2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മടങ്ങുക; ഹജ്ജിന്റെ സന്ദേശത്തിലേക്ക്

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ഇബ്‌റാഹീം നബി(അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി(അ)ന്റെയും ഉജ്വല സന്ദേശചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ബലിപെരുന്നാള്‍ ഒരിക്കല്‍കൂടി സമാഗതമായിരിക്കുന്നു. ബലിപെരുന്നാളിന്റെ ചൈതന്യം ആ കുടുംബമനുഭവിച്ച ത്യാഗജീവിത സ്മരണയില്‍ ഉയര്‍ന്നത് കൂടിയാണ്. ഹജ്ജ് മാനവികതയുടെ പ്രതീകമാണ്. ഇബ്‌റാഹീം നബി(അ)യുടെ സമര്‍പ്പണവും വിശ്വാസദാര്‍ഢ്യവും വിശ്വാസി സമൂഹത്തിന് കരുത്താകണം. ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം ഉള്ള മറുപടി ഹജ്ജിലുണ്ട്. ഹജ്ജ് പ്രപഞ്ചത്തോട് വിളംബരം ചെയ്യുന്നത് മാനവികതയുടെയും സഹിഷ്ണുതയുടെയും ലോക സമാധാനത്തിന്റെയും അതുല്യമായ സന്ദേശങ്ങളാണ്. ഒരുമയും ഐക്യവും സമര്‍പ്പണവും ത്യാഗവും സ്‌നേഹവും ആര്‍ദ്രതയും കരുണയും എല്ലാം ഹജ്ജിന്റെ ആത്മാവാണ്. ഓരോ ബലിപെരുന്നാളും ആവശ്യപ്പെടുന്നത് ആ സന്ദേശത്തിലേക്ക് മടങ്ങാനാണ്. തന്റെ സ്രഷ്ടാവിനോടുള്ള നന്ദി അതിന്റെ ചാലകശക്തിയാണ്. അതുകൊണ്ടുതന്നെ പാവപ്പെട്ടവനും പണക്കാരനും ദുഃഖിതനും സന്തുഷ്ടനും രോഗിക്കും ആരോഗ്യവാനും ആണിനും പെണ്ണിനും എല്ലാം പെരുന്നാള്‍ പുണ്യം പ്രാപ്യമാണ്.

രണ്ടു പെരുന്നാളുകളാണ് വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് നിശ്ചയിച്ച ആഘോഷ ദിനങ്ങള്‍. റമദാന്‍ നോമ്പിനനുബന്ധിച്ചുള്ള ഈദുല്‍ഫിത്വറും ഹജ്ജിനോടനുബന്ധിച്ചുള്ള ഈദുല്‍ അദ്ഹാ എന്ന ബലിപെരുന്നാളുമാണവ. ആവര്‍ത്തിച്ചു വരിക എന്നര്‍ഥമുള്ള’ഔദ്’ എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച പോലുള്ള സവിശേഷ ദിവസങ്ങള്‍ മറ്റു പലതുമുണ്ടെങ്കിലും ആഘോഷങ്ങള്‍ എന്ന നിലയില്‍ ഇവ പ്രധാനപ്പെട്ടതാണ്. ലോകമെങ്ങുനിന്നുമെത്തിയ ഹാജിമാര്‍ ഹജ്ജനുഷ്ഠാനത്തിലെ സുപ്രധാന ഘടകമായ അറഫാസംഗമം കഴിഞ്ഞദിവസം നിര്‍വഹിച്ചു. ഹജ്ജിന്റെ പ്രധാനകര്‍മമാണത്.
