2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മഞ്ഞുരുക്കങ്ങളുടെ സന്തോഷങ്ങൾ

വെള്ളിപ്രഭാതം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര

ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ഫുട്ബോൾ മഹോത്സവം സൗഹൃദത്തിന്റെ കരുത്തും കരുതലുമാകുന്ന ധന്യനിമിഷങ്ങൾക്ക് കൂടി വേദിയാകുന്നുണ്ട്. വിശ്വമാനവികതയുടെ മഹിതസന്ദേശം നൽകുന്ന ഖുർആൻ പാരായണത്തോടെ അൽ ബൈത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമിട്ട ലോകകപ്പ് ബ്രാൻഡ് അംബാസഡർ ഗാനിം അൽമുഫ്താഹ അകൽച്ചയുടെ അതിരുകൾ ഭേദിച്ച് മനസ്സകങ്ങളിൽ ഇഷ്ടത്തിന്റെ കുളിർമഴ പെയ്യിച്ചു. സഊദി- അർജന്റിന മത്സരത്തിനിടെ സഊദിയുടെ പതാക കഴുത്തലണിഞ്ഞ് അവർക്ക് പിന്തുണ പ്രഖ്യാപിച്ചത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി അറബ് രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദം രൂഢമൂലമാകുന്നതിന്റെ ചേതോഹര കാഴ്ചയായിരുന്നു. ഖത്തറുമായുള്ള ഗൾഫ് രാജ്യങ്ങളുടെ അകൽച്ചയിൽ മഞ്ഞുരുക്കമുണ്ടായിരുന്നെങ്കിലും നയതന്ത്ര ബന്ധത്തിലെ ഊഷ്മളത കൈവരിക്കാൻ ലോകകപ്പ് ഹേതുവാകുന്നുണ്ട്. ഖത്തർ ലോകകപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നതുമാണ്.

വെറുപ്പ് കറുപ്പാണ്. യുദ്ധവും ഭീതിയുമാണ്. വിനാശത്തിന്റെ വിത്താണ്. വിതയ്ക്കാനും വിളവെടുക്കാനും എളുപ്പവും. കച്ചവടക്കണ്ണുള്ള ലോക രാഷ്ട്രങ്ങൾ സന്തോഷത്തിന്റെ കളിയാരവങ്ങൾക്കിടയിലും വിദ്വേഷത്തിന്റെ ഭാഷ സംസാരിക്കുന്നതിൽ തന്നെ അവരുടെ താൽപര്യങ്ങൾ പ്രകടമാണ്. സംഹാരശക്തിയുള്ള ആയുധശേഖരങ്ങൾ വിറ്റഴിച്ച് ലാഭം കൊയ്യാൻ യുദ്ധക്കമ്പോളങ്ങൾ കാത്തിരിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്ക് പ്രഹരമേൽപിച്ചാണ് ഉദ്ഘാടനത്തലേന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പത്രസമ്മേളനം നടത്തിയത്. ഖത്തറിനെ ഉപദേശിക്കാൻ വരുന്ന യൂറോപ്പ് വർഷങ്ങളേറെയായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ആദ്യം മാപ്പ് പറയട്ടെയെന്നും അറബ് ലോകത്ത് സൗഹാർദം വർധിപ്പിക്കാൻ ലോകകപ്പ് വഴിയൊരുക്കുമെന്നും കൂട്ടത്തിൽ പറഞ്ഞുവച്ചു.
സൗഹൃദം ശക്തിയും സന്തോഷവുമാണ്. സമാധാനത്തിലേക്കുള്ള വഴിവെളിച്ചമാണ്. അത് ഊതിക്കെടുത്താൻ ഇരുട്ടിന്റെ മറവിൽ പണിപ്പെട്ട് നടന്നവർ ലോകചരിത്രത്തിൽ എന്നുമുണ്ടായിട്ടുണ്ട്. സൗഹൃദം ശക്തിപ്പെടുന്നിടത്ത് അവർ അസ്വസ്ഥമാകും. അസൂയയോടെ ദുർബലപ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയും. അവരെ തിരിച്ചറിയാനും വിഷം കലർത്തിയ മധുചഷകങ്ങൾ തട്ടിത്തെറിപ്പിക്കാനും ജാഗ്രതയുണ്ടാവണം. ആർജവമുണ്ടാകണം.

ശത്രുക്കളുണ്ടാവൽ ഒരു തെറ്റല്ല, എന്നാൽ ശത്രുത വളർത്തൽ തെറ്റുതന്നെയാണ്. ശത്രുവിനെ ഇല്ലായ്മ ചെയ്യലല്ല ശക്തി. അവനെ മിത്രമാക്കാനുള്ള തന്ത്രം പ്രയോഗിക്കുന്നതിലാണ്. ശത്രുപാളയത്തിൽ ചെന്ന് അടിയറവ് പറഞ്ഞുകൊണ്ടല്ല, ശത്രുത വളരാൻ നിമിത്തമായ വിഷത്തെ നിർവീര്യമാക്കിയാവണം.

