2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ഒരുമയില്‍ മഹാമാരിയെ മറികടന്ന മാനവികത


 

അതിജീവന ശക്തി ഒരിക്കല്‍കൂടി ലോകത്തിന് മുന്നില്‍ തെളിയിച്ച് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ഒളിംപിക്‌സ് ദീപമണഞ്ഞു. പുതിയ ദൂരങ്ങളിലേക്കും ഉയരങ്ങളിലേക്കും കൂടുതല്‍ വേഗത്തില്‍ പറന്നവര്‍, കായിക കരുത്തിന്റെ ഉദയാസ്തമയങ്ങള്‍, വിജയച്ചിരിയും തോല്‍വിയുടെ കണ്ണുനീരും ടോക്കിയോയിലും നിറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം 2024 ല്‍ പാരിസില്‍ ഒളിംപിക്‌സ് ദീപശിഖ ജ്വലിക്കും. ലോകത്തെ അകലമിട്ടു നിര്‍ത്തിയും ജീവനെടുത്തും വിളയാടുന്ന കൊവിഡ് 19നുമേലാണ് ടോക്കിയോയില്‍ ഒളിംപിക്‌സിന്റെ വിജയഗാഥ മുഴങ്ങിയത്. ജപ്പാനും രാജ്യാന്തര ഒളിപിംക്‌സ് കമ്മിറ്റിയും കൈക്കോര്‍ത്ത് നടത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെ ജയം.

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ ഒളിംപിക്‌സ് ചരിത്രത്തിലും സുവര്‍ണ നേട്ടങ്ങളുടെ അടയാളപ്പെടുത്തലിന് ടോക്കിയോ സാക്ഷിയായി. സുവര്‍ണമുദ്ര ചാര്‍ത്തിയ ‘കുന്തം’ പറന്നിറങ്ങിയത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ വീണ്ടെടുപ്പിലേക്കായിരുന്നു. ഹരിയാനയിലെ പൗരാണിക യുദ്ധഭൂമിയായ പാനിപ്പത്തിലെ ഖന്ദേര ഗ്രാമത്തില്‍ പിറവിയെടുത്ത നീരജ് ചോപ്ര 136 കോടി ജനതയുടെ പ്രതീകമായി മാറിയ ചരിത്രത്തിലെ അപൂര്‍വകാഴ്ച. ഇതിഹാസം മില്‍ഖ സിങ്ങിനും പി.ടി ഉഷയ്ക്കും സെക്കന്‍ഡില്‍ ഒരംശം കൊണ്ട് നഷ്ടമായ പതക്കത്തിന് നീരജ് ചോപ്രയിലൂടെ വീണ്ടെടുപ്പ്.
അഞ്ച് ഒളിംപിക്‌സുകളില്‍ നിന്നായി 11 മെഡലുകള്‍ നേടി ചരിത്രമായി അമേരിക്കന്‍ സ്പ്രിന്റര്‍ അലിസണ്‍ ഫെലിക്‌സ്, സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തിയ ജമൈക്കയുടെ എലൈന്‍ തോംപ്‌സണ്‍, ഉസൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയായ ഇറ്റാലിയന്‍ സ്പ്രിന്റര്‍ മാര്‍സല്‍ ജേക്കബ്‌സ്, 13-ാം വയസില്‍ സ്‌കേറ്റ്‌ബോഡിങ്ങില്‍ വിസ്മയമായി സ്വര്‍ണ, വെള്ളി പതക്കങ്ങള്‍ നേടിയ ജപ്പാന്റെ മോമിജി നിമിഷിയ, ബ്രസീലിന്റെ റെയ്‌സ ലീല്‍… ടോക്കിയോയെ കായിക കരുത്തിനാല്‍ അടയാളപ്പെടുത്തിയവര്‍ നിരവധി.

