2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നയാഗ്ര കീഴടക്കിയ ബ്ലോണ്ടിന്‍

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

കാണികളില്‍ രോമാഞ്ചം സൃഷ്ടിച്ച നിരവധി സാഹസികര്‍ ലോകത്തുണ്ടായിട്ടുണ്ട്. എന്നാല്‍ ഫ്രഞ്ചുകാരനായ ചാള്‍സ് ബ്ലോണ്ടിനിനെ പോലെ നിത്യവിസ്മയമായ മറ്റൊരു സാഹസികനില്ല. 1959ല്‍ ഇരമ്പുന്ന നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കയറില്‍ നടന്ന് ചരിത്രം സൃഷ്ടിച്ചതോടെ ബ്ലോണ്ടിന്‍ സാഹസികലോകത്തെ ‘ഹീറോ’ ആയി.
ബ്ലോണ്ടിനിന്റെ യഥാര്‍ഥ പേര് ഴാങ് ഫ്രാങ്കോയിസ് ഗ്രാവ്‌ലെറ്റ് എന്നാണ്. തന്റെ വീടിനടുത്ത് കളിച്ച സര്‍ക്കസിലെ അഭ്യാസപ്രകടനങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്. അഞ്ചു വയസ്സുള്ളപ്പോള്‍ സര്‍ക്കസ് കണ്ട് വീട്ടിലെത്തിയ ബ്ലോണ്ടിന്‍ രണ്ടു കസേരകളുമായി ബന്ധിച്ച് മുറുക്കി കയര്‍ കെട്ടി അതിന്മേലൂടെ നടക്കാന്‍ ശ്രമിച്ചു. ഇതു കണ്ട ജിംനാസ്റ്റ് ആയ പിതാവ് മകനെ ശാസിക്കുകയായിരുന്നില്ല; ആവോളം പ്രോത്സാഹിപ്പിച്ചു. വൈകാതെ അവനെ കായിക പരിശീലനകേന്ദ്രത്തിലയച്ചു. ആറുമാസത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ ഒരു മഹാകായികപ്രതിഭ രംഗപ്രവേശം ചെയ്യുകയായിരുന്നു. കുട്ടിയുടെ കയര്‍ പ്രകടനം കണ്ടവര്‍ അദ്ഭുതസ്തബ്ധരായി.
ബ്ലോണ്ടിനിന് ഒമ്പതു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. അതോടെ അവന്‍ അനാഥനുമായി. പിന്നെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമായിരുന്നു. ജീവിതമാര്‍ഗത്തിന് കയറിനെ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തെ ഏറ്റവും വലിയ അഭ്യാസി പിറന്നു. വൈകാതെ ഓവല്‍ ട്രൂപ്പ് ബ്ലോണ്ടിനിനെ റിക്രൂട്ട്‌ചെയ്തു. പിന്നെ യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പര്യടനമായി. കയര്‍ പ്രകടനം അവിടങ്ങളിലുള്ളവര്‍ക്ക് നിത്യവിസ്മയമായി. അമേരിക്കയിലെ പി.ടി ബര്‍നമിന്റെ സര്‍ക്കസ് കമ്പനിക്കുവേണ്ടി അവതരിപ്പിച്ച കയര്‍ അഭ്യാസങ്ങള്‍ക്കു ശേഷമായിരുന്നു ബ്ലോണ്ടിന്‍ എന്ന പേര് ഴാങ് സ്വീകരിച്ചത്. ഒരൊറ്റ പ്രകടനത്തിന് 500 ഡോളറായിരുന്നു ബ്ലോണ്ടിനിന്റെ അക്കാലത്തെ പ്രതിഫലം. നയാഗ്രാ യാത്രയോടെ ബ്ലോണ്ടിന്‍ വിശ്വപ്രസിദ്ധനായി.

