2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദുരിതാശ്വാസനിധി തട്ടിപ്പുകാർക്കെതിരേ വിരൽ ചൂണ്ടാൻ; മുഖ്യമന്ത്രിക്ക് സാധിക്കുമോ?

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം പുറത്തുവിട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ മോഹനവാഗ്ദാനം ഭരണചക്രത്തിൽനിന്ന് അഴിമതി തുടച്ചുനീക്കി ഉത്തമഭരണം ഉറപ്പുവരുത്തും എന്നതായിരുന്നു. ഇ-ഗവേണൻസ്, ഇ-ടെൻഡറിങ്, സോഷ്യൽ ഓഡിറ്റ്, കർശന വിജിലൻസ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിർമാർജനം ചെയ്യും. സോഷ്യൽ പൊലിസിങ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയരക്ടറേറ്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കും. ജനമൈത്രി പൊലിസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴിൽ കൂടുതൽ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും എന്നിങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. പിന്നീട് ഭരണം കൈയിൽക്കിട്ടി തുടർഭരണത്തിനായുള്ള 2021 തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത് ഭരണനേതൃത്വത്തിൽനിന്ന് അഴിമതി പൂർണമായി തുടച്ചുനീക്കിയെന്നാണ്! എന്നാൽ ഈ മോഹനവാഗ്ദാനങ്ങൾ ചെയ്തവരിൽനിന്ന് കഴിഞ്ഞ ഏഴു വർഷമായി അഴിമതിയുടെ പരമ്പരയാണ് പൊതുജനം കണ്ടും കൊണ്ടുമറിയുന്നത്. മദ്യനിർമാണശാല അഴിമതി, ഇ.എം.സി.സി, പമ്പാ മണൽഖനനം, പ്രളയനിധി വെട്ടിപ്പ്, ട്രഷറിഫണ്ട് ദുരുപയോഗം, എരുമേലി വിമാനത്താവളം, സ്പ്രിങ്ഗ്ലർ, പി.ഡബ്ല്യു.സി, എക്‌സാലോജിക്, മരംവെട്ടി കടത്തൽ, കിഫ്ബി പദ്ധതി, നയതന്ത്രമാർഗമുള്ള കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫിസ്, എം. ശിവശങ്കരൻ, സ്വപ്നയുടെ നിയമനം, സ്‌പേസ് പാർക്ക്, സി.എം രവീന്ദ്രൻ, കൊവിഡ് ഉപകരണങ്ങളുടെ ശേഖരണം, പിൻവാതിൽ നിയമനം, സർവകലാശാലാ നിയമനം തുടങ്ങി ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം വെട്ടിച്ചതിലെത്തി നിൽക്കുന്നു കാര്യങ്ങൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വൻതുക വെട്ടിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് അന്വേഷണത്തിലൂടെ വ്യക്തമായത്. കേരളത്തിലുടനീളമുള്ള കലക്ടറേറ്റുകളിലെ സർക്കാർ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, സ്വകാര്യ ഏജന്റുമാർ എന്നിവരടങ്ങിയൊരു അനധികൃത വൃന്ദമാണ് ഈ തട്ടിപ്പുകൾക്ക് പിന്നിൽ എന്നാണ് പുറത്തുവരുന്ന വിവരം. പ്രകൃതിദുരന്തങ്ങൾ, അത്യാഹിതമരണങ്ങൾ, അപകടമരണങ്ങൾ, ഗുരുതര രോഗങ്ങൾ എന്നിവമൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും പൊതുജന വിഹിതം ഉപയോഗപ്പെടുത്തി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അഥവാ സി.എം.ഡി.ആർ.എഫ്. എന്നാൽ, ജില്ലാ കലക്ടറേറ്റുകളിലെ സി.എം.ഡി.ആർ.എഫ് വിഭാഗത്തിലെ സ്വാധീനം ദുരുപയോഗപ്പെടുത്തി വ്യാജരേഖകളുടെയും അഴിമതിക്കാരായ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുടെയും സഹായത്തോടെയാണ് ചില സ്വകാര്യവ്യക്തികൾ അനർഹരായ വ്യക്തികളുടെ പേരിൽ ഫണ്ടിൽനിന്ന് പണം സ്വീകരിക്കുന്നത്. ഇത്തരം ഇടനിലക്കാർ സി.എം.ഡി.ആർ.