാനില്ല!!
ബെര്‍ക്ക്‌ലെയിലെ ചേരിപ്രദേശത്തുകൂടി പ്രഭാതസവാരി നടത്തിയിരുന്നു. അതിനിടയിലെപ്പോഴോ നഷ്ടപ്പെട്ടതായിരിക്കണം. പഴ്‌സില്‍ പണമുണ്ട്. കൂടാതെ ചില കാര്‍ഡുകളും. ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തിയ വിസിറ്റിങ് കാര്‍ഡും കൂട്ടത്തിലുണ്ട്. ‘നമ്പറുണ്ടല്ലോ, കിട്ടിയ ആള്‍ വിളിക്കുമായിരിക്കണം. നമുക്ക് നോക്കാം’-ബെഹ്‌റിങ് പറഞ്ഞു.

അസിസ്റ്റന്റിനു പക്ഷേ, അക്കാര്യത്തില്‍ അത്ര വിശ്വാസമുണ്ടായിരുന്നില്ല. ഒട്ടും തൃപ്തനല്ലാതെ, അവിശ്വാസത്തോടെ അയാള്‍ നെറ്റി ചുളിച്ചു. ‘പഴ്‌സ് നഷ്ടപ്പെട്ടിട്ട് രണ്ടു മണിക്കൂര്‍ പിന്നിട്ടല്ലോ’. അയാള്‍ പറഞ്ഞു: ‘അത്തരം ഒരു ചേരിപ്രദേശത്തുകാര്‍ പണമടങ്ങിയ പഴ്‌സ് കിട്ടിയാല്‍ ഉടമയെ വിളിക്കുമെന്ന് അങ്ങ് പ്രതീക്ഷിക്കുന്നത് വലിയ മണ്ടത്തമായിരിക്കും സാര്‍. അവരില്‍നിന്ന് മാന്യത പ്രതീക്ഷിച്ചുകൂടാ. നമുക്ക് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യാം’. ‘വേണ്ട, നമുക്ക് കാത്തിരിക്കാം’- അതായിരുന്നു ബെഹ്‌റിങ്ങിന്റെ അസന്ദിഗ്ധമായ മറുപടി.
അസിസ്റ്റന്റ് കുറേ നിര്‍ബന്ധിച്ചു നോക്കി. ‘നല്ല മനുഷ്യന്റെ കൈയിലാണ് അതു കിട്ടിയതെങ്കില്‍, ബിസിനസ് കാര്‍ഡിലെ നമ്പറിലേക്ക് അപ്പോള്‍ തന്നെ വിളിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ സമയം മൂന്ന് മണിക്കൂറാവുന്നു’.
അതിനിടയിലാണ് ഫോണ്‍ ശബ്ദിച്ചത്. അതെ, പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള ആ കോള്‍ പഴ്‌സ് കിട്ടിയ ആളില്‍നിന്ന് തന്നെയായിരുന്നു! പഴ്‌സുമായി താന്‍ കാതാസ്ട്രീറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും അവിടെ വന്നാല്‍ നല്‍കാമെന്നും അറിയിച്ച് അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

