2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഒമിക്രോൺ പടരുന്നു ലോകം ആശങ്കയിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു നിരോധനമേർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
കാൻബറ
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കു നിരോധനം ഏർപ്പെടുത്തി. ബോട്ട് സ്വാന, എസ്വാറ്റിനി, ലെസോതോ, മൊസാംബിക്, നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ് വേ, സീഷെൽസ്, മലാവി എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ആസ്‌ത്രേലിയയും കാനഡയും യു.എസുമെല്ലാം നിരോധനം ഏർപ്പെടുത്തി. സഊദി, ബഹ്‌റൈൻ, ജോർദാൻ എന്നിവയും വൈറസ് ബാധ റിപ്പോർട്ടുചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കു ഏർപ്പെടുത്തിയപ്പോൾ നാളെ മുതൽ യാത്രക്കാർക്കു നിരോധനം ഏർപ്പെടുത്തുമെന്നു യു.എ.ഇ അറിയിച്ചു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി ബ്രസീലും വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള എട്ടു യാത്രക്കാർക്കു രാജ്യത്തു പ്രവേശിക്കാൻ നിരോധനം ഏർപ്പെടുത്തിയതായി തായ് ലാൻഡ് അറിയിച്ചു. ഈ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഉത്തരവ് വരുന്നതിന് മുൻപ് തായ്‌ലാൻഡിൽ പ്രവേശിച്ച ഈ രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും തായ്‌ലാൻഡ് അറിയിച്ചു. വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നു വരുന്നവർക്കു നിരോധനം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളായി എത്തിയവർ യാത്രാ പദ്ധതി വെട്ടിച്ചുരുക്കി മടങ്ങാനായി ജോഹന്നാസ് ബർഗ് ഉൾപ്പെടെയുള്ള ദക്ഷിണാഫ്രിക്കയിലെയും രോഗം സ്ഥിരീകരിച്ച സമീപ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിലേക്കു ഒഴുകുകയാണ്. ലോക വ്യാപാര സംഘടന ജനീവയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന മന്ത്രിതല സമ്മേളനവും കൊവിഡ് സാഹചര്യം ഗുരുതരമായതിനാൽ മാറ്റി. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ബൃഹത്തായ കൂടിച്ചേരലാണ് സമ്മേളനം ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയിരിക്കേ മാറ്റിയത്.

ദക്ഷിണാഫ്രിക്കയിൽ നിന്നു രണ്ടു വിമാനങ്ങളിലായി വെള്ളിയാഴ്ച ആംസ്റ്റർഡാമിൽ എത്തിയ നിരവധി പേർക്കു പരിശോധയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതായി നെതർലാൻഡ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അറുന്നൂറോളം പേരാണ് രാജ്യത്തേക്കു കെ.എൽ.എം വിമാനങ്ങളിൽ എത്തിയതെന്നും മന്ത്രാലയം അറിയിച്ചു.ജപ്പാൻ, റഷ്യ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് പതുതായി ജനിതക വ്യതിയാനം സംഭവിച്ച ബി.1.1.529 വൈറസിന് ഒമിക്രോൺ എന്ന പേര് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.