കൊവിഡ് കാലത്താണ് വീണ്ടും ഒരു പെരുന്നാള്‍ കൂടി ആഘോഷിക്കുന്നത്. ജോലി നഷ്ടപ്പെട്ടവരും ബുദ്ധിമുട്ടനുഭവിക്കുന്നവരും ധാരാളം നമുക്ക് ചുറ്റുമുണ്ടാകും. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന അനേകം പേരുണ്ടാകാം. അവരുടെ വയറു നിറയ്ക്കല്‍ ഏറ്റവും പുണ്യമുള്ള കാര്യമാണെന്ന് മറക്കരുത്. മഹാമാരിയുടെ വറുതി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. പക്ഷേ നാം ഒന്ന് ഓര്‍ക്കണം, ദാരിദ്ര്യം ഭയപ്പെടുന്ന സമയത്തുള്ള ദാനമാണ് ഏറ്റവും ഉത്തമമായ ദാനം. നബി(സ്വ) പറഞ്ഞു: ‘ഏറ്റവും ശ്രേഷ്ഠകരമായ ദാനം വിശക്കുന്നവന്റെ വയറു നിറയ്ക്കലാണ്’. നമ്മുടെ കഴിവിന് അനുസരിച്ചു ദാനം ചെയ്യുക. അതു സമ്പല്‍സമൃദ്ധിക്കു വഴിയൊരുക്കും. നബി(സ്വ) പറഞ്ഞു: ‘ദാനധര്‍മം മൂലം ഒരാളുടെയും സമ്പത്തിനെ ചുരുക്കുകയില്ല’. ദാനത്തിന് അനുസരിച്ചു സമ്പത്തു വര്‍ധിക്കുമെന്നാണ് ഈ ഹദീസിന്റെ സാരം. മുഹമ്മദ് നബി(സ്വ) പറഞ്ഞു: ‘ഭൂമിയിലുള്ളവര്‍ക്കു നിങ്ങള്‍ കരുണ ചെയ്യുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും’ (തുര്‍മുദി). വീണ്ടും നബി പറയുന്നു, ‘തന്റെ അടിമകളില്‍ നിന്നു കരുണയുള്ളവര്‍ക്ക് അല്ലാഹു കരുണ ചെയ്യുന്നു'(ബുഖാരി). ബുദ്ധിമുട്ടുകളും വിഷമതകളും അനുഭവിക്കുന്ന ലോക്ക്ഡൗണ്‍ പ്രയാസം അനുഭവിക്കുന്നവര്‍ അഭിമാനികളായി ഇത്രയും കാലം ജീവിച്ചവരാണ് എന്നത് മറക്കരുത്.

സ്രഷ്ടാവിന്റെ പ്രഘോഷണം മുഴങ്ങുന്ന രാപ്പകലുകളാണ് പെരുന്നാളിനുള്ളത്. പെരുന്നാള്‍ പ്രമാണിച്ചുള്ള തക്ബീര്‍ രണ്ടു വിധമാണ്. ഒന്ന് മുര്‍സലായ തക്ബീര്‍. രണ്ട് മുഖയ്യദായ തക്ബീര്‍. പെരുന്നാള്‍ രാവ് സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെ നിരന്തരമായി ചൊല്ലല്‍ സുന്നത്തുള്ള തക്ബീറാണ് മുര്‍സലായ തക്ബീര്‍. നബി(സ)പറഞ്ഞു: ‘നിങ്ങളുടെ പെരുന്നാള്‍ ദിവസങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക'(ത്വബ്‌റാനി). വഴികളും അങ്ങാടികളും വീടുകളും പള്ളികളും തക്ബീറിന്റെ ആരവത്തിലായിരിക്കണം. നടന്നും കിടന്നും ഇരുന്നും വാഹനത്തിലായും എങ്ങനെയുമാകാം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാവരും ചൊല്ലണം. സ്ത്രീകള്‍ അന്യപുരുഷന്മാര്‍ കേള്‍ക്കത്തക്ക വിധം ശബ്ദം ഉയര്‍ത്താന്‍ പാടില്ല.
