ദോഹ • കരുത്തരിൽ കരുത്തരായി ഫ്രാൻസ് സെമിയിൽ. ഇംഗ്ലിഷ് വീര്യം ചോർത്തിയ മത്സരത്തിൽ 2-1നായിരുന്നു റഷ്യൻ ലോകകപ്പ് ചാംപ്യൻമാരായ ഫ്രാൻസിന്റെ ജയം. നായകൻ ഹാരി കെയ്ൻ ആദ്യ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകന്റെ വേഷമണിഞ്ഞെങ്കിലും തുടർന്ന് രണ്ടാം പെനാൽറ്റി പുറത്തേക്കടിച്ച് ദുരന്തനായകനുമായി. ഫ്രാൻസിനു വേണ്ടി ചൗമേനിയും ഒലിവർ ജിറൂദും ലക്ഷ്യം കണ്ടു. ഇന്നലത്തെ ഗോളോടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്‌കോററായി. നിലവിൽ 53 ഗോളുള്ള കെയിൻ വെയിന് റൂണിയെയാണ് മറികടന്നത്.
17ാം മിനുട്ടിൽ ചൗമേനിയിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിനു പുറത്ത് നിന്ന് ചൗമേനി ഉതിർത്ത ബുള്ളറ്റ് ഷോട്ട് വലയിൽ ചെന്നിരുന്നു. ബെല്ലിങ്ഹാമിന്റെ കാലിനിടയിലൂടെ പോയ പന്തിനായി പിക്ക്‌ഫോർഡ് പറന്നെങ്കിലും താരത്തിന് തൊടാവുന്നതിലും അപ്പുറമായിരുന്നു പന്തെത്തിയത്.
ഈ ലോകകപ്പിൽ ബോക്‌സിനു പുറത്ത് നിന്ന് ഫ്രാൻസ് നേടുന്ന ആദ്യ ഗോളാണിത്. തുടർന്ന് 46ാം മിനുട്ടിലും 47ാം മിനുട്ടിലും ഇംഗ്ലണ്ട് ഫ്രഞ്ച് ഗോൾമുഖത്ത് ആക്രമണം വിതച്ചെങ്കിലും ലോറിസിന്റെ അവസരോചിത ഇടപെടലിൽ വിഫലമായി. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഇംഗ്ലണ്ട് 56ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മറുപടി നൽകി. സാക്കയെ ബോക്‌സിനുള്ളിൽ ചൗമേനി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റിയെടുത്ത കെയ്‌നിന് പിഴച്ചില്ല. ലോറിസിന് ഒരു പഴുതും നൽകാതെ നേരെ വല തുളച്ചു. എന്നാൽ 77ാം മിനുട്ടിൽ ഫ്രാൻസ് വീണ്ടും മുന്നിലെത്തി. ഇത്തവണ ജിറൂദാണ് ഗോളിന് അവകാശി. പോസ്റ്റിന്റെ ഇടതു മൂലയിൽനിന്ന് ഗ്രീസ്മാൻ നൽകിയ ഫ്രീകിക്കിൽ നിന്നായിരുന്നു ഗോൾനേട്ടം.
83ാം മിനുട്ടിൽ ഇംഗ്ലണ്ടിന് വീണ്ടും പെനാൽറ്റി ലഭിച്ചെങ്കിലും ഇത്തവണയും പെനാൽറ്റിയെടുത്തത് നായകൻ ഹാരി കെയ്ൻ. ആദ്യ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ആത്മവിശ്വാസത്തിൽ കിക്കെടുത്ത ഹാരി കെയ്‌നിന് പിഴച്ചു. പന്ത് പുറത്തേക്ക്. ശേഷം ഗോൾ മടക്കാനായി ഇംഗ്ലണ്ട് കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയത്തോടെ ബൂട്ടഴിക്കേണ്ടി വന്നു.
Comments are closed for this post.