1920 ല്‍ ബെല്‍ജിയത്തിലെ ആന്‍വെര്‍പില്‍ ഔദ്യോഗികമായി തുടക്കമിട്ട ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവും ടോക്കിയോയില്‍ പിറന്നു. 125 വര്‍ഷം പിന്നിടുന്ന ഒളിംപിക്‌സില്‍ ഇന്ത്യ ഇതുവരെ നേടിയത് 33 മെഡല്‍. 1900 ല്‍ പ്രിച്ചഡ് നോര്‍മാന്‍ നേടിയ രണ്ടു വെള്ളി മെഡലുകള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ ഇന്ത്യയുടെ ആകെ സമ്പാദ്യം 35. 2012 ല്‍ ലണ്ടനില്‍ ആറും 2020 ടോക്കിയോയിലെ ഏഴുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടങ്ങള്‍. അമേരിക്ക കിരീടം ചൂടിയ ടോക്കിയോയില്‍, ചൈനയും ജപ്പാനും കായികരംഗത്തെ അപ്രമാധിത്വം ഉറപ്പിച്ച ഒളിംപിക്‌സ് പോരില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയിലെ സ്ഥാനം 48.

ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചാനുവിലൂടെ (വെള്ളി) തുടക്കമിട്ട മെഡല്‍ പോരില്‍ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയും (വെള്ളി), ബാഡ്മിന്റണില്‍ പി.വി സിന്ധുവും ബോക്‌സിങ്ങില്‍ ലവ്‌ലീന ബോര്‍ഗോഹെയ്‌നും ഹോക്കി പുരുഷ ടീമും ഗുസ്തിയില്‍ ബജ്രംഗ് പൂനിയയും വെങ്കലങ്ങളും രാജ്യത്തിനു സമ്മാനിച്ചു. ജാവലിനില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് കുന്തമുന പായിച്ച് നീരജ് ചോപ്ര കൊരുത്തെടുത്ത സ്വര്‍ണമെഡലോടെയാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. മെഡലുകള്‍ക്ക് അടുത്തുവരെയെത്തി കൈയകലത്തില്‍ വിജയം നഷ്ടമായവരുടെ വേദനയും നിരാശയും ടോക്കിയോയിലും ആവര്‍ത്തിക്കപ്പെട്ടു. ഗോള്‍ഫില്‍ അദിതി അശോക്, വനിതാ ഹോക്കി ടീം, ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചിട്ടും ഫൈനലിലേക്ക് ബാറ്റണേന്താന്‍ കഴിയാതെ പോയ 4 ഗുണം 400 മീറ്റര്‍ റിലേ ടീം. ഷൂട്ടിങ്ങിലെയും അമ്പെയ്ത്തിലെയും ബോക്‌സിങ്ങിലെയും അപ്രതീക്ഷിത പരാജയങ്ങള്‍.
ഗോള്‍ഫില്‍ 200-ാം റാങ്ക് മാത്രമുള്ള അദിതിയുടെ നാലാം സ്ഥാനവും മലയാളി താരങ്ങളായ മുഹമ്മദ് അനസും അമോജ് ജേക്കബും നോഹ നിര്‍മല്‍ ടോമും തമിഴ്‌നാട്ടുകാരന്‍ ആരോക്യ രാജീവും നടത്തിയ പ്രകടനങ്ങളും എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ്. മെഡലുകളിലേക്ക് ലക്ഷ്യമിട്ടു കാഞ്ചി വലിച്ചുതുടങ്ങിയ ഷൂട്ടിങ് സംഘത്തിന്റെ ഉന്നം പിഴച്ചത് ഇന്ത്യക്ക് ടോക്കിയോയില്‍ നല്‍കിയത് സമാനതകളില്ലാത്ത നിരാശയാണ്. എല്ലാവിധ സംവിധാനങ്ങളും ഏറ്റവും മികച്ച വിദേശ പരിശീലനങ്ങളും ഒരുക്കി നല്‍കിയിട്ടും തോക്ക് താഴ്ത്തി മടങ്ങേണ്ടി വന്നു. ലോക റാങ്കിങ്ങിലെ മുന്‍നിര താരങ്ങള്‍ക്ക് പ്രതിഭയ്‌ക്കൊത്ത് ഉന്നം പിടിക്കാനായില്ല. അമ്പെയ്ത്തിലും നിരാശയിലേക്കാണ് അസ്ത്രം തറച്ചത്. ഒളിംപിക്‌സിലെ മാനസിക സമ്മര്‍ദങ്ങളാണ് പോഡിയത്തിനരികെവരെ എത്തിയവരെ വീഴ്ത്തിയത്.