എഫിൽ സമർപ്പിച്ച മെഡിക്കൽ രേഖകളും വരുമാന രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ പ്രകൃതിദുരന്തംമൂലം വീടിനു ‘ഗുരുതര കേടുപാടുകൾ’ സംഭവിച്ചെന്നു കാണിച്ച് പണം സ്വീകരിച്ച വ്യക്തിയുടെ വീടിന് യാതൊരു കേടുപാടുകളുമില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സമാനമായി, ആലപ്പുഴയിലെ ഡോക്ടർ ഒരൊറ്റ ദിവസം പത്തു പേർക്കാണ് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിക്കാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. ഇടുക്കിയിലെ ദുരിതാശ്വാസ ഫണ്ടിനായുള്ള എഴുപത് അപേക്ഷകളിലും ഒരേ മൊബൈൽ നമ്പറാണെന്നതും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട് ജില്ലയിൽ നിന്നുള്ള എഴുപത്തിയെട്ടു അപേക്ഷകളിൽ അൻപത്തിനാല് അപേക്ഷകർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് ഒരു ആയുർവേദ ഡോക്ടറാണ്. ഇവരിൽ ചിലർ വൃക്കസംബന്ധ രോഗമുള്ളവരും കാൻസർ രോഗികളുമാണെന്നും വിജിലൻസ് രേഖകൾ വ്യക്തമാക്കുന്നു. ഇതെല്ലാം കേൾക്കുന്ന സാധാരണ ജനങ്ങൾ ഞെട്ടുമെന്നത് വാസ്തവം. എന്നാൽ എനിക്കതിൽ പുതുമ തോന്നുന്നില്ല. കാരണം, ഈ ഭരണചക്രത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിതന്നെ സി.എം.ഡി.ആർ.എഫ് ഫണ്ട് ദുരുപയോഗപ്പെടുത്തിയതിന് ലോകായുക്ത അന്വേഷണം നേരിടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതം അനർഹരായ വ്യക്തികൾക്ക് വിതരണം ചെയ്തതിന് ലോകായുക്ത പരാതി കേട്ടുകൊണ്ടിരിക്കുകയാണ്. പരാതിയിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള പണം ഭരണത്തിലിരിക്കുന്ന പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയ മൂന്ന് കുടുംബങ്ങൾക്ക് വിതരണം ചെയ്തുകൊണ്ട് സഹായധന വിതരണത്തിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നാണ്.
ഉഴവൂർ വിജയന്റെ മകളുടെ വിദ്യാഭ്യാസത്തിനായി സി.എം.ഡി.ആർ.എഫിൽ നിന്ന് 25 ലക്ഷം നൽകിയത് സംബന്ധിച്ചാണ് ഒരു പരാതി. 2017ൽ അന്തരിച്ച ഉഴവൂർ വിജയൻ എൻ.സി.പി നേതാവും ഇടതുമുന്നണിയുടെ ഉറ്റ ചങ്ങാതിയുമായിരുന്നു. മറ്റൊരു പരാതി കെ.കെ രാമചന്ദ്രൻ നായർ പണയം വെച്ച സ്വർണം തിരിച്ചെടുക്കുന്നതിനും കാർ ലോൺ അടക്കുന്നതിനുമായി ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം എടുത്തതു സംബന്ധിച്ചാണ്. സി.പി.എം എം.എൽ.എ ആയിരുന്ന രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് പണം നൽകിയിരിക്കുന്നത്. മൂന്നാമത്തെ പരാതി, അന്തരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തെ അനുഗമിക്കവേ വാഹനാപകടത്തിൽ മരണപ്പെട്ട പൊലിസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതിനെ ചോദ്യംചെയ്തുകൊണ്ടുള്ളതാണ്. ലോകായുക്ത അന്വേഷണത്തിൽ മുഖ്യമന്ത്രിയും കൂട്ടരും കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഘട്ടം വന്നപ്പോൾ അവർ ലോകായുക്ത നിയമംതന്നെ ഭേദഗതി നടത്തി ഗവർണറുടെ അനുമതിക്കായി അയക്കുകയാണ് ചെയ്തത്. തനിക്കെതിരേയുള്ള അഴിമതിയാരോപണത്തിൽ താൻതന്നെ അന്തിമവിധി പറയണമെന്നതാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. പക്ഷേ ഭേദഗതി ബില്ലിന് ഗവർണർ അനുമതി നൽകിയിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം അഭ്യുദയകാംക്ഷികളായ പല കേരളീയരേയും ചൊടിപ്പിച്ചിട്ടുണ്ട്. ഫണ്ട് വെട്ടിപ്പിന്റെ വാർത്തകൾ തെളിവുകൾ സഹിതം പുറത്തുവന്നതോടെ പ്രവാസി ബിസിനസുകാരനായ കെ.