2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ലോക്ക്ഡൗണുമായി സഹകരിക്കുക

സമ്പൂര്‍ണമായ അടച്ചിടല്‍ അല്ലാതെ അതിശ്രീഘ്രം വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനാവില്ലെന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നു മുതല്‍ 16 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വാരാന്ത്യ ലോക്ക്ഡൗണുകള്‍ കൊണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടും രോഗവ്യാപനം തടയാനാവുന്നില്ല. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിന്നുതന്നെ അതുവ്യക്തവുമാണ്. ഓരോ ദിവസവും വലിയ തോതിലാണ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. രോഗികളുടെ എണ്ണം ഈ മാസം 50,000 കടന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇന്നലെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 38,460 ആയിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പറഞ്ഞിരുന്നത് സമ്പൂര്‍ണമായ ഒരു അടച്ചിടല്‍ ഇനിയുണ്ടാവില്ലെന്നായിരുന്നു. നേരത്തെയുണ്ടായ ലോക്ക്ഡൗണ്‍ കാരണം രാജ്യം സാമ്പത്തികമായി വളരെയധികം പിന്നോക്കം പോയി എന്നായിരുന്നു ഈ തീരുമാനത്തിന്റെ അടിസ്ഥാനം. ഇതിനാലായിരുന്നു കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൊവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനം നടപ്പാക്കിയത്. ആള്‍ക്കൂട്ടം ഒഴിവാക്കുക, വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുക, കൈകള്‍ സോപ്പുപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ഇടയ്ക്കിടെ അണുനശീകരണം വരുത്തുക തുടങ്ങി നിരവധി കാര്യങ്ങളായിരുന്നു കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യവിദഗ്ധരും നിര്‍ദേശിച്ചിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും മാതൃകയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അത്തരമൊരു സമീപനം രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളില്‍ നിന്നോ മന്ത്രിമാരില്‍ നിന്നോ ഉണ്ടായില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ നടത്തിയ ജാഥകള്‍ക്കെതിരേയും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായിരുന്നു. പക്ഷേ ആരും ഗൗനിച്ചിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കൊവിഡ് സംബന്ധമായ എല്ലാ പ്രോട്ടോക്കോളും പരസ്യമായി ലംഘിക്കുന്നതായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രോഗ പകര്‍ച്ച രൂക്ഷമാക്കുമെന്ന് അന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. അപ്പോഴും ആ മുന്നറിയിപ്പുകള്‍ ആരും ചെവിക്കൊണ്ടില്ല.

അത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ പരിണിത ഫലവും കൂടിയാണിപ്പോള്‍ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തിനധികം ഈ ഘട്ടത്തില്‍ പോലും ആളുകളും സംഘടനകളും രോഗവ്യാപനത്തെ ഗൗരവമായി എടുക്കുന്നില്ല. രോഗവ്യാപനം ഈ നിലക്ക് പോയാല്‍ ഇന്ത്യയില്‍ പത്ത് ലക്ഷം ആളുകള്‍ മരിക്കാന്‍ ഇടയുണ്ടെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത്. കൊവിഡ് ആദ്യഘട്ടത്തില്‍ രൂക്ഷമായി അനുഭവപ്പെട്ട അമേരിക്കയില്‍ പോലും അഞ്ചു ലക്ഷം പേരാണ് മരണമടഞ്ഞത്. ആ റെക്കോര്‍ഡാണ് ഇന്ത്യ മറികടക്കാന്‍ പോകുന്നത്. ഇത്തരമൊരു സ്ഥിതിയില്‍, കൊറോണ വൈറസിനൊപ്പം ജീവിക്കുക എന്നത് അസാധ്യമാണ്. ഈയൊരു സന്നിഗ്ധ ഘട്ടത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ അല്ലാതെ മറ്റു പോംവഴികളൊന്നും ഇല്ല.

ഒരു ലോക്ക്ഡൗണ്‍ എന്നാല്‍ എന്താണെന്ന് കേരളീയ സമൂഹം നേരത്തെ മനസിലാക്കിയതിനാല്‍, മുന്‍പത്തെ പോലെ ലോക്ക്ഡൗണ്‍ ഒരാത്മ സംഘര്‍ഷത്തിലേക്കോ, പരിഭ്രാന്തിയിലേക്കോ ജനതയെ എത്തിക്കാന്‍ സാധ്യതയില്ല. കേരളമടക്കം പല സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍. കേന്ദ്ര സര്‍ക്കാരും വൈകാതെ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാം. ഡല്‍ഹി ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സുപ്രിംകോടതിയും എത്ര തവണ താക്കീതു നല്‍കിയിട്ടും, അനുദിനം ശ്വാസംകിട്ടാതെ പിടഞ്ഞു മരിക്കുന്നവരെ രക്ഷിക്കാന്‍ യാതൊരു പദ്ധതിയുമില്ലാതെ സ്തംഭിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനു മുന്‍പിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയല്ലാതെ വേറെ വഴിയില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജീവിതം വഴിമുട്ടും എന്ന ന്യായം ഇപ്പോള്‍ പ്രസക്തമല്ല. ജീവന്‍ നിലനിന്നാലല്ലേ ജീവിതമുണ്ടാകൂ.

കൊവിഡ് നെഗറ്റീവായവര്‍ പോലും മുന്‍പില്‍ കുഴഞ്ഞുവീണു മരിക്കുന്നതു കാണേണ്ടിവരികയും ഒരു വീട്ടിലെ രണ്ടും മൂന്നും അംഗങ്ങള്‍ മരണപ്പെടുന്നത് നോക്കി നില്‍ക്കേണ്ടിയും വരുന്ന ദുഃഖകരമായ ഒരവസ്ഥയിലുടെ നമ്മുടെ സംസ്ഥാനം കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ അത്തരം ദുരവസ്ഥകളെ ഒരു പരിധിയോളമെങ്കിലും തടഞ്ഞുനിര്‍ത്താന്‍ ഇന്ന് പ്രാബല്യത്തില്‍ വന്ന ലോക്ക്ഡൗണിനു കഴിയുമെങ്കില്‍ അത് വലിയ ആശ്വാസം തന്നെയാണ്. ആ നിലക്ക് ലോക്ക്ഡൗണുമായി സര്‍വാത്മനാ സഹകരിക്കുവാന്‍ പൊതുസമൂഹം തയാറാകണം. ഏറ്റവും പുതിയ വിവരമനുസരിച്ച്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ വീടുകളിലാണ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്നത്. ഇതിനു ഉത്തരവാദികള്‍ കുടുംബത്തിലുള്ളവര്‍ തന്നെയാണ്. യാതൊരു ആവശ്യവുമില്ലാതെ പുറത്തു കറങ്ങിനടന്നു കൊറോണ വൈറസുമായിട്ടായിരിക്കാം അവരില്‍ പലരും വീടുകളില്‍ തിരിച്ചെത്തുന്നത്. തിരിച്ചെത്തുന്ന അവരില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല. പക്ഷേ അവര്‍ രോഗവാഹകരായിരിക്കാം. അവരില്‍ നിന്നാണ് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് രോഗം പകരുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു ഈ ദിവസങ്ങളില്‍ വീട്ടിലിരുന്നു സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കാം. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവര്‍ ദിവസവുമെന്നോണം കണ്‍മുന്‍പില്‍നിന്ന് മറയുന്ന കാഴ്ചക്ക് ശമനമുണ്ടാക്കാന്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് കഴിയട്ടെ എന്നു നമുക്കാശിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.