സമര്‍ഥനായ ആ അസിസ്റ്റന്റിന്റെ സൂക്ഷ്മബുദ്ധി ഉണര്‍ന്നു. അയാള്‍ പറഞ്ഞു. ‘സാര്‍, ഇതൊരു കെണിയാവാന്‍ എല്ലാ സാധ്യതയുമുണ്ട്. അങ്ങ് സാമ്പത്തികമായി വളരെ ഉയര്‍ന്ന വ്യക്തിയാണെന്ന് അവര്‍ക്ക് മനസിലായിരിക്കുന്നു. കാതാസ്ട്രീറ്റ് അവരുടെ ലോകമാണ്. അവിടെ നാം മാത്രമായി ചെന്നാല്‍ അവരുടെ കെണിയില്‍പെടും. അതിനാല്‍ പൊലിസിനെ അറിയിക്കണം. അവരുടെ കൂടെ പോവാം’.
പക്ഷേ, ആ മുന്നറിയിപ്പ് അവഗണിച്ച് കെന്നത്ത് ബെഹ്‌റിങ് നേരെ കാതാസ്ട്രീറ്റിലേക്കാണ് കാറോടിച്ചത്. അവിടെ ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കൈയില്‍ പഴ്‌സുമായി കാത്തുനിന്ന ആ ആള്‍ ഒരു പയ്യനായിരുന്നു!! കാറില്‍നിന്നിറങ്ങിയ ബെഹ്‌റിങ്ങിന് മുന്നിലേക്ക് അവന്‍ പഴ്‌സ് നീട്ടി. ബെഹ്‌റിങ്ങിന്റെ അസിസ്റ്റന്റ് അക്ഷമയോടെ അതു തട്ടിപ്പറിച്ചുവാങ്ങി പഴ്‌സ് തുറന്ന് പണം എണ്ണി നോക്കി.
‘അങ്ങ് പറഞ്ഞിരുന്ന തുക തന്നെ! ഒന്നും നഷ്ടമായിട്ടില്ല സര്‍’. ഇതിനിടയില്‍ അല്‍പ്പം പരുങ്ങലോടെ ആ കുട്ടി, ബെഹ്‌റിങ്ങിന്റെ മുഖത്തേക്ക് നോക്കി എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ‘എന്താണ് പറയൂ’- ബെഹ്‌റിങ് പുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചു.
‘സര്‍, എനിക്ക് അല്‍പ്പം പണം തരാമോ?’… അസിസ്റ്റന്റ് എന്തോ പറയാന്‍ തുടങ്ങുന്നതിനു മുമ്പേ, ബെഹ്‌റിങ് ചോദിച്ചു. ‘എത്ര വേണം?’. ‘സര്‍ ഒരു ഡോളര്‍’. അവരിരുവരും അത്ഭുതത്തോടെ നില്‍ക്കെ, ആ പയ്യന്‍ തുടര്‍ന്നു; ‘അങ്ങയുടെ നമ്പറിലേക്ക് വിളിക്കുന്നതിനായി പബ്ലിക് ബൂത്തിലെത്താന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. കൈയില്‍ കാശുമില്ലായിരുന്നു. കടയിലെ ഒരു സ്റ്റാഫിനോട് ഒരു ഡോളര്‍ വാങ്ങിയാണ് ഫോണ്‍ ചെയ്തത്. അതു തിരിച്ചുകൊടുക്കണം’.
അസിസ്റ്റന്റ് മുഖം കുനിച്ചുനിന്നു!!

ബെഹ്‌റിങ് ആ കുട്ടിയെ സ്‌നേഹപൂര്‍വം തലോടി. ആ കണ്ണുകളില്‍ സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ, കരുണയുടെ കണ്ണീര്‍ പൊടിഞ്ഞു. ഒരിക്കല്‍ ഈ കുട്ടിയെപ്പോലെയോ, അതിനേക്കാളേറെയോ ദയനീയമായ ജീവിതം നയിക്കേണ്ടിവന്ന പരമദരിദ്രനായിരുന്നു ബെഹ്‌റിങ്. ഓര്‍മകള്‍ ആ ഹൃദയത്തിലേക്ക് ഇരച്ചുകയറി.
അമേരിക്കയില്‍ ഇല്ലിനോയ്‌സില്‍ ഫ്രീപോര്‍ട്ടില്‍ 1928 ല്‍ ജനിച്ച ബെഹ്‌റിങ്ങിന്റെ പിതാവ് മരഉരുപ്പടികള്‍ വില്‍ക്കുന്നിടത്ത് തൊഴിലാളിയായിരുന്നു. അമ്മ വീടുകളിലും മറ്റും ക്ലീനിങ് ജോലിക്കാരിയും. ഏഴു വയസു മുതല്‍ ബെഹ്‌റിങ്ങും ജോലിക്ക് പോയിത്തുടങ്ങി. തോട്ടത്തില്‍ പുല്ലുവെട്ടല്‍, പാല്‍ വിതരണം, പത്രവില്‍പന, ക്ലബില്‍ കളിക്കാരുടെ ബാഗ്ചുമട്ടുകാരന്‍ … അങ്ങനെ പല ജോലികള്‍ ചെയ്തു. പതിനാറാം വയസില്‍ വലിയൊരു വ്യാപാരശൃംഖലയില്‍ പാര്‍ട്‌ടൈം സെയില്‍സ്മാനായി. കൂട്ടത്തില്‍ സ്വന്തം നിലയില്‍ സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങളുടെ വില്‍പനയും ആരംഭിച്ചു.