ജി എബ്രഹാം കേരള സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് അർഹരായവരിലേക്ക് എത്തുന്നില്ലെന്നും ഇടതുമുന്നണിക്കു വേണ്ടി വോട്ടുചെയ്തതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയിൽ രാഷ്ട്രീയക്കാർക്ക് ഞാനിനി ഒന്നും നൽകില്ല. ഇവർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. ഓരോ രാഷ്ട്രീയക്കാരും ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ടിനായി വരുമ്പോൾ നിരവധി തവണ സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ടാമത്തെ തവണ വന്നപ്പോൾ മാത്രം അൻപതു ലക്ഷം നൽകിയിട്ടുണ്ട്. എന്നാൽ ആ പണമെല്ലാം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഞങ്ങളെയിവർ ചൂഷണം ചെയ്ത് കബളിപ്പിക്കുകയാണ്’ എന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ പ്രവർത്തിക്കുന്ന എബ്രഹാം എൻ.ബി.ടി.സി ഗ്രൂപ്പിന്റെ പാർട്ണറും മാനേജിങ് ഡയരക്ടറുമാണ്. അതേസമയം, പൊതുജനത്തിന്റെ പണം വെട്ടിച്ച് സുഖമായി ജീവിക്കാമെന്ന് കരുതുന്നവർ ഖേദിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ചില ആളുകൾ കരുതുന്നത് വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള പണം വെട്ടിച്ച് ലാഭമുണ്ടാക്കാമെന്നാണ്. സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്നവരെ സംരക്ഷിക്കാൻ ഒരു ഉത്തരവാദിത്വവും സർക്കാരിനില്ലെന്നും’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഉത്തരവാദിത്വങ്ങൾ യഥാസമയം പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ സർവിസിൽ അധികകാലം തുടരില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകായുക്ത അന്വേഷിക്കുന്ന കേസിൽ സംശയത്തിന്റെ നിഴലിലുള്ള ഒരു മുഖ്യമന്ത്രിക്ക്, പ്രത്യേകിച്ച് ഇതിനു മുമ്പുള്ള പല സി.എം.ആർ.ഡി.എഫ് തട്ടിപ്പുകളിലും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് കീഴിലുള്ളവരെ പഴിക്കാനുള്ള അർഹതയുണ്ടോ എന്നത് പരിശോധിക്കേണ്ട വസ്തുതയാണ്.

സ്വർണക്കടത്ത് കേസിൽ ജയിലിലടക്കപ്പെട്ട ശിവശങ്കരന് വീണ്ടും നിയമനം ലഭിച്ചത് ഈ ജനത കണ്ടതാണ്. അതും ജേക്കബ് തോമസിനെ പോലെ കറ പുരളാത്ത ഉദ്യോഗസ്ഥന് പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാതെ മുച്ചൂടും ദ്രോഹിച്ചവരാണ് ശിവശങ്കരനെ പോലുള്ളവർക്ക് നിയമനം നൽകുന്നത്, അവരാണീ മുന്നറിയിപ്പുകളും ഉപദേശങ്ങളും നൽകുന്നത് എന്നതാണിതിലെ ഏറ്റവും വലിയ വിരോധാഭാസം.

ഇനി ഈ സർക്കാരിൽ നടക്കുന്ന അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെന്നാണ് വിശദീകരണമെങ്കിൽ അതാരുടെ കുറ്റമാണ്? പൊതുജനങ്ങളുടേതാണോ? ഒരിക്കലുമല്ല. അത് മുഖ്യമന്ത്രിയുടെ തെറ്റുമാത്രമാണ്. ഒരു ഭരണവൃന്ദത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്ക് തന്റെ കീഴിലുള്ള വ്യവസ്ഥക്കുള്ളിൽ എന്തു സംഭവിക്കുന്നുവെന്ന് അറിയില്ലെങ്കിൽ പിന്നാർക്കാണ് അതറിയുക? അതിനുള്ളിലെ ഓരോ നീക്കുപോക്കുകളും അദ്ദേഹം അറിഞ്ഞിരിക്കണം. സാമ്പത്തിക പരാധീനതകൾക്കിടയിൽ അത്തരമൊരു മുഖ്യമന്ത്രിയെയാണ് കേരളീയർ പ്രതീക്ഷിക്കുന്നത്. അഥവാ, ആത്യന്തികമായി ദുരിതാശ്വാസനിധി അഴിമതിക്കാർക്കെതിരേ മുഖ്യമന്ത്രിക്ക് വിരൽ ചൂണ്ടാൻ ധാർമികാവകാശം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് തന്നെ ഉറപ്പിച്ചു പറയാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.