2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

യു.എ.പി.എ: ഭരണകൂട ക്രൂരതയുടെ മറുവാക്ക്

തങ്ങൾക്കിഷ്ടമില്ലാത്തവരെ ക്രൂരരായ ഭരണകൂടങ്ങൾ നിഷ്കരുണം തുടച്ചുനീക്കുന്നതിന്റെ മറുവാക്കായി യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ഒരേസമയം പരിണമിച്ചിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളോട് പകപോക്കാനായി, അവർ ഒരിക്കലും പുറംലോകം കാണരുതെന്ന ഭരണാധികാരികളുടെ ദുഷ്ടമനസാണ് യു.എ.പി.എ നിയമത്തിലെ കഠിനവകുപ്പുകൾ ചുമത്തി അവരെ വിചാരണയില്ലാതെ, ജാമ്യം നൽകാതെ എക്കാലത്തേക്കും ഇരുമ്പഴിക്കുള്ളിൽ തളയ്ക്കാൻ കാരണമാകുന്നത്. പച്ചയ്ക്കു വർഗീയതയും മതസ്പർധയും ഉണ്ടാക്കുന്ന പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തുന്നവരെ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലും യു.എ.പി.എ എന്ന ക്രൂരത നിരപരാധികൾക്കു മേൽ അടിച്ചേൽപ്പിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്ക് യാതൊരു മടിയുമില്ലാതായിരിക്കുന്നു.

ജാമ്യം ലഭിക്കാത്ത കഠിനവകുപ്പുകൾ ചുമത്തപ്പെട്ട വയനാട് സ്വദേശിയായ ഇബ്റാഹീം എന്ന രോഗിയും വയോധികനുമായ മനുഷ്യൻ കഴിഞ്ഞ ആറു വർഷത്തോളം ജയിൽമുറിയിൽ നരകിക്കുകയായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണമാണെങ്കിൽ എന്തുകൊണ്ട് കഴിഞ്ഞ ആറു വർഷത്തിനിടയിൽ ആരോപണത്തിന് ഉപോൽബലകമായ ഒരു തെളിവെങ്കിലും ഹാജരാക്കാൻ ഇബ്റാഹീമിനെ അറസ്റ്റ് ചെയ്ത പൊലിസിനു കഴിഞ്ഞില്ല. ജയിൽമുറിയിൽ നഷ്ടപ്പെട്ട അയാളുടെ വർഷങ്ങൾ നികത്തിക്കൊടുക്കാനാകുമോ സർക്കാരിന് ? ഇതുപോലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ജയിലിലടക്കപ്പെട്ട രണ്ട് വിദ്യാർഥികളായിരുന്നു കോഴിക്കോട്ടെ അലനും താഹയും. അവരുടെ രക്ഷിതാക്കളുടെ നിശ്ചയദാർഢ്യത്തോടെയുള്ള നിയമപരമായ ഇടപെടലുകളാണ് രണ്ടുപേർക്കും സുപ്രിംകോടതിയിൽനിന്ന് ജാമ്യം ലഭിക്കാൻ കാരണമായത്. അല്ലായിരുന്നുവെങ്കിൽ അവരുടെ യൗവനം ജയിൽമുറികളിൽ കത്തിത്തീരുമായിരുന്നു. എല്ലാ നിരപരാധികൾക്കും ഇതുപോലെ പണം ചെലവാക്കി നിയമത്തിന്റെ ഇടപെടലിലൂടെ പുറംലോകം കാണാൻ കഴിയുകയില്ലെന്നതാണ് യാഥാർഥ്യം. പരപ്പനങ്ങാടിയിലെ സക്കറിയ എന്ന ചെറുപ്പക്കാരൻ വർഷങ്ങളായി വിചാരണയില്ലാതെ, ജാമ്യമില്ലാതെ കർണാടക ജയിലറയിൽ ദിവസങ്ങൾ എണ്ണിക്കഴിയുകയാണ്, മോചനമെന്ന പ്രതീക്ഷ പോലുമില്ലാതെ.