പിന്നീട് കാര്‍വില്‍പന കേന്ദ്രത്തിലെത്തി. ഇരുപത്തിയൊന്നാം വയസില്‍ സെക്കന്റ്ഹാന്‍ഡ് കാര്‍വില്‍പന സ്വന്തമായി തുടങ്ങി. ആ മിടുക്കന്‍ നല്ലൊരു ബിസിനസ്മാനായിരുന്നു. ഇരുപത്തിയേഴാം വയസില്‍ ആസ്തി പത്തു ലക്ഷം ഡോളറായി ഉയര്‍ന്നു!! പിന്നീട് കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങി.

വൈകാതെ ഫ്‌ളോറിഡയിലെ ഏറ്റവും വലിയ ബില്‍ഡറായി ഉയര്‍ന്നു. അമേരിക്കയിലെ പത്താമത്തെ വലിയ ബില്‍ഡറാകാനും താമസമുണ്ടായില്ല. രാജ്യത്തെ ഏറ്റവും സമ്പന്നരുടെ ലിസ്റ്റിലും ഇടംപിടിച്ചു. മനുഷ്യരെ സഹായിക്കുന്ന ഏറ്റവും ഉദാരമതികളുടെ ലിസ്റ്റിലും ബെഹ്‌റിങ് എന്നും മുന്നില്‍ തന്നെയായിരുന്നു!
പഴ്‌സ് തിരിച്ചുനല്‍കിയ കുട്ടിയുടെ പ്രദേശത്തിന്റെ വികസനത്തിനായി കോടിക്കണക്കിനു ഡോളര്‍ അയാള്‍ മാറ്റിവച്ചു. ദാരിദ്ര്യ-ദുഃഖമനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ അവരേക്കാള്‍ അനുഭവിക്കാന്‍ കഴിയുന്ന ബെഹ്‌റിങ് അതിഭീമമായ സംഖ്യകളാണ് വിദ്യാഭ്യാസവും ചികിത്സയുമുള്‍പ്പെടെയുള്ള നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ലോകമെങ്ങും ചെലവഴിച്ചത്. വികസ്വര രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് സൗജന്യമായി വീല്‍ചെയര്‍ നല്‍കുന്ന പദ്ധതിയുടെ പ്രയോജനം 152 രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ലഭിച്ചു!!
ചെറിയ നിലയില്‍നിന്ന് ഉയര്‍ന്നു വരുന്ന പലരും പില്‍ക്കാലത്ത് അങ്ങേയറ്റം സ്വാര്‍ഥരും സ്വന്തം നേട്ടം മാത്രം നോക്കുന്നവരുമായി പരിണമിക്കുന്നു. എന്നാല്‍ ഹൃദയനൈര്‍മല്യമുള്ള മറ്റു ചിലരാവട്ടെ, എങ്ങും നന്മ മാത്രം പ്രസരിപ്പിക്കുന്നു. മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.

സ്വന്തം നേട്ടങ്ങള്‍, സമൂഹത്തിനുകൂടി നേട്ടങ്ങളായി മാറ്റാനല്ലേ ശ്രമിക്കേണ്ടത്. അതിനായി ചില മുന്‍ധാരണകള്‍ നാം തിരുത്തേണ്ടിയുമിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.