2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നന്മയുടെ അതിരുകള്‍

എം.വി സക്കറിയ

19 വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു പ്രഭാതം. ഹെയ്‌ലി ആഴ്‌സന്യൂക്‌സ് എന്നു പേരുള്ള മിടുക്കിയായ ഒരു പത്തു വയസുകാരി ആ കാന്‍സര്‍ ആശുപത്രിയിലേക്കു കടന്നുവന്നു. തായ്‌ക്കൊണ്ടോ എന്ന കായികാഭ്യാസ കലയില്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടിയ കരുത്തയായിരുന്നു ആ പെണ്‍കുട്ടി. അതിനിടയിലാണ് കാലിനു വേദന തോന്നിത്തുടങ്ങിയത്. ഇടതു കാല്‍മുട്ടില്‍നിന്ന് ഒരു മുഴ പുറത്തേക്കു തള്ളിനില്‍ക്കുന്നതായും കണ്ടു.
സ്ഥലത്തെ ഡോക്ടറെ കാണിച്ചു. വിശദമായി പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു; ‘കാന്‍സര്‍ മുഴയാകാന്‍ സാധ്യതയുണ്ട് ‘. ‘കാന്‍സര്‍’!. ആ കൊച്ചുപെണ്‍കുട്ടി ഞെട്ടിപ്പോയി. കാന്‍സര്‍ ബാധിച്ചവര്‍ മരിക്കുന്നതിനെക്കുറിച്ചു മാത്രമേ അവള്‍ കേട്ടിരുന്നുള്ളൂ!
അങ്ങനെയാണ് സെന്റ് ജൂഡ് എന്ന ആ പ്രശസ്തമായ ആശുപത്രിയിലേക്ക് അവളെ കൊണ്ടുവരുന്നത്. അവിടെനിന്നു രോഗം സ്ഥിരീകരിച്ചു, കാന്‍സര്‍ തന്നെ!. പക്ഷേ, അല്‍പ്പം പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമുണ്ടായിരുന്നു. രോഗം കാലില്‍നിന്നു മറ്റിടങ്ങളിലേക്കൊന്നും ബാധിച്ചിരുന്നില്ല.

ഹെയ്‌ലി ആഴ്‌സന്യൂക്‌സിനെ കീമോതെറാപ്പിക്കു വിധേയയാക്കി. അതോടെ അവളുടെ അഴകാര്‍ന്ന മുടി പറ്റേ കൊഴിഞ്ഞു. ശിരസിന് മുകള്‍ഭാഗം തികച്ചും ശൂന്യമായി!. തുടര്‍ന്ന് കാലില്‍ സര്‍ജറി നടത്തി. രോഗബാധയേറ്റ ഭാഗത്ത് എല്ല് മുറിച്ചുമാറ്റി. പകരം കൃത്രിമമായി അസ്ഥി വച്ചുപിടിപ്പിച്ചു. മാസങ്ങളോളം ഫിസിയോതെറാപ്പി നടത്തി.

നിരാശയുടെ നരച്ച ആകാശത്തിനു പകരം പ്രതീക്ഷയുടെ വെള്ളിവെളിച്ചം പതുക്കെ പ്രസരിച്ചു തുടങ്ങി. അവളുടെ മനസുപോലെ ശരീരവും കരുത്തിലേക്കു ക്രമേണ തിരിച്ചെത്തി. സ്വന്തം അസ്ഥിക്കു പകരം കൃത്രിമ അവയവ ഭാഗവുമായി അവള്‍ ലോകത്തേക്കിറങ്ങി. പതുക്കെ സാധാരണ ജീവിതം നയിച്ചു തുടങ്ങി. പക്ഷേ, എന്താണിതിലെ ആതിശയ വാര്‍ത്ത?, അതാണോ നിങ്ങള്‍ ആലോചിക്കുന്നത്? പറയാം.

കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച ഹെയിലിക്ക് ഒരു മോഹമുണ്ടായി. അതവള്‍ ലോകത്തോടു പറയുകയും ചെയ്തു. 30 വയസ് തികയുന്നതിനു മുമ്പ് ഭൂമിയിലെ ഏഴു ഭൂഖണ്ഡങ്ങളിലും സന്ദര്‍ശനം നടത്തണം!. 2021 ഡിസംബര്‍ നാലിനാണ് 30 വയസ് പൂര്‍ത്തിയാകുന്നത്. പക്ഷേ, ആ യാത്രയ്ക്ക് അവള്‍ക്ക് ഒട്ടും സമയം കിട്ടിയില്ല!. കാരണം ഭൂഖണ്ഡങ്ങള്‍ വിട്ട് ആകാശങ്ങളുടെ അതിരുകളും കടന്ന് അതിനുമപ്പുറം അനന്തതയിലേക്ക്, ബഹിരാകാശത്തേക്ക് അവള്‍ക്കു മനോഹരമായൊരു യാത്ര നടത്താനുണ്ടായിരുന്നു!. അതിനുള്ള ഒരുക്കങ്ങളിലായിരുന്നു ഈ വര്‍ഷം!. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ബഹിരാകാശ വാഹനം മിന്നല്‍വേഗതയില്‍ കുതിച്ചുയര്‍ന്നപ്പോള്‍ അതിലെ നാലു യാത്രക്കാരിലൊരാള്‍ കൃത്രിമ അവയവമുള്ള ആ 29കാരിയായിരുന്നു!. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരി എന്ന ബഹുമതിയും ആ കാന്‍സര്‍ മോചിതയ്ക്കുള്ളതായിരുന്നു!

