2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

ആനി രാജയുടെ രോഷവും വനരോദനമായി കലാശിക്കും


കേരള പൊലിസില്‍ ആര്‍.എസ്.എസ് വിങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്നോ കേള്‍ക്കാന്‍ തുടങ്ങിയതാണ്. മാധ്യമങ്ങളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പല പ്രാവശ്യം ഈ വസ്തുത പുറത്തുകൊണ്ടുവന്നതുമാണ്. എന്നാല്‍ അധികാരത്തില്‍ മാറിമാറി വന്ന ഭരണാധികാരികളൊന്നും ഇക്കാര്യം ഗൗരവമായി അന്വേഷിക്കാന്‍ മെനക്കെട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആര്‍.എസ്എസിന്റെ കേരള പൊലിസിലുള്ള സ്വാധീനം പ്രകടമായ രീതിയില്‍ പുറത്തുവന്നു തുടങ്ങിയത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തോടനുബന്ധിച്ചു സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അപ്പപ്പോള്‍ ശബരിമലയില്‍ സമരം ചെയ്തുകൊണ്ടിരുന്ന ആര്‍.എസ്.എസുകാരെ അറിയിച്ചുകൊണ്ടിരുന്നത് കേരള പൊലിസില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ഈ വസ്തുത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പിന്നീട് പൊലിസ് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ തുറന്നുപറയുകയുണ്ടായി.
എന്നാല്‍ അത്തരം പൊലിസുകാര്‍ക്കെതിരേ ശിക്ഷാനടപടികളൊന്നും ഉണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയായിട്ടും പിണറായി വിജയന്‍ ഒന്നും ചെയ്തില്ല. ഏറ്റവുമൊടുവില്‍ ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐയുടെ ദേശീയ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ തന്നെ കേരള പൊലിസില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ഗ്യാങ്ങിനെതിരേ രംഗത്തുവന്നിരിക്കുകയാണ്.

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അപമാനിച്ചതും കൊല്ലത്ത് സാമൂഹ്യദ്രോഹികളെ പേടിച്ച് ഒരമ്മയ്ക്കും രണ്ട് മക്കള്‍ക്കും ട്രെയിനില്‍ കഴിയേണ്ടി വന്നതും കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതുമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ആനി രാജ പൊലിസിലെ ആര്‍.എസ്.എസ് സ്വാധീനം തുറന്നുകാട്ടുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് മാത്രമാണോ ആര്‍.എസ്.എസിന്റെ പൊലിസിനുമേലുള്ള സ്വാധീനമായി കാണാന്‍ കഴിയുക? സമീപകാലത്തുണ്ടായ ഓരോ സംഭവവും പരിശോധിക്കുമ്പോള്‍, അത്തരം സംഭവങ്ങളില്‍ പൊലിസില്‍ നിന്നുണ്ടായ സമീപനം കേരള പൊലിസില്‍ ആര്‍.എസ്.എസ് പിടിമുറുക്കിയതിന്റെ ലക്ഷണമായി മാത്രമേ കാണാനാകൂ.

സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഏതെങ്കിലും വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടാല്‍ അയാളെ മാനസികരോഗിയായി ചിത്രീകരിക്കാന്‍ കേരള പൊലിസിലെ ഒരു വിഭാഗത്തിനു വല്ലാത്ത തിടുക്കമാണ്. കസ്റ്റഡിയില്‍ എടുത്ത ഉടനെ തന്നെ വിട്ടയക്കും. ഇങ്ങനെ കുറെ വര്‍ഗീയവാദികളെയെങ്കിലും മാനസികരോഗികളാക്കിയിട്ടുണ്ട് പൊലിസിലെ ഒരു വിഭാഗം. എന്നാല്‍ മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചെന്നാരോപിച്ച് കോഴിക്കോട്ടെ അലനെയും ത്വാഹയെയും യു.എ.പി.എ ചുമത്തി തടങ്കലില്‍ അടയ്ക്കാന്‍ കേരള പൊലിസിനും മുഖ്യമന്ത്രിക്കും യാതൊരു വൈമനസ്യവും ഉണ്ടായില്ല. ഒരു പുസ്തകം കൈവശം വച്ചാല്‍ ആ വ്യക്തിയെ ഭീകരവിരുദ്ധ നിയമം വച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലറയില്‍ അടയ്ക്കുമെന്ന് അലനിലൂടെ, ത്വാഹയിലൂടെ പൊതുസമൂഹം കണ്ടു. സി.പി.എം പ്രവര്‍ത്തകരായിരുന്നുവെങ്കിലും അവര്‍ അലനും ത്വാഹയും കൂടിയായിരുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരേ പൊലിസ് കേസെടുത്തത് റദ്ദ് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും മാധ്യമങ്ങളോടും പറഞ്ഞുകൊണ്ടിരുന്നത്. സമരം ചെയ്തവരില്‍ പലരും ഇന്നും പൊലിസ് കേസ് ചുമക്കുന്നു. ആയിരത്തിലധികം പേരാണ് കേസ് ചുമത്തപ്പെട്ടുകഴിയുന്നത്. ക്രിമിനല്‍ കേസില്‍പെട്ടവര്‍ ഒഴികെയുള്ളവരുടെ കേസുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നതിലും വാസ്തവമില്ല. ആരും ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല. പ്രകടനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണോ? ആനി രാജ പറയുന്നതുപോലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമല്ല പൊലിസില്‍ നിന്നു പക്ഷപാതപരമായ സമീപനങ്ങള്‍ ഉണ്ടാകുന്നത്. ദലിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പൊലിസില്‍ നിന്നു കടുത്ത നീതിനിഷേധം ഉണ്ടാകുന്നു എന്നതിന് ഈ സംഭവങ്ങള്‍ ഉദാഹരണങ്ങളാണ്. പൊലിസിലെ ആര്‍.എസ്.എസ് സ്വാധീനം തന്നെയാണ് ഈ നീതിനിഷേധത്തിനു പിന്നില്‍.
കേരളത്തില്‍ ഈയിടെ വിരമിച്ച പൊലിസ് മേധാവികളൊക്കെയും ഒടുവില്‍ ചേക്കേറിയത് ആര്‍.എസ്.എസ് പാളയത്തിലാണ്. മുന്‍ ഡി.ജി.പിമാരായ ടി.പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരൊക്കെ ഇപ്പോള്‍ സേവാഭാരതി പ്രവര്‍ത്തകരോ ബി.ജെ.പി നേതാക്കളോ ആണ്. ആര്‍.എസ്.എസ് വളണ്ടിയര്‍മാരായ സേവാഭാരതി പ്രവര്‍ത്തകര്‍ പൊലിസുകാര്‍ക്കൊപ്പം വാഹന പരിശോധന നടത്തിയത് ഈയിടെയാണ്. അതും പൊതുസമൂഹം കണ്ടു. ഏതു പൊലിസ് ഓഫിസറുടെ തിട്ടൂരമനുസരിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വാഹന പരിശോധനക്കിറങ്ങിയത്. ആര്‍ക്കെതിരേയെങ്കിലും എന്തെങ്കിലും നടപടി ഉണ്ടായോ? മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മുഖ്യമന്ത്രിക്കും നരേന്ദ്ര മോദിക്കും ഇടയിലെ പാലമാണെന്ന ആരോപണത്തിനെതിരേ ഇരുവരും ഇതുവരെ പ്രതികരിച്ചതായി അറിവില്ല. ബഹ്‌റ വിരമിച്ചിട്ടും കേരളം വിട്ടില്ല. അദ്ദേഹത്തിന് കൊച്ചി മെട്രോയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കി ആദരിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവിന്റെ സമൃതിദിനം ഉദ്ഘാടനം ചെയ്തത് എസ്.ഐ ആയിരുന്നു എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്. ഇങ്ങനെ കേരളത്തിലെ പലഭാഗങ്ങളിലും വിവാദമായതും
അല്ലാത്തതുമായ ആര്‍.എസ്.എസ് പാദസേവ ചെയ്യുന്ന സംഭവങ്ങള്‍ നടന്നിരുന്നു.

കേരള പൊലിസില്‍ ആര്‍.എസ്.എസിന്റെ സ്ലീപ്പര്‍ സെല്ലുണ്ടെന്ന് സി.പി.എം ചാനലായ പീപ്പിള്‍സ് ടി.വി 2017 സെപ്റ്റംബര്‍ ഏഴിനു സംപ്രേഷണം ചെയ്ത വാര്‍ത്തയാണ്. ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് എന്തെങ്കിലും നടപടി സര്‍ക്കാര്‍ എടുത്തതായി അറിവില്ല. അത്രയും ഗുരുതരമായ ആരോപണമായിരുന്നു പീപ്പിള്‍സ് ടി.വി പുറത്തുവിട്ടത്. ക്രൈംബ്രാഞ്ചിലെ രണ്ട് യോഗാചാര്യന്മാര്‍, വലിയതുറ സ്റ്റേഷനിലെ ഒരു പൊലിസുകാരന്‍, വിഴിഞ്ഞം ടൂറിസം പൊലിസില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രസിഡന്റ് എന്നിവര്‍ സ്ലീപ്പര്‍ സെല്ലിന് നേതൃത്വം നല്‍കുന്നു എന്നായിരുന്നു പീപ്പിള്‍സ് വാര്‍ത്ത. ഈ വിവരങ്ങളൊക്കെയും സി.പി.എം ചാനല്‍ പുറത്തുവിട്ടിട്ടും ആര്‍ക്കെതിരേയും യാതൊരു നടപടിയും ഉണ്ടായില്ല. ആ നിലയ്ക്ക് ആനിരാജയുടെ ഇപ്പോഴത്തെ വിമര്‍ശനവും എവിടെയും ഏശാന്‍ പോകുന്നില്ല. അവരുടെ ശബ്ദവും വനരോദനമായി കെട്ടടങ്ങുകയേയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.