ന്യൂഡൽഹി
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 58 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ പരീക്ഷണം ബി.ജെ.പിക്ക്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയ കരിമ്പുകർഷരുടെ നാടായ മുസഫ്ഫർ നഗർ അടക്കമുള്ള പടിഞ്ഞാറൻ യു.പിയിലാണ് ആദ്യഘട്ടത്തിലെ സീറ്റുകളിൽ ഭൂരിഭാഗവുമുള്ളത്.
ബി.ജെ.പിക്കെതിരായ കർഷക രോഷം ഇപ്പോഴും തുടരുന്നതിനാൽ കരിമ്പുപാടങ്ങൾ ഇത്തവണ ബി.ജെ.പിക്ക് കയ്ക്കാനാണ് സാധ്യത. 2017ലെ തെരഞ്ഞെടുപ്പിൽ 58ൽ 53 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എസ്.പിയും ബി.എസ്.പിയും രണ്ടു സീറ്റുകൾ വീതവും ആർ.എൽ.ഡി ഒരു സീറ്റും നേടി.
30 സീറ്റുകളിൽ ബി.എസ്.പിയാണ് രണ്ടാമത്. 15 സീറ്റുകളിൽ എസ്.പിയും രണ്ടാമതാണ്. 2013ലെ മുസഫ്ഫർ നഗർ കലാപം, ഖൈറാനയിൽ ഹിന്ദുക്കൾ പലായനം ചെയ്യുന്നുവെന്ന ആരോപണം തുടങ്ങിയവ 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ വർഗീയത പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിക്ക് വോട്ടായി മാറാനിടയില്ല. 2012ലെ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് 20 സീറ്റുകളിലാണ് ബി.എസ്.പി വിജയിച്ചത്. എസ്.പി 14 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. ആർ.എൽ.ഡി ഒൻപത് സീറ്റുകളിലും കോൺഗ്രസ് അഞ്ചു സീറ്റുകളിലും വിജയിച്ചു. അപ്പോഴും 24 സീറ്റുകളിൽ ബി.എസ്.പിയായിരുന്നു രണ്ടാമത്. 2013ലെ മുസഫ്ഫർ നഗർ കലാപം വരെ ബി.എസ്.പിയുടെ ശക്തികേന്ദ്രമായിരുന്ന മേഖലയിൽ മുസ്‌ലിംകളും ദലിതുകളുമായിരുന്നു ബി.എസ്.പിയുടെ പ്രധാന വോട്ടുബാങ്ക്. ജാട്ടുകളുടെ പിന്തുണ ആർ.എൽ.ഡിക്കായിരുന്നു. കലാപത്തിന് ശേഷം ദലിത് വോട്ടുകളും ജാട്ട് വോട്ടുകളും ഒറ്റക്കെട്ടായി ബി.ജെ.പിക്ക് പോയി.
2012ൽ മേഖലയിൽ 11 മുസ്‌ലിം സ്ഥാനാർഥികൾ വിജയിച്ചിരുന്നെങ്കിൽ 2017ൽ അത് ഒന്നായി ചുരുങ്ങി. സൗജന്യ വൈദ്യുതിയാണ് മേഖലയിലെ കർഷകർക്ക് ഈ തെരഞ്ഞെടുപ്പിൽ എസ്.പിയുടെ വാഗ്ദാനം. കാർഷിക കടങ്ങൾ എഴുതിത്തള്ളാമെന്ന് ആർ.എൽ.ഡിയും പറയുന്നു. അയോധ്യയും മഥുരയുമാണ് ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്. മഥുരയിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
Comments are closed for this post.