എന്തുകൊണ്ട് ഈ യുവതിയെ ബഹിരാകാശ യാത്രയ്ക്കു തെരഞ്ഞെടുത്തു?. അതാണ് മനസിലുയരാവുന്ന മറ്റൊരു ചോദ്യം. കോടിക്കണക്കിന് ഡോളര്‍ ചെലവുവരുന്ന ഈ യാത്രയ്ക്ക് ഹെയ്‌ലിയെ തികച്ചും സൗജന്യമായി കൊണ്ടുപോകാന്‍ എന്താണ് കാരണം?. ഈ ദൗത്യം മനുഷ്യസ്‌നേഹത്തിന്റെ, നന്മയുടെ പലപല ഉദാഹരണങ്ങളുടെ ഒരു സമാഹാരമാണ്.

പ്രതീക്ഷയറ്റ, മരണം മുന്നില്‍ക്കണ്ട തനിക്ക് ജീവിതം തിരിച്ചുതന്ന സെന്റ് ജൂഡ് ആശുപത്രിയില്‍ സേവനം നടത്തണം. രോഗികളെ ശുശ്രൂഷിക്കണം. അതായിരുന്നു ഹെയ്‌ലിയുടെ ആഗ്രഹം. കാരണം, ജീവിതം കൈവിട്ടുപോകുന്ന, നിരാശയുടെ അഗാധതയില്‍ കഴിയുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യാശ പകരാന്‍ തന്നെപ്പോലെ മറ്റാര്‍ക്കാണ് കഴിയുക!

‘ഞാനും നിങ്ങളെപ്പോലെ രോഗബാധിതയായിരുന്നു. നോക്കൂ, ഇന്നു ഞാന്‍ പൂര്‍ണ ആരോഗ്യവതിയല്ലേ. എനിക്കു കഴിഞ്ഞതു നിങ്ങള്‍ക്കും സാധ്യമാകും. തീര്‍ച്ചയായും’ അതു പറയുമ്പോള്‍ കുഞ്ഞുകണ്ണുകളില്‍ പ്രതീക്ഷയുടെ നാളം വിരിയുന്നത് ഹെയ്‌ലി സ്വപ്നം കണ്ടു. അത് അവള്‍ക്കു സാധ്യമാകുകയും ചെയ്തു.

തെക്കുകിഴക്കന്‍ അമേരിക്കയിലെ ഒരു സ്റ്റേറ്റായ ടെന്നസിയിലെ പ്രശസ്തമായ ആശുപത്രിയാണ് സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റല്‍. 1962ലാണ് സ്ഥാപിതമായത്. കാന്‍സര്‍ ബാധിതരായ കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ 21 വരെ പ്രായക്കാര്‍ക്കാണ് ചികിത്സ. ഒരു ദിവസം ആശുപത്രി നടത്തിക്കൊണ്ടുപോകാന്‍ 28 ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവുവരും. അതായത് ഇരുപത് കോടി അറുപത്തിയാറു ലക്ഷം ഇന്ത്യന്‍ രൂപ!
എന്നാല്‍, ചികിത്സ പൂര്‍ണമായും സൗജന്യം. താമസവും ഭക്ഷണവും യാത്രാച്ചെലവുകളുമുള്‍പ്പെടെ സൗജന്യമാണിവിടെ.

പല രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ, നന്മ തുളുമ്പുന്ന ഹൃദയങ്ങളുള്ള മനുഷ്യരില്‍നിന്നു ലഭിക്കുന്ന സംഭാവനകളാണ് ഈ ആശുപത്രിയെ നിലനിര്‍ത്തുന്നത്. ലോകത്തെ കോടിപതികളില്‍ കോടീശ്വരനാണ് ജാറെദ് ഐസക്മാന്‍ എന്ന ബിസിനസുകാരന്‍. അദ്ദേഹമാണ് ആശുപത്രിയിലേക്കുള്ള ധനസമാഹരണത്തിനായി ഈ ബഹിരാകാശയാത്ര സംഘടിപ്പിച്ചതും യാത്രികരെ കണ്ടെത്തിയതും.
പത്താം വയസില്‍ കാന്‍സര്‍ രോഗം ബാധിച്ചിരുന്ന ഹെയ്‌ലി ആഴ്‌സിനോക്‌സ് നടത്തിയ ബഹിരാകാശ യാത്ര അവിടെ രോഗികളായി കഴിയുന്ന കുട്ടികളില്‍ വളര്‍ത്തിയ പ്രത്യാശ അവര്‍ണനീയമാണ്. ജീവിതത്തിലേക്കു ശക്തമായി തിരിച്ചുവരണമെന്ന് അവരെ മോഹിപ്പിക്കാന്‍ ഹെയ്‌ലി ആഴ്‌സനോക്‌സിന് സാധ്യമാകുന്നു. അതെ. എങ്ങും നന്മകള്‍ മാത്രം വിരിയുന്നതു കാണാന്‍ എന്തൊരു സുഖമാണ്!
ആകാശമാണ് അതിര് എന്നു പറയാറുണ്ട്. നന്മയുടെ, സ്‌നേഹത്തിന്റെ, കരുണയുടെ പൂക്കള്‍ ആകാശത്തിനുമപ്പുറത്തേക്കും വളര്‍ന്നു വിരിയട്ടെ. സുഗന്ധം പരത്തട്ടെ. അതിരുകളില്ലാതെ പ്രശോഭിക്കട്ടെ!
‘We can’t help everyone, but everyone can help someone.’
Ronald Reagan

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.