2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്‌കാല സമുദായത്തെ അനാഥമാക്കുന്നവരാര് ? ശുഐബുല്‍ ഹൈത്തമി വാരാമ്പറ്റ എഴുതുന്നു..

ഒന്ന് :

ലോകം കൊവിഡിനൊപ്പമുള്ള ജീവിതം പരിശീലിക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ ലോക്ക്ഡൗണ്‍ സംവിധാനത്തില്‍ നിന്നും റിവേഴ്‌സ് ക്വാറന്റയിന്‍ രീതിയിലേക്ക് മാറിത്തുടങ്ങി. മരണതീവ്രത കുറഞ്ഞ കൊവിഡിനെ ഭയന്ന് അനിയന്ത്രിതമായി അടച്ചിട്ടാല്‍ മരണതീവ്രത വര്‍ദ്ധിച്ച പ്രശ്‌നങ്ങളാണ് സംഭവിക്കുക എന്ന ശാസ്ത്രീയ നിരീക്ഷണമാണതിന് കാരണം.
എന്നാല്‍ ,വ്യാപനതീവ്രത മാരകമായ കൊവിഡിനെ മനുഷ്യരാശിക്ക് ഒരിക്കലും മറികടക്കാനാവില്ല എന്ന നിരീക്ഷണവും ,
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കകം മറികടക്കാനാവില്ല എന്ന WHO അടക്കമുള്ളവരുടെ മുന്നറിയിപ്പും പരിഗണിച്ച് മറികടക്കുക എന്ന ലക്ഷ്യം സമരസപ്പെടുക എന്നായി മൊത്തത്തില്‍ പരിണമിച്ചു കഴിഞ്ഞു. ശാസ്ത്രീയ ഉപകരണങ്ങള്‍ക്കൊപ്പം ബൗദ്ധികമായ ഉപായങ്ങള്‍ കൂടുതല്‍ ആശ്രയിക്കപ്പെടണം ,എന്നല്ലാതെ ,അടച്ചിട്ട് മാറി നിന്നത് കൊണ്ട് അതിജീവനം സാധ്യമല്ല എന്ന് ആഗോള നാഗരിക നിരീക്ഷകന്‍ യുവാല്‍ നോവ ഹരാരിയെ പോലുള്ളവര്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ജനങ്ങളുടെ പോക്കുവരവുകള്‍ എക്കാലവും ഭരണകൂടത്താല്‍ പിന്തുടരപ്പെടുന്നത് ജനാധിപത്യത്തെ പഴയ അടിമത്തത്തിലേക്ക് നയിക്കാന്‍ ഇടയാക്കും ഡിജിറ്റല്‍ കൊളോണൈസേഷന്‍ .

കുഞ്ഞ് സൈക്കിള്‍ പഠിച്ച് തുടങ്ങുമ്പോള്‍ അച്ഛന്‍ പിറകില്‍ പിടിക്കും ,പിന്നീട് വിട്ടും പിടിച്ചും പിന്തുടരും.
പിന്നീട് പിടി വിടും ഇനി കുഞ്ഞ് സ്വന്തം ചവിട്ടിയേ പറ്റൂ. കൊവിഡിനെ കൈകാര്യം ചെയ്യാന്‍ ഭരണകൂടം ജനങ്ങളെ സഹായിക്കേണ്ട രീതിയതാണ്.എക്കാലവും സര്‍ക്കാര്‍ ജനങ്ങളുടെ സൈക്കിള്‍ തള്ളിക്കൊടുത്താല്‍ ‘കുട്ടി സൈക്കിള്‍ പഠിക്കില്ല ‘ .അപരിചിതമായപ്രതിസന്ധികളുടെ പ്രാരംഭ ദുര്‍ഘടത്വം ക്രമാനുഗതമായി മനുഷ്യര്‍ ലഘൂകരിച്ചെടുത്ത കഥകളാണ് മനുഷ്യചരിത്രം. കൊവിഡ് പ്രതിരോധ വാക്‌സിന്‍ നാളെ വന്നേക്കാം ,നിലവില്‍ ശാസ്ത്രവിശകലനം കൃത്യമല്ല .ഹൈട്രോക്‌സിക്ലോറോക്വിന്‍ എന്ന മലേറിയ മരുന്ന് കൊവിഡിനെതിരെ പ്രയോഗിക്കുന്നവരും അത് കൂടുതല്‍ നാശമാണെന്ന് പറയുന്നവരും ഒരേ ലബോറട്ടറിയിലുണ്ട് .പിന്‍വലിയലുകളേക്കാള്‍ ബുദ്ധിപരമായത് മാറിനടത്തമാണ് എന്നര്‍ത്ഥം. ആ സഹചരണ പരിശീലനങ്ങളില്‍ ആരാധനാനുഷ്ഠാനങ്ങളെ അതിന്റെ സാധാരണത്വങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് യുക്തമല്ല .