അറഫാദിനം (ദുല്‍ഹിജ്ജ 9) സുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനം വരെയാണ് മുഖയ്യദായ തക്ബീറിന്റെ സമയം. ദുല്‍ഹിജ്ജ ഒമ്പതിന്റെ ഫജ്‌റുസ്വാദിഖ് മുതല്‍ പതിമൂന്നിന്റെ അസ്വര്‍ വരെ; ഈ സമയത്ത് നിസ്‌കരിക്കുന്ന എല്ലാ നിസ്‌കാരങ്ങളുടെ ഉടനെയും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്‌കാരാനന്തരമുള്ള ദിക്‌റ്, ദുആയുടെ മുമ്പാണ് ചൊല്ലേണ്ടത്. ഖളാഅ് വീട്ടുന്ന ഏതു നിസ്‌കാരങ്ങള്‍ക്ക് ശേഷവും തക്ബീര്‍ സുന്നത്താണ്. ബലിമൃഗങ്ങളെ കാണുമ്പോഴും തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. ബലിപെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ഖുതുബയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തക്ബീര്‍ സുന്നത്തുണ്ട്. മുര്‍സലായ തക്ബീറിനേക്കാള്‍ പുണ്യം ബലിപെരുന്നാളിന് മാത്രമുള്ള മുഖയ്യദായ തക്ബീറിനാണ് (തുഹ്ഫ, ശര്‍വാനി).

പെരുന്നാള്‍ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് പെരുന്നാള്‍ നിസ്‌കാരം. കുളിച്ചു വൃത്തിയായി നല്ല വസ്ത്രമണിഞ്ഞ് സുഗന്ധം പൂശിയാണ് നിസ്‌കാരത്തിന്ന് പോകേണ്ടത്. അല്ലാഹുവോടുള്ള നന്ദിപ്രകടനവും വിനയവും ഭക്തിയും എല്ലാം ഇവയോടൊന്നിച്ചുണ്ടാവണം. കുടുംബമിത്രാദികളിലേക്ക് സ്‌നേഹവും കരുണയും കൈമാറാന്‍ പോവുന്നതും അതിഥികളെ ക്ഷണിച്ചു വരുത്തുന്നതുമെല്ലാം ഏറെ പുണ്യമുള്ളതാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ശ്രേഷ്ഠമായ ആരാധനാകര്‍മമാണ് മൃഗബലി. സ്വീകാര്യമായ രീതിയില്‍ അത് നിര്‍വഹിക്കുന്നതിനുള്ള രീതിയനുസരിച്ച് തന്നെ അവ നിര്‍വഹിക്കണം. കൊവിഡ് കാരണം നമ്മുടെ സ്രഷ്ടാവിനോട് നന്ദി പ്രകടിപ്പിക്കുന്ന ആരാധനകളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന പ്രവണത ശരിയല്ല. ദുഃഖമോ പ്രയാസമോ നേരിട്ടാല്‍ ആഘോഷങ്ങളെ അവഗണിക്കുകയും ചടങ്ങുകള്‍ നടത്താതിരിക്കുകയും ചെയ്യണമെന്നത് അംഗീകരിക്കാനാവില്ല. ഒരു വിശ്വാസിക്ക് ഇതൊരിക്കലും പാടില്ല. കാരണം, ഇസ്‌ലാമിലെ ആഘോഷങ്ങള്‍ ആരാധനയാണ്. അതിനായി നിശ്ചയിച്ച ദിനത്തില്‍ നിര്‍ദിഷ്ട കാര്യങ്ങള്‍ സാധ്യമായ വിധം ചെയ്യുകയാണ് വേണ്ടത്. പരിമിതിയുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാം അത് ചെയ്യണം. നമ്മെ കൊണ്ട് സാധ്യമാകുന്ന രൂപത്തില്‍ നന്മ മറ്റുള്ളവരിലേക്ക് ചൊരിയാന്‍ സാധിക്കണം. പരസ്പരം സ്‌നേഹവും സൗഹാര്‍ദവും സമ്മാനിക്കാനും ഇത് കാരണമാകണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.