നയാഗ്രയ്ക്ക് മുകളില്‍ അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിലൂടെ ആദ്യമായി ‘കയര്‍യാത്ര’ നടത്തിയത് ബ്ലോണ്ടിനാണ്. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ 40 മീറ്റര്‍ ഉയരത്തില്‍ കെട്ടിയ കയറിന് 300 മീറ്റര്‍ നീളമുണ്ടായിരുന്നു. നയാഗ്രയ്ക്ക് മുകളിലൂടെ വെറുതെ നടക്കുകയായിരുന്നില്ല ബ്ലോണ്ടിന്‍. കാനഡയിലേക്കുള്ള യാത്രയിലുടനീളം അഭ്യാസങ്ങളും കസര്‍ത്തുകളും കാണിച്ച് അദ്ദേഹം തടിച്ചുകൂടിയ ജനക്കൂട്ടത്തെ വിസ്മയത്തിന്റെ പരകോടിയിലെത്തിച്ചു.
ഒരിക്കല്‍ കാനഡയില്‍ നിന്ന് തിരിച്ച് അമേരിക്കയിലേക്ക് കയറില്‍ യാത്രചെയ്യുമ്പോള്‍ ബ്ലോണ്ടിനിന്റെ കൈവശം ഒരു കസേരയുണ്ടായിരുന്നു. കസേരയുടെ രണ്ടു കാലുകള്‍ കയറില്‍ വെച്ച് ബ്ലോണ്ടിന്‍ ഇരുന്നപ്പോള്‍ കയര്‍ ആടിയുലഞ്ഞു. അതു കണ്ട് കാണികളിലെ സ്ത്രീകള്‍ വാവിട്ട് നിലവിളിച്ചു. ചിലര്‍ ബോധംകെട്ടു വീണു. ബ്ലോണ്ടിന്‍ താഴെ വീണാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ക്ക് സങ്കല്‍പിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. എന്നാല്‍ ജനക്കൂട്ടത്തിന്റെ ആരവമൊന്നും ബ്ലോണ്ടിന്‍ ശ്രദ്ധിച്ചില്ല. അദ്ദേഹം അഭ്യാസങ്ങളിലൂടെ തന്നെ ശാന്തമായി ദൗത്യം പൂര്‍ത്തിയാക്കി.

   

തൊട്ടടുത്ത വര്‍ഷവും ബ്ലോണ്ടിന്‍ ‘കയര്‍ യാത്ര’ ചെയ്ത് ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കി. ഇത്തവണ കണ്ണുകെട്ടിയായിരുന്നു യാത്ര. മറ്റൊരിക്കല്‍ ഒരു മനുഷ്യനെ വഹിച്ചുകൊണ്ട് യാത്രചെയ്തു. കയര്‍യാത്രയ്ക്കിടയില്‍ സഹയാത്രികന്‍ ഭയന്നു വിറച്ചു. അയാള്‍ ഇളകാന്‍ തുടങ്ങിയപ്പോള്‍ ബ്ലോണ്ടിന് ദ്വേഷ്യം വന്നു. അദ്ദേഹം പറഞ്ഞു: ”അനങ്ങാതിരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ താഴെ എറിയും.” ആ ഭീഷണിയോടെ അയാള്‍ അടങ്ങി.
ബ്ലോണ്ടിന്‍ അവിടെയും നിര്‍ത്തിയില്ല. കരയ്ക്കും കടലിനും മുകളില്‍ ആകാശയാത്ര നടത്തി അദ്ദേഹം പതിനായിരങ്ങള്‍ക്ക് ആഹ്ലാദം പകര്‍ന്നു. ബ്ലോണ്ടിന്‍ ഏതു സമയവും താഴെ വീണു മരിക്കുമെന്ന് ആളുകള്‍ ഭയന്നു. എന്നാല്‍ ഒരിക്കല്‍ പോലും ബാലന്‍സ് തെറ്റിയില്ല. തന്റെ കളിയില്‍ അദ്ദേഹം വിദഗ്ധനായിരുന്നു. ബ്ലോണ്ടിന്‍ 300 തവണ നയാഗ്രക്ക് മുകളിലൂടെ കയര്‍യാത്ര ചെയ്തിട്ടുണ്ട്. പതിനായിരം മൈല്‍ കയര്‍ യാത്ര നടത്തിയ ഒരേയൊരു സാഹസികനാണ് ഇദ്ദേഹം. 1896ല്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ദ്വീപിലായിരുന്നു അവസാനത്തെ അഭ്യാസം. അതിനകം അദ്ദേഹം ലണ്ടന്‍ നഗരത്തിനടുത്ത ഈലിംഗില്‍ സ്ഥിരതാമസമാക്കിയിരുന്നു. ആ വസതിയില്‍ വെച്ച് 73ാമത്തെ വയസ്സിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ചതായിരുന്നു മരണകാരണം.
ബ്ലോണ്ടിനിന്റെ സ്മരണ നിലനിര്‍ത്താന്‍ ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ആ സംഭവബഹുലമായ ജീവിതത്തെ ആധാരമാക്കി പെറൂവിയന്‍ നാടകകൃത്ത് അലന്‍സോ അലേഗ്രിയ ക്രോസിങ് നയാഗ്ര എന്നൊരു നാടകമെഴുതിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ കളിച്ച ആ നാടകം അവതരണരീതികൊണ്ട് പ്രേക്ഷകരുടെ മനംകവര്‍ന്നു. ബ്ലോണ്ടിനിന്റെ സാഹസികത അതേപടി ആവര്‍ത്തിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