4,690 പേരാണ് യു.എ.പി.എ ചുമത്തപ്പെട്ട് കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നത്. 55 പേർ കേരളത്തിലും അറസ്റ്റ് ചെയ്യപ്പെട്ടു. ബെന്നി ബഹ്നാന്റെ ചോദ്യത്തിനു ഉത്തരമായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഈ വിവരം പാർലമെന്റിൽ മറുപടിയായി നൽകിയത്. 2018 മുതൽ 2020 വരെയുള്ള കണക്കാണിത്. 2021ലെ കണക്കും കൂടി പുറത്തുവരുമ്പോൾ എണ്ണം ഇനിയും വർധിക്കും.

സി.പി.എം നേതാവ് പി. ജയരാജനെതിരേ കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ എൻ.ഐ.എ, യു.എ.പി.എ ചുമത്തിയപ്പോൾ കേരളത്തിലെ സി.പി.എം യു.എ.പി.എക്കെതിരേ എന്തൊരു പ്രതിഷേധ കോലാഹലമായിരുന്നു നടത്തിയിരുന്നത്. എല്ലാവർക്കുമെതിരെ യു.എ.പി.എ ചുമത്താൻ പറ്റില്ലെന്ന പി. ജയരാജന്റെ പ്രസ്താവന വിവാദമാകുകയും ചെയ്തു. എല്ലാവർക്കുമെതിരേ ചുമത്താൻ പറ്റില്ലെന്നതിൽ തെളിയുന്നത് ചിലർക്കെതിരെ മാത്രം ചുമത്താനുള്ളതാണ് യു.എ.പി.എ എന്നായിരുന്നുവല്ലോ. ആരാണ് ആ ചിലരെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല.
യു.എ.പി.എ നിയമത്തിനെതിരേ അതിശക്തമായ പ്രതിഷേധ സമരം നടത്തിയവരായിരുന്നു സംസ്ഥാനത്തെ ഇടതുമുന്നണി. 2016ൽ അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാരിന്റെ കാർമികത്വത്തിലാണ് ഇത്രയും അറസ്റ്റുകൾ കേരളത്തിൽ നടന്നതെന്നോർക്കുമ്പോൾ എന്താണ് ഇടതുപക്ഷം എന്നു പറയപ്പെടുന്നവർ മുന്നോട്ടുവയ്ക്കുന്ന ബദൽ രാഷ്ട്രീയം? യു.എ.പി.എ കേസുകളിൽ മൂന്നു മാസം കൊണ്ട് അന്വേഷണം പൂർത്തിയാകുന്നില്ലെങ്കിൽ പ്രതിയെന്നാരോപിക്കപ്പെടുന്ന ആൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് സെപ്റ്റംബർ 11നാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ഈ വിധിപ്രസ്താവം യു.എ.പി.എക്കെതിരേ ശബ്ദമുയർത്തിയ ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലെങ്കിലും പാലിച്ചോ? ഇന്ത്യയിൽ തന്നെ യു.എ.പി.എ നിയമപ്രകാരം ഏറ്റവും കൂടുതൽ കേസുകൾ എടുത്ത സംസ്ഥാനമാണ് കേരളം! യു.എ.പി.എക്കെതിരേ കേരളത്തിൽ നിരന്തരം ചർച്ചകൾ നടക്കുമ്പോഴും അതിന്റെ ഇരകളുടെ കാര്യത്തിൽ കടുത്ത വിവേചനം നടക്കുന്നു എന്നതും വസ്തുതയാണ്.