2020 ടോക്കിയോ ഒളിംപിക്‌സിനായി 2014ല്‍ തുടക്കമിട്ട ടാര്‍ഗറ്റ് ഒളിംപിക് പോഡിയം (ടോപ് ) പദ്ധതിയുമായി മികച്ച ഒരുക്കങ്ങള്‍ തന്നെയാണ് ഇന്ത്യ നടത്തിയത്. മികച്ച താരങ്ങള്‍ക്കെല്ലാം വിദേശത്ത് വിദഗ്ധ പരിശീലനവും സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. എന്നിട്ടും കോടികള്‍ ചെലവിട്ടുള്ള ഒരുക്കങ്ങളിലും താരങ്ങളുടെ പ്രകടനങ്ങളിലും പിഴച്ചതെവിടെയെന്ന വിലയിരുത്തലും തിരുത്തലും നടത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ കായികരംഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിലയിരുത്തല്‍ ഗുണം ചെയ്യും.

രാജ്യത്തിന്റെ കായിക ശ്രദ്ധ ക്രിക്കറ്റിലേക്ക് മാത്രം ചുരുങ്ങിയയിടത്തുനിന്നും നീരജിന്റേതടക്കമുള്ള മെഡല്‍ നേട്ടങ്ങള്‍ വ്യത്യസ്ത കായിക മേഖലകളിലേക്കുകൂടി ജനങ്ങളെ ആകര്‍ഷിക്കാനായി എന്നത് ഈ ഒളിംപിക്‌സ് നല്‍കുന്ന പ്രധാന നേട്ടമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മെഡല്‍ നേട്ടത്തോടെയുള്ള ഹോക്കിയിലെ തിരിച്ചുവരവും വനിതാ ഹോക്കിയിലെ വീണ്ടെടുപ്പും തിളക്കമുള്ളതായി.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒരുകാലത്ത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ അടക്കിവാണത് കേരളമാണ്. ഇത്തവണ ഒരു വനിതാ താരം പോലും കേരളത്തിന്റെ സംഭാവനയായി ടോക്കിയോയില്‍ എത്തിയില്ല. കേരളത്തിന്റേതെന്ന് അഭിമാനത്തോടെ പറയാന്‍ എത്ര താരങ്ങളുണ്ടായിരുന്നു ടോക്കിയോയില്‍?. സര്‍വീസസും ഇന്ത്യന്‍ ആര്‍മിയും പകര്‍ന്നു നല്‍കിയ ഊര്‍ജത്തില്‍ ഉയര്‍ന്നു വന്നവരായിരുന്നു ഏറെയും. സ്വന്തം പണവും ഫിനയുടെ സ്‌കോളര്‍ഷിപ്പുമായി രാജ്യാന്തര നീന്തല്‍കുളങ്ങളില്‍ മികവിലേക്ക് നീന്തിക്കയറിയ സാജന്‍ പ്രകാശ്, വെങ്കല പതക്കത്തിലൂടെ മലയാളിപ്പെരുമ ഉയര്‍ത്തിയ പി.ആര്‍ ശ്രീജേഷ്… കൈയടികള്‍ക്കപ്പുറം ഇവര്‍ക്കെല്ലാം കേരളം നല്‍കിയ പിന്തുണ വിലയിരുത്താന്‍ കൂടിയുള്ള സമയാണിത്.
ഭാവിയിലെ ഒളിംപ്യന്‍മാരെ സൃഷ്ടിക്കാനുള്ള മാതൃകകള്‍ക്ക് തുടക്കമിടാനുള്ള കാലവും. ഈ ഒളിംപിക്‌സ് മാമാങ്ക കാലത്ത് ദീപം തെളിച്ചും ഫ്‌ളക്‌സ് വച്ചും ആരവങ്ങളുയര്‍ത്തിയവരാണ് രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും കായിക സംഘടനകള്‍. പാരിസില്‍ വിശ്വകായിക മാമാങ്കത്തിന് തിരിതെളിയും മുമ്പെങ്കിലും ഒളിംപ്യന്മാരെയും പുതിയ കായികതലമുറയെയും സൃഷ്ടിക്കാന്‍ എന്തു ചെയ്തുവെന്ന, എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടാവണം. അതിലേക്കുകൂടിയാവണം നമ്മുടെ ചിന്തയും പ്രവര്‍ത്തനവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.