2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഒർമകളുടെ ജ്യോതി അണയ്ക്കാനാവില്ല


ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെന്ന പോലെ രാജ്യത്തിന്റെ പുരോഗതിയിലോ, നവോത്ഥാന സംരംഭങ്ങളിലോ ഒരു പങ്കുമില്ലാതിരുന്ന ഹിന്ദുത്വ ശക്തികളെ അത്തരം മഹത്തായ പ്രവർത്തനങ്ങളുടെ തിളങ്ങുന്ന അധ്യായങ്ങൾ എന്നും അസ്വസ്ഥപ്പെടുത്തിയിട്ടേ ഉള്ളൂ. അതിനാൽ തന്നെ ചരിത്രത്തിന്റെ ഏടുകളിൽനിന്ന് അവ പറിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നതിൽ വ്യാപൃതരാണ് സംഘ്പരിവാർ ഭരണകൂടം. ബി.ജെ.പി 2016ൽ അധികാരത്തിൽ വന്നത് മുതൽ തുടക്കമിട്ടതാണ് ഈ പ്രക്രിയക്ക്. സംഘ്പരിവാർ അനുകൂലികളായ ചരിത്രകാരന്മാരെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു ഈ പ്രവർത്തനം ആരംഭിച്ചത്. അവരെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൽ (ഐസി.എച്ച്.ആർ) കുത്തിനിറയ്ക്കുകയും ചെയ്തു. ചരിത്രത്തെ തമസ്‌കരിക്കാനുള്ള യജ്ഞം കേന്ദ്ര സർക്കാർ ആരംഭിച്ചത് ഇങ്ങിനെയാണ്. അതിപ്പോൾ ഏറ്റവും അവസാനമായി എത്തിനിൽക്കുന്നത് വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണയ്ക്കായുള്ള ഇന്ത്യാഗേറ്റിലെ അണയാദീപമായ ”അമർ ജവാൻ ജ്യോതി” ദീപം അണച്ചും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു നടത്താറുള്ള ഗാന്ധിജിയുടെ പ്രിയ ഗാനമായ ”അ ബൈഡ് വിത്ത് മി” ഈ പ്രാവശ്യത്തെ സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്ന് ഒഴിവാക്കിയുമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെന്ന പോലെ രാജ്യത്തിന്റെ പുനർനിർമിതിയിലും ഒരു പങ്കുമില്ലാത്തവർ അധികാരത്തിൽ വരുമ്പോൾ ചരിത്രസത്യങ്ങൾ അവരെ അസ്വസ്ഥപ്പെടുത്തുക സ്വാഭാവികം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു മുതൽക്ക് ചരിത്രധ്വംസനത്തിന് കേന്ദ്ര സർക്കാർ നാന്ദികുറിച്ചത്. അതിനു കാരണമായതാകട്ടെ നെഹ്‌റുവിനോടുള്ള പക മാത്രം. സംഘ്പരിവാറിന്റെ ആജന്മ ശത്രുവായി നെഹ്‌റു മാറിയതിനു പിന്നിൽ അടിസ്ഥാന കാരണങ്ങളുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയെ ഹിന്ദുത്വ രാഷ്ടമാക്കണമെന്നായിരുന്നു കോൺഗ്രസിലടക്കമുള്ള ഹിന്ദുത്വവാദികൾ വാദിച്ചതും അതിനായി കരുക്കൾ നീക്കിയതും. നെഹ്‌റു എന്ന ഒരൊറ്റ വ്യക്തിയാണ് ഹിന്ദുത്വ ശക്തിക്കളുടെ നീക്കത്തെ മാഹാമേരുവിനെപ്പോലെ തടഞ്ഞു നിർത്തിയത്. ഇന്ത്യ ഇന്നും മതേതര രാഷ്ട്രമായി നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവെന്ന ഇന്ത്യയുടെ മഹാനായ പുത്രനോടാണ്. അർധരാത്രിയുടെ മറവിൽ ബാബരി മസ്ജിദിൽ കൊണ്ടുപോയി വച്ച വിഗ്രഹങ്ങൾ സരയൂ നദിയിലൊഴുക്കാൻ പറയാൻ ആർജവം കാണിച്ച ധീരനായ പ്രധാനമന്ത്രിയോട് സംഘ്പരിവാരിന് തീർത്താൽ തീരാത്ത പകയുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് അടിസ്ഥാന ശില പാകിയ നെഹ്‌റുവിനെ കുറിച്ചുള്ള ചരിത്ര സത്യങ്ങൾ മായ്ച്ചുകളയുകയാണ് ഭരണകൂട ലക്ഷ്യം. അതിന്റെ ഭാഗമായാണ് ചരിത്ര ഗവേഷണ കൗൺസിലിൽ വെബ് സൈറ്റിലെ ഹോം പേജിൽ ”ആ സാദീ കേ അമൃത് മഹോത്സവ് ” എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്ന പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളിൽനിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയത്. ബ്രിട്ടിഷുകാർക്ക് നിരവധി തവണ മാപ്പെഴുതിക്കൊടുത്ത് ആൻഡമാൻ ജയിലിൽനിന്ന് രക്ഷപ്പെട്ട വി.ഡി സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതുകൊണ്ടും അരിശം തീരാതെ സംഘ്പരിവാർ കിട്ടുന്ന അവസരത്തിലെല്ലാം ഇന്ത്യയുടെ മഹാനായ സ്വാതന്ത്ര്യസമര സേനാനിയും മതേതര ഇന്ത്യയുടെ കാവലാളുമായിരുന്ന നെഹ്‌റുവിനെ നിരന്തരം വിമർശിച്ചു കൊണ്ടിരുന്നു. ഇതുകൊണ്ടുണ്ടായ ഒരു ഗുണം നെഹ്‌റുവിനെ അറിയാൻ പുതുതു തലമുറ ഏറെ താൽപര്യത്തോടെ മുമ്പോട്ടുവന്നു എന്നതാണ്. നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് പോലെ അവർ നെഹ്‌റുവിലൂടെ ഇന്ത്യയെ കണ്ടെത്തി എന്നതാണ് നെഹ്‌റുവിനെ സംഘ്പരിവാർ ഇകഴ്ത്തിയതു കൊണ്ടുണ്ടായ വലിയൊരു നേട്ടം. ചരിത്രത്തെയെന്നല്ല ഏതൊരു സത്യത്തേയും കുഴിച്ചുമൂടാൻ ഭരണാധികാരികൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും കാലം പരാജയപ്പെടുത്തുമെന്നത് യഥാർഥ്യമാണ്. കുപ്രചാരണങ്ങളിലൂടെ, ഭരണ യന്ത്രമുപയോഗിച്ച് ചരിത്ര യഥാർഥ്യങ്ങൾ ഭരണകർത്താക്കൾ കുഴിച്ചുമൂടാൻ ശ്രമിക്കുന്തോറും അവ കുടുതൽ മിഴിവോടെ തെളിഞ്ഞുവരുമെന്ന ചരിത്ര പാഠങ്ങൾക്ക് ഹിറ്റ്‌ലറുടെ പ്രചാരണ തന്ത്രജ്ഞനായിരുന്ന ഗീബൽസിനോളം പഴക്കമുണ്ട്.