സാഹസികപ്രകടനങ്ങള്‍ക്ക് നയാഗ്ര തിരഞ്ഞെടുത്ത വേറെയും ആളുകളുണ്ട്. വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ വീപ്പയില്‍ ഒഴുകി, മരണത്തെ വെല്ലുവിളിച്ച് വിജയിച്ച മൂന്നുപേരുണ്ട്. ധനവും കീര്‍ത്തിയും മോഹിച്ചാണ് പലരും ഈ സാഹസിക കൃത്യത്തിനൊരുമ്പെടുന്നത്. പക്ഷെ, പലര്‍ക്കും നയാഗ്രയില്‍ മരണം വരിക്കേണ്ടിവന്നു.
അധ്യാപികയായ അന്ന എഡിസന്‍ ടെയ്‌ലറെ വീപ്പയില്‍ നയാഗ്ര കീഴടക്കാന്‍ പ്രേരിപ്പിച്ചത് ദാരിദ്ര്യമായിരുന്നു. വീപ്പവിദ്യ വഴി നാലു കാശ് നേടാം എന്നിവര്‍ മോഹിച്ചു. 1901 ഒക്ടൊബര്‍ 24ന് 43ാം ജന്മദിനം നയാഗ്രയില്‍ വീപ്പയിലൂടെ ചാടാന്‍ അന്ന തിരഞ്ഞെടുത്തു. അവര്‍ക്കായി വലിയ മരവീപ്പ ഒരുങ്ങി. ആയിരക്കണക്കിന് കാഴ്ചക്കാര്‍ ഹൃദയമിടിപ്പോടെ നോക്കിനില്‍ക്കെ 54 മീറ്റര്‍ ഉയരമുള്ള വെള്ളച്ചാട്ടത്തിലൂടെ അവര്‍ താഴെ നദിയില്‍ പതിച്ചു.

വീഴ്ചയില്‍ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റെങ്ങിലും അവര്‍ രക്ഷപ്പെട്ടു. നയാഗ്രയിലെ സാഹസികത അന്നയെ പ്രശസ്തയാക്കിയെങ്കിലും അതുവഴി അവര്‍ക്ക് പണമൊന്നും സമ്പാദിക്കാനായില്ല. 1921ല്‍ കൊടുംദാരിദ്ര്യത്തോടെ തന്നെ അവര്‍ മരിച്ചു. വെള്ളച്ചാട്ടത്തിനടുത്ത ശ്മശാനത്തിലാണ് അന്നയുടെ മൃതദേഹം അടക്കംചെയ്തത്. നയാഗ്രയില്‍ അദ്ഭുതം കാണിക്കുന്നവരെ സംസ്‌കരിക്കാന്‍ പ്രത്യേകം ഒരുക്കിയതാണ് ഈ ശ്മശാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.