ശത്രുവിനെ മിത്രമാക്കാൻ സൗഹാർദമാവണം നിന്റെ പരിചയെന്ന് വിശുദ്ധ ഖുർആൻ. ഇടപെടലുകളിലെ കരുതലോടെയുള്ള നീക്കങ്ങൾ വഴി ശത്രുതയെ ഇല്ലായ്മ ചെയ്യാനും സൗഹൃദങ്ങളുടെ കളിത്തൊട്ടിലുകളൊരുക്കാനും സാധ്യമാകുമെന്ന് ഖുർആൻ പറഞ്ഞുവെക്കുന്നതിങ്ങനെയാണ്. ‘നല്ലതും ചീത്തയും തുല്യമാകില്ല. തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക. ഏതൊരു വ്യക്തിയും നീയും തമ്മിൽ ശത്രുതയുണ്ടോ അതോടെ അവൻ ആത്മ മിത്രമായിത്തീരുന്നതാണ്(ഫുസ്സിലത്ത്: 34). ചുറ്റുപാടുകളിൽ നിന്നു വരുന്ന അസ്ത്രങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് വ്യക്തമാക്കുകയാണ്. സമർഥവും സാഹസികവുമായ നിലപാടിലൂടെ ശത്രു മനസ്സിലെ വൈരം പിഴുതെടുത്ത് സ്‌നേഹത്തിന്റെ രസതന്ത്രം പയറ്റാനാണ് മതം പ്രേരിപ്പിക്കുന്നത്.

‘നിന്റെ കാര്യത്തിൽ അല്ലാഹുവിനോട് എതിര് ചെയ്തവനു നീ നൽകുന്ന വലിയ ശിക്ഷ അവന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ അനുസരിക്കലാണെന്ന് ഉമർ ബിനുൽ ഖത്വാബ് (റ). നിന്നോട് ഉപദ്രവം ചെയ്തവനോട് നീ കാണിക്കുന്ന കാരുണ്യം നിന്നെ സ്‌നേഹിക്കാൻ അവനെ നിർബന്ധിതനാക്കും. നിന്റെ പകയെ നീ നിയന്ത്രിച്ച് നിർവീര്യമാക്കുന്നതിലൂടെ ശത്രുവിന്റെ വിരോധമാണ് പിടിച്ചുകെട്ടുന്നത്. അത് വൻ വിജയവും വമ്പിച്ച പ്രതിഫലാർഹവുമാണ്. വലിയ ബുദ്ധിജീവികളുടെ ഉത്കൃഷ്ട ഗുണവുമാണ്. ‘അവർ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുന്നു. പരലോകത്ത് ശോഭനപര്യവസാനമാണ് അവർക്കുള്ളത്’ (അർ റഅ്ദ്: 22). വിവേകികൾ പരിസര ലോകത്തിന്റെ അപശബ്ദങ്ങളിലും അവഹേളനങ്ങളിലും മനസ്സുടക്കില്ല. തിന്മകളുടെ ലോകത്തു നിന്ന് പരിമളം പരക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. ‘കരുണാമയനായ അല്ലാഹുവിന്റെ ദാസൻമാർ വിനയാന്വിതരായി ഭൂമിയിൽ സഞ്ചരിക്കുന്നവരും അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപൂർവം പ്രതികരിക്കുന്നവരുമാകുന്നു'(അൽ ഫുർഖാൻ: 63). സംസ്‌കാരശൂന്യനു നീ വിധേയനായാൽ അവനൊന്നും പറഞ്ഞില്ലെന്നും നീയൊന്നും കേട്ടില്ലെന്നും നടിക്കലാവും ഉചിതം.