ഭീകരൻ, മാവോയിസ്റ്റ് തുടങ്ങിയ സംജ്ഞകളുടെ നിർവചനത്തിൽ യു.എ.പി.എ നിയമത്തിൽ അവ്യക്തതയാണുള്ളത്. ഭിന്നാശയക്കാരായ എതിരാളികൾക്കെതിരേയും ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെയും തുറുങ്കിലടയ്ക്കാൻ ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണ് ”നിയമ വിരുദ്ധ പ്രവർത്തനം” എന്ന സംജ്ഞയിലെ അവ്യക്തത. അതിന്റെ പരിണിതഫലവും കൂടിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിരപരാധികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ടാഡ നിയമം നിരപരാധികൾക്ക് മേൽ പ്രയോഗിക്കുന്നുവെന്നു കണ്ടാണ് 1995ൽ പ്രസ്തുത നിയമം പിൻവലിച്ചത്. അപ്പോഴേക്കും 76,000 പേർ ടാഡ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ കേവലം രണ്ടു ശതമാനം മാത്രമായിരുന്നു യഥാർഥ കുറ്റവാളികൾ. ബാക്കി 98 ശതമാനം പേരും നിരപരാധികളായിരുന്നു. ശേഷം വന്ന പോട്ട നിയമവും ദുരുപയോഗം ചെയ്യട്ടതിനെ തുടർന്നാണ് 2004ൽ പിൻവലിച്ചത്. എന്നാൽ ഇവയെയെല്ലാം നിഷ്പ്രഭമാക്കുംവിധമാണ് 2008ൽ ഭേദഗതിയോടെ അവതരിപ്പിക്കപ്പെട്ട യു.എ.പി.എ നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

വ്യക്തിയെ ഭീകരനായി മുദ്രകുത്താൻ യു.എ.പി.എ നിയമത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഇല്ല. ഇതാണു പല നിരപരാധികളും ഭീകരരായി മുദ്രകുത്താൻ കാരണമായിത്തീരുന്നത്. കോടതി ശിക്ഷിച്ചതിനു ശേഷം മാത്രമേ ഒരാളെ ഭീകരനോ, മാവോയിസ്റ്റോ ആയി പ്രഖ്യാപിക്കാൻ കഴിയൂ. എന്നാൽ കേരളമടക്കമുള്ള സംസ്ഥാന ങ്ങളിൽ അതിനു മുമ്പെ ഭരണത്തലവന്മാരാൽ വ്യക്തികളെ മാവോയിസ്റ്റായും ഭീകരനായും മുദ്രകുത്തപ്പെടുന്നു. അലനും താഹയും ചായ കുടിക്കാൻ പോയതല്ല എന്ന ഭരണാധികാരിയുടെ മുൻവിധി ഇവിടെ ഓർക്കാം.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കുറ്റം ചുമത്തുന്നതിന് മുമ്പ് കുറ്റാരോപിതനോട് എന്തു കാരണത്താലാണ് അതു ചെയ്യുന്നതെന്നു വ്യക്തമാക്കിയിരിക്കണം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ആശയ പ്രകാശനത്തിന് അവകാശമുണ്ട്. വിശ്വസിക്കാനും ആരാധന നടത്താനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. തുല്യതയ്ക്കും അവസര സമത്വത്തിനുമുള്ള അവകാശവും ഇന്ത്യൻ റിപ്പബ്ലിക് പൗരനു നൽകുന്നുണ്ട്. എല്ലാറ്റിനുമുപരിയായി വ്യക്തിയുടെ ആത്മാഭിമാനത്തിനു വലിയ പരിരക്ഷയാണ് ഭരണഘടന നൽകുന്നത്. എന്നാൽ അവയെല്ലാം കാറ്റിൽപ്പറത്തി ജനാധിപത്യത്തിന്റെ പേരിൽ അധികാരത്തിൽ വന്നവർ കരിനിയമങ്ങളിലൂടെ രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. നിരപരാധികളായ മനുഷ്യരാണ് അത്തരം നിയമങ്ങളുടെ ഇരകളായി, അതിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കരിനിയമത്തിനെതിരേ ശബ്ദുമുയർത്തിക്കൊണ്ടിരിക്കുമ്പോഴും അതിനെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചുകൊണ്ടേയിരിക്കും. ഇവിടെ അടിച്ചൊതുക്കലിനു വഴങ്ങി നിശബ്ദരായാൽ ഇനിയും നിരപരാധികൾ ശിക്ഷിക്കപ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.