2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ആഘോഷങ്ങള്‍ കരുതലോടെയാവട്ടെ


 

ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രതിദിന മരണനിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ടി.പി.ആര്‍ നിരക്ക് കഴിഞ്ഞ ദിവസം 16 കടന്നു. ഇന്നലെ പതിനേഴിനോട് അടുത്തെത്തി (16.94). വാക്‌സിനേഷനും പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് രോഗവ്യാപനവും വര്‍ധിക്കുന്നതെന്ന് പ്രത്യേകം കാണേണ്ടതുണ്ട്.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പൊതുഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ഇടപഴകുന്നതാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 1,30,768 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 21,116 പേര്‍ക്ക് രോഗം ബാധിച്ചതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ കേരളത്തിലും സംസ്ഥാനത്ത് മലപ്പുറം ജില്ലയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് രണ്ടു ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ബാധിക്കുന്നത് ആരോഗ്യവകുപ്പിനു മുന്നില്‍ വെല്ലുവിളിയായിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തശേഷം 95 പേരാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് കൊവിഡ് കേസുകള്‍ രണ്ടായിരമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 20,000ത്തിനു മുകളില്‍ എത്തിയിരിക്കുകയാണ്. ഇത് ഇന്നലത്തെ ഉത്രാടപ്പാച്ചിലില്‍ സംഭവിച്ചതല്ല. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ചില നിബന്ധനകളും ഏര്‍പ്പെടുത്തി. എന്നാല്‍ ഈ നിബന്ധനകളൊന്നും പ്രായോഗികമായിരുന്നില്ല. അശാസ്ത്രീയ നിബന്ധനകള്‍ക്കെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍, നിബന്ധനകളില്‍ നിര്‍ബന്ധം വേണ്ടെന്ന് പൊലിസിനു നിര്‍ദേശം നല്‍കുകയുണ്ടായി. പൊലിസ് രംഗത്തുനിന്നു നിഷ്‌ക്രമിക്കുകയും ചെയ്തു. പൊതുവിപണി തുറന്നിട്ടതോടെ അനിയന്ത്രിതമായ ജനക്കൂട്ടമാണ് മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഉണ്ടായത്.

മുഴുവനും അടച്ചുപൂട്ടുക, തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് അശാസ്ത്രീയ നിബന്ധനകളോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുക, ഇതിനെതിരേയും ജനരോഷം ഉയരുമ്പോള്‍ എല്ലാം തുറന്നിടുക – ഇത്തരമൊരു നിലപാടാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ അവലംബിച്ചു പോരുന്നത്. വ്യക്തമായ കാഴ്ചപ്പാടോടെ എങ്ങനെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാമെന്നതു സംബന്ധിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതില്‍, സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി തികഞ്ഞ പരാജയമാണെന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാകുന്നത്.

20 മാസത്തിലധികമായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്കും വിശ്രമം അനിവാര്യമാണ്. ഇന്നത്തെ തിരുവോണ നാളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിശ്രമം അനുവദിക്കണമെന്നും ഇന്നേ ദിവസത്തെ വാക്‌സിനേഷന്‍ പരിമിതപ്പെടുത്തണമെന്നുമുള്ള കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) ആവശ്യം ന്യായമാണ്. അംഗീകരിക്കപ്പെടേണ്ടതുമാണ്.
ഇന്ത്യയില്‍ മൊത്തം കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാരിനു കൊവിഡിനെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ തന്നെയാണ് വലിയൊരളവോളം ഇതിനു കാരണം. സംസ്ഥാനങ്ങള്‍ക്ക് മതിയായ തോതില്‍ വാക്‌സിന്‍ എത്തിക്കാന്‍ കഴിയാതെ വന്നതും കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 42,625 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 562 പേര്‍ മരിക്കുകയും 36,668 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 48,52,86,570 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ രോഗം വര്‍ധിക്കുന്നതിനനുസരിച്ച് കേരളത്തിലും കൂടുന്നു. ഈയൊരു ഘട്ടത്തില്‍ സുരക്ഷിതരായി കഴിയുക എന്നതു തന്നെയാണ് കേരളീയരായ നമ്മെ സംബന്ധിച്ചിടത്തോളം കരണീയം. ഓണത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നല്‍കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ആമോദത്തോടെ കഴിഞ്ഞ ഒരു കാല്‍പനിക കാലത്തിന്റെ മധുരസ്മരണങ്ങള്‍ ഓടിയെത്തുന്ന സുദിനമാണിന്ന്. നമ്മുടെ ആഘോഷങ്ങളെയെല്ലാം കൊറോണ വൈറസ് പരിമിതപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഓരോ ആഘോഷങ്ങളോടനുബന്ധിച്ചും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണം ആഘോഷിച്ചത് ‘ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന സര്‍ക്കാര്‍ സന്ദേശത്തോടെയായിരുന്നു. ആ സന്ദേശത്തിന്റെ അര്‍ഥഗരിമ ഉള്‍ക്കൊണ്ട് ഈ പ്രാവശ്യവും ആഘോഷത്തില്‍ നിയന്ത്രണം വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുട്ടികളെ തൊടാതെയും ബന്ധുക്കളോട് ദൂരെ നിന്നും പ്രായം ചെന്നവരോട് കൂടുതല്‍ അടുക്കാതെയും ഓണം ആഘോഷിക്കുക എന്നത് മലയാളിയെ സംബന്ധിച്ച് അചിന്ത്യമാണ്. എന്നാല്‍ അകലം പാലിച്ച് ആഘോഷ ദിനങ്ങള്‍ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, നമ്മുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി, കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ ജാഗ്രതാ നിര്‍ദേശം പാലിക്കേണ്ടതുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തവരില്‍നിന്നും രോഗലക്ഷണം കാണിക്കാത്തവരില്‍നിന്നും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുമ്പോള്‍ വളരെ കരുതലോടെ കഴിയേണ്ട കാലമാണിതെന്ന് കൊറോണ വൈറസ് നമ്മെ ഓര്‍മപ്പെടുത്തുന്നു.

കൊവിഡ് മൂന്നാം തരംഗത്തിന്റെയും ഡെല്‍റ്റ വകഭേദത്തിന്റെയും ഭീഷണി തൊട്ടുമുമ്പിലുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഇത്തവണയും വീട്ടിനുള്ളിലാണെങ്കിലും അകലം പാലിച്ച് ഓണം ആഘോഷിക്കാം. ഓണാഹ്ലാദം ഓണം കഴിഞ്ഞും അങ്ങനെ സാര്‍ഥകമാകട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.