2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

കരിങ്കടൽ തീരത്ത് സമാധാനക്കാറ്റ് എന്ന് വീശും


ഉക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയിട്ട് നാളെ ഒരു വർഷം തികയുകയാണ്. പശ്ചിമേഷ്യയിൽ അശാന്തി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും യൂറോപ്പിലെ അധിനിവേശം പാശ്ചാത്യ രാജ്യങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. യൂറോപ്പിൽനിന്ന് അഭയാർഥികൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിത്തുടങ്ങി. ഏഷ്യയിൽനിന്നോ മധ്യപൂർവേഷ്യയിൽനിന്നോ ഉള്ള അഭയാർഥികൾക്കൊപ്പം ഉക്രൈൻ ജനതയും സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടിവന്നു. ഉക്രൈനിന്റെ കിഴക്കൻമേഖലകൾ റഷ്യ പിടിച്ചെടുത്തു. ചില പ്രവിശ്യകൾ പിന്നീട് റഷ്യയിൽനിന്ന് ഉക്രൈൻ തിരിച്ചുപിടിക്കുകയും ചെയ്തു.
യു.എൻ കണക്കനുസരിച്ച് 8000 സാധാരണക്കാരാണ് ഉക്രൈനിൽ കൊല്ലപ്പെട്ടതെങ്കിലും അനൗദ്യോഗിക കണക്കിൽ ഇത് 30,000 ആണ്. റഷ്യൻ സൈനികരും ഉക്രൈൻ സൈനികരുമായി രണ്ടുലക്ഷം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഉക്രൈൻ അശാന്തമായിക്കഴിഞ്ഞു. പക്ഷേ വീഴാതെ പോരാടാൻ അവർക്ക് കഴിഞ്ഞു എന്നത് ഉക്രൈൻ ജനതയുടെയും പ്രസിഡന്റ് വ്‌ളോദ്മിർ സെലൻസ്‌കിയുടെയും കഴിവും പ്രാപ്തിയും ആത്മവിശ്വാസവുമാണ് സൂചിപ്പിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഉക്രൈന് സാമ്പത്തികമായും സൈനികപരമായും സഹായം ലഭിക്കുന്നുണ്ട്. എന്നാൽ മതിയായ സഹായം ലഭിച്ചില്ലെന്നും സൈനിക സഹായം വേണമെന്നുമാണ് സെലൻസ്‌കി പറയുന്നത്. കൂടുതൽ സഹായവുമായി യു.എസും യൂറോപ്യൻ യൂനിയനും രംഗത്തുവന്നു. ഉക്രൈനുമേൽ ഒരു വർഷമായി ഇടവിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. തുടക്കത്തിൽ നേടിയ മേൽക്കോയ്മ ഇപ്പോൾ റഷ്യക്കില്ലെന്നതും ശ്രദ്ധേയമാണ്. റഷ്യൻ സൈനികർക്ക് കനത്ത ആൾനാശം വരുത്താൻ ഉക്രൈന് കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കൊണ്ട് ഉക്രൈനെ കീഴ്‌പ്പെടുത്താമെന്ന കണക്കുകൂട്ടൽ പാടെ തകർന്നു. റഷ്യ പ്രതിരോധനിലയിലേക്ക് മാറിയിരിക്കുന്നു. ആക്രമണങ്ങൾ നടത്തുന്നുണ്ടെങ്കിലും റഷ്യക്ക് മുന്നേറാനോ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനോ കഴിയുന്നില്ല. അധിനിവേശത്തിന്റെ വാർഷികത്തിനു മുന്നോടിയായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രൈനിലെത്തി സെലൻസ്‌കിയെ കണ്ടത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ അധിനിവേശത്തെ ന്യായീകരിച്ചും പാശ്ചാത്യ രാജ്യങ്ങളെ കടന്നാക്രമിച്ചും റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്തു.
ഉക്രൈനൊപ്പമാണെന്ന വ്യക്തമായ സന്ദേശം ജോ ബൈഡൻ പലപ്പോഴായി നൽകിക്കഴിഞ്ഞു. ഇതോടെ അധിനിവേശത്തിന്റെ പേരിൽ ഇരുചേരികൾ കൊമ്പുകോർക്കുകയാണ്. സൈനിക സഹായമെന്ന പേരിൽ മൂന്ന് ബില്യൻ ഡോളറിന്റെ പടയൊരുക്കമാണ് യു.എസ് ഉക്രൈനിൽ നടത്തുന്നത്. ഇത് റഷ്യയെ ലക്ഷ്യംവച്ചാണ്. യു.എസിനും നാറ്റോയ്ക്കും താവളമൊരുക്കുന്നു എന്ന ആരോപണം കഴിഞ്ഞ ദിവസവും റഷ്യ ഉന്നയിച്ചു. യു.എസിന് മേഖലയിൽ കൂടുതൽ സൈനിക നിക്ഷേപമൊരുക്കാനുള്ള അവസരമാണ് വന്നുചേർന്നത്.