രണ്ട്:

ശീതീകൃതമായ വിമാനങ്ങളും വാഹനങ്ങളും മന്ദിരങ്ങളും കമ്പോളങ്ങളും ചന്തകളും എല്ലാമെല്ലാം ഇടവേളക്ക് ശേഷം അനങ്ങിത്തുറന്നതിന്റെ കാരണമെന്താണ് ? ഉത്തരം ഒന്നേയുള്ളൂ ,ജനങ്ങള്‍ക്ക് എന്തിന് സാധിച്ചാലും പട്ടിണി കിടക്കാന്‍ സാധിക്കില്ല.

നമുക്ക് കേരളത്തിലേക്ക് വരാം ,വ്യത്യസ്ത മതവിഭാഗങ്ങളുടെ പതിനായിരക്കണക്കിന് ആരാധനാലയങ്ങള്‍ വഴി പുലര്‍ത്തപ്പെട്ടിരുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ്. വിശ്വാസം എങ്ങനെയൊക്കെയാണ് സാമൂഹികഭദ്രതക്ക് അടിത്തറ പാകുന്നത് എന്നതിന് അങ്ങനെയും ഒരു മുഖമുണ്ട്. ‘വിശ്വാസം വിറ്റ് കാശാക്കാമോ ‘ എന്ന് ചോദിക്കുന്നവര്‍ക്ക് സാമൂഹികശാസ്ത്രമറിയാത്തകുഴപ്പമാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് വേതനമായി എന്ത് നല്‍കിയാലും അതൊക്കെ അമൂര്‍ത്തമായ ധാരണപ്പുറത്താണ്. ജനാധിപത്യം ,സ്വാതന്ത്ര്യം ,ദേശീയത തുടങ്ങിയവയെല്ലാം വിശ്വാസമാണ്.

ജനങ്ങള്‍ ഗവണ്‍മെന്റിന് നികുതി നല്‍കുന്നത് ജനാധിപത്യത്തെ വിശ്വസിക്കുന്നത് കൊണ്ടാണ്. റവന്യു വരുമാനത്തില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നവര്‍’ വിശ്വാസം വിറ്റ കാശാണ് ‘ തിന്നുന്നത്.മതരഹിത മതമാണ് സെക്കുലറിസം .അടിച്ചേല്‍പ്പിക്കപ്പെട്ട സംവിധാനമാണ് ഡെമോക്രസി. ചികില്‍സിച്ച ഡോക്ടര്‍ക്ക് രോഗി കാഷ് നല്‍കുന്നത് ലഭിച്ച മരുന്ന് സുഖപ്പെടുത്തും എന്ന വിശ്വാസത്തിലാണ്. ശമനം എന്നത് ആശുപത്രികളുടെ പ്രോമിസ് അല്ല താനും. വിഷയത്തിലേക്ക് വരാം , ആരാധനാലയങ്ങള്‍ വഴി കുടുംബം പുലര്‍ത്തിയിരുന്നവര്‍ ഘട്ടം ഘട്ടമായി സാമ്പത്തിക സ്ഥിരതയിലേക്ക് മടങ്ങിവരേണ്ടതും രാഷ്ട്രപുരോഗതിയുടെ ആവശ്യമാണ്.പൗരാവകാശവും പൗരധര്‍മ്മവും ആണവ .