പെരുമാറ്റ രീതികളെ നിയന്ത്രിക്കാനും സ്വഭാവ വൈകൃതങ്ങളെ തിരുത്താനും മതം പ്രേരിപ്പിക്കുന്നു. ഒരു സമൂഹത്തിന്റെ പെരുമാറ്റ രീതികൾ ഉത്കൃഷ്ടമാകുമ്പോഴാണ് നവോത്ഥാനം രൂപപ്പെടുന്നതും നാഗരികതകൾ ഔന്നത്യം പ്രാപിക്കുന്നതും. ‘നന്മയെന്നാൽ സദ്‌സ്വഭാവമാണെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്’ (മുസ്‌ലിം). അഥവാ, ദയയും സൗഹൃദവും അനുസരണയും കാരുണ്യവും ബന്ധങ്ങളുടെ ഊഷ്മളതയുമെല്ലാം അടങ്ങുന്ന സ്വഭാവ മഹിമകൾ തന്നെയാണ് നന്മയുടെ സാകല്യവും. ഉദാത്ത മൂല്യങ്ങളിലേക്ക് തീർത്തും അപരിഷ്‌കൃതരായിരുന്ന ഒരു ജനസഞ്ചയത്തെ തിളക്കമാർന്ന ജീവിതത്തിലൂടെ വഴിതെളിച്ച പ്രവാചക(സ്വ)ന്റെ ഉദ്‌ബോധനം ജഅ്ഫർ ബിൻ അബീ ത്വാലിബ് (റ) വിശദീകരിച്ചു: സത്യം പറയാനും വിശ്വസിച്ചേൽപ്പിച്ചത് നിർവഹിക്കാനും കുടുംബ ബന്ധം ചേർക്കാനും നല്ല അയൽവാസിയാവാനും നിഷിദ്ധ കാര്യങ്ങളിൽ നിന്നും രക്തച്ചൊരിച്ചിലുകളിൽ നിന്നും വിട്ടുനിൽക്കാനും തങ്ങൾ ഞങ്ങളോട് കൽപിക്കുകയും നീചകൃത്യങ്ങളെ തൊട്ടും കള്ള സത്യം പറയുന്നതിനെ തൊട്ടും അനാഥന്റെ മുതൽ ഭക്ഷിക്കുന്നതിനെ തൊട്ടും തങ്ങൾ ഞങ്ങളെ വിരോധിക്കുകയും ചെയ്തിരുന്നു (അഹ്മദ്).

എങ്ങനെ മികച്ച നിലയിൽ പ്രതികരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മുഹമ്മദ് നബി (സ്വ). സത്യ സന്ദേശത്തിന്റെ പ്രബോധനവുമായി ത്വാഇഫിലെ ബന്ധുക്കളെ സമീപിച്ച വേളയിൽ അസഭ്യം പറഞ്ഞും കല്ലെറിഞ്ഞും ആട്ടിയോടിക്കപ്പെട്ട പരീക്ഷണ ഘട്ടം. അവരുടെ നന്മക്കു വേണ്ടി പ്രാർഥിച്ചു. തങ്ങളെ വധിക്കാൻ തക്കം പാർത്തുവന്ന കൊടിയ ശത്രുക്കൾ അവിടുത്തെ സ്‌നേഹമാസ്മരികതയിൽ വന്ന ദൗത്യം മറന്ന് അംഗരക്ഷകരായി പരിവർത്തനം ചെയ്യപ്പെട്ടു. ജന്മനാട്ടിൽ സമാധാനം നൽകാതെ തന്നെയും അനുചരന്മാരെയും തുരത്തിയോടിക്കുകയും യുദ്ധങ്ങളുടെ പരമ്പര തീർക്കുകയും ചെയ്തവർ മക്കാ വിജയത്തിലൂടെ അടിയറവ് പറഞ്ഞപ്പോൾ നിങ്ങളോട് ഒട്ടും പ്രതികാരമില്ലെന്നും എല്ലാവരും സ്വതന്ത്രരാണെന്നുമുള്ള സമാധാന പ്രഖ്യാപനം നടത്തി വിശാലമാപ്പിന്റെ വീരേതിഹാസം രചിച്ചു.
നബി(സ്വ)യുടെ സ്വഭാവം വിശദീകരിച്ച് ആയിശ(റ) പറയുന്നു: ‘തങ്ങൾ തിന്മകൊണ്ട് തിന്മയെ പ്രതിരോധിക്കാറുണ്ടായിരുന്നില്ല. തങ്ങൾ മാപ്പു നൽകും. വിട്ടുകൊടുക്കും'(തിർമുദി). ഉത്കൃഷ്ട കർമങ്ങളെക്കുറിച്ച് ആരാഞ്ഞ ഉഖ്ബത്തുബിൻ ആമിർ(റ)നോട് നബി(സ്വ) പറഞ്ഞു: ‘ഉഖ്ബാ, ബന്ധം വിച്ഛേദിച്ചവരോട് നീ ബന്ധം ഊട്ടിയുറപ്പിക്കണം. നിനക്ക് തടഞ്ഞവർക്ക് നീ നൽകണം. നിന്നെ ഉപദ്രവിച്ചവർക്ക് നീ വിട്ടുകൊടുക്കണം'(അഹ്മദ്)

.
വിദ്വേഷത്തിന്റെ പ്രചാരകരെ കരുതിയിരിക്കുക. അവർക്ക് വിത്ത് പാകാൻ നമ്മുടെ മനസ്സകങ്ങൾ പാകപ്പെടരുത്. ലോകം മുഴുക്കെ ശാന്തി പരക്കട്ടെ. അസമാധാനത്തിന്റെ കാർമേഘങ്ങൾ രക്തച്ചൊരിച്ചിലുകളുടെ പേമാരിവർഷമേ വരുത്തിവച്ചിട്ടുള്ളൂ. ഭിന്നിപ്പിൻ്റെയും സംഘട്ടനങ്ങളുടെയും വഴി മാറ്റിപ്പിടിച്ച് ലോകം സൗഹാർദത്തിന്റെയും സംയമനത്തിന്റെയും സൗന്ദര്യമണിയട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.