ഉക്രൈൻ അധിനിവേശവും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഒപ്പം ലോക സാമ്പത്തികസ്ഥിതിയെ ഇൗ ആക്രമണങ്ങൾ ബാധിച്ചു. ഏറ്റവും വലിയ ധാന്യപ്പാടങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഉക്രൈൻ. ഗോതമ്പ് കയറ്റുമതിയിലൂടെ ലോകത്തിന്റെ പട്ടിണിമാറ്റിയതിൽ ഉക്രൈനും റഷ്യക്കും വലിയ പങ്കുണ്ട്. അധിനിവേശവും ആക്രമണവും തുടങ്ങിയതോടെ ധാന്യക്കയറ്റുമതി നിലച്ചു. ലോകത്ത് ഭക്ഷ്യപ്രതിസന്ധിയും ഗോതമ്പുക്ഷാമവും നേരിട്ടു. പ്രത്യേകിച്ച്, യൂറോപ്പിലും പടിഞ്ഞാറൻ രാജ്യങ്ങളിലും. പാകിസ്താന്റെ മൂന്നിൽരണ്ടുഭാഗവും പ്രളയത്തിൽ മുങ്ങി കൃഷി നശിച്ചതോടെ ഭക്ഷ്യപ്രതിസന്ധി കൂടി. തുടർന്ന് ഐക്യരാഷ്ട്രസഭ ഇടപെട്ടാണ് ഉക്രൈനും റഷ്യയും തമ്മിൽ കരിങ്കടൽ വഴി ഗോതമ്പ് കയറ്റുമതിക്ക് കരാറുണ്ടാക്കിയത്. ഇതുപ്രകാരം കയറ്റുമതി പുനരാരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. ഇതിനിടെ പട്ടിണി രാജ്യങ്ങൾ കൂടുതൽ പട്ടിണിയിലേക്ക് തള്ളപ്പെട്ടു. സൊമാലിയയിൽ വരൾച്ചമൂലമുള്ള കൃഷിനാശവും ഉക്രൈനിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചതും പട്ടിണി വർധിപ്പിച്ചു. പോഷകാഹരക്കുറവിനും പട്ടിണിക്കും കാരണമായ അധിനിവേശത്തിനാണ് ഒരു വർഷം പൂർത്തിയാകുന്നത്.

ഉക്രൈൻ അധിനിവേശം റഷ്യയിലും അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. സൈനികർ കൊല്ലപ്പെടുന്നതും സൈനിക ടാങ്കുകൾ പിടിച്ചെടുക്കുന്നതും റഷ്യയിൽ പുടിൻ വിരുദ്ധ വികാരത്തിന് തിരികൊളുത്തിയിട്ടുണ്ട്. പുടിന്റെ നയങ്ങൾക്കെതിരേ പ്രതിപക്ഷം രംഗത്തുണ്ട്. ഇത് ജനങ്ങളിലേക്ക് പടർന്നതോടെ ഉക്രൈൻ അനുകൂല പ്രസ്താവനകളും കുറിപ്പുകളും രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിച്ചു. ഈ കേസിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ തടവിലായി. ഇത്തരം കേസുകളിൽ പെടുന്നവർക്ക് 9 വർഷത്തെ തടവാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുന്നതെങ്കിലും പ്രമുഖ റഷ്യൻ മാധ്യമപ്രവർത്തകർക്കും മറ്റും 7 വർഷം തടവ് ലഭിച്ചു. കൊല്ലപ്പെട്ട സാധാരണക്കാരുടെയും സൈന്യത്തിന്റെയും നശിപ്പിക്കപ്പെട്ട സ്വത്തുവകകളുടെയും കണക്കുകൾ ഏതു യുദ്ധത്തിലെന്നതുപോലെ കൃത്യമായ കണക്കുകളില്ല.

രാഷ്ട്രത്തലവൻമാരുടെ കുടിപ്പകയും പോരുമാണ് പലപ്പോഴും അധിനിവേശത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുന്നത്. ഇരയാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരും. യുദ്ധം ഉക്രൈനിലാണെങ്കിലും കെടുതികൾ യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമുള്ളവർ അനുഭവിക്കുന്നുണ്ട്. കൊവിഡ് സൃഷ്ടിച്ച വലിയ ഞെരുക്കത്തിന് പിന്നാലെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. മനുഷ്യനിർമിത സംഘർഷങ്ങൾക്ക് പുറമെ പ്രകൃതിക്ഷോഭങ്ങളും മനുഷ്യരുടെ ജീവിതം ശ്വാസംമുട്ടിക്കുകയാണ്. പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് പതിക്കുന്ന മനുഷ്യരുടെ കണ്ണീർ കാണാൻ ലോകനേതാക്കൾക്ക് കഴിയാതെ പോകരുത്. യുദ്ധമല്ല സമാധാനമാണ് എക്കാലത്തെയും നന്മ. ആഗോള ഉച്ചകോടികളിൽ ഭംഗിവാക്കുകൾ പറയുന്നവർ ആത്മാർഥമായി ചിന്തിക്കണം. ഇല്ലെങ്കിൽ ഗതിമുട്ടിയ ജനങ്ങൾ പടനയിക്കുന്ന കാലം വിദൂരമല്ല. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങൾ ലോകത്തെ സംഘർങ്ങളില്ലാത്ത നല്ല നാളെകൾ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം. വൻശക്തികൾ തമ്മിലുള്ള പോരായതിനാൽ ഇടപെടാനും ഇത്തരം ശക്തികൾതന്നെ രംഗത്തിറങ്ങേണ്ടിവരും. യുദ്ധം സൃഷ്ടിക്കുന്ന വേദനയും നഷ്ടവും യൂറോപ്പും അനുഭവിച്ച സ്ഥിതിക്ക് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.