നെഹ്‌റു കഴിഞ്ഞാൽ സംഘ്പരിവാറിന്റെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റൊരു മഹദ് വ്യക്തിയാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. ഗോഡ്‌സെ താഴെ വച്ച തോക്കെടുത്ത് ഗാന്ധിജിക്ക് നേരെ ഇപ്പോഴും നിരന്തരം നിറയൊഴിച്ചു കൊണ്ടിരിക്കുകയാണ് സംഘ്പരിവാർ. ഗാന്ധിജിയെയും ഇന്ത്യയുടെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റാൻ കിട്ടുന്ന അവസരങ്ങളൊന്നും സംഘ്പരിവാർ പാഴാക്കാറില്ല. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ”അ ബൈഡ് വിത്ത് മി” എന്ന ഗാനം ബീറ്റിങ് റിട്രീറ്റിൽനിന്ന് ഒഴിവാക്കാൻ സംഘ്പരിവാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. രാജ്യസ്‌നേഹം വഴിഞ്ഞൊഴുകുന്നത് കൊണ്ടായിരിക്കില്ല പകര ഗാനമായി ”ഏമേരാ വതൻകെ ലോഗാം” എന്ന ഹിന്ദി ദേശഭക്തി ഗാനം ചേർത്തിട്ടുണ്ടാവുക. സംഘ്പരിവാരിനെ സംബന്ധിച്ചേടത്തോളം ദേശഭക്തിയും രാജ്യസ്‌നേഹവും വോട്ട് തട്ടാനുള്ള തന്ത്രം മാത്രമാണ്. അല്ലായിരുന്നുവെങ്കിൽ അരുണാചലിൽ തമ്പടിച്ച ചൈനീസ് സൈന്യത്തെ തുരത്താൻ എന്തുകൊണ്ട് സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല.. ചൈന നമ്മുടെ മണ്ണിൽ റോഡ് വെട്ടുന്നു. ഇന്ത്യൻ ബാലനെ പിടിച്ചു കൊണ്ടുപോകുന്നു. രാജ്യ സ്‌നേഹം പ്രസംഗിക്കുന്നവർക്ക് ഇതുവരെ ഇന്ത്യൻ ബാലനെ ചൈനീസ് പട്ടാള പിടിയിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെ സ്മരണക്കായിട്ടാണ് 1972ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇന്ത്യാഗേറ്റിൽ അമർ ജവാൻ ജ്യോതി തെളിച്ചത്. ഇപ്പോഴത്തെ ഭരണകൂടം അത് ഊതിക്കെടുത്താൻ കാണിച്ച ഉത്സാഹം ഇന്ത്യൻ ബാലനെ ചൈനീസ് പിടിയിൽനിന്ന് മോചിപ്പിക്കാൻ കാണിക്കുന്നുമില്ല. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമയ്ക്കു വേണ്ടിയുള്ളതായിരുന്നു അമ്പത് വർഷമായി അണയാതെ ജ്വലിച്ചുകൊണ്ടിരുന്ന അമർ ജവാൻ ജ്യോതി.

ചരിത്രം തിരുത്തിയെഴുതപ്പെടുന്ന കാലമെന്ന് ബി.ജെ.പി സർക്കാരിന്റെ ഭരണകാലത്തെ വിശേഷിപ്പിക്കാം. എന്നാൽ, തിരുത്തിയെഴുതപ്പെടുന്തോറും യഥാർഥ വസ്തുതകളെ തേടിപ്പിടിക്കാൻ ചരിത്ര കുതുകികളായ യുവ തലമുറ മുന്നോട്ടു വരുന്നതിന്റെ പ്രധാന കാരണം ഭരണകൂടത്തിന്റെ ചരിത്ര തമസ്‌കരണമാണ്.

ഇന്ത്യയുടെ പോയ കാലത്തെയും ആധുനിക ഇന്ത്യയെ പടുത്തുയർത്താൻ ധിഷണാശാലികളും ക്രാന്തദർശികളുമായ നേതാക്കൾ നടത്തിയ ത്യാഗ നിർഭരപ്രവർത്തനങ്ങളെയും കുറിച്ച് ആഴത്തിലറിയാൻ പുതിയ പഠനങ്ങൾ ഉണ്ടാകുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ചരിത്രം തിരുത്തിയെഴുതപ്പെടുന്ന കാലത്ത് ചരിത്രത്തെ ഓർമപ്പെടുത്തൽ കൂടുതലായി നടക്കുന്നു എന്നത് ശുഭകരമാണ്. അതാകട്ടെ സംഘ്പരിവാർ ശ്രമങ്ങൾക്കുള്ള തിരിച്ചടിയുമാണ്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതി അണയ്ക്കാൻ ഭരണകൂടത്തിന് കഴിഞ്ഞേക്കാം. എന്നാൽ, സ്വരാജ്യത്തിനു വേണ്ടി മരണത്തെ പുണർന്ന അസംഖ്യം യോദ്ധാക്കളെ കുറിച്ചുള്ള, സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള മരണമില്ലാത്ത ഓർമകൾ കോടിക്കണക്കിന് ഇന്ത്യക്കാരുടെ നെഞ്ചിലാണ് അണയാദീപമായി പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.