ആരാധനാലയങ്ങളില്‍ കയറിയിറങ്ങുന്ന വിശ്വാസികളില്‍ പൗരന്മാരില്‍ ചിലര്‍ക്ക് മനോബലവും സംതൃപ്തിയും ലഭിക്കുന്നുവെങ്കില്‍ സൈക്കോ കൊമേഴ്‌സില്‍ അതിന് ബില്ലിടുന്നത് പോലും ( സാങ്കല്‍പ്പികം ) സാമൂഹികമായി തെറ്റാവുമോ ?
ഒരു സൈക്കാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കണ്‍സള്‍ട്ടിംഗ് ചാര്‍ജ് എത്രയാണ് ?ജനങ്ങള്‍ക്ക് ലഭിക്കുന്ന ഫലമാണ് മാനദണ്ഡം എങ്കില്‍ ചിന്തിക്കേണ്ടതാണക്കാര്യവും. പ്രായോഗികമായി പറഞ്ഞാല്‍,കൊവിഡ് പ്രതിരോധത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരെ ആരാധനാലയങ്ങളില്‍ വെച്ച് പറഞ്ഞ് കൊടുക്കാനാവും. ചാനലില്‍ പറയുന്നത് കേട്ട് മാത്രം ജീവിക്കുന്നവരല്ല സമൂഹം .ചില ,വിശ്വാസ സമിതികള്‍ക്ക് ഇപ്പോള്‍ ( മണിക്കൂറുകള്‍ ) ആ ആവശ്യം ഇല്ലല്ലോ എന്ന ചോദ്യം വിവരമുള്ളവര്‍ ഉന്നയിക്കില്ല. ജനാധിപത്യത്തില്‍ ഓരോ പൗരനും രാജാവാണ് ,രാജഭരണത്തില്‍ ഒരാള്‍ മാത്രവും.
ഒരു പൗരന്‍ ആരാധനാലയത്തില്‍ പോകണമെന്ന് കരുതിയാല്‍ ,മുടക്കുന്നവര്‍ക്ക് കൃത്യമായ ന്യായമുണ്ടാവണം.
ശീതീകൃതമുറിയില്‍ മണിക്കൂറുകള്‍ ഇരിക്കേണ്ട കാര്യങ്ങള്‍ പോലും സമ്മതമായ സ്ഥിതിയില്‍ മിനുട്ടുകള്‍ മാത്രം വ്യവസ്ഥാപിതമായി ആരാധനാലയങ്ങള്‍ തുറക്കുന്നതിനെന്താണ് കുഴപ്പം.അതാണ് പറഞ്ഞത് , സ്പിരിറ്റ് സാമൂഹികമായി പറ്റുന്ന നാട്ടില്‍ സ്പിരിച്വാലിറ്റിയും അങ്ങനെ പറ്റണം എന്ന്.

മൂന്ന്

മതപരം.( എല്ലാവര്‍ക്കുമല്ല) വെള്ളിപ്രാര്‍ത്ഥന വിശ്വാസത്തില്‍ വ്യക്തിബാധ്യതയാണ്. ഗവ. നിര്‍ത്തലാക്കിയതിനാല്‍ കഴിഞ്ഞ പത്ത് പന്ത്രണ്ടാഴ്ച്ച ഒരു വിശ്വാസിക്കും അത് നിര്‍ബന്ധമില്ലായിരുന്നു. വ്യവസ്ഥകളോടെ ആവാം എന്ന് ഗവ. പറഞ്ഞു കഴിഞ്ഞു. ഇനി , ഭരണകൂടം വെച്ച ഉപാധികള്‍ തികഞ്ഞ പ്രാദേശിക സാഹചര്യമുണ്ടായാല്‍ അവിടെ ജുമുഅ: നിര്‍ബന്ധമാണ്. സമസ്ഥാന ജില്ലാ മേഖലാടിസ്ഥാനങ്ങളില്‍ തീരുമാനിക്കാവുന്ന സംഘടനാ കാര്യമല്ല അത്. തികച്ചും പ്രാദേശികത്വമാണ് അതിന്റെ അടിസ്ഥാനം. ആ അര്‍ത്ഥത്തില്‍ ജുമുഅ: ഒരു പ്രാദേശിക ബാധ്യത കൂടിയാണ്. മാത്രമല്ല , ഓരോ വ്യക്തിക്കും ജുമുഅ: നിര്‍ബന്ധമാവുന്നത് വെള്ളിയാഴ്ച്ച മധ്യാഹ്നം മുതല്‍ സായാഹ്നം വരെയാണ്.അടുത്ത വെള്ളിയാഴ്ച്ചത്തെ ജുമുഅ: ഇപ്പോള്‍ തന്നെ നിര്‍ത്തലാക്കി എന്ന് പറയുന്നവര്‍ക്ക് അരിയുമറിയില്ല ,മുത്താരിയുമറിയില്ല. ജനിക്കാത്ത കുഞ്ഞ് ജീവിച്ചിരിക്കില്ല എന്ന് പറയുന്ന തമാശയാണത്. ഇങ്ങനെയൊക്കെയാണെങ്കിലും ,രോഗഭീതിയുള്ള വ്യക്തി അവനുള്ളേടത്ത് നിന്ന് ഒരിടത്തേക്കും പോവേണ്ടാത്തത് പോലെ ജൂമുഅക്കും പോവേണ്ടതില്ല. രോഗി പോവാനും പാടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ,ഗവ. രോഗബാധയുടെ വഴിയും സഞ്ചാരവും കൃത്യമായി ട്രേസ് ചെയ്ത് സോണുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് അവര്‍ സമ്മതിച്ച പ്രദേശത്തെ സംബന്ധിച്ചാണ് പറയുന്നത്.ഇനി ,ഗ്രീന്‍ സോണിലുള്ള വ്യക്തിക്ക് ചുമ്മാ രോഗഭയമുണ്ടായാലും പോവേണ്ടതില്ല. പക്ഷെ , അത്തരമൊരു നാട്ടില്‍ രണ്ടാഴ്ച്ചത്തേക്ക് ജുമുഅ: നിര്‍ത്തിവെച്ചു , അനിശ്ചിതകാലം പൂട്ടി എന്നൊക്കെ പറയാന്‍ ഒരു കമ്മറ്റിക്കും മതപരമായി അര്‍ഹതയില്ല .ജുമുഅ: നിര്‍ത്തിവെക്കല്‍ എന്നൊന്നില്ല , നിന്ന് പോവലാണ് .നിര്‍ത്തിവെക്കാനുള്ള അധികാരം ഭരണകൂടത്തിന് ഗവണ്‍മെന്റിനുണ്ട്. സൗദിയില്‍ പൂട്ടിയില്ലേ എന്ന് ചോദിക്കുന്നവര്‍ അറിയേണ്ടത് ,അവിടെ പൂട്ടിയത് ഗവ. ആണ് എന്നതാണ്. സൗദി ഇസ്ലാമിന്റെ ഡയരക്ടറി അല്ല താനും. ശാസ്ത്രബോധവുമുള്ള ഒരാള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല. കാരണം മുകളില്‍ പറഞ്ഞല്ലോ. ഒരു കാര്യത്തെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ വാല്യുപോയിന്റില്‍ നിന്ന് മാറി അല്ലാഹു മുസ്ല്യാരല്ല , മതം മരുന്ന് തരില്ല എന്നൊക്കെ പറയുന്ന പാവങ്ങളോടല്ല ഈ സംസാരം.

നാല്:

അശാസ്ത്രീയവും വിവേചനപരവുമായ പൊതുബോധത്തെ സംതൃപ്തിപ്പെടുത്താന്‍ മതാധികാരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മുസ്ലിം സംഘടനകള്‍ കാടും ക്ലാവുമായ ഇക്കാലത്ത് അവക്കിടയിലെ ഔഷധച്ചെടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ .
മതവിമര്‍ശകരെയല്ല ,അല്ലാഹുവിനേയാണ് ഭയക്കേണ്ടത് എന്നാണീ ചിത്രപ്രസ്താവനയുടെ ഒരു സന്ദേശം .
കേരള മുസ്ലിംകള്‍ സമീപകാലത്ത് നേരിട്ടതില്‍ വെച്ച് ഏറ്റവും അടിസ്ഥാനപരമായ അവ്യക്തത റിവേഴ്‌സ് ലോക്ക്ഡൗണ്‍ കാലത്തെ ജുമുഅ: എങ്ങനെയാവണം എന്നത് തന്നെയാവും. ഒരു പണ്ഡിതപ്രസ്ഥാനം ആ കടമ വക്കും തെക്കും തെറ്റാതെ ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നു.

കൂട്ടാനോ കുറക്കാനോ ഒന്നുമില്ലാത്ത സംക്ഷിപ്ത പ്രസ്താവനയാണത്. ഗവമെന്റിനെ അനുസരിച്ചു ,ജുമുഅയുടെ പ്രാദേശികത്വം ഉണര്‍ത്തി , അപകര്‍ശതയുടെ ന്യായമല്ല സൂക്ഷ്മത എന്ന് കാണിച്ചു,നാളെ സാഹചര്യം മാറാം എന്ന പരിമിതി ഉള്‍ക്കൊണ്ടു. അറിവും തിരിച്ചറിവുമുള്ള നേതൃത്വം ഇല്ലെങ്കില്‍ കോവിഡ് ഈ സമുദായം നേരിടുന്ന രണ്ടാമത്തെ ദുരന്തം മാത്രമാവും. പടച്ചവന്‍ കാക്കട്ടെ .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.